ഫാത്തിമ നസ്‌റിന്‍ വധം: കൊടുംക്രൂരതയില്‍ കുടുംബം മുഴുവന്‍ പങ്കാളികള്‍

Jess Varkey Thuruthel

ശരീരമാസകലം കത്തിച്ച സിഗററ്റുകൊണ്ടു കുത്തി കുഴിച്ച പാടുകളും ആ കുഞ്ഞു ശരീരത്തിലുണ്ടായിരുന്നു. രണ്ടു വയസു മാത്രം പ്രായമുള്ളൊരു പിഞ്ചുകുഞ്ഞിന് നേരിടേണ്ടി വന്ന ക്രൂരതകള്‍ സമാനതകളില്ലാത്തതാണ് (Fathima Nazrin murder). കേരളത്തിലിന്നോളം ഇത്രയും ക്രൂരത ഒരു കുഞ്ഞിനും ഏല്‍ക്കേണ്ടി വന്നിട്ടില്ല. തന്റെ കുഞ്ഞിനോട് ഇങ്ങനെയെല്ലാം ചെയ്തിട്ടും അതിനെതിരെ പ്രതികരിക്കാന്‍ അമ്മ പോലും തയ്യാറായതുമില്ല. ചുറ്റുവട്ടത്തെല്ലാം വീടുകളുണ്ടായിരുന്നു. പ്രതിയും കുഞ്ഞിന്റെ പിതാവുമായ മലപ്പുറം കാളികാവ് ഉദരംപൊയില്‍ സ്വദേശി മുഹമ്മദ് ഫായിസ് (24) തന്നെയും കുഞ്ഞിനെയും അതിക്രൂരമായി മര്‍ദ്ദിക്കുന്ന കാര്യം അയല്‍വക്കത്തു താമസിക്കുന്ന ബന്ധുക്കളെപ്പോലും അറിയിച്ചതുമില്ല.

ഫാത്തിമ നസ്റിനെ പിതാവ് ഉപദ്രവിക്കുന്നു എന്ന കാര്യത്തിനല്ല, കുഞ്ഞിന്റെ മാതാവ് പോലീസില്‍ പരാതി നല്‍കിയത്. മറിച്ച്, ഭര്‍ത്താവ് ചെലവിനു നല്‍കുന്നില്ലെന്നും സംരക്ഷിക്കുന്നില്ലെന്നും കാണിച്ചായിരുന്നു ആ പരാതി. ഒടുവില്‍, കേസ് പോലീസ് സ്റ്റേഷനില്‍ എത്തും മുന്‍പേ, മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ അമ്മ കേസ് ഒത്തു തീര്‍പ്പാക്കി, ഭര്‍ത്താവ് ഫായിസിനൊപ്പം താമസവുമാരംഭിച്ചു.

ആ കുഞ്ഞിന്റെ നിലവിളികളൊന്നും പുറം ലോകമറിഞ്ഞില്ല, ചെറിയൊരു ഏങ്ങിക്കരച്ചില്‍ പോലും നാട്ടുകാരാരും കേട്ടില്ല. അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ കുഞ്ഞിന്റെ കരച്ചില്‍ വെളിയില്‍ കേള്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളെല്ലാം കുഞ്ഞിന്റെ പിതാവും പ്രതിയുമായ ഫായിസും ഉമ്മയും ഉള്‍പ്പടെ എല്ലാവരും ചെയ്തിരുന്നു. ഫായിസിന്റെ സഹോദിയും ഭര്‍ത്താവും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി അയാള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയുള്ള ഫായിസിന്റെ സഹോദരിയുടെ സംഭാഷണവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. കുഞ്ഞിനെ ഉപദ്രവിക്കുന്നതായി ഏതെങ്കിലും തരത്തിലുള്ള സൂചന ലഭിച്ചിരുന്നുവെങ്കില്‍ അവരെ കത്തിക്കുമായിരുന്നു എന്നാണ് പഞ്ചായത്തു മെംബറും നാട്ടുകാരനുമായ ഷൗക്കത്ത് പറഞ്ഞത്. കാരണം, ആ കുടുംബത്തെ ചെറുപ്പം മുതല്‍ പരിപാലിച്ചു പോന്നത് നാട്ടുകാരായിരുന്നു.

ഫായിസും സഹോദരിയും കുഞ്ഞുങ്ങളായിരിക്കുമ്പോഴാണ് ഇവരുടെ ബാപ്പ തെങ്ങില്‍ നിന്നും വീണു മരിക്കുന്നത്. അതിനു ശേഷം നാട്ടുകാര്‍ ആ കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു. വന്‍തുകയാണ് ഇവര്‍ക്ക് നാട്ടുകാര്‍ നല്‍കിയത്. ഫായിസിന്റെ സഹോദരിയുടെ വിവാഹം നടത്തിയതും തൊട്ടടുത്ത സ്‌കൂളില്‍ ആയയായി ജോലി വാങ്ങി നല്‍കിയതും ഷൗക്കത്ത് കൂടി ഉള്‍പ്പടെയുള്ള നാട്ടുകാരായിരുന്നു. കണക്കില്ലാത്തിടത്തോളം പണമാണ് ഇവരുടെ കൈകളിലേക്ക് എത്തിയത്. അധ്വാനിക്കാതെ പണം ലഭിച്ചപ്പോള്‍ ഉത്തരവാദിത്വബോധമില്ലാതെയായി. ഫായിസ് 9 ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു. കുറച്ചു കാലം ഒരു വര്‍ക്ക് ഷോപ്പില്‍ പണിക്കു പോയിരുന്നു. പിന്നീട് അതും നിറുത്തി.

ഫായിസിന്റെ പോക്ക് ശരിയായ നിലയിലല്ലെന്ന് നാട്ടുകാര്‍ക്ക് മനസിലായത് ഇയാള്‍ക്ക് 14 വയസുള്ളപ്പോഴായിരുന്നു. കാളികാവില്‍ ഒരു കള്ളുഷാപ്പിനു മുന്നിലായി ഇയാളെ നാട്ടുകാരിലൊരാള്‍ കണ്ടു. കുറച്ചു നേരം നിരീക്ഷിച്ചപ്പോള്‍, ഓട്ടോയുടെ മറ പറ്റി കുട്ടി ഷാപ്പിലേക്കു പോകുന്നതു കണ്ടു. കാളികാവ് ടൗണിലെത്തി രണ്ടുമൂന്ന് ആളുകളെയും കൂട്ടി ഷാപ്പിലെത്തിയപ്പോഴേക്കും കുട്ടി അവിടെ നിന്നും പോയിരുന്നു. കുട്ടികള്‍ക്കു കള്ളുകൊടുത്തതിന് ഷാപ്പുകാരനെ ഇവര്‍ വഴക്കു പറഞ്ഞു. കുട്ടിയെവിടെ എന്നു ചോദിച്ചപ്പോള്‍ ഒരു കുടം കള്ളും കുടിച്ച് അപ്പോള്‍ത്തന്നെ പോയി എന്നായിരുന്നു മറുപടി. പിന്നീട്, പാതി ബോധത്തോടെ വഴിയിലിരിക്കുന്ന കുട്ടിയെ അവര്‍ കണ്ടെത്തി. ഇതേക്കുറിച്ച് ഫായിസിന്റെ ഉമ്മയോട് അപ്പോള്‍ത്തന്നെ പറഞ്ഞിരുന്നു. ഫായിസിനെക്കുറിച്ചു പരാതി പറഞ്ഞവരാണ് വഴി പിഴച്ചവരെന്നും മേലില്‍ തന്റെ വീട്ടില്‍ കയറിപ്പോകരുതെന്നും അവര്‍ പറഞ്ഞു. നാട്ടുകാര്‍ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും തങ്ങളുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നുമായിരുന്നു ഉമ്മയുടെ മറുപടി. വീട്ടിലേക്ക് എത്തുന്നവരെ തെറിവിളിക്കാനും അസഭ്യം പറയാനും ആരംഭിച്ചതോടെ ആരും ഈ വീട്ടിലേക്കു തിരിഞ്ഞു നോക്കാതായി.

ഫായിസിന്റെ ഭാര്യയെ ആരുമങ്ങനെ വീടിനു വെളിയില്‍ കണ്ടിട്ടില്ല. ഇയാളുടെ നാട്ടില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരെയുള്ള കരളായി എന്ന സ്ഥലത്താണ് ഇവരുടെ വീട്. ഫായീസിന്റെ പിതാവിന്റെ വീട് ഇവിടെയായിരുന്നു. അതിനാല്‍, ഇടയ്ക്കിടയ്ക്ക് ഇയാള്‍ ഇവിടേക്കു പോകാറുണ്ടായിരുന്നു. അങ്ങനെയാണ് ഈ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയായതിനാല്‍, ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് ആവശ്യം കഴിയുമ്പോള്‍ ഉപേക്ഷിച്ചു പോകാനിരുന്നു പരിപാടി. പക്ഷേ പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെ ഫായിസ് കുടുങ്ങി. എന്നിട്ടും ഇവരെ വിവാഹം കഴിക്കാതിരിക്കാന്‍ ഇയാള്‍ പരമാവധി പരിശ്രമിച്ചു. കുട്ടി തന്റേതല്ലെന്നായിരുന്നു ഇയാള്‍ വാദിച്ചത്. അതോടെ, കുട്ടിയുടെ ഡി എന്‍ എ ടെസ്റ്റു നടത്തിയെന്നും കുട്ടിയുടെ അച്ഛന്‍ ഇയാള്‍ തന്നെയാണെന്നു തെളിഞ്ഞുവെന്നും ഷൗക്കത്ത് പറഞ്ഞു. ഫായിസ് വിവാഹം കഴിക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ പെണ്‍കുട്ടിയും വീട്ടുകാരും പോലീസില്‍ പരാതി നല്‍കിയിരുന്നു. അങ്ങനെ പോലീസ് കൂടി ഇടപെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറായത്.

വിവാഹത്തിനു ശേഷം കുടുംബം നോക്കാതെ, ചെലവിനും കൊടുക്കാതെ വന്നപ്പോഴാണ് ഭാര്യ വീണ്ടും പോലീസില്‍ പരാതി നല്‍കിയത്. ഈ കേസാണ് സ്റ്റേഷനു പുറത്ത് ഒത്തു തീര്‍പ്പാക്കിയത്. ഫായിസിന്റെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്തതും നാട്ടുകാരായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ പോകാതെ സഹോദരിയും ഭര്‍ത്താവും താമസമാക്കിയത് ഫായിസിന്റെ വീട്ടിലായിരുന്നു. ഇതിനും ഉമ്മയാണ് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയത്. ഇവരുടെ ബാപ്പയുടെ മരണശേഷം ഈ കുടുംബത്തെ സംരക്ഷിച്ചു പോന്നത് നാട്ടുകാരായിരുന്നു. കുട്ടികള്‍ മുതിര്‍ന്ന ശേഷമാണ് ആ സഹായത്തിനു കുറവു വന്നത്. ഫായീസിനെ തെറ്റായ രീതിയില്‍ കണ്ടപ്പോഴെല്ലാം നാട്ടുകാര്‍ ഇയാളുടെ അമ്മയെ വിവരമറിയിച്ചിരുന്നു. തന്റെ കുട്ടി തെറ്റു ചെയ്യില്ലെന്നും നാട്ടുകാര്‍ ഇതില്‍ ഇടപെടേണ്ടെന്നുമായിരുന്നു ഫായിസിന്റെ ഉമ്മയുടെ മറുപടി. പരാതി പറഞ്ഞവരോടെല്ലാം ഇവര്‍ കയര്‍ത്തു സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇവരുടെ തൊചട്ടടുത്ത രണ്ടു വീടുകളില്‍ താമസിച്ചിരുന്നത് ഫായിസിന്റെ ഉമ്മയുടെ അമ്മാവന്‍മാരായിരുന്നു. പക്ഷേ, ഉമ്മ ഇവരെപ്പോലും അടുപ്പിച്ചിരുന്നില്ല.

നാട്ടിലുള്ള സ്‌പോര്‍ട്, ഫുട്‌ബോള്‍ ക്ലബുകളിലും ഫുട്‌ബോള്‍ മേളകളിലും മറ്റു സ്പോര്‍ട്സിലുമെല്ലാം പങ്കെടുത്താണ് ഓരോ നാട്ടിലെയും കുട്ടികളും കൗമാരക്കാരുമെല്ലാം തങ്ങളുടെ ജീവിതത്തെ നല്ല രീതിയില്‍ മുന്നോട്ടു നയിക്കുന്നത്. എന്നാല്‍ ഈ പരിസത്തൊന്നും ഫായിസ് ഉണ്ടായിരുന്നില്ലെന്ന് ഷൗക്കത്ത് പറഞ്ഞു. തീര്‍ത്തും ഒറ്റതിരിഞ്ഞ അവസ്ഥയിലാണ് ഇയാള്‍ ജീവിച്ചത്. ഇയാള്‍ക്കൊപ്പം എപ്പോഴുമുണ്ടായിരുന്നത് മോശപ്പെട്ട കൂട്ടുകെട്ടുകളായിരുന്നു. ഫായിസ് കുറച്ചു കാലം ഒരു വര്‍ക്ക്ഷോപ്പില്‍ പണിക്കു പോയി, പിന്നീട് അതുമുപേക്ഷിച്ചു. 9-ാം ക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസമുള്ളത്.

സഹോദരിയുടെ ഭര്‍ത്താവുമായി ഫായിസ് നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. സഹോദരിയെയും വിളിച്ചു കൊണ്ടു വീട്ടില്‍ നിന്നും പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ പോകാന്‍ കൂട്ടാക്കിയില്ല. ലൈംഗികമായി ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രം ഉപയോഗപ്പെടുത്തിയ പെണ്ണിനെ വിവാഹം കഴിക്കേണ്ടി വന്നതില്‍ ഫായിസിനും ഉമ്മയ്ക്കും എതിര്‍പ്പുണ്ടായിരുന്നു. അതിനാല്‍ത്തന്നെ, ഭാര്യയെ ഒരു ശത്രുവിനെപ്പോലെയാണ് ഇയാളും ഉമ്മയും ബാക്കിയെല്ലാവരും കണ്ടത്. നാട്ടുകാരുടെ എതിര്‍പ്പോ പോലീസില്‍ പരാതിപ്പെടുന്നതോ ഒന്നും ഇയാളെ തെല്ലും ബാധിച്ചതുമില്ല. എന്തുവന്നാലും കൂസലില്ലാത്തൊരു പ്രകൃതം. ഇപ്പോള്‍, ക്രൂരകൊലപാതകത്തിന് പോലീസ് പിടിയിലായിട്ടും ഇയാളുടെ പെരുമാറ്റം അതേ രീതിയില്‍ തന്നെ. മദ്യമോ മയക്കുമരുന്നോ കിട്ടാത്തപ്പോഴുള്ള യാതൊരു ലക്ഷണങ്ങളും ഇയാള്‍ കാണിക്കുന്നില്ല. അതിനര്‍ത്ഥം ഇയാള്‍ ലഹരിക്ക് അടിമയല്ല എന്നുതന്നെയാണ്. ഈ ക്രൂരത ചെയ്യത്തക്ക അതിക്രൂരന്‍ തന്നെയാണ് ഫായിസും മറ്റു കുടുംബാംഗങ്ങളും.

അവശത അനുഭവിക്കുന്ന ഓരോ മനുഷ്യരെയും സഹായിച്ചും ചേര്‍ത്തു നിര്‍ത്തിയും ജീവിക്കാനുള്ള വഴിയൊരുക്കിയും പരസ്പര സഹകരണത്തോടെയും സ്‌നേഹത്തോടെയും ജീവിച്ച ഒരു ഗ്രാമത്തില്‍ നടന്ന രക്തം മരവിപ്പിക്കുന്ന അരുംകൊല വിശ്വസിക്കാന്‍ പോലുമാകുന്നില്ല ഇവിടെയുള്ള മനുഷ്യര്‍ക്ക്. മഞ്ചേരി മോര്‍ച്ചറിക്കു മുന്നില്‍ വച്ച്, ഫായിസിന്റെ അളിയനെ നാട്ടുകാരില്‍ ചിലര്‍ കൈയ്യേറ്റം ചെയ്തു. അപ്പോഴാണ് മരവിപ്പിക്കുന്ന ആ ക്രൂരതയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ അവര്‍ക്കു ബോധ്യമായത്. പന്തു തട്ടുംപോലെ ആ പിഞ്ചുകുഞ്ഞിനെ ഭിത്തിയിലെറിഞ്ഞും വാരിയെല്ലില്‍ കാലുകൊണ്ടു തൊഴിച്ചും സിഗററ്റു കൊണ്ടു കുത്തിയും അതിക്രൂരമായി പരിക്കേല്‍പ്പിച്ചും കൊല്ലാക്കൊല ചെയ്യുകയായിരുന്നു. അതിന് ആ കുടുംബം ഒന്നടങ്കം പങ്കാളികളായി. ഇത്ര ക്രൂരമനുഷ്യരെ ഈ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. ഇനി അവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല, ഫായിസ് മാത്രമല്ല, ആ കുടുംബത്തിലുള്ളവരെല്ലാം ശിക്ഷിക്കപ്പെടണം. കാരണം ആ കുഞ്ഞിനു വേണ്ടി ശബ്ദിക്കാന്‍ ഒരാളുപോലുമുണ്ടായില്ല.

അവള്‍ക്കതു പ്രണയമായിരുന്നു, പക്ഷേ, അവനത് വെറും ലൈംഗികതയും. ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചു കളയാനുള്ള ശ്രമങ്ങള്‍ നടന്നില്ല. അതിനാല്‍, പോലീസ് കേസും വഴക്കും നാട്ടുകാരുടെ മധ്യസ്ഥതയുടെയുമെല്ലാം സഹായത്തോടെ അവന്റെ ഭാര്യയായി. പക്ഷേ, അവളെ സ്‌നേഹിക്കാനോ സംരക്ഷിക്കാനോ അവന്‍ തയ്യാറായില്ല. എന്നുമാത്രമല്ല, ഉപയോഗിച്ചുപേക്ഷിച്ച ആ ശരീരത്തോട് അവനു കടുത്ത വെറുപ്പുമായിരുന്നു. ബലാത്സംഗികളെ കേസില്‍ നിന്നും ഒഴിവാക്കാനായി പെണ്ണിനെ വിവാഹം കഴിപ്പിച്ചു കൊടുത്ത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്ന ഏര്‍പ്പാടുകളുണ്ട്. ഇവരെയെല്ലാം കാത്തിരിക്കുന്നത് ഇത്തരത്തിലുള്ള അതിക്രൂരമായ മര്‍ദ്ദനങ്ങളോ ചിലപ്പോള്‍ മരണമോ ആയിരിക്കും. ഫായിസിന്റെ ഭാര്യയെ സംരക്ഷിക്കാനോ അവരുടെ ഭാഗത്തു നില്‍ക്കാനോ സ്വന്തം വീട്ടുകാര്‍ പോലുമുണ്ടായില്ല. ഭര്‍തൃവീട്ടില്‍ മകള്‍ക്കും കുഞ്ഞിനും ജീവിക്കാനുള്ള അവസ്ഥയല്ല എന്നു മനസിലാക്കിയപ്പോള്‍ അവിടെ നിന്നും രക്ഷപ്പെടുത്താന്‍ പോലും അവര്‍ തയ്യാറായതുമില്ല. സ്വന്തമായി തെരഞ്ഞെടുത്ത ജീവിതം സ്വയം അനുഭവിച്ചു തീര്‍ക്കട്ടെ എന്നു കരുതിയിട്ടുണ്ടാവും. എന്തായാലും അനുഭവിച്ചതത്രയും ഒന്നുമറിയാത്ത ആ പിഞ്ചുകുഞ്ഞായിപ്പോയി.

…………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *