സഭാകോടതിയൊരുങ്ങി, ഫാ അജിയെ വിചാരണ ചെയ്യാന്‍

Thamasoma News Desk

താമരശേരി രൂപതാംഗമായ ഫാ അജി പുതിയാപറമ്പിലിനെ വിചാരണ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. നവംബര്‍ 10 ന് രാവിലെ 10.30 നാണ് ആ കര്‍മ്മം നടക്കുന്നത്. അദ്ദേഹം ചെയ്ത കുറ്റമെന്താണെന്ന് അറിയേണ്ടേ? മണിപ്പൂര്‍ കലാപത്തില്‍ കത്തോലിക്ക സഭയുടെ മൗനത്തെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു! സഭയെ സംബന്ധിച്ചിടത്തോളം മഹാപരാധം!

ദീപിക ദിനപത്രം മാനേജിഗ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് (ബെന്നി) മുണ്ടനാട്ട് ആണ് സഭാക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് കുറ്റവിചാരണയുടെ അധ്യക്ഷനും. ഫാ. ജോസഫ് പാലക്കാട്ട് തയ്യാറാക്കിയിരിക്കുന്ന ‘കുറ്റപത്രത്തിന്റെ ‘ അടിസ്ഥാനത്തിലാണ് വിചാരണ നടത്തുക! നവംബര്‍ 10 ന് നേരിട്ട് ഹാജരാകുന്നില്ലെങ്കില്‍ 15-ാം തിയ്യതിക്കുള്ളില്‍ തന്റെ ഭാഗം എഴുതി ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. കാനന്‍ നിയമ പണ്ഡിതനായ ഒരു വൈദികനെ അഡ്വക്കേറ്റ് ആയി നിയമിക്കണമെന്നും പറയുന്നുണ്ട്. അഞ്ചില്‍ കൂടാത്ത സാക്ഷികളുടെ ലിസ്റ്റ് സമര്‍പ്പിക്കാനും ഫാ അജിക്ക് അനുമതിയുണ്ടെന്ന് നോട്ടീസില്‍ പറയുന്നു.

ജൂണ്‍ 25 ന് ഫേയ്‌സ് ബുക്കില്‍ അദ്ദേഹം ഒരു പോസ്റ്റ് ഇട്ടു. ആ പോസ്റ്റിനു ശേഷം ഫാ അജി പിന്നീടൊന്നും ഫേയ്‌സ്ബുക്കില്‍ കുറിച്ചിട്ടുമില്ല. മണിപ്പൂര്‍ കലാപത്തില്‍ കത്തോലിക്ക സഭയുടെ മൗനത്തെ വിമര്‍ശിച്ചു എന്ന ‘കുറ്റത്തിന്’ ഫാദര്‍ അജി പുതിയാപറമ്പിലിനെ സസ്പെന്‍ഡ് ചെയ്തു. അച്ചടക്കം ലംഘിച്ചതായി ആരോപിച്ചാണ് നടപടി. മണിപ്പൂരിലെ നിലവിളികള്‍ക്കു നേരേ പുലര്‍ത്തുന്ന ക്രൂരമായ നിശ്ശബ്ദ്ധതയ്ക്കും നിഷ്‌ക്രിയത്വത്തിനും ഭാവിയിലെങ്കിലും കേരള സഭ മാപ്പു പറയേണ്ടി വരും. തീര്‍ച്ച … ഇതായിരുന്നു കുറിപ്പ്. ഈ കുറിപ്പിന്റെ പേരിലാണ് നാളെ അദ്ദേഹത്തെ സഭാക്കോടതി വിചാരണ ചെയ്യുന്നത്.

നടപടിക്ക് ഇടയാക്കിയ ഫാദര്‍ തോമസ് അജി പുതിയാംപറമ്പിലിന്റെ കുറിപ്പ് വായിക്കാം:

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍*???

‘തിന്മയ്ക്കെതിരേ നിശ്ശബ്ദത പാലിക്കുന്നത് പാപമാണ്’ ജോണ്‍ പോള്‍ രണ്ടാമന്‍.

ഹിറ്റ്ലറുടെ നാസി ഭീകരതയെ, നിശ്ശബ്ദ്ധത കൊണ്ടും നിഷ്‌ക്രിയത്വം കൊണ്ടും സഹായിച്ച, കത്തോലിക്ക സഭയുടെ പാപത്തിന്, അദ്ദേഹം പരസ്യമായി മാപ്പു പറഞ്ഞു.

മഹാജൂബിലി വര്‍ഷത്തിലെ നോമ്പുകാലത്ത് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ക്രൂശിത രൂപത്തില്‍ കെട്ടിപ്പിടിച്ചു കൊണ്ട് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു: ‘ ഞങ്ങള്‍ മനസ്തപിക്കുന്നു … ദയവായി മാപ്പുതരിക’

യൂറോപ്യന്‍ സഭ വിശേഷിച്ചും ജര്‍മ്മന്‍ സഭ ഹിറ്റ്ലറെ പിന്തുണയ്ക്കാനുണ്ടായ പല കാരണങ്ങളില്‍ മുന്നെണ്ണം ഇവയാണ്.

1. താന്‍ ക്രൈസ്തവരുടെ സംരക്ഷകനാണെന്നും സഭയുടെ ശത്രുക്കള്‍ തന്റെയും ശത്രുക്കളാണെന്നും ജര്‍മ്മനിയുടെ അടിസ്ഥാനം തന്നെ ക്രൈസ്തവികമാണെന്നുമുള്ള ഹിറ്റ്ലറിന്റെ കപട നിലപാട്. (ജര്‍മ്മനിയിലെ ഭൂരിപക്ഷമായ ക്രൈസ്തവരുടെ പിന്തുണ നേടാനുള്ള അടവുനയം മാത്രമായിരുന്നു ഇത്. പിന്നീട് നുറു കണക്കിന് വൈദികരും ആയിരക്കണക്കിന് ക്രിസ്ത്യാനികളും നാസി ക്രൂരതകള്‍ക്ക് ഇരയായി വധിക്കപ്പെട്ടു).

2. തങ്ങളുടെ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സുഗമമായ നടത്തിപ്പിന് ഭരണകൂടവുമായി സഹകരിക്കുന്നതാണ് നല്ലതെന്ന പ്രയോഗിക ചിന്ത.

3. ക്രൂരനും സ്വേച്ഛാധിപതിയുമാണ് ഹിറ്റ്ലര്‍ എന്നു തിരിച്ചറിഞ്ഞപ്പോള്‍ തങ്ങളുടെയും വിശ്വാസികളുടെയും സുരക്ഷയെ ഓര്‍ത്തുള്ള ഭയം

പ്രധാനമായും ഈ മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് സഭാ നേതൃത്വം ഹിറ്റ്ലറോട് സഹകരിച്ചത്. എന്നാല്‍ പിന്നീട് സഭയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത എടായി ഇത് മാറി

പഠിച്ചാല്‍ തീരാത്ത പാഠപുസ്തകമാണ് ചരിത്രം. എന്നാല്‍ അതിലെ ദുരന്തം നിറഞ്ഞ താളുകള്‍ വീണ്ടും ആവര്‍ത്തിക്കാറുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്നത്തെ കേരള സഭ അതിന് ഉത്തമ ഉദാഹരണമാണ്. *മണിപ്പൂരിലെ നിലവിളികള്‍ക്കു നേരേ പുലര്‍ത്തുന്ന ക്രൂരമായ നിശ്ശബ്ദ്ധതയ്ക്കും നിഷ്‌ക്രിയത്വത്തിനും ഭാവിയിലെങ്കിലും കേരള സഭ മാപ്പു പറയേണ്ടി വരും. തീര്‍ച്ച …*

ഒരു കുരിശുപള്ളിയുടെ നേരേ ആക്രമണമുണ്ടായാലോ ഏതെങ്കിലും ഒരു ക്രൈസ്തവ സ്ഥാപനത്തിന് മുമ്പില്‍ സമരമുണ്ടായാലോ കത്തിജ്വലിക്കാറുള്ള സഭാസ്നേഹവും സമുദായ ബോധവും ഉണ്ടല്ലോ. അതൊന്നും മണിപ്പൂരിലെ സങ്കടങ്ങളുടെ കണ്ണീര്‍പ്പാടങ്ങളുടെ പേരില്‍ കണ്ടില്ല. പേരിനൊരു പ്രസ്താവനയും പിന്നെ ഒരു മെഴുകുതിരി പ്രാര്‍ത്ഥനയും. അത്രമാത്രം!

മെത്രാന്‍മാരുടെ ചുവന്ന അരക്കെട്ട് അലങ്കാരത്തിന് വേണ്ടിയല്ലെന്നും അതിന്റെ നിറം സൂചിപ്പിക്കുന്നതു പോലെ രക്തസാക്ഷിത്വം വരിക്കാനുള്ള സന്നദ്ധതയാണെന്നുമൊക്കെ മെത്രാഭിഷേക ചടങ്ങിലെ പ്രസംഗത്തില്‍ കേട്ടിട്ടുണ്ട്. *ആദര്‍ശം പ്രസംഗത്തിനപ്പുറം പ്രവൃത്തി കൊണ്ട് കാണിക്കാന്‍ പറ്റിയ സമയമാണിത്. ‘ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍’* ക്രിസ്തു അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അത് പറഞ്ഞിട്ടുണ്ട്.

*’ നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍, ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു’.*

(യോഹന്നാന്‍ 10: 11-12)

ഫാ. അജി പുതിയാപറമ്പില്‍

കത്തോലിക്ക സഭയിലെ അനീതികള്‍ക്കെതിരെയും പുരുഷാധിപത്യത്തിനെതിരെയും എന്നെന്നും സംസാരിക്കുന്ന അദ്ദേഹം നാളെ വിചാരണ ചെയ്യപ്പെടുന്നു. സഭയ്ക്കും സഭാനേതൃത്വത്തിനുമെതിരെ ശബ്ദിക്കില്ലെന്ന് എഴുതി നല്‍കിയ ശേഷമാണ് പട്ടം സ്വീകരിക്കുന്നത്. ഈ നിയമലംഘനം നടത്തിയതിന്റെ പേരിലാണ് ഫാ അജി നാളെ വിചാരണ ചെയ്യപ്പെടുന്നത്. ഇതേ കാരണത്താലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭ വിചാരണ ചെയ്തതും.


#FrAjiPuthiyaparambil, #Manipurriot #CatholicChurch 

Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *