വളരുന്ന കുട്ടിക്കുറ്റവാളികള്‍: മാധ്യമങ്ങളേ, സമൂഹമേ, ഈ കൂട്ടിക്കൊടുപ്പ് അവസാനിപ്പിച്ചുകൊള്ളുക….!

ഏറ്റവും ക്രൂരവും പൈശാചികവും നിന്ദ്യവുമായ രീതിയില്‍ ആ പെണ്‍കുട്ടിയെ കൊന്നത് അക്കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്തവനായിരുന്നു……! ഡല്‍ഹിയില്‍, മനുഷ്യ സങ്കല്‍പ്പത്തിനും അപ്പുറം ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയ എന്ന പെണ്‍കുട്ടിയെ ആക്രമിക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരണത്തില്‍ പരാമര്‍ശിക്കപ്പെട്ടതാണ് ഈ വരികള്‍….


ഡല്‍ഹി പീഢനത്തിനു ശേഷം മറ്റൊരു നീചമായ വിശ്വാസം കൂടി ഇന്ത്യന്‍ ജനതയ്ക്കിടയില്‍ വളര്‍ന്നുവന്നു…..! എതിരാളിയോടു പകരം വീട്ടാനുള്ള ഏറ്റവും നല്ല ഉപായം അതിക്രൂരമായ ബലാത്സംഗമാണെന്ന്….! എതിരാളി പുരുഷനാണെങ്കില്‍ അയാളുടെ വീട്ടിലുള്ള പെണ്ണുങ്ങളെ നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നു, പെണ്ണാണെങ്കില്‍ അവളെ അത്തരത്തില്‍ പിച്ചിച്ചീന്തുമെന്നും……..!! പല ഉന്നത രാഷ്ടീയ നേതാക്കളും ഭരണകര്‍ത്താക്കളും തങ്ങളുടെ എതിരാളികളോടു പ്രതികാരം ചെയ്യാനുപയോഗിക്കുന്ന മാര്‍ഗ്ഗവും ഇതുതന്നെയാണെന്നറിയുമ്പോള്‍, ഇന്ത്യയുടെ പോക്ക് എവിടേക്കാണെന്ന് ഓര്‍ക്കുക.

പ്രതികാരത്തിലൂടെ ലഭിക്കുന്ന ലൈംഗിക ലഹരിക്കുവേണ്ടി പിന്നീട് ബലാത്സംഗങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഇന്ത്യയില്‍ നടന്നു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ട 2012 ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 24,923 ബലാത്സംഗക്കേസുകളായിരുന്നു. അതായത്, ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 68.28 പേര്‍ ബലാത്സംഗം ചെയ്യപ്പെടുന്നു….! നിര്‍ഭയയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന പ്രതികളെ തൂക്കിലേറ്റിയ ശേഷവും ഈ കണക്കുകള്‍ അതിവേഗം വളരുകയാണ്.

2019 ല്‍, 1,62,741 ബലാത്സംഗക്കേസുകളാണ് കോടതിയില്‍ വിചാരണ ചെയ്യപ്പെട്ടത്. പക്ഷേ, ഇതില്‍ കോടതി ശിക്ഷിച്ചത് വെറും 4,640 പേരെ മാത്രം. ബാക്കിയുള്ളവര്‍ ഇപ്പോഴും അതിനെക്കാള്‍ വലിയ ക്രൂരകൃത്യങ്ങള്‍ ചെയ്ത് സര്‍വ്വസ്വാതന്ത്യത്തോടും കൂടി യഥേഷ്ടം ജീവിക്കുന്നു.

ഇന്ത്യയിലെ ബലാത്സംഗങ്ങളുടെ മാത്രം കണക്കാണിത്. അതും രജിസ്റ്റര്‍ ചെയ്യപ്പെട്ടവ. രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകുന്ന കുറ്റകൃത്യങ്ങള്‍ കൂടിയാകുമ്പോള്‍ ഈ കണക്ക് എത്രയോ വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളു.


സുഖത്തിനും സന്തോഷത്തിനും നമ്മള്‍ കേരളീയര്‍ കൊടുക്കുന്ന നിര്‍വ്വചനമെന്തായിരിക്കും….??

ഓരോ വ്യക്തിയും സ്വയം ചോദിച്ചു നോക്കണം. എന്താണ് നിങ്ങളുടെ സന്തോഷത്തിന്റെ ഹേതു…?? സമ്പത്ത്…? വലിയ ഉദ്യോഗം…?? കൊട്ടാരസദൃശ്യമായ വീട്…? ആഡംബര ജീവിതം? ലൈംഗിക സുഖം…? പണിയെടുക്കാതെ ജീവിക്കാനുള്ള അഭിനിവേശം…?? ആരോഗ്യം..??

ലോകത്തില്‍ ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്ന പത്തു രാജ്യങ്ങളാണ് ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ് ലാന്റ്, നെതര്‍ലന്റ്‌സ്, സ്വിറ്റ്‌സര്‍ലന്റ്, സ്വീഡന്‍, ന്യൂസിലാന്റ്, കാനഡ, ആസ്‌ത്രേലിയ എന്നിവ. ഇവയില്‍ ഏഴുരാജ്യങ്ങളിലും നിലനില്‍ക്കുന്നത് സോഷ്യലിസ്റ്റ് ഡെമോക്രസിയാണ്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നു എന്നു സാരം. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകളെ ജനങ്ങള്‍ ഏറ്റവുമധികം വിശ്വസിക്കുന്നു. സാമ്പത്തിക ഉച്ചനീചത്വങ്ങളും ഈ രാജ്യങ്ങളില്‍ വളരെ കുറവാണ്. അതോടൊപ്പം വ്യക്തിസ്വാതന്ത്യങ്ങള്‍ക്ക് ഏറ്റവും മുന്തിയ പരിഗണനയും നല്‍കപ്പെടുന്നു. യാത്ര ചെയ്തുകൊണ്ട് ജോലി ചെയ്യുകയും ജീവിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗമാണ് ഈ രാജ്യങ്ങളിലുള്ളത്. ലോകം തന്നെ വീടാക്കിമാറ്റിയവര്‍.

ഇനി നമുക്ക് ഇന്ത്യയിലേക്കു വരാം, കേരളത്തിലേക്കു വരാം……

കുറ്റവാളികള്‍ക്കു കിട്ടുന്ന വീരപരിവേഷവും പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെടാതിരിക്കാനുള്ള കൂടിയ സാധ്യതകളും കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനുള്ള അസാമാന്യമായ കഴിവുകളും ഇരകളെ വീണ്ടുംവീണ്ടും താറടിച്ചുകാണിക്കാമെന്നുള്ളതുമെല്ലാം ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകുന്നു. ഒരുമോഹവലയത്തിലെന്ന പോലെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ് കേരളത്തിലെ യുവതലമുറ.

സ്വന്തം ഗ്യാങിനെ നയിച്ചുകൊണ്ടും നിയന്ത്രിച്ചുകൊണ്ടും കുറച്ചുകൊടുംകുറ്റവാളികള്‍ നയിക്കുന്ന രാജകീയ ജീവിതത്തില്‍ ആകൃഷ്ടരായി കുറ്റകൃത്യങ്ങളുടെ ലോകത്തിലേക്ക് ചുവടുവയ്ക്കുകയാണ് കേരളത്തിലെ പ്രായപൂര്‍ത്തി ആവാത്ത തലമുറ പോലും. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന വീരോചിതമായ ജനസമ്മതിയാണ് ഇവയ്‌ക്കെല്ലാം നിദാനമായി മുന്നിലുള്ളത്.

ലഹരി, ലൈംഗികത, പണം, അംഗീകാരം……

നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ എന്ന പഴഞ്ചൊല്ലിന് മലയാളിയുള്ള കാലത്തോളം നിലനില്‍പ്പുണ്ടാകും. നാണക്കേടെല്ലാം പണം കൊണ്ടു മാറ്റാന്‍ കഴിയുന്ന അത്ഭുതകരമായ പ്രക്രിയ. കേരളത്തില്‍, കുട്ടി-യുവ കുറ്റവാളികള്‍ ഏറ്റവുമധികം ഏര്‍പ്പെട്ടിരിക്കുന്നത് ലഹരിമരുന്നുകളുടെ ഉപയോഗത്തിലും അവ ആവശ്യകകാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന തൊഴിലിലുമാണ്. ഈ ലഹരികടത്തുകാരാണ് പിന്നീട് ക്വട്ടേഷന്‍ ഗുണ്ടകളായി മാറുന്നത്.

ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം തങ്ങളന്നേവരെ കാണാത്ത ഒരാളെ ആക്രമിക്കുവാനോ കൊല്ലുവാനോ കഴിയുകയില്ല. അതേസമയം ലഹരിക്ക് അടിമപ്പെട്ടവര്‍ പണത്തിനു വേണ്ടി എന്തും ചെയ്യുന്നവരാണ്. അതിനാല്‍, കേരളത്തിലെ ലഹരിമരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങളുമായി നേരിട്ടുള്ള ബന്ധമാണുള്ളത് എന്ന് എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ എ എസ് രഞ്ജിത്ത് വ്യക്തമാക്കുന്നു.

ഇന്ന്, കേരളത്തിലെ പോലീസുകാര്‍ ഏറ്റവുമധികമായി നിരീക്ഷിക്കുന്നത് സ്്കൂള്‍ പരിസരങ്ങളാണ്. ലഹരിമരുന്നുകളുടെ ഉപയോഗവും കടത്തലും ഏറ്റവുമധികം ചെയ്യുന്നത് സ്‌കൂള്‍ കുട്ടികളാണ്. പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് ഇവയ്‌ക്കെല്ലാം പിന്നിലെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അനവധി സമ്പന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ലഹരിമരുന്നു കടത്തുകേസില്‍ ഒരു മൂന്നാംക്ലാസുകാരന്‍ പിടിയിലായതിനെക്കുറിച്ചു വെളിപ്പെടുത്തിയത് എറണാകുളം ജുവനൈല്‍ ജസ്റ്റിസ് അസിസ്റ്റന്റ് കമ്മീഷണറായ ബിജി ജോര്‍ജ്ജാണ്.

കുട്ടികള്‍ കുറ്റവാളികളാകുന്ന 90 ശതമാനം കേസുകളിലും പ്രതി ലഹരിമരുന്നാണ്. ഇനിവരുന്ന 5 വര്‍ഷത്തിനുള്ളില്‍ കേരളം നേരിടാന്‍ പോകുന്ന ഏറ്റവും ഭീകരമായ ഒന്നായിരിക്കും ലഹരിമരുന്നുകള്‍ മൂലമുള്ള അക്രമവും കൊലപാതകങ്ങളും മറ്റു നിഷ്ഠൂര കുറ്റകൃത്യങ്ങളും.

ലഹരിമരുന്നിന്റെ ഉപയോഗം വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്വന്തം സുഹൃത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച കുറെ കുട്ടിക്കുറ്റവാളികളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. ഇരയ്ക്കു നീതി നേടിക്കൊടുക്കുന്നതിനു പകരം കേരളസമൂഹം അന്വേഷിച്ചു കണ്ടെത്തുന്നത് പ്രതികളായ കുട്ടിക്കുറ്റവാളികളുടെ ബാലാവകാശങ്ങളെ എങ്ങനെയെല്ലാം സംരക്ഷിക്കാമെന്നതിനെക്കുറിച്ചാണ്.

കേരളത്തില്‍, ഒരു ശരാശരി മനുഷ്യന്റെ സന്തോഷത്തിന്റെ ഹേതു എന്താണ്…?? ലഹരി, ലൈംഗികത, പണം, പിന്നെ സമൂഹത്തില്‍ നിന്നും കിട്ടുന്ന അംഗീകാരവും. ഇതെല്ലാം എങ്ങനെയാണ് എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയുക…?? അതിനു വളഞ്ഞ വഴികള്‍ തന്നെ വേണം….. ലഹരികടത്തും മാംസക്കച്ചവടവും കൂട്ടിക്കൊടുപ്പും, മോഷണവും പിടിച്ചുപറിയും അങ്ങനെയങ്ങനെ…….

ലോകത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന രാജ്യങ്ങളുടെ സാമൂഹിക പശ്ചാത്തലം പരിശോധിച്ചാല്‍, നമുക്കു മനസിലാകും അയല്‍ക്കാരന്റെ സന്തോഷം കൂടി ഉള്‍പ്പെടുന്നതാണ് അവിടെയുള്ള മനുഷ്യരുടെ സന്തോഷത്തിന്റെ മാനദണ്ഡമെന്നത്. എന്നാല്‍, ഇന്ത്യയില്‍, കേരളത്തിലും അതല്ല സ്ഥിതി. പണം കൊണ്ടു നേടാന്‍ കഴിയുന്ന സുഖഭോഗങ്ങളുടെ പിന്നാലെ ഭ്രാന്തരെപ്പോലെ അലയുകയാണ് ഈ യുവതലമുറ. ഏതുവഴിയിലൂടെയും പണം സമ്പാദിക്കുക എന്ന ലക്ഷ്യവുമായി നടക്കുന്നവര്‍. ലഹരിയും ലൈംഗികതയും ആഡംബര ജീവിതവുമാണ് സന്തോഷത്തിന്റെ ഹേതുവെന്നു വിശ്വസിക്കുന്നവര്‍. തങ്ങള്‍ സമ്പാദിച്ച പണം കൊണ്ട് സാമൂഹികാംഗീകാരം സാധ്യമാകുമെന്നു തെളിയിച്ചവര്‍.

യഥാര്‍ത്ഥ റോള്‍മോഡലുകള്‍ എവിടെ…??

സിനിമാ രാഷ്ട്രീയ തമ്പ്രാക്കള്‍, അധോലോക നായകര്‍, ദൂരക്കാഴ്ചയില്ലാത്ത മതനേതാക്കള്‍, ഇന്നും അന്തവിശ്വാസത്തിലും വ്യക്തിപൂജയിലും അഭിരമിക്കുന്ന അധ്യാപകര്‍, പഠനമെന്ന പേരില്‍ കൊടുംപീഡനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കള്‍…… ബാല്യം പോലും കവര്‍ന്നെടുക്കുന്ന കോര്‍പ്പറേറ്റ് മുതലാളിമാര്‍…..

നമ്മുടെ കുട്ടികള്‍ ആരെയാണ് മാതൃകകളാക്കേണ്ടത്…??

ഈ തലമുറയ്ക്കു നേര്‍വഴി കാട്ടാനുള്ള മോഡലുകള്‍ ഇവിടെയില്ല.

തങ്ങള്‍ പറയുന്നതു സത്യം മാത്രമാണെന്നുറക്കെ പ്രഖ്യാപിക്കുന്ന മാധ്യമങ്ങള്‍ ഇവിടുത്തെ കോര്‍പ്പറേറ്റുകളുടെയും കട്ടുമുടിക്കുന്ന ഭരണനേതൃത്വത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കോണകം താങ്ങികളാണ്. അവര്‍ക്കു നിലനില്‍ക്കണമെങ്കില്‍ അത്തരം താങ്ങലുകള്‍ കൂടിയേ തീരുകയുള്ളു…..

കോടികള്‍ ചെലവഴിച്ചു പണിത ആരാധനാലയങ്ങളിലിരുന്ന് പാവപ്പെട്ടവരുടെ ദുരിതത്തിന് അറുതിയുണ്ടാക്കുന്ന മതനേതാക്കള്‍ ആര്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത്….??

സാമൂഹികാംഗീകാരം ഉയര്‍ന്ന ജോലിയിലൂടെ സാധ്യമാക്കാനൊരുങ്ങി കുട്ടികളെ അടിമകളെപ്പോലെ കൊണ്ടുനടക്കുന്ന മാതാപിതാക്കളെ റോള്‍ മോഡലുകള്‍ ആക്കുവാന്‍ സാധിക്കുമോ…??

സത്യവും നീതിയുമെല്ലാം സ്്ക്രീനില്‍ മാത്രം വിളമ്പി ജീവിതത്തില്‍ യാതൊരു തരത്തിലുള്ള മൂല്യങ്ങളും പാലിക്കാത്ത താരങ്ങള്‍ റോള്‍ മോഡലുകളാണോ….??

ജനങ്ങളെ സേവിക്കുന്നതിനു വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്തുവിട്ടവര്‍ ജനങ്ങളെ അടിച്ചമര്‍ത്തി ഭരിക്കുന്ന ഈ നാട്ടില്‍, എല്ലാത്തരം അക്രമങ്ങളുടെയും അനീതികളുടെയും അഴിമതികളുടെയും വിളനിലമായി മാറിയ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെ റോള്‍മോഡലുകള്‍ ആക്കാനാകുമോ….???

സാമൂഹിക അനാചാരങ്ങളുടെ പുഴുക്കുത്തുകള്‍ മഹത്തായ ഇന്ത്യന്‍ സംസ്‌കാരമെന്ന മട്ടില്‍ വിളമ്പി കുട്ടികളുടെ ചിന്തകളെപ്പോലും വിലയ്‌ക്കെടുക്കുന്ന ചാനല്‍ സംസ്‌കാരം അവരുടെ ജീവിതത്തില്‍ ഉപകാരപ്പെടുന്നുണ്ടോ…??

സ്‌നേഹവും പ്രണയവും പോലും ചതിയിലും വഞ്ചനയിലും പ്രതികാരത്തിലും കൊലപാതകത്തിലും ചെന്നെത്തുന്ന ശരിയല്ലെന്നു കുട്ടികളെ പഠിപ്പിക്കേണ്ടവര്‍ക്കു പോലും ശരിയായ ലക്ഷ്യം അവര്‍ക്കു കാണിച്ചു കൊടുക്കാന്‍ കഴിയുന്നില്ല.

അയല്‍വാസിയെക്കാള്‍ മുന്തിയ വീടുവയ്ക്കണമെന്നും പണം സമ്പാദിക്കണമെന്നും ലക്ഷ്യം വച്ചു നീങ്ങുന്ന ഒരു കുടുംബത്തിലെ കുട്ടികള്‍ പഠിക്കുന്നതും ശ്രമിക്കുന്നതും സഹപാഠിയെക്കാള്‍ കൂടുതല്‍ മാര്‍ക്കു വാങ്ങാനാവും.

പ്രതിയോഗിയെ കാണേണ്ടത് ചുറ്റുമുള്ളവരിലല്ല, മറിച്ച് അവനവനില്‍ തന്നെ. ഇന്നലെയുള്ള ഞാനാണോ ഇന്നത്തെ ഞാന്‍…?? ഇന്നലെ സംഭവിച്ച പാളിച്ചകളെ ഏതുതരത്തില്‍ മറികടക്കാന്‍ കഴിയും…?? ഇന്നലെയുള്ള എന്റെ ജീവിതത്തില്‍ നിന്നും എന്തു മഹത്വമാണ് ഇന്നത്തെ എന്റെ ജീവിതത്തില്‍ അവകാശപ്പെടാനുള്ളത്…?? ഇന്നലത്തെതില്‍ നിന്നും മെച്ചമായി എങ്ങനെ കാര്യങ്ങള്‍ ചെയ്യാനാവും…?? ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അവയെ നേരിടുന്ന രീതികള്‍ എങ്ങനെ…??

2018 ലെ മഹാപ്രളയത്തില്‍ കേരളം പകച്ചു നിന്നപ്പോള്‍, ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നു….. ആ പ്രതിസന്ധികളത്രയും തരണം ചെയ്തത്ില്‍ കുട്ടികളുടെ പങ്കും വളരെ വലുതായിരുന്നു. കാരുണ്യവും സ്‌നേഹവും സഹാനുഭൂതിയുമില്ലാത്തവരല്ല നമ്മുടെ കുട്ടികള്‍. അവരെ നയിക്കപ്പെടുന്ന രീതികളിലാണ് തെറ്റുകള്‍ സംഭവിച്ചിരിക്കുന്നത്……

സമൂഹവും രാഷ്ട്രീയ നേതൃത്വവും മതനേതൃത്വവും അധ്യാപകരും മാതാപിതാക്കളുമെല്ലാം മാറണം. തലച്ചോറുകളെ തീറെഴുതിയെടുത്ത കോര്‍പ്പറേറ്റു ഭരണങ്ങള്‍ക്കു മാറ്റമുണ്ടാകണം. പരസ്യങ്ങളിലൂടെ നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്നവ നമ്മുടെ നല്ലതിനല്ലെന്ന ബോധമുണ്ടാകണം. കാരുണ്യവും സ്‌നേഹവും സഹാനുഭൂതിയുമൊഴിച്ച് മനുഷ്യനിലെ മറ്റെല്ലാ വികാരങ്ങളും നിയന്ത്രിക്കപ്പെടേണ്ടതാണെന്ന ചിന്തയുണ്ടാകണം. അത്തരത്തില്‍ കുട്ടികളെ പറഞ്ഞു ബോധ്യമാക്കുന്ന റോള്‍ മോഡലുകള്‍ നമുക്കുണ്ടാവണം……..

…………………………………………………
ജെസി തുരുത്തേല്‍
ചീഫ് എഡിറ്റര്‍
ജോയ്‌സ് മീഡിയ ഗ്രൂപ്പ്‌Leave a Reply

Your email address will not be published. Required fields are marked *