കേരളത്തിലെ സ്ത്രീകള്‍: പുരുഷാധിപത്യത്തിന്റെ ഏറ്റവും വലിയ സംരക്ഷകര്‍


Jess Varkey Thuruthel & Zachariah

മുരളി തുമ്മാരുകുടി ഇന്ന് ഫേയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികളുണ്ട്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന ആണ്‍കുട്ടികളെക്കാള്‍ ഇരട്ടിയാണ് പെണ്‍കുട്ടികള്‍ എന്ന്. കലാലയങ്ങളില്‍ കാണാത്ത ആ ആണ്‍കുട്ടികള്‍ എവിടേക്കു പോകുന്നു എന്ന ചോദ്യം അദ്ദേഹം ആ കുറിപ്പില്‍ ചോദിക്കുന്നുണ്ട്. ആ ആണ്‍കുട്ടികളെക്കുറിച്ചോര്‍ത്ത് തമസോമയ്ക്ക് ഭയാശങ്കകളേതുമില്ല. കാരണം, അവര്‍ ഏതെങ്കിലും രീതിയില്‍ സാമ്പത്തിക ശ്രേണിയുടെ നെടുംതൂണായി മാറിയിട്ടുണ്ടാവും, ഇനി മാറുകയും ചെയ്യും. പക്ഷേ, ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ആ പെണ്‍കുട്ടികള്‍ എവിടെ? എവിടെയാണവര്‍ ഒളിച്ചിരിക്കുന്നത്?

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ദി ഇന്ത്യന്‍ ഇക്കോണമി (The Center for Monitoring the Indian Economy (CMIE) ) ഈയിടെ പുറത്തുവിട്ട കണക്കു പ്രകാരം, ഉന്നതവിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളുടെ ശതമാനം 101 ആണ്. പക്ഷേ, തൊഴില്‍ മേഖലയിലേക്ക് എത്തിപ്പെടുന്നവരാകട്ടെ വെറും 10 ശതമാനം മാത്രം. എവിടെപ്പോകുന്നു ബാക്കിയുള്ളവര്‍? അവര്‍ വീട്ടകങ്ങളില്‍ ഒതുങ്ങിക്കൂടുന്നു. സാമ്പത്തിക ശ്രേണിയിലേക്ക് അവര്‍ എത്തിപ്പെടുന്നതു പോലുമില്ല.

കൊച്ചിയില്‍ നടന്ന അഞ്ചാമത് വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (WIFF) സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ പ്രൊഫസറും ഡയറക്ടറുമായ ആശാ ആച്ചി ജോസഫ് പറഞ്ഞ കാര്യങ്ങള്‍ ഇതിനോടു കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ കാര്യത്തില്‍ കേരളത്തിലെ പെണ്‍കുട്ടികള്‍/സ്ത്രീകള്‍ മറ്റെല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാളും ബഹുദൂരം മുന്നിലാണ്. ശാക്തീകരിക്കപ്പെട്ട സ്ത്രീ സമൂഹമാണ് കേരളത്തിലുള്ളത്. പക്ഷേ, ദയനീയമെന്നു പറയട്ടെ, ഇന്ത്യയിലെ പുരുഷാധിപത്യത്തെ പിന്തുണയ്ക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്.

തങ്ങള്‍ക്ക് യോജിച്ച തൊഴില്‍ മേഖല തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു സ്ത്രീ സമൂഹം, പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം പുരുഷ മേധാവിത്വത്തിന്റെ ഉന്നതിക്കു വേണ്ടി മാറ്റിവയ്ക്കുന്ന കാഴ്ചയാണ് എല്ലാ മേഖലയിലും നമുക്കു കാണാന്‍ കഴിയുന്നത്. അടിമയാക്കപ്പെട്ട, ആ അടിമത്തം ഇഷ്ടപ്പെടുന്ന, ആസ്വദിക്കുന്ന ഒരു സ്ത്രീ സമൂഹമാണ് കേരളത്തിലുള്ളത്. സ്‌ക്രീനിനു മുന്നിലോ പിന്നിലോ സ്ത്രീ ശക്തി കാണാനാവില്ല.

അവരവരുടെ കഴിവില്‍ വിശ്വാസമില്ലാത്ത, ഉയര്‍ന്നു വരണമെന്ന ആഗ്രഹമില്ലാത്ത, അടുക്കളയാണ് തങ്ങളുടെ ഇടമെന്നു വിശ്വസിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളും. സ്വാഭാവിക ജൈവ പ്രക്രിയയായ ആര്‍ത്തവത്തെപ്പോലും നേരിടാന്‍ കഴിയാതെ വീട്ടകങ്ങളിലേക്കു ചുരുങ്ങാന്‍ വെമ്പല്‍ കൊള്ളുകയാണ് സ്ത്രീകള്‍. നേടിയ അറിവ് ഈ സമൂഹത്തിനു പ്രയോജനപ്പെടുത്താതെ, മതത്തിന്റെയും പുരുഷാധിപത്യത്തിന്റെയും അടിമകളായി ആ നുകം പേറി സഹിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നു കേരളത്തിലെ സ്ത്രീസമൂഹം. അവര്‍ക്കെന്നും പ്രാധാന്യം പുരുഷന്റെ സമഗ്രാധിപത്യമാണ്. സ്ത്രീകള്‍ക്കായി ഈ സമൂഹം പറഞ്ഞു വച്ചിരിക്കുന്ന തൊഴില്‍ മേഖലകളിലേക്കു മാത്രമേ കൂടുതലായി അവരുടെ കണ്ണും മനസും എത്തുന്നുമുള്ളു. അതിനപ്പുറത്തേക്കു നീങ്ങുന്ന സ്ത്രീകളെ നിരുത്സാഹപ്പെടുത്താനും വലിയൊരു സ്ത്രീ സമൂഹമിവിടെ ഉണ്ട് എന്നതാണ് ദയനീയം.

പെണ്‍കുട്ടികള്‍ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്ന ഒരു തൊഴില്‍ മേഖലയാണ് നഴ്‌സിംഗ്. പുരുഷ നഴ്‌സുമാര്‍ ഈ രംഗത്തേക്കു കടന്നു വരാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു. പക്ഷേ, നഴ്‌സുമാരുടെ സംഘടനകളുടെ തലപ്പത്തും നഴ്‌സിംഗ് സമരങ്ങളെ നയിക്കുന്നവരും പുരുഷന്മാരാണ്. ആ പുരുഷ സമര നായകര്‍ക്കു പിന്നില്‍ അണിനിരക്കാന്‍ മാത്രമേ ഇന്നും സ്ത്രീകള്‍ക്കു കഴിയുന്നുള്ളു.

സ്ത്രീകള്‍ ഇന്നും സംസാരിക്കുന്ന വിഷയങ്ങള്‍ പാചകം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഫാഷന്‍ എന്നിവയെക്കുറിച്ചെല്ലാമാണ്. ഇതിനപ്പുറം ഇവരുടെ ചിന്തകള്‍ പോലും വിപുലപ്പെടുന്നില്ല. സ്ത്രീ വ്‌ളോഗര്‍മാര്‍ നിരവധിയുണ്ട് കേരളത്തില്‍. പക്ഷേ, അവര്‍ക്കു പറയാനുള്ള വിഷയങ്ങളും ഇതു മാത്രമാണ്.

കേരളത്തില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുള്ള സ്ത്രീകളുണ്ട്. ഫുട്‌ബോളിനോടുള്ള തീവ്ര പ്രണയം കണ്ണിലെ അന്ധതയെയും സമൂഹിക അന്ധതയെയും തകര്‍ത്തെറിഞ്ഞ് ഫുട്‌ബോള്‍ ടീമിന്റെ തലപ്പത്തെത്തിയ ബീന ഹിരണിമോസും ശാലിനിയും ഉദാഹരണമാണ്. ബിസിനസ് പാരമ്പര്യമുള്ളശ കുടുംബ പശ്ചാത്തലമുണ്ടെങ്കിലും ഷീല കൊച്ചൗസേപ്പും ബീന കണ്ണനും വീണ ഗില്ലുമെല്ലാം (ത്രിഡി ബ്രിക്‌സ്) പ്രശംസ അര്‍ഹിക്കുന്നുണ്ട്. ഒരു തയ്യല്‍ മെഷീനും ഒരു ജീവനക്കാരനുമായി 1986 ല്‍ ആരംഭിച്ച സ്ഥാപനത്തെ നല്ലൊരു ബിസിനസ് സംരംഭമായി വളര്‍ത്തിയ ഷീല ജെയിംസ് സ്ത്രീ ശക്തിയുടെ മഹത്തായൊരു ഉദാഹരണമാണ്.

സ്ത്രീ ശാക്തീകരണമെന്നോ സ്ത്രീ മുന്നേറ്റമെന്നോ ഉള്ള വാക്കുകള്‍ കേള്‍ക്കും മുന്‍പേ മലയാളി മനസില്‍ ഇടം നേടിയ നേതാവാണ് കെ ആര്‍ ഗൗരിയമ്മ. ഇ എം എസിനെക്കാളും നായനാരെക്കാളുമെല്ലാം പ്രാധാന്യം ജനമനസുകളില്‍ അവര്‍ക്കുണ്ടായിരുന്നു. ഗൗരിയമ്മയെപ്പോലെ അതിശക്തരായ നിരവധി സ്ത്രീകള്‍ക്ക് പിറവിയേകിയ നാടാണിത്. പക്ഷേ, ഇന്നും 50 ശതമാനം സ്ത്രീ സംവരണത്തിനായി പുരുഷമേധാവിത്വത്തിനു മുന്നില്‍ കെഞ്ചുകയാണ് സ്ത്രീ സമൂഹം. മുന്നോട്ടു വന്ന സ്ത്രീകളാകട്ടെ, പുരുഷന്റെ ആജ്ഞയ്ക്കായി കാതോര്‍ത്തിരിക്കുന്നു, നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാനായി.

പഞ്ചായത്തുകളില്‍ സ്ത്രീ സംവരണം നടപ്പാക്കി. പക്ഷേ, ഭരണമിപ്പോഴും പിന്‍സീറ്റിലിരിക്കുന്ന പുരുഷനു തന്നെ എന്നതാണ് ദയനീയം. ദീദി, മമത, ജയലളിത എന്നീ സ്ത്രീകള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. രാജ്യം ഭരിച്ച ഇന്ദിരാഗാന്ധിയവിടെ നില്‍ക്കട്ടെ. കാരണം, അവരുടെ ഉന്നമനത്തിനും സ്ഥാനമാനത്തിനുമായി പരിശ്രമിക്കാന്‍ മഹത്തായൊരു പാരമ്പര്യം തന്നെ അവര്‍ക്കു കൂട്ടിനുണ്ടായിരുന്നു.

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് സ്ത്രീകള്‍ മുന്നോട്ടു കുതിക്കുന്നുണ്ട്. പക്ഷേ ഇവര്‍ക്കെല്ലാം കടിഞ്ഞാണിട്ടുകൊണ്ട് മത-പുരുഷാധിപത്യ സമൂഹവും ഒപ്പമുണ്ട്. സമൂഹത്തില്‍ സമൂലമാറ്റം ഉണ്ടാകണമെങ്കില്‍ ആധിപത്യത്തിന്റേതായ എല്ലാ ചങ്ങലകളെയും പൊട്ടിക്കാന്‍ സ്ത്രീകള്‍ക്കു കഴിയണം. പക്ഷേ, അടിമത്വം ഇഷ്ടപ്പെടുന്ന, അത് ആസ്വദിക്കുന്ന സ്ത്രീ സമൂഹത്തില്‍ നിന്നും മാറ്റങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത് വങ്കത്തരമായിരിക്കും.

……………………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


…………………………………………………………………….


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *