സോളാര്‍ ഫെന്‍സിംഗ്: സംരക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വം?

Jess Varkey Thuruthel

നാട്ടിലെത്തി നാശം വിതയ്ക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന കാട്ടാനകളെ തുരത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സോളാര്‍ ഫെന്‍സിംഗ്. പക്ഷേ അതിസൂക്ഷ്മമായി പരിപാലിച്ചില്ലെങ്കില്‍, ലക്ഷങ്ങള്‍ മുടക്കിയുള്ള ഫെന്‍സിംഗ് വെറും കമ്പിവേലിയുടെ ശവപ്പറമ്പായി മാറും. ഇത്തരം ശവപ്പറമ്പുകള്‍ കാണണമെങ്കില്‍, ഫെന്‍സിംഗുകള്‍ സ്ഥാപിച്ച കാഞ്ഞിരവേലി, മാമലക്കണ്ടം, കുട്ടമ്പുഴ ഭാഗങ്ങളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതിയാകും. കാടുകള്‍ കയറി മൂടിയ വെറും കമ്പിവേലികള്‍ മാത്രമാണ് അവ. പലയിടത്തും അവ മരങ്ങളും മരക്കൊമ്പുകളും വീണ് നശിച്ചിട്ടുണ്ട്.

ഇപ്പോള്‍, നീണ്ടപാറ, ചെമ്പന്‍കുഴി ഭാഗങ്ങളില്‍ നടക്കുന്നതുപോലുള്ള വന്‍ പ്രക്ഷോഭങ്ങള്‍ നടത്തി വൈദ്യുതി കമ്പികള്‍ സ്ഥാപിച്ച സ്ഥലങ്ങളാണ് ഇവയും. കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ തുരത്താനായി ആ നാട്ടുകാരും ഒറ്റക്കെട്ടായി നിന്നു പോരാടി. ഉറക്കമില്ലാത്ത നിരവധി രാത്രികളും വിശ്രമമില്ലാത്ത പകലുകള്‍ക്കുമൊടുവില്‍ അവരതു നേടിയെടുക്കുകയും ചെയ്തു. സോളാര്‍ ഫെന്‍സിംഗ് എന്ന അവരുടെ സ്വപ്‌നം…! എന്നാല്‍ അതാണിപ്പോള്‍ അനാഥപ്രേതം പോലെ, ആരും തിരിഞ്ഞുനോക്കാനില്ലാതെ, നശിച്ചു കിടക്കുന്നത്. അടിമാലി ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ വരുന്ന പ്രദേശമാണ് കാഞ്ഞിരവേലി. കുട്ടമ്പുഴയും മാമലക്കണ്ടവുമെല്ലാം ഉള്‍പ്പെടുന്ന ഈ മേഖലയപ്പാടെ വരുന്നത് മലയാറ്റൂര്‍ റേഞ്ചിനു കീഴിലാണ്. കേരളത്തില്‍ ഏറ്റവുമധികം കാട്ടാനകളുള്ളത് മലയാറ്റൂര്‍ വനമേഖലയിലാണ് എന്നാണ് ഡി എഫ് ഒ വ്യക്തമാക്കുന്നത്. മാത്രവുമല്ല, ആനകളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധവും ഉണ്ടായിട്ടുണ്ട്.

‘എനിക്കു നാലേക്കര്‍ കൃഷിഭൂമിയാണ് ഉള്ളത്. ആനശല്യമുണ്ടാകും മുമ്പ്, എന്റെ കുടുംബം സമൃദ്ധിയിലാണ് ജീവിച്ചത്. എന്റെ മക്കളെ പഠിപ്പിക്കാനും കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും ആവശ്യമായ തുക ഈ മണ്ണില്‍ അധ്വാനിച്ചു ഞാനുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല. എനിക്കെന്റെ മക്കളെ പഠിപ്പിക്കാന്‍ പോലും കഴിയുന്നില്ല. ഞാന്‍ പണിയെടുക്കാഞ്ഞിട്ടല്ല, മദ്യപിച്ചു തോന്നിയപോലെ നടന്നിട്ടല്ല, പണം അനാവശ്യമായി ചെലവഴിച്ചിട്ടുമല്ല, മറിച്ച് എന്റെ അധ്വാനം കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുകയാണ്. ഞങ്ങള്‍ക്കു സര്‍ക്കാര്‍ ഇട്ടു തന്ന ഫെന്‍സിംഗ് ആണ് ഈ കിടക്കുന്നത്. ഈ ഫെന്‍സിംഗ് തട്ടിമാറ്റിയാണ് ആനക്കൂട്ടം ഈ പറമ്പില്‍ തമ്പടിക്കുന്നത്. പരാതിയുമായി ഞാന്‍ ചെന്നെത്താത്ത സ്ഥലമില്ല. അതിനു വേണ്ടി ദിവസങ്ങളും മാസങ്ങളും ഞാന്‍ ചെലവിട്ടു. ഇനി ആരാണു ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നത്? ആരെയാണ് ഞങ്ങള്‍ കാണേണ്ടത്?

കാഞ്ഞിരവേലിയിലെ ഒരു കര്‍ഷകന്റെ ആത്മരോക്ഷമായിരുന്നു അത്. ഭരണസംവിധാനത്തോടും വ്യവസ്ഥിതിയോടും ബ്യൂറോക്രസിയോടുമെല്ലാമുള്ള അടങ്ങാത്ത ദേഷ്യം അദ്ദേഹത്തിന്റെ കണ്ണുകളില്‍ എരിയുന്നുണ്ടായിരുന്നു. തൊട്ടടുത്ത പറമ്പിലേക്കു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

‘ഈ കാണുന്നത് ഒന്നര ലക്ഷം രൂപ മുടക്കി സ്വകാര്യ കമ്പനി സ്ഥാപിച്ച ഫെന്‍സിംഗാണ്. ഞങ്ങളുടെയെല്ലാം പറമ്പുകളിലൂടെ കാട്ടാനകള്‍ തേര്‍വാഴ്ച നടത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ പറമ്പിനരികിലേക്കു പോലും ആന പോകില്ല. കാരണം, ഈ ഫെന്‍സിംഗ് അത്രയേറെ ശക്തമാണ്. ഇതിനുപയോഗിച്ചിരിക്കുന്ന ബാറ്ററി ശക്തിയേറിയതും ഗുണമേന്മയുള്ളതുമാണ്. കമ്പിവേലികളും അങ്ങനെ തന്നെ. ആനയുടെ ശരീരത്തിലെ ഏതെങ്കിലുമൊരു ഭാഗം ഇതില്‍ തട്ടുമ്പോഴേക്കും കറണ്ടടിക്കുകയും ആന വഴിമാറുകളും ചെയ്യുന്നു. കാട്ടുമൃഗങ്ങളില്‍ നിന്നും കൃഷിയിടത്തെയും കൃഷിയെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം സോളാര്‍ ഫെന്‍സിംഗ് തന്നെയാണ്. പക്ഷേ, അതു നടപ്പാക്കുന്നതു കാര്യക്ഷമമായിട്ടായിരിക്കണം എന്നുമാത്രം,’ അദ്ദേഹം പറഞ്ഞു.

വൈദ്യുതി വേലികളില്‍ ഒരു വള്ളിപോലും പടര്‍ന്നുകയറാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍, അവ പ്രവര്‍ത്തിക്കാതെയാവും. എന്നുമാത്രവുമല്ല, സൂര്യപ്രകാശത്തില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ചു പ്രവര്‍ത്തിക്കുന്ന ആ വൈദ്യുതി കമ്പികള്‍ക്കായി ഉപയോഗിച്ചിരിക്കുന്ന ബാറ്ററികളില്‍ നിന്നും തീവ്രമായ ഊര്‍ജ്ജ നഷ്ടവുമുണ്ടാകും. അതിനാല്‍ത്തന്നെ, ഈ കമ്പിവേലികള്‍ സംരക്ഷിച്ചാല്‍ മാത്രമേ ഇവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയുള്ളു. വള്ളികയറി മൂടിയ സോളാര്‍ ഫെന്‍സിംഗ് പ്രവര്‍ത്തിക്കില്ലെന്നു സാരം. ജനങ്ങളെ പിന്നെയും ബുദ്ധിമുട്ടിക്കാന്‍ മാത്രമേ ഉതകുകയുള്ളു.

കമ്പിവേലിക്കായി അത്യാവേശത്തോടെ പ്രക്ഷോഭം നടത്തുന്ന ജനങ്ങളിലാരും ആദ്യത്തെ ആവേശത്തിനപ്പുറം അതിനു പ്രാധാന്യം കൊടുക്കില്ലെന്നാണ് പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും വാദം. ആ കമ്പിയിലൊരു വള്ളി പടര്‍ന്നാല്‍, അതു പറിച്ചു കളയാന്‍ പോലും ജനങ്ങള്‍ മെനക്കെടില്ലെന്ന് ഇക്കൂട്ടര്‍ പറയുന്നു. എന്നാല്‍, വള്ളികള്‍ പടരുന്നുണ്ടോ എന്നു നോക്കാനും കമ്പിവേലികള്‍ സംരക്ഷിക്കാനുമായി സര്‍ക്കാര്‍ ചെലവില്‍ വാച്ചറെ നിയമിച്ചിട്ടുണ്ടെന്നും മാസാമാസം ശമ്പളം വാങ്ങുകയല്ലാതെ ആ ജീവനക്കാരന്‍ എന്താണ് ചെയ്യുന്നത് എന്നും നാട്ടുകാര്‍ ചോദിക്കുന്നു. അവരവരുടെ പറമ്പിലൂടെ കടന്നുപോകുന്ന കമ്പിവേലിയില്‍ പടര്‍പ്പുകള്‍ വീഴാതെയും മരക്കമ്പുകള്‍ നീക്കം ചെയ്തും സംരക്ഷിച്ചാലെന്തെന്നു വനംവകുപ്പും പഞ്ചായത്തും.

ജനങ്ങള്‍ക്ക് ഗുണമേന്മ കുറഞ്ഞ വൈദ്യുതി കമ്പികള്‍ നല്‍കി, അതില്‍ നിന്നും നല്ലൊരു തുക പഞ്ചായത്ത് അധികൃതര്‍ പോക്കറ്റിലാക്കുന്നുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സോളാര്‍ ഫെന്‍സിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്ന് അവയുടെ ബാറ്ററിയാണ്. ശക്തിയേറിയ ബാറ്ററികളാണ് ഫെന്‍സിംഗിനു വേണ്ടത്. അവ ഗുണനിലവാരമില്ലാത്തതാണെങ്കില്‍, ആനയെ തുരത്താന്‍ അവ പര്യാപ്തമാകില്ല. എന്നുമാത്രവുമല്ല, കമ്പിവേലിയില്‍ തടസ്സങ്ങളൊന്നുമില്ലെന്ന് ഓരോ ദിവസവും പരിശോധിക്കുകയും വേണം. പഞ്ചായത്തുകള്‍ സ്ഥാപിക്കുന്ന ഫെന്‍സിംഗുകള്‍ക്ക് കിലോമീറ്ററുകളോളം ദൈര്‍ഘ്യമുണ്ട്. ഈ കമ്പിവേലിയില്‍ ഏതെങ്കിലുമൊരിടത്ത് തടസ്സങ്ങളുണ്ടായാല്‍ ബാറ്ററിയില്‍ നിന്നും ചാര്‍ജ്ജ് നഷ്ടപ്പെടുകയും കമ്പിവേലി പ്രവര്‍ത്തന രഹിതമാകുകയും ചെയ്യും.

സോളാര്‍ ഫെന്‍സിംഗ് എന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്. അവ സ്ഥാപിച്ചു കഴിഞ്ഞാലും കൃത്യമായ രീതിയില്‍ അവ പരിപാലിക്കപ്പെടുകയും വേണം. അതിന് ജനങ്ങളും പഞ്ചായത്തും വനംവകുപ്പും ഒരുപോലെ പ്രയത്നിച്ചേ തീരൂ. സര്‍ക്കാരില്‍ നിന്നും സൗജന്യമായി ലഭിച്ച ഒന്നിനും മൂല്യം നല്‍കാഞ്ഞിട്ടാണ് ജനങ്ങള്‍ അവ സംരക്ഷിക്കാത്തതെന്നും സ്വന്തം പണം മുടക്കി സ്ഥാപിച്ച ഫെന്‍സിംഗ് കാര്യക്ഷമമായി സംരക്ഷിക്കുകയും ചെയ്യുന്നതെന്നും പഞ്ചായത്ത് അധികൃതര്‍ കുറ്റപ്പെടുത്തുന്നു. തകര്‍ന്നടിഞ്ഞ ഫെന്‍സിംഗുകള്‍ നന്നാക്കുമെന്നും അവ പരിപാലിക്കാനായി കൂടുതല്‍ ആളുകളെ നിയോഗിക്കുമെന്നുമാണ് നേര്യമംഗലം ഫോറസ്റ്റ് ഓഫീസര്‍ പറയുന്നത്.

ഇടയ്ക്കിടയ്ക്കെന്തോ ഉള്‍വിളി തോന്നിയാലെന്ന പോലെ, എന്റെ നാട് പ്രചാരകന്‍ ഷിബു തെക്കുംപുറം ഓരോ ഫോറസ്റ്റ് ഓഫീസുകള്‍ക്കും മുന്നിലായി ഓരോരോ ധര്‍ണ്ണകള്‍ നടത്തും. നേര്യമംഗലം ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ ഇന്നലെയും ഷിബു തെക്കുംപുറത്തിന്റെ ധര്‍ണ്ണയുണ്ടായിരുന്നു. ഇത്തരം പ്രഹസനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ ഇപ്പോള്‍ ഈ പരിപാടികളില്‍ പങ്കെടുക്കാറില്ല. വാഹനങ്ങളില്‍ ഷിബു കൊണ്ടിറക്കിയ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടൊരു ധര്‍ണ്ണ. അതാകട്ടെ, വളരെ പെട്ടെന്നു തന്നെ അവസാനിക്കുകയും ചെയ്തു. ഷിബു പറഞ്ഞതിനാല്‍ ഒരാന പോലും ഈ പരിസരത്തേക്ക് അടുക്കില്ലെന്നു കാഴ്ചക്കാരും.

കര്‍ഷകരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. അവര്‍ മണ്ണിലിറങ്ങി പണിയെടുക്കുന്നതു കൊണ്ടാണ് ബാക്കിയുള്ള എല്ലാ മനുഷ്യരും ആഹാരം കഴിക്കുന്നത്. കര്‍ഷകരുടെ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങുന്നത് കണ്ണുനീരല്ല, മറിച്ച് ചോരയാണ്. അവന്റെ അധ്വാനം പാഴായിപ്പോകരുത്. കാട്ടുമൃഗങ്ങള്‍ അപഹരിക്കരുത്. അവര്‍ക്കും അവരുടെ കൃഷിയും അധ്വാനവും സംരക്ഷിക്കപ്പെടണം. അതിങ്ങനെ വെറും പ്രഹസനങ്ങള്‍ നടത്തിക്കൊണ്ടാവരുത്. പരസ്പരം പഴിചാരിക്കൊണ്ടുമാകരുത്. തകര്‍ന്നുകിടക്കുന്ന കമ്പിവേലികള്‍ പുനസ്ഥാപിക്കപ്പെടണം, അവ പരിപാലിക്കുകയും വേണം. കമ്പിവേലികള്‍ സ്ഥാപിക്കാനുള്ള മറ്റു പ്രദേശങ്ങളില്‍ അവ സ്ഥാപിക്കുകയും വേണം.#SolarFencing #Forestoffice #Neriamangalam #wildanimals #elephants


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *