കറിവേപ്പിലയാവാന്‍ ഇനി മനസില്ല, ഞങ്ങളുടെ അധ്വാനത്തിന്റെ ഒരു വിഹിതം ഞങ്ങള്‍ക്കു വേണം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം…… ഈ മൂന്നു കഠിന വ്രതങ്ങളാണ് കന്യാസ്ത്രീ ആകാന്‍ പോകുന്ന ഓരോ പെണ്‍കുട്ടിയും എടുക്കേണ്ടത്. ചിന്തിക്കുമ്പോള്‍ വളരെ നിസ്സാരമെന്നു തോന്നാം. പക്ഷേ, ഈ വ്രതജീവിതത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോയാല്‍ മാത്രമേ അതിന്റെ കാഠിന്യം പൂര്‍ണ്ണമായും ബോധ്യമാകുകയുള്ളു. ജീവിതമെന്തെന്നോ അതു നല്‍കുന്ന സന്തോഷവും സാധ്യതകളും എന്തെന്നോ പക്വതയോടെ ചിന്തിക്കാന്‍ കഴിയാത്ത ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടി എടുക്കുന്ന ഉഗ്രശബഥം…..! ഇന്നുമുതല്‍ മരിക്കും വരെ, ദാരിദ്രയായി, ലൈംഗിക ചിന്തയേതുമില്ലാതെ, അനുസരണയോടെ ജീവിച്ചു കൊള്ളാമെന്ന്…….!! പിന്നീട് അവള്‍ക്കൊരു തിരിച്ചു പോക്കില്ല…!! അഥവാ പോയാല്‍ മഠം പൊളിച്ചവള്‍ എന്ന വിശേഷണമാണ് അവള്‍ക്ക് ചാര്‍ത്തിക്കിട്ടുന്നത്…….! ഈ വിശേഷണം പേറി ശിഷ്ടകാലം ജീവിക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല…. ഇനിയാ വിശേഷണങ്ങളെയും നേരിടാമെന്നു വച്ചാലും വായ്പിളര്‍ന്നവളെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്…..! അതിനാല്‍, മരണമാണ് ഈ ജീവിതത്തേക്കാള്‍ അഭികാമ്യമെന്ന ഉത്തമ ബോധ്യമുണ്ടെങ്കില്‍പ്പോലും അവള്‍ക്കാ ജീവിതം ജീവിച്ചു തീര്‍ത്തേ തീരൂ…… ചുണ്ടില്‍ ചിരിയോടെ, കാരുണ്യമാര്‍ന്ന കണ്ണുകളോടെ…..

ഇന്ത്യയില്‍ വിവാഹം കഴിക്കാനുള്ള പെണ്‍കുട്ടികളുടെ പ്രായം 18 വയസ് ആയിരുന്നു. ഇപ്പോഴത് 21 ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ, ജീവിതകാലമത്രയും ലൈംഗികതയില്‍ നിന്ന് അകന്നു നില്‍ക്കുമെന്നും ദരിദ്രയായി ജീവിക്കുമെന്നും പറയുന്നതെന്തും അനുസരിച്ചു കൊള്ളാമെന്നും ഒരു പെണ്‍കുട്ടിയെക്കൊണ്ട് സത്യം ചെയ്യിപ്പിച്ച് എഴുതി വാങ്ങിപ്പിക്കുമ്പോള്‍ അവള്‍ കൗമാരത്തിലേക്ക് കടന്നിട്ടേ ഉണ്ടാവുകയുള്ളു…!

കുട്ടിത്തം വിട്ടുമാറാത്ത പ്രായത്തില്‍ ഇത്രയും ഗൗരവമേറിയൊരു തീരുമാനമെടുക്കാന്‍ അവള്‍ എത്ര മാത്രം പ്രാപ്തയാണ് എന്നത് ആരും ഇവിടെ പരിഗണിക്കുന്നതു പോലുമില്ല. ഒരിക്കലെടുത്ത തീരുമാനത്തില്‍ നിന്നും പിന്മാറാനുള്ള സാഹചര്യങ്ങളുമല്ല അവള്‍ക്കു മുന്നിലുള്ളത്.

ജീവിതത്തിലുടനീളം ഉണ്ടായേക്കാവുന്ന ലൈംഗിക ചോദനകളെ അപ്പാടെ അടിച്ചമര്‍ത്തി ജീവിക്കാനവള്‍ നിര്‍ബന്ധിതയാകുന്നു, കാരണം, ഒരു തിരിച്ചുപോക്ക് അവള്‍ക്ക് അത്രമേല്‍ കഠിനമാണ്….. ദാരിദ്ര്യവ്രതത്തിന്റെ പേരില്‍ ഇത്തിരി കഞ്ഞിയും വെള്ളവും മാത്രം കൊടുത്ത്, കഴുതയെക്കാള്‍ കഷ്ടമായി പണിയെടുപ്പിച്ച്, ആ കാശ് അപ്പാടെ പിടിച്ചു പറിക്കുന്ന കത്തോലിക്ക സഭ….! അടിവസ്ത്രം പോലും ആവശ്യത്തിന് അവര്‍ക്കു നല്‍കപ്പെടുന്നില്ല. അത് ദാരിദ്ര്യവ്രതത്തിന്റെ ലംഘനമാണത്രെ…! ഈ അനീതിക്കെതിരെ ചെറുതായൊന്നു ശബ്ദമുയര്‍ത്തിയാല്‍ പോലും അഭിസാരികയെന്നു മുദ്രകുത്തി പ്രതികാരം ചെയ്യുന്നു ഈ സഭ. അവരുടെ ചോരയും വിയര്‍പ്പും അപ്പാടെ ഊറ്റിയെടുത്ത ശേഷം വെറുംകൈയോടെ വെളിയില്‍ തള്ളുന്നു കത്തോലിക്ക സഭ…! കണ്‍മുന്നില്‍ നടക്കുന്ന ഈ നീതി നിഷേധത്തെ, ഇത്രയും വലിയ അനീതിയെ ചോദ്യം ചെയ്യാന്‍ പോലും കഴിയാതെ ഷണ്ഡീകരിച്ചു പോയോ ഇന്ത്യന്‍ ജനത….?? എവിടെ കേരള മനസാക്ഷി….??

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലുമായി തമസോമ എഡിറ്റര്‍ ജെസ് വര്‍ക്കി തുരുത്തേല്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…..

നിരാലംബരായ കന്യാസ്ത്രീകളെ വെറുംകൈയോടെ തെരുവിലേക്കു വലിച്ചെറിയാന്‍ ഇനി സഭയെ ഞാന്‍ അനുവദിക്കില്ല…..

ഇന്ത്യന്‍ പൗരത്വമുള്ള, ഈ ഭാരതാംബയുടെ മക്കള്‍ തന്നെയാണ് ഞാനുള്‍പ്പടെയുള്ള ഓരോ കന്യാസ്ത്രീകളും. ക്രിസ്ത്യാനി പെണ്‍കുട്ടി ആയിപ്പോയി എന്ന കാരണത്താല്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളത്രയും നിഷേധിക്കപ്പെട്ടവരാണ് ഞങ്ങള്‍. ഇന്ത്യയിലെ ഭരണ സംവിധാനങ്ങളോടും നീതിന്യായ വ്യവസ്ഥയോടും എനിക്കു ചോദിക്കാനുള്ളത് ഈ ചോദ്യമാണ്. അവകാശങ്ങളത്രയും നിഷേധിക്കപ്പെട്ട്, ഒന്നു കരയാന്‍ പോലും നിവൃത്തിയില്ലാതെ, നരകതുല്യമായ ജീവിതം നയിക്കുന്ന ഞങ്ങള്‍ക്കു വേണ്ടത് ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും നല്‍കുന്ന അവകാശങ്ങളാണ്. ഓരോ കന്യാസ്ത്രീയുടേയും ചോരയും നീരും ഊറ്റിയെടുത്ത ശേഷം അവരെ തെരുവിലേക്കു വലിച്ചെറിയുന്ന കിരാത നിയമത്തിനു മാറ്റമുണ്ടാകണം. ഇനിയുള്ള എന്റെ പോരാട്ടമത്രയും അതിനു വേണ്ടിയാണ്…..


ഞങ്ങള്‍ക്കുമിവിടെ മനുഷ്യരായി ജീവിക്കണം…..

ഞാന്‍ അധ്വാനിച്ചു ജോലി ചെയ്ത ശമ്പളം മുഴുവന്‍ വാങ്ങിയെടുത്തത് ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സന്യാസി സഭ ആണെങ്കില്‍, എന്നെ സംരക്ഷിക്കാനുള്ള സകല ബാധ്യതയും ആ സഭയ്ക്കുണ്ട്. ഒരു കന്യാസ്ത്രീയെയും വെറുംകൈയോടെ തെരുവിലേക്കു വലിച്ചെറിയാന്‍ സഭയ്ക്ക് യാതൊരു അവകാശവുമില്ല. ഞങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ച ശേഷം അവരെ വിമര്‍ശിക്കുന്നു എന്ന കാരണത്താലാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഭിക്ഷക്കാര്‍ക്കു പോലും അവകാശങ്ങളുള്ള നാട്ടിലാണ് കന്യാസ്ത്രീകളോടീ ക്രൂരത ചെയ്യുന്നത്.

ഞങ്ങളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ വീട്ടുകാരല്ല, സഭ തന്നെ

സ്വന്തം വീട്ടില്‍ ചെന്ന് അവകാശങ്ങള്‍ ചോദിച്ചു കൂടെയെന്നു ചോദിക്കുന്നവരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു. 15 വയസുവരെ തിന്നാനും കുടിക്കാനും തന്ന വീട്ടില്‍ച്ചെന്നു തട്ടിപ്പറിക്കാന്‍ നില്‍ക്കുന്നത് എന്തിനാണ്…?? എന്റെ വീട്ടുകാരുടെ ഒരു രൂപ പോലും എനിക്കു വേണ്ട. ഞങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള വിഹിതം പത്രമേനി എന്ന പേരില്‍ സഭയ്ക്കു നല്‍കിയ ശേഷമാണ് ഞങ്ങള്‍ സന്ന്യസ്തരാകുന്നത്. അതൊന്നും ഞങ്ങള്‍ക്കു തിരിച്ചു വേണ്ട. മറിച്ച്, ഞങ്ങള്‍ക്കു വേണ്ടത് ഞങ്ങള്‍ അധ്വാനിച്ചതിന്റെ ഒരു വിഹിതമാണ്. അതു ഞങ്ങളുടെ അവകാശമാണ്. ആ അവകാശത്തിനു വേണ്ടിയാണ് ഇനി ഞാന്‍ പോരാടുന്നത്.

ഞാന്‍ ജോലി ചെയ്തത് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലായതിനാല്‍ എനിക്കു പെന്‍ഷന്‍ കിട്ടുന്നു. പക്ഷേ, മറ്റു കന്യാസ്ത്രീകളുടെ കാര്യം അതല്ല. അവരില്‍ മിക്കവരും ജോലി ചെയ്യുന്നത് മഠത്തിലാണ്. അപ്പോള്‍ അവര്‍ക്കു പെന്‍ഷന്‍ കൊടുക്കേണ്ടത് മഠമാണ്. സഭയുടെ വളര്‍ച്ചയ്ക്കു വേണ്ടി ചോരയും വിയര്‍പ്പും ഒഴുക്കി കഷ്ടപ്പെട്ട് അധ്വാനിച്ചിട്ട് യാതൊന്നും കൊടുക്കില്ലെന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്…?? ഇഷ്ടക്കേടു തോന്നുന്ന നിമിഷം വെറുംകൈയോടെ ഞങ്ങളെ വലിച്ചെറിയാമെന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. അതിനാണ് ഞാന്‍ കോടതിയെ സമീപിക്കുന്നത്. ഞങ്ങള്‍ക്കും ഇവിടെ അന്തസോടെ ജീവിക്കണം.


കല്യാണം കഴിപ്പിച്ചയച്ച ഒരു സ്ത്രീയെ ഭര്‍തൃവീട്ടില്‍ നിന്നും വെറുതെയങ്ങ് ഇറക്കി വിടാന്‍ പറ്റുമോ…?? അത്രയും അവകാശം ഉള്ളവര്‍ തന്നെയാണ് കന്യാസ്ത്രീകളും. ഞങ്ങള്‍ എവിടെയാണോ അംഗമായിട്ടു നില്‍ക്കുന്നത്, ഞങ്ങള്‍ക്കു ജീവിക്കാനുള്ളത് അവര്‍ തന്നേ തീരൂ. കാനോന്‍ നിയമപ്രകാരമാണല്ലോ ഇതൊന്നും പാടില്ലെന്നു പറയുന്നത്. ഇന്ത്യന്‍ നിയമമാണ് ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്കു വേണ്ടത്, അല്ലാതെ കാനോന്‍ നിയമമല്ല. ഞാന്‍ ഇന്ത്യന്‍ പൗരത്വമുള്ള വ്യക്തിയാണ്. അതിനാല്‍, ഇന്ത്യ ഒരു പൗരന് നല്‍കുന്ന എല്ലാ അവകാശങ്ങളും ഞങ്ങള്‍ക്കും വേണം. അതു തടയാന്‍ കത്തോലിക്ക സഭയ്ക്ക് അവകാശമില്ല.

മഠത്തില്‍ ചേരാനുള്ള പ്രായം 30 വയസെങ്കിലുമാക്കണം….

ഒരുപാടു പറഞ്ഞു പഴകിയ കാര്യമാണിത്. എങ്കിലും, വീണ്ടും ആവര്‍ത്തിക്കുന്നു. ജീവിതകാലമത്രയും ലൈംഗികത വേണ്ട എന്ന് ഒരു പെണ്‍കുട്ടി തീരുമാനിക്കേണ്ടത് അവളുടെ ശൈശവ കൗമാര കാലത്ത് ആവരുത്. കുറഞ്ഞത് ഒരു 30 വയസെങ്കിലും അവള്‍ക്കുണ്ടാവണം. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പക്വതയും അവള്‍ക്കുണ്ടായിരിക്കണം. ഒരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി ആയതിനു ശേഷം മാത്രമേ അവള്‍ സന്ന്യാസ ജീവിതം തെരഞ്ഞെടുക്കാന്‍ പാടുളളു. മഠത്തില്‍ വന്നുപെട്ട ശേഷം, മഠത്തിന്റെ അന്തരീക്ഷവുമായി യോജിക്കാന്‍ കഴിയാതെ വന്നാല്‍ ആ നിമിഷം ഇറങ്ങിപ്പോരാന്‍ അവള്‍ക്കു കഴിയണമെങ്കില്‍ അവള്‍ക്കു സ്വന്തമായി വരുമാനം വേണം, സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിയും അവള്‍ക്കുണ്ടായിരിക്കണം.

കൊടുംചതിയിലൂടെയാണ് ഓരോ ക്രിസ്ത്യന്‍ പെണ്‍കുട്ടികളും കന്യാസ്ത്രീകളായി മാറുന്നത്. എതിര്‍ക്കാനുള്ള ശേഷിയില്ലാത്തവരെയും അനുസരണ ശീലമുള്ളവരെയും സഭ നോട്ടമിട്ടു വച്ചിരിക്കുകയാണ്. വെറും രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പെണ്‍കുട്ടികളെ അവര്‍ നോട്ടമിട്ടു വയ്ക്കുന്നു. മിഠായി കൊടുത്തു വശീകരിക്കുന്നു, സോപ്പിടുന്നു, അങ്ങനെ അവരെ മഠത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. മഠത്തിലേക്ക് ഭൂരിഭാഗം പെണ്‍കുട്ടികളും വന്നെത്തുന്നത് ചതിയിലൂടെയാണ്. എന്താണു സന്ന്യാസമെന്നു മനസിലാക്കി, സ്വന്തം ഇഷ്ടപ്രകാരം കന്യാസ്ത്രീ ആകുന്നവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രമാണ്. ബാക്കിയെല്ലാവരും പലതരം കെണിയില്‍ പെട്ടാണ് മഠങ്ങളിലെത്തുന്നത്. അവിടെ നിന്നും പുറത്തു കടക്കാന്‍ മാര്‍ഗ്ഗമില്ല. പുറത്തു വരുന്നവരെ സമൂഹം ജീവിക്കാന്‍ അനുവദിക്കില്ല. സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനമവര്‍ക്കില്ല. ജീവന്‍ നിലനിര്‍ക്കണമെന്നുണ്ടെങ്കില്‍ എങ്ങനെയും മഠത്തില്‍ തുടര്‍ന്നേ തീരൂ എന്ന അവസ്ഥ. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നവര്‍ ചാവാതിരിക്കാന്‍ വേണ്ടി പല വഴികളും നോക്കും. സഭ ചെയ്യുന്ന കൊടുംക്രൂരതകള്‍ പോലും നിശബ്ദം സഹിക്കേണ്ടി വരും.സന്ന്യാസത്തില്‍ നിലനില്‍ക്കുന്നത് അന്തസാണെന്നും മഹത്തരമാണെന്നുമുള്ള പാരമ്പര്യത്തില്‍ വിശ്വസിച്ച് ചതിക്കപ്പെടുകയാണിവര്‍. പക്ഷേ, ഇപ്പോഴത്തെ കുട്ടികള്‍ക്ക് ചിന്താശേഷിയുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ മനസിലായിത്തുടങ്ങി. പഴയ പെണ്‍കുട്ടികളുടെ മാനസികാവസ്ഥയല്ല ഇന്നുള്ളത്. ഇന്നുള്ള കുട്ടികളുടെ അറിവും പണ്ടുള്ളവരെക്കാള്‍ വളരെ ഉയരെയാണ്. അതിനാല്‍, പഴയതുപോലെ കന്യാസ്ത്രീയാകാന്‍ ഇനി പെണ്‍കുട്ടികളെ കിട്ടില്ല.

സന്ന്യാസ ജീവിതം എന്തെന്നറിയാതെ ഈ കെണിയില്‍ വീണു പോയവര്‍ക്കും, ഭാവിയില്‍ ഇഷ്ടത്തോടെ എല്ലാമറിഞ്ഞ് മഠത്തിലേക്കു വരുന്നവര്‍ക്കും ഇവിടെ അന്തസോടെ ജീവിക്കാനുള്ള അവസരമുണ്ടാവണം. സഭാ നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്താല്‍ അവരെ ഇറക്കിവിടാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടിയേ തീരൂ. അവരെ സ്വീകരിച്ച സഭതന്നെ അവരുടെ പൂര്‍ണ്ണമായ സംരക്ഷണം ഏറ്റെടുത്തു കൊണ്ടുവേണം ഇറക്കി വിടാന്‍. അതിനുള്ള സാമ്പത്തികമെല്ലാം സഭയ്ക്കുണ്ട്. എന്റെ പ്രധാനപ്പെട്ട യാത്ര അതുതന്നെയാണ്. അങ്ങനെയൊരു നിയമനം വേണം, അതു ചര്‍ച്ച ചെയ്യപ്പെടണം. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ഈ നിയമവും എഴുതിച്ചേര്‍ക്കപ്പെടണം. ചോരയും നീരും വലിച്ചെടുത്ത ശേഷം ഏതു നിമിഷവും അവരെ തെരുവിലേക്കു വലിച്ചെറിയാമെന്ന കിരാത നീതിക്കു മാറ്റവുണ്ടാവണം. ഈ ക്രൂരത അവസാനിച്ചെങ്കില്‍ മാത്രമേ അന്തസോടെ, ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാന്‍ ഒരു കന്യാസ്ത്രീയ്ക്കു സാധിക്കുകയുള്ളു.

സ്ത്രീകളുടെ ശവക്കുഴി തോണ്ടുന്നത് സ്ത്രീകള്‍ തന്നെ…..

പാട്രിയാര്‍ക്കിയുടെ ഏറ്റവും വലിയ ദുരിതം പേറുന്നവര്‍ കന്യാസ്ത്രീകളാണ്. സഹനമാണ് സ്ത്രീയുടെ മുഖമുദ്ര എന്നു ചെറുപ്പം മുതല്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍, തെറ്റിനെ എതിര്‍ക്കാന്‍ ഒരു തരത്തിലും ശ്രമിക്കുകയില്ല. ഇതുതന്നെയാണ് പുരുഷമേധാവിത്വമിവിടെ തഴച്ചു വളരാന്‍ കാരണവും. പെണ്ണിനെ ചെറുപ്പം മുതല്‍ പഠിപ്പിക്കുന്നത് അനുസരണമാണ്. സഹനത്തിന്റെ അവസാനം മരണമെന്നു വിശ്വസിക്കുന്ന സ്ത്രീ തന്നെയാണ് അവരുടെ ശവക്കുഴി തോണ്ടുന്നത്. സഭയ്ക്കുള്ളില്‍ നടക്കുന്ന വൃത്തികേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എനിക്കു കഴിഞ്ഞത് എന്നിലെ നീതിബോധം മൂലമാണ്. തെറ്റിനെ നിശബ്ദം സഹിക്കാന്‍ എനിക്കു കഴിയില്ല. ഇപ്പോള്‍പ്പോലും അതിനെനിക്കു പ്രാപ്തിയുണ്ടായത് സ്വന്തം കാലില്‍ നില്‍ക്കാന്‍ എനിക്കു കഴിയുന്നതു കൊണ്ടാണ്. മറ്റു കന്യാസ്ത്രീകളുടെ അവസ്ഥ അതല്ല. മഠത്തില്‍ നിന്നും പുറത്തായാല്‍ ജീവിക്കാന്‍ അവര്‍ക്കു വേറെ മാര്‍ഗ്ഗങ്ങളില്ല.

നിശബ്ദരായി എല്ലാം സഹിച്ചു മഠത്തില്‍ നരകിച്ചു ജീവിക്കുന്ന ഓരോ കന്യാസ്ത്രീയ്ക്കും വേണ്ടിയാണ് എന്റെ പോരാട്ടങ്ങള്‍. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഈ രാജ്യം ഓരോ വ്യക്തിക്കും അനുവദിച്ചു കൊടുത്തിരിക്കുന്ന അവകാശങ്ങള്‍ ഞങ്ങള്‍ക്കും കൂടിയേ തീരൂ.

സ്ത്രീകളോട് കാണിക്കുന്ന അനീതികള്‍ അവര്‍ ഒരിക്കലും ചോദ്യം ചെയ്യരുത് എന്ന വ്യക്തമായ ലക്ഷ്യത്തോടെ തന്നെ വളര്‍ത്തപ്പെടുന്നവരാണ് പെണ്‍കുട്ടികള്‍. പാട്രിയാര്‍ക്കല്‍ സംവിധാനത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലാണ് അവരെ വളര്‍ത്തിക്കൊണ്ടുവരുന്നത്. അതിന്റെ ഏറ്റവും വലിയ ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നവര്‍ കന്യാസ്ത്രീകളാണ്. തങ്ങള്‍ക്കു നേരെയുണ്ടാകുന്ന ഒരനീതിയെയും ചോദ്യം ചെയ്യാന്‍ സ്ത്രീകള്‍ തയ്യാറാവരുത് എന്നതാണ് അവരുടെ ലക്ഷ്യം. ചോദ്യം ചെയ്താല്‍ ആ നിമിഷം അവര്‍ സഭയില്‍ നിന്നും പുറത്താകും.

കന്യാസ്ത്രീകള്‍ എല്ലാം സഹിക്കുന്നതിനു പിന്നില്‍…..

എതിര്‍ത്തവരെ കാത്തിരുന്നത് എന്താണെന്ന് കന്യാസ്ത്രീകള്‍ക്കു നന്നായി അറിയാം. സഭ സംരക്ഷിച്ചിട്ടുള്ളത് സിസ്റ്റര്‍ സ്റ്റെഫിയെ ആണ്. ഈ കന്യാസ്ത്രീ ഇന്നും സഭയെ അനുസരിക്കുന്നതു കൊണ്ടാണ് സഭ അവരെ സംരക്ഷിക്കുന്നത്. അല്ലാത്ത ഒരാളെയും സഭ സംരക്ഷിക്കില്ല. ഇതെല്ലാം അറിയാവുന്ന കന്യാസ്ത്രീകള്‍ എന്തൊക്കെ സഹിക്കേണ്ടി വന്നാലും ഒരക്ഷരം പോലും മറുത്തു പറയില്ല. സ്വന്തമായി വരുമാനമുണ്ടെങ്കില്‍ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകും. അതിലൂടെ മാത്രമേ കന്യാസ്ത്രീകളുടെ അന്തസും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുകയുള്ളു. അല്ലെങ്കില്‍ ഫ്രാങ്കോയെപ്പോലുള്ള കൊടുംക്രിമിനലുകളുടെ കൈയിലെ പാവകളായി ജീവിച്ചു തീര്‍ക്കേണ്ടിവരും. തെറ്റു ചെയ്ത ഫ്രാങ്കോ വീണ്ടും ബിഷപ്പായി സ്ഥാനമേല്‍ക്കുന്നു. എല്ലാം നിശബ്ദം സഹിക്കേണ്ടിവന്ന കന്യാസ്ത്രീ ഇപ്പോഴും ദുരിതമനുഭവിക്കുന്നു. നിസ്സഹായതയാണ് ഓരോ കന്യാസ്ത്രീയെയും നിശബ്ദരാക്കിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെ ഈ വിഷയം ചര്‍ച്ച ചെയ്യണം. ആവശ്യമായ നിയമനിര്‍മ്മാണം നടത്തണം. ഞങ്ങളും ഇന്ത്യയുടെ മക്കളാണ്. ഞങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ക്കു കിട്ടിയേ തീരൂ. കന്യാസ്ത്രീ ആയിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഞങ്ങള്‍ക്കു നീതി നിഷേധിക്കാന്‍ പാടില്ല.അടഞ്ഞ അധ്യായം പോലെയാണ് സന്യാസി സമൂഹങ്ങള്‍. അതിനകത്തേക്ക് ആര്‍ക്കും പ്രവേശനമില്ല. അഴിമതി, അനീതി, രണ്ടു നീതി മനുഷ്യാവകാശ ലംഘനങ്ങള്‍, ലൈംഗികാധിക്രമങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് സന്ന്യാസിനീ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതെല്ലാം നിശബ്ദം സഹിക്കേണ്ടി വരികയാണ് ഓരോ കന്യാസ്ത്രീകളും. ഇതിനുള്ളില്‍പെട്ടവരെല്ലാം ഇതെല്ലാം അനുഭവിച്ചു കൊണ്ടിരിക്കുകയാണെങ്കിലും പുറത്തേക്കു പറയാതിരിക്കുന്നതും പുറത്തു പറയുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാവാത്തതും അവര്‍ ഭയന്നിട്ടാണ്. അവരുടെ ഭാവി അവര്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്. ഫ്രാങ്കോയ്ക്കെതിരെ പറഞ്ഞ കന്യാസ്ത്രീകളെ ഒന്നടങ്കം പുറത്തേക്കു തള്ളുകയാണ് ചെയ്തത്. ഇതെല്ലാം കണ്ടുകൊണ്ടാണ് മറ്റുള്ളവരും നില്‍ക്കുന്നത്. ഇതെങ്ങനെയാണ് അവര്‍ പുറത്തു പറയുന്നത്…?? പറഞ്ഞാല്‍ അവരുടെ ജീവിതം എന്തായിത്തീരും…?? അവരുടെ പിന്നീടുള്ള ജീവിതം തന്നെ അപകടത്തിലാണ്. നിയമം അവര്‍ക്കു പരിരക്ഷ നല്‍കുന്നില്ല, ഞങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ഒരു വകുപ്പു പോലുമില്ല. കോടതിയില്‍ നീതിയില്ല. ഞങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ ഭരണഘടനയില്‍ ഒരു നിയമം പോലുമില്ല. അപ്പോള്‍പ്പിന്നെ, ഇതിനകത്തേക്ക് ഒതുങ്ങിക്കൂടുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. ഈ ഒരൊറ്റ കാരണം കൊണ്ടാണ് ഒരു കന്യാസ്ത്രീയും ഈ കടുത്ത നീതികേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തത്.

പ്രതികരിച്ചാല്‍ അവരുടെ ഭാവി തന്നെ തുലാസില്‍ ആടുമെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുണ്ട്. ഇത് ഭയാനകമായൊരു അവസ്ഥയാണ്. നമ്മുടെ സമൂഹം പോലും ഇത് അംഗീകരിക്കുന്നില്ല.

അറവു ശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന മൃഗങ്ങള്‍ക്കു പോലും അവകാശങ്ങളുണ്ട്, നീതിയുമുണ്ട്…. ഒന്നുമല്ലെങ്കിലും ഒറ്റയടിയ്ക്ക് അവര്‍ കൊല്ലപ്പെടുകയെങ്കിലും ചെയ്യും. പക്ഷേ, കന്യാസ്ത്രീ ജീവിതങ്ങള്‍ അങ്ങനെയല്ല…… ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരവകാശവും അവര്‍ക്കു നല്‍കപ്പെടുന്നില്ല. പാലിക്കപ്പെടുന്നതാകട്ടെ, കടുത്ത നീതി നിഷേധത്തിന്റെ കാനോന്‍ നിയമങ്ങളും.ഈ അവസ്ഥയ്‌ക്കൊരു മാറ്റമുണ്ടാകണം. കന്യാസ്ത്രീകളുടെ അധ്വാനഫലത്തിന്റെ ഒരു പങ്ക്, മഠത്തില്‍ നിന്നും പിരിഞ്ഞുപോരുമ്പോള്‍ അവര്‍ക്കു കിട്ടിയാല്‍ മാത്രമേ അവര്‍ നേരിടുന്ന അനീതിക്കു കുറച്ചെങ്കിലും മാറ്റമുണ്ടാവുകയുള്ളു.

ഞങ്ങള്‍ക്കു നീതിയില്ല, ഭരണഘടനയില്‍ അവകാശങ്ങളേതുമില്ലാത്ത ആളുകളാണ് ഞങ്ങള്‍. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. മനുഷ്യരാണെന്ന ബോധ്യത്തോടെ തന്നെ ഞങ്ങള്‍ക്കു ജീവിക്കണം. അതിന്, ഞങ്ങള്‍ അധ്വാനിച്ച പൈസയില്‍ നിന്നും ഒരു വിഹിതം ഞങ്ങള്‍ക്കു കിട്ടിയേ മതിയാകൂ……..

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഇവിടെ വീണ്ടും തുറക്കുന്നത് പോരാട്ടത്തിന്റെ പുതിയൊരു അധ്യായമാണ്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ നീതിബോധമുള്ള ഓരോ മനുഷ്യനും മുന്നോട്ടു വന്നേ മതിയാകൂ….


…………………………………………………………………………………………..
#sisterlusykalappurackal #ChristianChurch #Weneedfreedom #wewon’tfollowcanonlaw #Indianconstitution #contitutionalrights

Leave a Reply

Your email address will not be published. Required fields are marked *