തച്ചുതകര്‍ത്തവരുടെ കണ്‍മുന്നില്‍ ജീവിച്ചു മുന്നേറി അവള്‍!

Jess Varkey Thuruthel & Zakhariah 

വേദനയുളവാക്കുന്നതെങ്കിലും ഒട്ടൊരു ആശ്വാസത്തോടെയും കുറച്ചു സന്തോഷത്തോടെയും കൂടിയാണ് തമസോമ ഇതെഴുതുന്നത്. തങ്ങളുടെ ബാല്യത്തെയും ഇഷ്ടപ്പെട്ട ഇടങ്ങളും ഉപേക്ഷിച്ച്, ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നുമകന്നു ജീവിക്കേണ്ടി വരുന്ന നിരവധി അതിജീവിതകളെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. അവരില്‍ ചിലരെങ്കിലും ആത്മഹത്യകളില്‍ അഭയം തേടിയിട്ടുണ്ട്. മറ്റുചിലരാകട്ടെ, സമൂഹത്തിന്റെ നോട്ടങ്ങള്‍ക്കു മുന്നില്‍ ചൂളി ജീവിതത്തില്‍ നിന്നു തന്നെ ഉള്‍വലിഞ്ഞ് ജീവച്ഛവമായി ജീവിച്ചു തീര്‍ക്കുന്നവരുടെ. ഉപ്പുതറ കണ്ണമ്പടിയിലേക്കുള്ള ഞങ്ങളുടെ ഈ യാത്രയിലും അത്തരമൊരു കഥ തന്നെയാവും പറയുക എന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ, ചില ജീവിതങ്ങള്‍ നമ്മളെ അതിശയിപ്പിക്കും. അവരുടെ അതിജീവനം നമ്മളെ അമ്പരപ്പെടുത്തും. ഏതപമാനത്തെയും അടിച്ചമര്‍ത്തലിനെയും നേരിടാന്‍ തക്ക ശക്തി ഇരയുടെ ഉള്ളിലുണ്ട്. കണ്ണമ്പടി പോക്‌സോ കേസില്‍, അതിജീവിതയുടെ മുന്നില്‍ അറിവിന്റെ ജാലകം തുറന്നപ്പോള്‍, അവള്‍ നടത്തിയ പോരാട്ടം ഈ സമൂഹത്തിനൊരു പാഠമാണ്. തമസോമയ്ക്കു ചിലതു പറയാനുണ്ട്. മനുഷ്യമനസിലെ അധിനിവേശങ്ങളുടെയെല്ലാം എക്കാലത്തെയും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന ദു:ഖസത്യം കൂടി ഞങ്ങള്‍ പറയുന്നു. ഇവിടെ ചൂഷണം ചെയ്യപ്പെടുന്നതു സ്ത്രീ ശരീരം മാത്രമല്ല, അവളുടെ ആത്മാഭിമാനവും ജീവിക്കാനും വിജയിക്കാനുമുള്ള അവരുടെ എല്ലാ സാധ്യതകളും കൂടിയാണ്. ഇവിടെയിതാ, ഈ പെണ്‍കുട്ടി ജീവിച്ചു കാണിക്കുന്നു, ഇതാണു വഴി, തന്റെ അനുവാദമോ സമ്മതമോ ഇല്ലാതെ തന്റെ ശരീരത്തിലും മനസിലും അധിനിവേശം നടത്തിയ സകലര്‍ക്കുമുള്ള മറുപടിയുമായി ഒരു പെണ്‍കുട്ടി.

ബലാത്സംഗികള്‍ ഏറ്റവുമധികം ഭയപ്പെടുന്നത് എന്താണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇരയുടെ ആത്മവിശ്വാസവും തങ്ങള്‍ക്കു നേരെ ചൂണ്ടിയ വിരലുകളും തല ഉയര്‍ത്തിപ്പിടിച്ചുള്ള നില്‍പ്പും തച്ചു തകര്‍ത്തിട്ടും കുതിച്ചു മുന്നേറുന്ന അവളുടെ ചങ്കുറപ്പും ഏതൊരു ബലാത്സംഗിയെയും ഭയചകിതരാക്കും. ബലാത്സംഗിയുടെ ഈ മനശാസ്ത്രമറിയുന്നവര്‍ ഇരയുടെ മേല്‍ നിരന്തരമായി ആക്രമണം നടത്തിക്കൊണ്ടിരിക്കും. അവളെ ഭയപ്പെടുത്തി, അപമാനിച്ച്്, കണ്ണുകളാലും വാക്കുകളാലും വീണ്ടും വീണ്ടുമവളെ പിച്ചിച്ചീന്തി, ഓരോ നിമിഷവും ചവിട്ടിത്തേച്ചുകൊണ്ടേയിരിക്കും. പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ നിന്നും ബലാത്സംഗിക്ക് മികച്ച പിന്തുണയും ലഭിക്കും. അതിനാല്‍, ഇരയെ ഭയപ്പെടുത്താനും അപമാനിക്കാനുമുള്ള എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി, മനസു തകര്‍ത്ത്, ഉയര്‍ന്നുവരാനാകാത്ത വിധം ചെളിക്കുണ്ടില്‍ ആഴത്തിലവരെ കുഴിച്ചു മൂടും. ഇരയുടെ മനസിനെ തകര്‍ക്കാന്‍ ബലാത്സംഗി സദാ ശ്രമിച്ചു കൊണ്ടിരിക്കും. ഇതിനെ ഫലപ്രദമായി ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയണം. അപ്പോള്‍ മാത്രമേ ബലാത്സംഗത്തിന് അറുതി വരികയുള്ളു.

തന്റെ ഇരയെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്നതാണ് ഒരു ബലാത്സംഗി ആദ്യം ചെയ്യുന്നത്. താന്‍ കാല്‍ക്കീഴിലിട്ട് ചവിട്ടിത്തേച്ചവള്‍ എന്നെന്നും തന്റെ കാല്‍ക്കീഴില്‍ കഴിയണമെന്നും താന്‍ ആവശ്യപ്പെടുപ്പോഴെല്ലാം അവള്‍ തുണിയുരിയണമെന്നും അവന്‍ എപ്പോഴും ആഗ്രഹിക്കും.എന്റെ ഉച്ഛിഷ്ടമാണ് നീ എന്ന നിരന്തരമായ ആക്ഷേപങ്ങളും വേശ്യയെന്ന വിളിയും കേട്ടുകേട്ട്, ലൈംഗിക ആക്രമണങ്ങളില്‍ പൊറുതികെട്ട്, ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ അവളെ ഒന്നുകില്‍ മരണത്തിലേക്കു തള്ളിവിടും. അല്ലെങ്കില്‍ മരണ തുല്യമായൊരു നരകജീവിതത്തിലേക്ക്.

ഉപ്പുതറ കണ്ണമ്പടി ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ പെണ്‍കുട്ടിയെ വിനീത് ഉള്‍പ്പടെയുള്ളവര്‍ ബലാത്സംഗം ചെയ്യുമ്പോഴും ഇതുതന്നെയായിരുന്നിരിക്കണം ഇവരുടെ മനസിലുണ്ടായിരുന്നത്. എന്നാല്‍, വിജയിച്ചു മുന്നേറാനുള്ള അവളുടെ വാശി അവളെ ഉയരത്തിലേക്കു നയിക്കുന്നു.

‘ആ സംഭവത്തെക്കുറിച്ചു ചോദിക്കുമ്പോഴെല്ലാം അവള്‍ രണ്ടുകൈകളിലെയും വിരലുകള്‍ തമ്മില്‍ കൂട്ടിപ്പിടിക്കും. വിറയാര്‍ന്ന ആ കൈവിരലുകളും കണ്ണുകളിലെ ഭയവും അവള്‍ കടന്നു പോയ ആ ഭീകര നിമിഷങ്ങളെക്കുറിച്ച് ഞങ്ങളോടു ശബ്ദമില്ലാതെ സംസാരിച്ചു കൊണ്ടേയിരുന്നു. ഓരോ തവണ അതേക്കുറിച്ചവളോടു ചോദിക്കുമ്പോഴും ആ ഭീകരതയിലൂടെ വീണ്ടും കടന്നുപോയാലെന്ന വണ്ണം അവളുടെ ശരീരം വിറ കൊള്ളുന്നു. അവള്‍ക്കു ശബ്ദം നഷ്ടമാകുന്നു. അവളെ ഞങ്ങളുടെ കൈയില്‍ കിട്ടുമ്പോള്‍ മനസും ശരീരവും ചത്ത അവസ്ഥയിലായിരുന്നു. ഉടഞ്ഞുപോയൊരു പിഞ്ചു പൈതലായിരുന്നു അവള്‍. എന്നാലിപ്പോള്‍, തകര്‍ന്നു വീണിടത്തു നിന്നുമവള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. തന്റെ ശരീരം അതിനിഷ്ഠൂരമായി ഉപയോഗിച്ചവര്‍ക്കു മുന്നിലവള്‍ ശിരസുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. നിങ്ങള്‍ നോക്കിക്കോളൂ. വെറും അഞ്ചുവര്‍ഷത്തിനകം അവളുടെ ജീവിതത്തില്‍ അതിശയകരമായ മാറ്റമുണ്ടാകും. അന്ന് അവള്‍ എവിടെ നില്‍ക്കുന്നുവെന്നും അവളെ പീഡിപ്പിച്ച വിനീത് എവിടെ നില്‍ക്കുന്നുവെന്നും നിങ്ങള്‍ക്കു കാണാനാവും.’

‘നിങ്ങളവളെ കണ്ടിട്ടുണ്ടോ? എന്തു മിടുക്കിയാണെന്നറിയുമോ അവള്‍? ഞങ്ങളുടെയെല്ലാം അരുമയാണവള്‍. അവള്‍ പഠിച്ചു മുന്നേറി. പരീക്ഷകളില്‍ അവള്‍ ഉയര്‍ന്ന വിജയം നേടി. പഠനവഴിയില്‍ മറ്റൊരു വന്‍ കുതിപ്പിനായി പറക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. 14-ാം വയസില്‍ അവള്‍ കടന്നു പോയ എല്ലാ മാനസിക ശാരീരിക പീഡനങ്ങളെയും പരിഹാസങ്ങളെയും അപമാനങ്ങളെയും അതിജീവിച്ചു കൊണ്ടും അതിന്റെ ബാക്കിപത്രമായ കുഞ്ഞിനെ സംരക്ഷിച്ചുകൊണ്ടുമാണ് അവളിതു നേടിയത്. പോക്സോ കേസില്‍ ഇരയാകുന്നവരില്‍ ഏറെപ്പേരും ജനിക്കുന്ന കുട്ടിയെ ഏതെങ്കിലും ഹോമുകളിലാക്കി പോകുമ്പോള്‍ അവള്‍ സ്വന്തം കുഞ്ഞിനെയും ചേര്‍ത്തു പിടിക്കുന്നു. ജീവിതത്തില്‍ മുന്നേറുന്നു.’

‘അന്ന് അവള്‍ പോലീസിനോടും കോടതിയിലും പറഞ്ഞത് വിനീതിന്റെ പേരു മാത്രമാണ്. ഡി എന്‍ എ ടെസ്റ്റിന്റെ ഫലം വരും വരെ ആ മൊഴിയിലവള്‍ അടിയുറച്ചു നിന്നു. പോലീസിനോടു വിനീത് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ, കോടതിയില്‍, താനതു ചെയ്തിട്ടില്ല എന്നാണ് വിനീത് പറഞ്ഞത്. ഡി എന്‍ എ ഫലപ്രകാരം അവളുടെ കുഞ്ഞിന്റെ അച്ഛന്‍ വിനീത് അല്ലെന്നു തെളിഞ്ഞതോടെ, അവള്‍ സഹോദരന്റെ പേരു പറഞ്ഞു. ആ ഡി എന്‍ എ ഫലവും നെഗറ്റീവ് ആയതോടെയാണ് ശ്രീധരന്റെ പേര് പെണ്‍കുട്ടി പറയുന്നത്. സഹോദരനും ശ്രീധരനും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞിരുന്നെങ്കില്‍, അവളെ ആ വീട്ടില്‍ നിന്നും പടിയിറക്കുമെന്ന് അവള്‍ ഭയന്നിരിക്കാം. കാരണം, ഒരാള്‍ ആ സ്ത്രീയുടെ കാമുകനാണ്, മറ്റേതാകട്ടെ മകനും. അതിനാല്‍, സ്വന്തം അമ്മയുടെ ഉഗ്രകോപത്തെ അവള്‍ ഭയന്നിരിക്കണം. പക്ഷേ, അവളുടെ ആ ഭയം വിനീതും അയാളുടെ വക്കീലും ആയുധമാക്കുകയായിരുന്നു. അവളുടെ ശരീരം പിച്ചിച്ചീന്തിയവരില്‍ ഒരുവനായ വിനീത് അങ്ങനെ രക്ഷപ്പെട്ടു, അയാളെ മാധ്യമങ്ങള്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.’

ഇക്കാര്യങ്ങള്‍ പറഞ്ഞത് ആരാണെന്നു വെളിപ്പെടുത്താന്‍ തമസോമ തയ്യാറല്ല. കാരണം, ഇപ്പോള്‍ അന്വേഷണത്തിലിരിക്കുന്ന പോക്സോ കേസിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പലര്‍ക്കും പരിമിതിയുണ്ട്. ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും ഞങ്ങള്‍ കണ്ടെത്തിയ വിവരങ്ങളിലാണിത്.

സ്വാതന്ത്ര്യം നേടി കാലമിത്ര കഴിഞ്ഞിട്ടും ആദിവാസി കോളനികളിലെ സ്ത്രീകള്‍ ഭയത്തിന്റെ അടിമത്തത്തില്‍ നിന്നും മോചനം നേടിയിട്ടില്ല. അവരെ ശാരീരികമായി ഉപദ്രവിക്കാനായി മാത്രം ഈ കോളനികളിലേക്കെത്തുന്നവരുണ്ട്. അവരുടെ കുടിയിലുള്ളവര്‍ തന്നെ അതിക്രൂരമായി ഇവരെ ഉപദ്രവിക്കുന്നുണ്ട്. പക്ഷേ, ഭയത്തില്‍ നിന്നും മോചനം നേടിയാല്‍ മാത്രമേ തന്നെ ദ്രോഹിച്ചവനെ ചൂണ്ടിക്കാണിക്കാന്‍ ഇവര്‍ക്കു കഴിയുകയുള്ളു. ഈയിടെ അന്തരിച്ച ഡോ കുഞ്ഞാമന്റെ വാക്കുകളില്‍ അതു പ്രകടമാണ്. അദ്ദേഹത്തിനു കീഴടക്കാന്‍ ഇനി ഗിരിശൃംഘങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ മനസില്‍ വരേണ്യവര്‍ഗ്ഗമേല്‍പ്പിച്ച ഭയത്തില്‍ നിന്നും രക്ഷപ്പെടാന്‍ മരണം വരേയ്ക്കും അദ്ദേഹത്തിനു സാധിച്ചിരുന്നില്ല.

വിനീതിന്റെ കേസ് അവസാനിച്ചിട്ടില്ല. ഹൈക്കോടതിയില്‍ ആ കേസിന്റെ അപ്പീല്‍ പോകാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. ഉപ്പുതറ പോലീസും ഇതുതന്നെയാണ് പറയുന്നത്. പോക്‌സോ കോടതി വിധിയിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്ന് പെണ്‍കുട്ടിക്കു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടറും പറയുന്നു. വിനീതിന്റെ കേസില്‍ സത്യമെന്താണെന്നു പോലും അന്വേഷിക്കാതെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി എന്ന് പി പി പറയുന്നു.

ആദിവാസിയായ തന്നെ, പോലീസും പെണ്‍കുട്ടിയും അവളുടെ അമ്മയും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് വിനീത് മാധ്യമങ്ങളോടു പറഞ്ഞത്. ഈ കേസില്‍ നിന്നും വിനീതിനെ സമര്‍ത്ഥമായി ഊരിയെടുത്ത വക്കീലും ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോടു പറയുകയുണ്ടായി. മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് കേസിലെ പ്രതിയായ ശ്രീധരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കോടതിയുടെ വിധിപ്പകര്‍പ്പു പോലും കാണാതെ, യാതൊരു തരത്തിലുമുള്ള ഫാക്ട് ചെക്കിംഗും നടത്താതെ, മാധ്യമങ്ങള്‍ ആ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ പബ്ലിഷ് ചെയ്തു. അതോടെ, 14 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച വിനീത് വിശുദ്ധനുമായി.

വിനീത് മാത്രമാണ് തന്നെ പീഡിപ്പിച്ചത് എന്നും മറ്റാരും തന്നെ പീഡിപ്പിച്ചില്ലെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയും ഡി എന്‍ എ ടെസ്റ്റുമാണ് വിനീതിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. അതിനര്‍ത്ഥം വിനീത് കുറ്റവാളിയല്ലെന്നു കോടതിക്കു പൂര്‍ണ്ണമായും ബോധ്യപ്പെട്ടു എന്നല്ല. അങ്ങനെ ബോധ്യപ്പെട്ടിരുന്നെങ്കില്‍, വിനീതിനു ലഭിച്ച അതേ നീതി പെണ്‍കുട്ടിയുടെ സഹോദരനും ലഭിക്കുമായിരുന്നു. ഇതേ കേസില്‍ അയാളിപ്പോഴും ജയിലിലാണ് എന്നതിന്റെ അര്‍ത്ഥം ഈ കേസ് ഇവിടം കൊണ്ട് അവസാനിച്ചിട്ടില്ല എന്നു തന്നെയാണ്.

പെണ്‍കുട്ടി ഗര്‍ഭിണിയായതു കൊണ്ടു മാത്രമാണ് ഈ കേസ് ഉണ്ടാകാന്‍ കാരണം. ആദിവാസി കുടികളില്‍ നടക്കുന്ന ഭൂരിഭാഗം ബലാത്സംഗങ്ങളും പുറംലോകമറിയാറില്ല. ഭയത്തിന്റെ അടിമകളായ അവര്‍ ഏതുതരം ക്രൂരതയും സഹിക്കും. പോക്‌സോ നിയമവും അതിനുവേണ്ടിയുള്ള അതിവേഗ കോടതികളും നിലവില്‍ വന്നതോടെ, ഇത്തരം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, ഇരയെ പലരീതിയിലും ഭയപ്പെടുത്തി, പ്രതികളെ രക്ഷപ്പെടുത്തിയെടുക്കുന്നു.

ഈയൊരു പെണ്‍കുട്ടിയെ മാത്രമല്ല വിനീത് ലൈംഗികമായി ഉപയോഗിച്ചിട്ടുള്ളത്. മറ്റു പല സ്ത്രീകളുമായും ഇയാള്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ണമ്പടി ആദിവാസി സെറ്റില്‍മെന്റ് കോളനിയിലുള്ളവര്‍ പറയുന്നു. പക്ഷേ, ഇക്കാര്യങ്ങളൊന്നും പുറത്തു വരില്ല. കാരണം, വിനീതിനൊപ്പം എന്തിനും പോന്ന ഒരു സംഘമുണ്ട്. കൂടാതെ ഇപ്പോള്‍, വിനീതിന് പാര്‍ട്ടിയുടെ പിന്‍ബലവുമുണ്ട്. ഇയാള്‍ക്കു വേണ്ടി ബി ജെ പി ഈ കോളനിയില്‍ നടത്തുന്നത് വന്‍ പ്രചാരണങ്ങളാണ്. നിരപരാധിയായ വിനീതിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടു എന്ന നോട്ടീസും കോളനിയിലെങ്ങും പതിപ്പിച്ചിട്ടുണ്ട്. വിനീതിന് വന്‍ തോതില്‍ സ്വീകരണവും പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. തനിക്കു നേരെ വരുന്ന എതിര്‍സ്വരങ്ങളെ കായികമായി നേരിട്ടു തന്നെയാണ് വിനീത് അടിച്ചമര്‍ത്തിയിരുന്നത്. പോക്‌സോ കോടതിയില്‍ നിന്നും താല്‍ക്കാലിക വിടുതല്‍ കിട്ടിയതോടെ ഇയാളതു കൂടുതല്‍ ശക്തമാക്കി. എങ്കിലും കാലം കാത്തുവച്ച ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ക്ക് ഒരുകാലത്തും സാധിക്കില്ല. ഇയാള്‍ തച്ചുടച്ച ആ മിടുക്കി പെണ്‍കുട്ടി, അവളുടെ ജീവിതം കൊണ്ട് ഇയാള്‍ക്കുള്ള ശിക്ഷ നടപ്പാക്കും. അതിനിനി അധികകാലം കാത്തിരിക്കേണ്ടി വരില്ല, തീര്‍ച്ച!


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47


#POCSO #Vineeth #Kannampadi #Kattappana #DNAtestresult #Adivasiyouth

Leave a Reply

Your email address will not be published. Required fields are marked *