സസ്പെന്‍ഷനെങ്ങനെ ശിക്ഷയാകും സര്‍ക്കാരേ…???

Jess Varkey Thuruthel & D P Skariah 

സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ എത്ര ഗുരുതരമായ തെറ്റു ചെയ്താലും സര്‍ക്കാര്‍ ചെയ്യുന്ന ആദ്യ നടപടിയാണ് സസ്പെന്‍ഷന്‍. ശമ്പളം കൊടുത്തു വീട്ടിലിരുത്തുന്നത് എങ്ങനെയാണ് ശിക്ഷയാകുന്നത്…??

മകളുടെ യാത്രാ-കണ്‍സെഷന്‍ പുതുക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. ബസ്സ് ഡിപോയില്‍ പോയ അച്ഛനെ മകളുടെ മുന്നിലിട്ടു കൈകാര്യം ചെയ്ത ധിക്കാരികളായ ആ ഉദ്യോഗസ്ഥര്‍ക്കും കിട്ടിയിരിക്കുന്നു സസ്പെന്‍ഷന്‍ എന്ന ഇണ്ടാസ്.

മദ്യപിച്ചു ലക്കുകെട്ട് അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ശമ്പളത്തോടു കൂടി വീട്ടിലിരുത്തിയത് 6 മാസമാണ്. അയാളെ തിരിച്ചെടുക്കുന്നതിനു കാരണമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇങ്ങനെയാണ്. പണിയെടുക്കാതെ ഇതില്‍ക്കൂടുതല്‍ സമയം ഒരാള്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റില്ലത്രെ…! അയാള്‍ പണിയെടുത്തിട്ട് ശമ്പളം വാങ്ങട്ടെ എന്ന്.

അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥര്‍ക്കു പോലും സര്‍ക്കാര്‍ കൊടുക്കുന്ന ബഹുമതിയാണ് സസ്പെന്‍ഷന്‍ എന്ന അവാര്‍ഡ്. അതോടെ ശമ്പളത്തോടു കൂടി അവര്‍ക്ക് വീട്ടിലിരുന്ന് ജീവിതം ആസ്വദിക്കാം. യാതൊരു പണിയും ചെയ്യേണ്ടെന്നു മാത്രമല്ല, പൈസ കിട്ടുകയും ചെയ്യും. അതാണ് തെറ്റുചെയ്ത ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സസ്പെന്‍ഷന്‍ എന്ന ‘കടുത്ത ശിക്ഷ’.

ഓരോരോ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തുന്നവരോടു മാന്യമായി പെരുമാറില്ലെന്നു മാത്രമല്ല, കൈയ്യേറ്റം ചെയ്യുകയും സാധ്യമായ രീതിയിലെല്ലാം ദ്രോഹിക്കുകയും ചെയ്യും. കെ എസ് ആര്‍ ടി സിയുടെ മാത്രം പ്രശ്മല്ലിത്. സര്‍ക്കാര്‍ ജോലിയെന്നാല്‍ പിന്നെ ജനങ്ങളുടെ തലയില്‍ കയറി നിരങ്ങാനുള്ള അവകാശമെന്നാണ് ഇവര്‍ കരുതുന്നത്. തെറ്റുചെയ്യുന്നവരെ ജീവന്‍ കൊടുത്തും സംരക്ഷിക്കുകയാണ് തൊഴില്‍ സംഘനകളും നേതാക്കളും.

ഷാജഹാന്‍ അബ്ദുള്‍ ബഷീറിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്.

പ്രൈവറ്റ് ബസുകളില്‍ യാത്ര ആനുകൂല്യം ലഭിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള സ്റ്റുഡന്‍ഡ് ഐഡന്റ്റി കാര്‍ഡ് മാത്രം കാണിച്ചാല്‍ മതിയാകും. പക്ഷേ, സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയില്‍ കണ്‍സെഷന്‍ ലഭിക്കാന്‍ അപേക്ഷക്കൊപ്പം ഓരോ മൂന്ന് മാസവും പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. ഈ ആനുകൂല്യം ലഭിക്കാന്‍ ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥി ഒരു വര്‍ഷത്തില്‍ 4 പ്രാവശ്യമെങ്കിലും (പഠനത്തിനിടെ 12 തവണ) കോളേജില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വാങ്ങി KSRTC ഡിപ്പോയില്‍ ഹാജരാക്കേണ്ടി വരും.

പല കോളജുകളിലെയും പ്രിന്‍സിപ്പാളിന്റെ പ്രധാന ചുമതലകളില്‍ ഒന്ന് നിരന്തരമായി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഒപ്പിടലാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴും എത്രയെണ്ണമാണ് നല്‍കേണ്ടി വരിക..!

സ്വകാര്യ ബസില്‍ കോളേജ് IDയുടെ ബലത്തില്‍ മാത്രം നല്‍കപ്പെടുന്ന ST (Students Ticket, Concession) KSRTC യില്‍ മാത്രം എന്തിനിത്തരം നിബന്ധനകള്‍…?? ഓരോ വര്‍ഷത്തിലും ആദ്യതവണ മാത്രം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും തുടര്‍ന്ന് പഴയ Concession അപേക്ഷക്കൊപ്പം കാണിക്കുമ്പോള്‍ പുതിയത് നല്‍കുന്ന ഒരു സംവിധാനമല്ലേ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടെയും ആരോഗ്യത്തിന് കരണീയമായുള്ളത്. ‘മാനസിക വിഭ്രാന്തിയുള്ള’ ജീവനക്കാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കാതെ സ്റ്റുഡന്‍സ് കണ്‍സെഷന്‍ നിബന്ധനകള്‍ കുറച്ചുകൂടി എളുപ്പമുള്ളതാക്കാനും സുതാര്യമാക്കാനും സര്‍ക്കാര്‍ തയ്യാറായേ മതിയാകൂ….

ശിക്ഷയില്ലാതെ പോകുന്ന ക്രൂരകൃത്യങ്ങള്‍……

വിശപ്പു സഹിക്കാനാവാതെ ഭക്ഷണം മോഷ്ടിച്ചു എന്ന ‘കുറ്റത്തിന്’ പതിനെട്ടോ അതിനു മുകളിലോ ആളുകള്‍ ചേര്‍ന്ന് മധുവിന്റെ കയ്യും കാലും കെട്ടി മര്‍ദിക്കുന്നു, അതിക്രൂരമായി വിചാരണ ചെയ്യുന്നു…..

കൈയും കാലും കെട്ടി മര്‍ദ്ദനത്തിന് വിധേയനായ മധുവിനെ പശ്ചാത്തലമാക്കി സെല്‍ഫി എടുക്കുന്നതും നാമേവരും ലൈവായി കണ്ടു…. പിന്നീട് ആ പാവം മനുഷ്യനെ പോലീസ് ജീപ്പിലേക്ക് എടുത്തിട്ട് കൊടുത്തുവിട്ടു…. സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പ് തന്നെ പോലീസ് ജീപ്പില്‍ കിടന്ന് മധു മരിച്ചു…

ആ സംഭവത്തിനിപ്പോള്‍ സാക്ഷികളില്ല……! അതാരും കണ്ടിട്ടില്ല…..!! മധുവിനെ ആരും മര്‍ദ്ദിച്ചിട്ടില്ല….! മധു കൊല്ലപ്പെട്ടിട്ടുമില്ലത്രെ….!!!

കേരളത്തെ മാത്രമല്ല, ഇന്ത്യയെ അപ്പാടെ നാണക്കേടിന്റെ പരകോടിയില്‍ എത്തിച്ച സംഭവമായിരുന്നു ഇടതു പക്ഷത്തിന്റെ നേതൃത്വത്തില്‍ കേരള നിയമ സഭയില്‍ സാമാചികര്‍ നടത്തിയ തെരുവു ഗുണ്ടാ ആക്രമണം. മുണ്ട് മടക്കികുത്തി ശിവന്‍കുട്ടി നിയമസഭയില്‍ സംഹാര താണ്ഡവമാടി…

ലോകം മുഴുവനുമതു കണ്ടതാണ്….. കേരള സമൂഹം അന്തംവിട്ടിരുന്ന നിമിഷങ്ങള്‍…. മലയാളിയായതിന്റെ പേരില്‍ നാണിച്ചു തല കുമ്പിട്ടിരുന്ന നിമിഷം….. പക്ഷേ, ഭരണകര്‍ത്താക്കള്‍ പറയുന്നു, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന്….! തെളിവുണ്ട്, സാക്ഷികളുണ്ട്….. പക്ഷേ, പച്ചയ്ക്കു നിന്നു പറയുകയാണ്…… അങ്ങനെയൊന്നും നടന്നിട്ടില്ല, അതാരും കണ്ടിട്ടില്ല……

ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമന്‍ ഒരു നിരപരാധിയെ ഇടിച്ചു കൊന്നതിനു ശേഷം വണ്ടിയില്‍ നിന്നും ഇറങ്ങിവരുന്നതിനു സാക്ഷികളുണ്ട്… മദ്യപിച്ചു മദോന്മത്തനായി, കാലുനിലത്തുറയ്ക്കാത്ത നിലയിലായിരുന്നു അപ്പോള്‍ വെങ്കിട്ടരാമന്‍….. പക്ഷേ, അയാളിപ്പോള്‍ പറയുന്നു, അയാള്‍ മദ്യപിച്ചു എന്നതിനു തെളിവില്ലെന്ന്….. സാക്ഷികളില്ലെന്ന്…… അതു വെറുമൊരു വാഹനാപകടക്കേസാണത്രെ….!!

മെഡിക്കല്‍ കോളേജില്‍ രണ്ട് മൂന്ന് ഗുണ്ടകള്‍ ഒരു വൃദ്ധനായ സെക്ക്യൂരിറ്റിയെ നിലത്തിട്ട് ചവിട്ടി അരയ്ക്കുന്നു….. എല്ലാവരുമതു കണ്ടു…. പക്ഷേ ഇപ്പോള്‍ പറയുന്നു, അങ്ങനെയൊന്നു നടന്നിട്ടില്ലെന്ന്……

ഈ കൊടും ക്രൂരത ചെയ്ത എല്ലാവര്‍ക്കും കിട്ടും സസ്‌പെന്‍ഷന്‍…..

അതായത്, ശമ്പളത്തോടെ വീട്ടിലിരുന്നു സുഖിക്കാന്‍ സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്ന സുവര്‍ണാവവസരം…..

ഒടുവില്‍ അന്വേഷണ റിപ്പോര്‍ട്ടു പുറത്തു വരും… വാദികള്‍ പ്രതികളാകും….. യഥാര്‍ത്ഥ പ്രതികള്‍ക്ക് ഒരു പോറല്‍ പോലും സംഭവിക്കുകയില്ല…. സര്‍ക്കാരും നിയമവും അവര്‍ക്ക് പരമാവധി സംരക്ഷണം നല്‍കും……

അതിനായി പ്രതികള്‍ കൗണ്ടര്‍ കേസ് കൊടുക്കും…. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നു കാണിച്ച് വാതികള്‍ക്കെതിരെ കേസെടുക്കും. കൂട്ടത്തില്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന വകുപ്പു കൂടി ചേര്‍ക്കും.

പാര്‍ട്ടിയുടെ, നേതാക്കളുടെ ഒത്താശയോടെ വാദികളെ വേട്ടയാടാന്‍ തുടങ്ങും… പൊതുജനം ഈ സംഭവം വളരെവേഗം മറക്കും, മറ്റു വിഷയത്തിലേക്കവര്‍ ശ്രദ്ധ പതിപ്പിക്കും. പ്രതികള്‍ ഈ അവസരം പരമാവധി മുതലാക്കും… തെളിവെടുപ്പ്, ഭീഷണി, സ്റ്റേഷനിലേക്കു വിളിപ്പിക്കല്‍, കോംപ്രമൈസ് ചര്‍ച്ചകള്‍…..

സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ ഹാജരാവില്ല, സകല സാക്ഷികളും കൂറുമാറുകയോ ഹാജരാകാതിരിക്കുകയോ ചെയ്യും… കേസ് അനന്തമായി നീളും……

ശമ്പളം നല്‍കി ഇനിയും ഇവരെ വീട്ടിലിരുത്താനാവില്ലെന്നും പണി ചെയ്തു ശമ്പളം വാങ്ങട്ടെ എന്നും ന്യായം പറഞ്ഞ് സര്‍ക്കാര്‍ അവരെ തിരികെ സര്‍വ്വീസിലെടുക്കും…. സസ്‌പെന്‍ഷന്‍ കാലത്തെ ശമ്പളം പലിശയോടുകൂടി കൊടുക്കും….

ഒടുവില്‍ കേസ് വിചാരണയ്‌ക്കെത്തുന്നു, സകല സാക്ഷികളും കൂറുമാറുന്നു, സര്‍ക്കാര്‍ വക്കീല്‍ കണ്ണടച്ച് പ്രതികള്‍ കുറ്റവിമുക്തരാവുന്നു…..തിരികെ ജോലിയില്‍ കയറുന്നു. യൂണിയന്‍ സ്വീകരണ യോഗം നടത്തുന്നു……

തല്ലുവാങ്ങിയവനെതിരെ കേസ് ഉഷാറായി നടക്കും…. അവനെതിരെ പതിനായിരങ്ങള്‍ കള്ളസാക്ഷി പറയാനെത്തും……

ഒടുവില്‍ വാദി ശിക്ഷിക്കപ്പെടും…….

പത്രങ്ങളില്‍, ചാനലുകളില്‍ ചെറിയൊരു വാര്‍ത്തയായി ആ കേസ് അവസാനിക്കും……

ഇതില്‍ കൂടുതലായി ഇവിടെ എന്തു സംഭവിക്കാനാണ്….????



Leave a Reply

Your email address will not be published. Required fields are marked *