വിവാഹവാഗ്ദാന ലൈംഗിക പീഡന പരാതി അഥവാ സ്വയം അധ:പതിക്കുന്ന സ്ത്രീവര്‍ഗ്ഗം

 പുരുഷനിര്‍മ്മിതമായ ഈ ലോകത്തില്‍ സ്ത്രീ വെറും രണ്ടാംസ്ഥാനക്കാരിയായി തരം താഴുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. ഇവിടുള്ള മതങ്ങളും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളുമെല്ലാം സ്ത്രീയെ മുഖ്യധാരയില്‍ നിന്നും മാറ്റിനിറുത്തുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പോരടിക്കുന്ന നിരവധി സ്ത്രീകളും സ്ത്രീ മുന്നേറ്റങ്ങളുമാണ് ഇന്നു സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും സ്വന്തമായുള്ള നിലനില്‍പ്പിനും നിദാനം.

എന്നാല്‍, തുല്യനീതിക്കായി പോരടിക്കുന്ന സ്ത്രീകള്‍ പോലും ചില കാര്യങ്ങള്‍ക്കു വേണ്ടി വാദിക്കുമ്പോള്‍ സ്വയം രണ്ടാം സ്ഥാനത്തേക്ക് മാറിനില്‍ക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡന പരാതികളുടെ വര്‍ദ്ധനവ്. എല്ലാ പ്രണയങ്ങളും വിവാഹത്തില്‍ എത്തണമെന്നു നിര്‍ബന്ധമില്ല. എല്ലാ ലൈംഗിക വേഴ്ചകളും അങ്ങനെതന്നെയാണ്. എന്നാല്‍, വിവാഹത്തില്‍ പര്യവസാനിക്കാത്ത എല്ലാ ബന്ധങ്ങളെയും പീഡനങ്ങളുടെ പരിധിയില്‍ കൊണ്ടുവന്ന് പുരുഷനെ വിചാരണ ചെയ്യുന്ന വിവാഹ വാഗ്ദാന ലൈംഗിക പീഡന നിയമം പൊളിച്ചെഴുതേണ്ടിയിരിക്കുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യപ്പെടുന്നതു കൊണ്ടാണിതെന്ന വിശദീകരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. എങ്കിലും കേരളം സ്ത്രീകളോടു ചെയ്യുന്ന ക്രൂരതയ്ക്ക് നീതികരണമില്ല. 2021 ജനുവരി 1 നും ഡിസംബര്‍ 31 നുമിടയിലായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ബലാത്സംഗക്കേസുകളുടെ എണ്ണം 16,418 ആണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗക്കേസുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 3,019 പോക്സോ കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 2020 ലെ കണക്കനുസരിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 12,659 ആയിരുന്നു. അതില്‍ നിന്നാണ് 2021 ല്‍ അത് 16,418 ആയി ഉയര്‍ന്നത്. മറ്റുപലകാരണങ്ങളുടെ പേരിലുള്ള വഴക്കുകള്‍ക്കും പ്രതികാരമായും ചില മനുഷ്യര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തു പകരം വീട്ടുന്നതും അത്തരത്തിലുള്ള ഭീഷണികള്‍ മുഴക്കുന്നതും സാധാരണമാണിന്ന്.സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും വേണ്ടി പുതിയ 28 അതിവേഗ സ്പെഷ്യല്‍ കോടതികള്‍ക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ കേരളത്തിലെ അതിവേഗ കോടതികളുടെ എണ്ണം 56 ആയി ഉയര്‍ന്നിട്ടുണ്ട്.

എന്താണ് ബലാത്സംഗം?

ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 375 അനുസരിച്ച്, സ്ത്രീകളുടെ അറിവോ സമ്മതമോ കൂടാതെ അവളുമായി ബലമായി നടത്തുന്ന ശാരീരിക ബന്ധങ്ങള്‍ ബലാത്സംഗത്തിന്റെ പരിധിയില്‍ വരും. അനുമതി ലഭിച്ചാലും ഇല്ലെങ്കിലും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റമാണ്. സ്ത്രീയുടെ അന്തസിനും ആത്മാഭിമാനത്തിനും കളങ്കം വരുത്തുന്ന രീതിയിലുള്ള പെരുമാറ്റമോ സംസാരമോ ഉണ്ടായാലും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് കുറ്റകൃത്യമാണ്.

പ്രതി ബലാത്സംഗം ചെയ്തുവെന്നു തെളിഞ്ഞാല്‍ 7 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവു ശിക്ഷ കിട്ടാവുന്ന കേസാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമം 375 അനുസരിച്ച് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ ഇവയാണ്.

1. ബലാത്കാരമായി അവളെ കീഴടക്കി ലൈംഗികതയില്‍ ഏര്‍പ്പെടുക
2. സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ലൈംഗികത
3. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയോ മുറിവേല്‍പ്പിച്ചോ തട്ടിക്കൊണ്ടുപോയോ നടത്തുന്ന ലൈംഗികത
4. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക
5. മയക്കുമരുന്നോ മറ്റേതെങ്കിലും ലഹരിവസ്തുക്കളോ നല്‍കി ലൈംഗികതയില്‍ ഏര്‍പ്പെടുക
6. അനുമതിയോടെയോ ഇല്ലാതെയോ 16 വയസില്‍ താഴെയുള്ളവരുമായി നടത്തുന്ന ലൈംഗിക ബന്ധം

എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്ന നിയമം പൊളിച്ചെഴുതുക തന്നെ വേണം.

വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഢനം

ബലാത്സംഗം എന്ന വാക്കിന്റെ അര്‍ത്ഥം ബലാത്കാരമായി, സ്ത്രീയുടെ സമ്മതമില്ലാതെ, ഭീഷണിപ്പെടുത്തി കള്ളത്തരത്തിലൂടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നതാണ്. സ്ത്രീയുടെ സ്വകാര്യതയിലേക്ക് ബലപ്രയോഗത്തിലൂടെയുള്ള കടന്നുകയറ്റമാണ് ബലാത്സംഗം. കുറ്റകൃത്യങ്ങളില്‍ ഏറ്റവും ഹീനമാണ് ബലാത്സംഗം. അതവളുടെ ശരീരത്തെ മാത്രമല്ല, മനസിനെയും കീറിമുറിക്കുകയും താറുമാറാക്കുകയും ചെയ്യുന്നു. ജീവിതകാലം മുഴുവനുമുള്ള മാനസിക ശാരീരിക പ്രശ്‌നങ്ങളിലേക്കാണ് അവള്‍ എടുത്തെറിയപ്പെടുന്നത്.ഇന്ത്യയില്‍ ലൈംഗികതയക്കുള്ള അംഗീകാരം കൂടിയാണ് വിവാഹം. എന്നാല്‍, പലപ്പോഴും വിവാഹം കഴിക്കാതെ തന്നെ പലരും ലൈംഗികതയില്‍ ഏര്‍പ്പെടാറുണ്ട്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പര സമ്മതപ്രകാരം ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിനെ സുപ്രീം കോടതി പോലും അനുമതി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 1860, സെക്ഷന്‍ 90, 375, 376 എന്നിവ അനുസരിച്ച് കള്ളത്തരത്തിലൂടെ നേടിയെടുക്കുന്ന സമ്മതം സ്വമേധയാലുള്ള സമ്മതമല്ല, അതിനാല്‍ത്തന്നെ അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരും.

വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികത ബലാത്സംഗമല്ലാതിരിക്കാന്‍ തമസോമ മുന്നോട്ടു വയ്ക്കുന്ന കാരണങ്ങള്‍

ബലപ്രയോഗത്തിലൂടെയോ കെട്ടിയിട്ടോ മയക്കുമരുന്നു നല്‍കിയോ തട്ടിക്കൊണ്ടുപോയോ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയോ മുറിപ്പെടുത്തിയോ ഉറ്റവരുടെ ദേഹത്തു കത്തിവച്ചോ നടത്തുന്ന ലൈംഗിക വേഴ്ച ഓരോ സ്ത്രീയുടെയും മനസിലുണ്ടാക്കുന്ന മുറിവുകള്‍ മരിച്ചു മണ്ണടിഞ്ഞാലും മറക്കാവതല്ല. എന്നാല്‍, വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ നടത്തുന്ന ലൈംഗിക ബന്ധങ്ങള്‍ അത്തരത്തിലുള്ളവയല്ല. വാഗ്ദാനം ലഭിച്ചെന്ന കാരണത്താല്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്ന ആണും പെണ്ണും ആസ്വദിച്ചു തന്നെയാണ് ലൈംഗികതയില്‍ ഏര്‍പ്പെടുന്നത്. അവിടെ മുറിപ്പെടുത്തലുകളോ ഭീഷണികളോ കൈയ്യേറ്റങ്ങളോ ഇല്ല. രണ്ടുപേരുടേയും പരസ്പര സമ്മതം ഉണ്ടായിരുന്നു താനും. എന്നാല്‍, ലൈംഗികതയില്‍ ഏര്‍പ്പെട്ടതിനു ശേഷം പുരുഷന്‍ നടത്തുന്ന പിന്മാറ്റങ്ങളാണ് സ്ത്രീയെ ഇത്തരം പരാതികള്‍ക്കു പ്രേരിപ്പിക്കുന്നത്.

ഇവിടെ ഇന്ത്യന്‍ ശിക്ഷാനിയമം അടിവരയിട്ടു പറയുന്നൊരു കാര്യമുണ്ട്. വിവാഹം കഴിച്ചുകൊള്ളാമെന്ന വാഗ്ദാനത്തിലൂടെ നേടിയെടുത്ത സമ്മതം അവളുടെ യഥാര്‍ത്ഥ സമ്മതമല്ല, മറിച്ച് അത് കള്ളത്തരത്തിലൂടെ നേടിയെടുത്തതാണ്. അതിനാല്‍ അത് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഈ നിരീക്ഷണം തന്നെയാണ് എതിര്‍ക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതും.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികതയില്‍ ഏര്‍പ്പെട്ടതിനു ശേഷം ന്യായമായ കാരണങ്ങളാല്‍ ആ ബന്ധം വിവാഹത്തിലെത്താന്‍ കഴിയാത്തതിന്റെ പേരില്‍ പുരുഷനെ ശിക്ഷയില്‍ നിന്നും നിരവധി തവണ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ചില പുരുഷന്മാര്‍ നീതിക്കായി സുപ്രീം കോടതിവരെ പോയി അനുകൂല വിധി സമ്പാദിച്ചിട്ടുമുണ്ട്.

ഒരു പുരുഷനുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ട സ്ത്രീ അയാളെത്തന്നെ വിവാഹം കഴിക്കണമെന്നു വാശിപിടിക്കുന്നതിലൂടെ സ്വയം രണ്ടാംതരം പൗരന്മാരാകാനുള്ള വഴി സ്വീകരിക്കുകയാണ് ചെയ്യുന്നത്. വിവാഹത്തിനു മുന്‍പ് ലൈംഗികതയില്‍ ഏര്‍പ്പെട്ട പുരുഷന്‍ മാന്യനാണെന്നും സ്ത്രീയ്ക്ക് വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടു എന്നും അവള്‍ തന്നെ വിളിച്ചു പറയുന്നതിനു തുല്യമാണത്. ഒരുവന്‍ ഉപേക്ഷിച്ചു വലിച്ചെറിഞ്ഞ തന്നെ മറ്റൊരാളും വിവാഹം കഴിക്കില്ലെന്നും അതിനാല്‍ തന്റെ ജീവിതം നശിച്ചു പോയെന്നും അവള്‍ സ്വയം പ്രഘോഷിക്കുകയാണിവിടെ. പുരുഷന് ഏതു സ്ത്രീയുമായും ലൈംഗികതയില്‍ ഏര്‍പ്പെടാം, എന്നാല്‍ ആദ്യമായി ലൈംഗികതയില്‍ ഏര്‍പ്പെട്ട പുരുഷന്‍ തന്നെ വേണം തനിക്ക് വിവാഹം കഴിക്കാനെന്ന പ്രഖ്യാപനത്തിലൂടെ അവള്‍ സ്വയം ശക്തിപ്രാപിക്കുകയല്ല, പെണ്ണു പിഴച്ചു പോയി എന്ന അറുപഴഞ്ചന്‍ കാഴ്ചപ്പാട് ജനങ്ങളുടെ മനസില്‍ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്.

താന്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ തന്നെ തന്റെ ജീവിത പങ്കാളിയായി ലഭിക്കണമെന്ന വിശ്വാസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന, ജീവിക്കുന്ന ഒരു സ്ത്രീയ്ക്ക് വിവാഹം വരെ കാത്തിരിക്കാന്‍ പറ്റാത്തത് എന്തുകൊണ്ട്…?? സ്വന്തം ശാരീരിക ആഗ്രഹങ്ങള്‍ മനസിന്റെ കടിഞ്ഞാണ്‍ നഷ്ടപ്പെടുത്തുന്നുവെന്നു തോന്നിയാല്‍ രജിസ്റ്റര്‍ ഓഫീസില്‍ രണ്ടു സാക്ഷികള്‍ക്കൊപ്പം തീരുന്ന പ്രശ്നമേ അതിനുള്ളു. ഇനി അതുമല്ലെങ്കില്‍ സ്വന്തം ബന്ധം ഒരു സ്റ്റാമ്പ് പേപ്പറിലെഴുതി ഒപ്പിട്ടു വാങ്ങാവുന്നതേയുള്ളു. ഏതെങ്കിലുമൊരു ആരാധനാലയത്തിലെ രജിസ്റ്ററില്‍ ഒപ്പുവച്ചാലും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാനാകുമെന്നിരിക്കെ, പുരുഷന്‍ കൊടുക്കുന്ന പൊള്ളയായ വാഗ്ദാനത്തില്‍ മാത്രം വിശ്വസിച്ച് ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള ചേതോവികാരമെന്താണ്…?? ഞാന്‍ താങ്കളുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് എന്നെ വിവാഹം കഴിച്ചുകൊള്ളാമെന്ന ഉറപ്പിന്മേലാണെന്നും അതു ലംഘിക്കുന്ന പക്ഷം ബലാത്സംഗത്തിനു താങ്കള്‍ സമാധാനം പറയേണ്ടി വരുമെന്നും എഴുതി ഒപ്പു വാങ്ങിക്കാവുന്നതാണ്.

വിവാഹം കഴിച്ചുകൊള്ളാമെന്ന വാഗ്ദാനം ലഭിച്ചത് വാമൊഴിയായിട്ടായിരുന്നു, അതിനു തെളിവില്ല. ആ കാരണത്താല്‍ത്തന്നെ, രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം തകരാറിലാകുന്ന എതു നിമിഷവും പുരുഷനൊരു ബലാത്സംഗക്കേസ് പ്രതീക്ഷിക്കാം. അതിനാല്‍, ഏതെങ്കിലുമൊരു സ്ത്രീയുമായി ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിച്ചാല്‍ അതു വിവാഹം കഴിച്ചുകൊള്ളാമെന്ന ഉറപ്പിലാണോ അതോ അവളുടെ സമ്മതപ്രകാരമാണോ എന്ന് അവളില്‍ നിന്നും ഒപ്പിട്ടു വാങ്ങുന്നതാവും പുരുഷന്റെ ഭാവിക്കു നല്ലത്. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലയ്ക്കു കേടുപറ്റുന്ന കാലം കഴിഞ്ഞുപോയി. മുള്ളൊടിഞ്ഞ് മാനവും പണവും പോയി നാട്ടുകാരുടെ പരിഹാസപാത്രമായി ജീവിക്കേണ്ടിവരുമെന്ന ചിന്ത വിവാഹ വാഗ്ദാനം നല്‍കി സ്ത്രീയെ പ്രാപിക്കാന്‍ വെമ്പല്‍പൂണ്ടു നില്‍ക്കുന്ന പുരുഷന് ഉണ്ടായാല്‍ നന്ന്. കാരണം, സ്ത്രീ പ്രതികാരം ചെയ്യാനിറങ്ങിപ്പുറപ്പെട്ടാല്‍, ഏതുനിമിഷവും ഒരു ലൈംഗിക പീഡനപരാതിയും അതിന്റെ പേരിലുള്ള മാനഹാനിയും കോടതിയും ജയിലും പുരുഷനു പ്രതീക്ഷിക്കാം. ഇക്കാര്യങ്ങള്‍ ഒഴിവാക്കണമെന്നാഗ്രഹിക്കുന്ന പുരുഷന്‍ ചെയ്യേണ്ടത് ഇത്രമാത്രം. പ്രലോഭനത്തിലൂടെയോ കപട വാഗ്ദാനങ്ങള്‍ നല്‍കിയോ ഒരു സ്ത്രീയുമായും ലൈംഗികതയില്‍ ഏര്‍പ്പെടാതിരിക്കുക. ഇനി അഥവാ അങ്ങനെ ചെയ്താല്‍, അത് അവളുടെ പൂര്‍ണ്ണ സമ്മതത്തോടു കൂടിയാണോ അതോ വിവാഹവാഗ്ദാനം നല്‍കിയതിന്റെ പേരിലവള്‍ വഴങ്ങിത്തന്നതാണോ എന്നു വ്യക്തമാക്കുന്ന രേഖകള്‍ കൈവശം വയ്ക്കുക. അത്രപോലും നിയന്ത്രണ ശേഷിയില്ലാത്ത പുരുഷന്റെ ജീവിതം കോടതിയും കേസും ജയിലും മാനക്കേടുമായി എരിഞ്ഞു തീരുമെന്ന കാര്യം മറക്കരുത്.


എല്ലാ പ്രണയങ്ങളും വിവാഹത്തില്‍ കലാശിക്കണമെന്നില്ല. മാസങ്ങളോ വര്‍ഷങ്ങളോ പ്രണയിച്ച ശേഷം പിരിഞ്ഞു പോരേണ്ടി വരുന്ന എത്രയോ കമിതാക്കളുണ്ട്….! പ്രണയത്തെയും സൗഹൃദത്തെയും സ്നേഹത്തെയുമെല്ലാം ലൈംഗികതയുടെ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന ഒരു സമൂഹത്തില്‍ നിന്നുകൊണ്ട് ബലാത്സംഗങ്ങളെ നിര്‍വ്വചിക്കുമ്പോള്‍ അവിടെ പോരായ്മകള്‍ മാത്രമാണുള്ളത്.

വര്‍ഷങ്ങള്‍ നീളുന്ന പ്രണയങ്ങളുണ്ട്. ജീവിതസാഹചര്യങ്ങളുടെ പേരില്‍ വിവാഹം നീട്ടിക്കൊണ്ടുപോകുമ്പോഴെല്ലാം ലൈംഗികത തടഞ്ഞു നിറുത്തുക എന്നത് ആസാധ്യമായി വന്നേക്കാം. ആ സമയങ്ങളില്‍ പൂര്‍ണ്ണമനസോടെ ലൈംഗികതയില്‍ ഏര്‍പ്പെടുന്ന രണ്ടുവ്യക്തികളില്‍ പുരുഷന്‍ വിവാഹത്തില്‍ നിന്നും പല കാരണങ്ങളാല്‍ പിന്മാറുമ്പോള്‍ അത് പീഡനമായി മാറുന്ന കാഴ്ചയിലൂടെയാണ് ഓരോ ദിനവും കടന്നു പോകുന്നത്.

ലൈംഗികത ആസ്വദിക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിറുത്തി നിന്നെ ഞാന്‍ കെട്ടിക്കോളാമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് കാര്യം സാധിക്കുന്ന പുരുഷന്മാരുമുണ്ട്. വിവാഹം കഴിച്ചോളാം പിന്നെന്താ പ്രശ്‌നമെന്ന് ചോദിച്ചും പുരുഷന്‍ സ്ത്രീയെ ലൈംഗികതയിലേക്ക് നയിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിലവിലെ നിയമമനുസരിച്ച് പുരുഷന്‍ കണക്കുപറയേണ്ടതായിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനക്കേസുകള്‍ കോടതിയിലെത്തിയാല്‍ ആദ്യം പരിശോധിക്കുന്നത് വിവാഹം നടക്കാതെ പോയതിന്റെ കാരണങ്ങളുടെ മെറിറ്റിലേക്കാണ്. ആ കാരണങ്ങള്‍ കോടതിക്കു കൂടി ബോധ്യപ്പെട്ടാല്‍ മാത്രമേ കേസില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുകയുള്ളു. അല്ലാത്ത പക്ഷം പുരുഷന്‍ ശിക്ഷിക്കപ്പെടും. അപമാനവും മാനഹാനിയും വേറെയും. പ്രണയിച്ച പെണ്ണിനെത്തന്നെ വിവാഹം കഴിക്കാന്‍ പുരുഷന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തക്കതായ കാരണങ്ങള്‍ കൊണ്ട് ആ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ലെന്നും തെളിയിക്കാന്‍ കഴിയണം. അങ്ങനെ തെളിയിക്കാന്‍ കഴിഞ്ഞ കേസുകള്‍ നിരവധിയാണ്. സുപ്രീം കോടതി വരെ പോയി ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടവരുമുണ്ട്.

ഏതെങ്കിലും കാരണവശാല്‍ പ്രണയ പരാജയം സംഭവിച്ചാല്‍, ഈ നിയമത്തിന്റെ കൂട്ടുപിടിച്ച് പ്രതികാരം ചെയ്യുന്ന സ്ത്രീകള്‍ നിരവധിയാണ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസുകള്‍ കൂടുതല്‍ക്കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള കാരണവും ഇതുതന്നെ.

വിവാഹ വാഗ്ദാന പീഡനപരാതികളിലെ സ്ത്രീവിരുദ്ധത

പുരുഷനോടു പ്രതികാരം ചെയ്യാന്‍ കള്ള ബലാത്സംഗക്കേസുകള്‍ കൊടുക്കുന്ന സ്ത്രീകള്‍ മറന്നുപോകുന്നൊരു സത്യമുണ്ട്. സ്ത്രീകളെ ഒന്നടങ്കം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിറുത്തപ്പെടാന്‍ മാത്രമേ ഇതുപകരിക്കുകയുള്ളു എന്ന സത്യം. തങ്ങള്‍ ഇടപെടുന്ന മേഖലയില്‍ നിന്നും സ്ത്രീകളെ മാറ്റിനിറുത്തിയാല്‍ മാനഹാനി ഒഴിവായിക്കിട്ടുമെന്ന് പുരുഷനും അപ്പോള്‍ ചിന്തിക്കും. പെണ്ണുള്ളിടത്താണ് പെണ്‍വാണിഭമെന്ന് കേരളത്തിന്റെ മുന്‍ മുഖ്യന്‍ ഒരിക്കല്‍ പറഞ്ഞുവച്ചു. അത്യന്തം സ്ത്രീവിരുദ്ധമായിരുന്നു ആ പരാമര്‍ശം. പക്ഷേ, അത് അത്രമേല്‍ തള്ളിക്കളയേണ്ട ഒരു പ്രസ്താവനയുമല്ല. രണ്ടുകൂട്ടരും ഒരുമിച്ചാസ്വദിച്ച ചില സ്വകാര്യ നിമിഷങ്ങള്‍ക്കു ശേഷം അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ ബലാത്സംഗപ്പരാതികള്‍ നല്‍കി പുരുഷനെ ഇല്ലാതാക്കുന്ന, അവന്റെ ഭാവി നശിപ്പിക്കുന്ന സ്ത്രീ പക്ഷ കാഴ്ചപ്പാടുകള്‍ തിരുത്തേണ്ടതുണ്ട്.


യഥാര്‍ത്ഥ ബലാതാത്സംഗികളുടെ ക്രൂരതകളെ ചെറുക്കണമെങ്കില്‍, അത്തരക്കാര്‍ക്കു തടയിടണമെങ്കില്‍, സ്ത്രീകളോട് അതിക്രൂരമായി പെരുമാറുന്നവര്‍ക്ക് തക്ക ശിക്ഷ കൊടുക്കണമെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികതയെ ബലാത്സംഗത്തിന്റെ പരിധിയില്‍ നിന്നും പാടെ നീക്കം ചെയ്‌തേ തീരൂ. രണ്ടുപേര്‍ തമ്മിലെടുത്ത കരാറില്‍ നിന്നും ഒരാള്‍ പിന്മാറിയാല്‍ അതു പീഢനമോ ബലാത്സംഗമോ അല്ല, മറിച്ച് വാഗ്ദാന ലംഘനമാണ് എന്ന് ഇനിയെങ്കിലും കോടതിയും നിയമങ്ങളും സ്ത്രീ വര്‍ഗ്ഗവും മനസിലാക്കിയേ തീരൂ.

………………………………………………………..
ജെസ് വര്‍ക്കി തുരുത്തേല്‍

2 thoughts on “വിവാഹവാഗ്ദാന ലൈംഗിക പീഡന പരാതി അഥവാ സ്വയം അധ:പതിക്കുന്ന സ്ത്രീവര്‍ഗ്ഗം

  1. 👏👏👏👍👌
    സൂപ്പർ
    ലൈഗികത പരസ്പരസമ്മതത്തോടെ ആസ്വദിക്കുവാനുള്ളതാണ് …
    നല്ല ആശയം ധീരമായി അവതരിപ്പിച്ചു

  2. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികത കുറ്റകരമല്ലെന്നിരിക്കെ, ആ ബന്ധം തകരാറിലാകുന്ന നിമിഷം ബലാത്സംഗ പരാതിയുമായി സ്ത്രീ മുന്നോട്ടു പോകുന്നത് തടയിട്ടേ മതിയാകൂ. വര്‍ദ്ധിച്ചു വരുന്ന ബലാത്സംഗങ്ങള്‍ക്ക് തടയിടാന്‍ ഇത് അത്യന്താപേക്ഷിതമാണ്. ബലമായി പിടിച്ചു വാങ്ങാനുള്ളതല്ല, അറിഞ്ഞ് അനുഭവിക്കുമ്പോള്‍ മാത്രം ആസ്വാദ്യകരമാകുന്നതാണ് ലൈംഗികത….. നിബന്ധനകളില്ലാതെ പരസ്പരം അത് ആസ്വദിക്കാന്‍ കഴിയണം. അവിടെയാണ് ലൈംഗികതയുടെ പൂര്‍ണ്ണതയും…

Leave a Reply

Your email address will not be published. Required fields are marked *