വീണ്ടുമൊരു വസന്തമര്‍മ്മരത്തിനായി കാതോര്‍ത്ത്……ആ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുണ്ടായിരുന്നു. കിലോമീറ്ററുകള്‍ അകലെ നിന്നുള്ള എന്റെ വരവു ഞാന്‍ മുന്‍പേ തന്നെ അറിയിച്ചിരുന്നു. അതിനാല്‍ത്തന്നെ, ശശി ജനകലയും സെക്രട്ടറി അജിതയും ഓഫീസിനു വെളിയില്‍ തന്നെ നിറഞ്ഞ ചിരിയോടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പൂര്‍ണ്ണതയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന മുള കൊണ്ടു തീര്‍ത്തൊരു സാനിറ്റൈസര്‍ സ്റ്റാന്റ് വെളിയില്‍ കിടന്നിരുന്നു. കുറച്ചു നേരം അതൊന്നു നിരീക്ഷിച്ചതിനു ശേഷമാണ് ഞാന്‍ അകത്തേക്കു കയറിയത്. കുടിക്കാനായി വെള്ളം കൊണ്ടുവന്നത് മുളയുടെ ട്രേയിലായിരുന്നു.


മുളയുടേയും ഈറ്റയുടെയും പ്രണയിതാവിന് എങ്ങനെയാണ് അവയെ നിത്യജീവിതത്തില്‍ നിന്നും ഹൃദയത്തില്‍ നിന്നും മാറ്റിനിറുത്താനാവുക! അത്രമേല്‍ തീവ്രമായ അനുരാഗത്തോടെയുള്ള കൈവിരല്‍ സ്പര്‍ശമേല്‍ക്കുമ്പോള്‍ അവയ്ക്ക് അത്യാകര്‍ഷകങ്ങളായ രൂപങ്ങളിലേക്കു മാറാതിരിക്കാന്‍ കഴിയുന്നതെങ്ങനെ…?? പാഴായൊരു മുളന്തണ്ടുപോലും സംഗീതം പൊഴിക്കുന്ന മാസ്മരികത….! അത്തരമൊരു പ്രതീതിയാണ് തിരുവല്ലയിലെ ഗ്രീന്‍ ഫൈബര്‍ ഇന്നവേഷന്‍സിലേക്കു പ്രവേശിക്കുമ്പോള്‍ ഓരോരുത്തരിലും ഉണ്ടാകുന്നത്. ആ മാന്ത്രികനാകട്ടെ, ഈ പ്രസ്ഥാനത്തിന്റെ സാരഥിയായ ശശി ജനകലയും.

മുറി നിറയെ വിവിധതരം സംഗീതോപകരണങ്ങള്‍. മുള കൊണ്ടും ഈറ്റകൊണ്ടുമുള്ള ഉത്പന്നങ്ങള്‍. അവയ്ക്കിടയില്‍ ഫോണ്‍ സ്റ്റാന്റു വരെയുണ്ട്. മുള കൊണ്ടുള്ള ആ സ്റ്റാന്റിനുള്ളില്‍ വച്ച ഫോണിലൂടെ കേള്‍ക്കുന്ന സംഗീതത്തിനും എന്തൊരു മാസ്മരികതയാണ്…..!
ഓരോന്നും വിശദീകരിച്ച് ജനകല കൂടെത്തന്നെയുണ്ട്. സ്വപ്നം മയങ്ങുന്ന ആ കണ്ണുകളിലേക്ക് ഒരുമാത്ര ഞാനൊന്നു സൂക്ഷിച്ചു നോക്കി. തീവ്രാനുരാഗത്തിന്റെ അലയൊലികള്‍ ആ കണ്ണുകളില്‍ ഇപ്പോഴും ജ്വലിക്കുന്നുണ്ട്. പക്ഷേ, ജനഹൃദയങ്ങളില്‍ പ്രൗഡിയുടെ ലാസ്യത തീര്‍ക്കേണ്ടിയിരുന്ന തന്റെ പ്രണയിനി മനുഷ്യമനസിന്റെ കോലായിലെവിടെയോ പൊടിപിടിച്ചും കടുത്ത അവഗണനകളേറ്റുവാങ്ങിയും നിറം മങ്ങിപ്പോയ ഹൃദയം നുറുക്കുന്ന കാഴ്ചയുടെ തോരാവേദനകളും ആ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാനെനിക്കായി…..

ഒരുകാലത്ത്, ഈറ്റയും മുളയും ഓരോ കേരളീയന്റെയും ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായിരുന്നു. ഓരോ വീടുകളിലും അവ കൊണ്ടുള്ള വിവിധങ്ങളായ ഉല്‍പ്പന്നങ്ങളുണ്ടായിരുന്നു. അവ ഉപയോഗിച്ചു നമ്മള്‍ വീടുകള്‍ പണിതിരുന്നു, വീട്ടുപകരണങ്ങളും. അവയില്ലാത്തൊരു ജീവിതം മലയാളിക്കു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ 90 കളുടെ ആരംഭത്തോടെ വിപ്ലവം സൃഷ്ടിച്ചുകൊണ്ടെത്തിയ പ്ലാസ്റ്റിക് മുളയെയും ഈറ്റയെയും പിന്തള്ളി വിപണി പിടിച്ചടക്കി. ഒപ്പം അവ പ്രകൃതിയെയും മനുഷ്യമനസിനെയും മലീമസമാക്കുകയും നിത്യരോഗത്തിലേക്കു തള്ളിയിടുകയും ചെയ്തു. പ്രകൃതിക്കും അതിലെ എല്ലാ ജീവജാലങ്ങള്‍ക്കും ദോഷമാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് ഇന്ന് ഓരോരുത്തരും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്.

മുള, ഈറ്റ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ നിന്നും പടിയിറങ്ങിപ്പോയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പ്ലാസ്റ്റിക്കിനു മാത്രമല്ല. ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികളും കിട്ടുന്നതില്‍ നല്ലൊരു പങ്കും പോക്കറ്റിലാക്കുന്ന ഉദ്യോഗസ്ഥരും കൂടി ചേര്‍ന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ശേഷിയില്ലാതെ അവ തളര്‍ന്നുപോകുകയായിരുന്നു.ബാംബൂ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനും അതുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവരുടെ ഉന്നമനത്തിനുമായി ഓരോ ബജറ്റിലും കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ വകയിരുത്തുന്നുണ്ട്. പക്ഷേ, ഇവയില്‍ നല്ലൊരു പങ്കും ചില ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ പോലും ലക്ഷക്കണക്കിനു തുക ചെലവാക്കുന്ന സര്‍ക്കാര്‍ ഫലപ്രദമായ തുടര്‍ നടപടികളിലേക്കു കടക്കുന്നില്ല. ഫലമോ, എന്തെല്ലാമോ ചെയ്യുന്നു എന്ന പ്രതീതി നിലനിര്‍ത്തി യാതൊരു പ്രയോജനവുമില്ലാതെ തുകയും പരിശ്രമങ്ങളും പാഴായിപ്പോകുന്നു.

നാടിന്റെയും ജനങ്ങളുടെയും നന്മയ്ക്കും ഉന്നമനത്തിനുമായി പ്രകൃതി വിഭവങ്ങളെ ഏതുരീതിയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് അറിയില്ലാത്ത, ദീര്‍ഘവീക്ഷണമില്ലാത്ത സര്‍ക്കാരുകളാണ് കേരളം ഭരിച്ചിട്ടുള്ളത്. ഇപ്പോള്‍ നടക്കുന്നതും അതുതന്നെ. ഇന്ത്യയില്‍ ഏറ്റവുമധികം മുള ലഭ്യമാകുന്ന സംസ്ഥാനം കേരളമാണ്. പക്ഷേ, നമ്മുടെ നാടിനും ജനങ്ങള്‍ക്കും അവ ഉപയോഗിക്കുവാനോ പ്രയോജനപ്പെടുത്തുവാനോ കഴിയുന്നില്ല. സര്‍ക്കാര്‍ ജനങ്ങളുടെ ശത്രുവാണോ എന്നു പോലും തോന്നിപ്പോകും, ജനവിരുദ്ധമായ ചില നടപടികള്‍ കാണുമ്പോള്‍.
ഈയടുത്ത കാലം വരെ വനനിയമങ്ങള്‍ വളരെ കര്‍ശനമായിരുന്നു. മരങ്ങളുടെ കൂട്ടത്തിലാണ് മുളകളെ ഇക്കാലയളവില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതിനാല്‍, അവ മുറിയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ഈ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോഴവയെ പെടുത്തിയിരിക്കുന്നത് പുല്‍ച്ചെടികളുടെ വിഭാഗത്തിലാണ്. അതിനാല്‍, മുളകള്‍ യഥേഷ്ടം ശേഖരിക്കാന്‍ കഴിയുമെന്നും അവയ്ക്ക് മെച്ചപ്പെട്ടൊരു ഭാവിയുണ്ടാകുമെന്നും ജനകലയെപ്പോലുള്ളവര്‍ കണക്കുകൂട്ടുന്നു.

നമ്മുടെ അയല്‍ രാജ്യമായ ചൈനയുടെ സാമ്പത്തിക നട്ടെല്ലാണ് മുളകള്‍. ഏകദേശം 80 കോടിയിലധികം രൂപയാണ് ഈ മേഖലയില്‍ ആ രാജ്യത്തിന്റെ മിച്ചവരുമാനം. ചൈന മാത്രമല്ല, തായ്ലന്റ്, തായ്വാന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടെ സമ്പത്തിന്റെ പ്രധാന സ്രോതസും മുളകളാണ്.
കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ കണ്ടുവരുന്ന കണ്ണാടിപ്പായ എന്ന നെയ്ത്തു രീതിയാണ് തായ്ലന്റിലും തായ്വാനിലും വിയറ്റ്നാമിലും കണ്ടുവരുന്നത്. ബാഹ്യലോകവുമായി അധികം ബന്ധമില്ലാത്ത കേരളത്തിലെ ഈ ആദിവാസികളുടെ കരവിരുതുകള്‍ കടലുകള്‍ കടന്ന് ഈ രാജ്യങ്ങളില്‍ എങ്ങനെ എത്തിയെന്നത് ഇന്നുമറിയില്ല. പക്ഷേ, നമ്മുടെ തനതു കരകൗശലചാതുര്യത്തെയോ പ്രകൃതി വിഭവങ്ങളുടെ ബാഹുല്യത്തെയോ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സായി അവയെ എങ്ങനെ മാറ്റാമെന്നതിനെക്കുറിച്ചോ അധികാരികള്‍ ചിന്തിക്കുന്നതു പോലുമില്ല.വില കൂടുതലാണെന്ന പരാതികളും അധികകാലം ഈടുനില്‍ക്കുന്നവയല്ല എന്ന കാരണങ്ങളും മുള, ഈറ്റ ഉല്‍പ്പന്നങ്ങളെ വിപണിയില്‍ നിന്നും മാറ്റിനിറുത്തുന്നുണ്ട്. നമ്മുടെ കാടുകളില്‍ ധാരാളമായി കണ്ടുവരുന്ന ഈ പ്രകൃതി സമ്പത്തിനെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താനുള്ള അനുമതി ലഭിച്ചാല്‍ മാറ്റിയെടുക്കാവുന്നതേയുള്ളു വിലക്കൂടുതല്‍ എന്ന പരാതികള്‍. ആവശ്യത്തിനു മുളകള്‍ ലഭിച്ചാല്‍ വിലയും താനെ കുറയും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തേണ്ടതും അത്തരത്തിലുള്ള ഇടപെടലുകളാണ്. മൂപ്പെത്തിയ മുളകള്‍ വേണ്ടരീതിയില്‍ ട്രീറ്റ് ചെയ്ത് നിര്‍മ്മിക്കുന്ന വീട്ടുപകരണങ്ങള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ 25-30 വര്‍ഷമോ അതിലധികമോ നിലനില്‍ക്കുകയും ചെയ്യും. വിലക്കുറഞ്ഞ, അത്യാകര്‍ഷകങ്ങളായ, ജനങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന, അവരുടെ ജീവിതനിലവാരത്തെ ഉയര്‍ത്തുന്ന നിലയിലേക്ക് മുളകളുടെ പ്രാധാന്യം വര്‍ദ്ധിക്കണം. അതിനു സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഈ മേഖലയിലേക്കായി മാറ്റിവയ്ക്കുന്ന പണം ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള മനസും ആര്‍ജ്ജവവും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവുകയും വേണം.നമ്മുടെ കാടുകളില്‍ ധാരാളമായി കാണുന്ന പ്രകൃതി വിഭവങ്ങളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അനുവാദം നല്‍കിയാല്‍ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാവും. അതിവിദഗ്ധരായ നമ്മുടെ ജനങ്ങള്‍ തൊഴില്‍ തേടി അന്യനാടുകളില്‍ അലയേണ്ടി വരില്ല. തൊഴിലും വരുമാനവും ജീവിതവും ഈ നാട്ടില്‍ത്തന്നെ കൊടുക്കുവാന്‍ സാധിച്ചാല്‍ കടംവാങ്ങി ചെലവു നടത്തേണ്ട ഗതികേടും നമുക്കുണ്ടാവില്ല. അതിനു വേണ്ടത് ഇച്ഛാശക്തിയാണ്. ഈ ദീര്‍ഘവീക്ഷണമാണ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടാകേണ്ടത്. ഒരു സംസ്ഥാനത്തിന്റെ സമ്പത്ത് ആരോഗ്യമുള്ള, അധ്വാനിക്കാന്‍ മനസുള്ള ജനങ്ങളിലാണ്. ലോകോത്തര മാതൃകയില്‍ സ്വന്തമായി നെയ്ത്തുരീതികള്‍ പിന്തുടരുന്ന നമ്മുടെ ഗ്രാമങ്ങളിലേക്ക് ആത്മവിശ്വാസമായി പടരാന്‍ നമുക്കു കഴിയണം.കണ്ണാടിപ്പായ എന്ന നെയ്ത്തുരീതിയില്‍ വിവിധങ്ങളായ നിരവധി നൂതന വസ്തുക്കളും നിര്‍മ്മിക്കാനാവണം. ആദിവാസിമേഖലയിലെ കുറച്ചു പേര്‍ക്കിടയില്‍ മാത്രം നിലനില്‍ക്കുന്ന ഈ അത്യപൂര്‍വ്വ കഴിവുകള്‍ കേരളത്തിലപ്പാടെ വ്യാപിപ്പിക്കാന്‍ കഴിയണം. നെയ്ത്തു ഗ്രാമങ്ങള്‍ ഉണരണം, അവ നിലനില്‍ക്കണം. കാലത്തിന്റെ കുത്തൊഴുക്കില്‍ പുറത്തായിപ്പോയ ഒരുജനസമൂഹത്തെ വീണ്ടുമീ മേഖലയിലേക്കു തിരിച്ചുകൊണ്ടുവരണം. അവര്‍ക്ക് ഇതിലൂടെ മെച്ചപ്പെട്ടൊരു ജീവിതമുണ്ടാകണം.

ബാംബൂവും അതുമായി ബന്ധപ്പെട്ട ജനങ്ങളുടെയും ഉന്നമനത്തിനു വേണ്ടി മൂന്നുവര്‍ഷം മുമ്പാണ് അദ്ദേഹം ഗ്രീന്‍ ഫൈബര്‍ ബാംബു സൊസൈറ്റിയ്ക്കു രൂപം നല്‍കിയത്. കേരളത്തിലുടനീളം 20 സെന്ററുകളാണ് ഉള്ളത്. ഇവ കൂടാതെ, പത്തനംതിട്ട ജില്ലയില്‍ മാത്രമായി 20 സെന്ററുകള്‍ കൂടി തുടങ്ങുവാനുള്ള അനുമതി ഇദ്ദേഹത്തിനു സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
ചില ജോലികള്‍ ദൈവികമെന്നും ചില ജോലികള്‍ മ്ലേച്ഛമെന്നും കല്‍പ്പിക്കപ്പെട്ട ജാതി വ്യവസ്ഥയുടെ അതിക്രൂരവും നിന്ദ്യവുമായ സാമൂഹിക നീതിശാസ്ത്രത്തില്‍, ജാതിയില്‍ താഴ്ന്നവരെന്നപമാനിച്ച്, ഒരു വിഭാഗം മനുഷ്യരുടെ ഉത്കൃഷ്ടമായ ഈ കഴിവുകളെ കഴിവുകേടുകളായി പരിഗണിച്ചു. കൊടും വെയിലും കോരിച്ചൊരിയുന്ന മഴയും വകവയ്ക്കാതെ, കഠിനാധ്വാനം ചെയ്ത് ബലിഷ്ഠകായരായവര്‍ വെറുക്കപ്പെട്ടവരായി. അവരുടെ കഴിവുകളെ കുലത്തൊഴിലുകളെന്ന പേരില്‍ അവഹേളിക്കപ്പെട്ടു. അതിലൂടെ നമുക്കു നഷ്ടമായത് ലോകോത്തര ഡിസൈനുകളെന്ന പെരുമ ലോകമെങ്ങും വ്യാപിപ്പിക്കുവാനുള്ള നമ്മുടെ അവസരങ്ങളെക്കൂടിയാണ്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വിയര്‍പ്പുകണങ്ങളെ ചൂഷണംചെയ്ത് വയര്‍നിറച്ചഹങ്കരിച്ചവരുടെ അവഹേളനത്തില്‍ ഇനിയൊരു ശിരസും താഴാതിരിക്കാന്‍ ജനകലയും സംഘവും രാപ്പകലില്ലാതെ, വിശ്രമമില്ലാതെ പണിയെടുക്കുന്നു. അടിമാലി, ബൈസന്‍വാലി തുടങ്ങിയ പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങളില്‍ ഗ്രീന്‍ ഫൈബര്‍ ബാംബൂ ക്രാഫ്റ്റ് യൂണിറ്റിന്റെ ഒട്ടനവധി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. അതിലൂടെ, നിരവധി പേരുടെ സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നമനം ഈ സൊസൈറ്റിയിലൂടെ സാധ്യമാകുന്നു.വരേണ്യവര്‍ഗ്ഗം കൈയ്യാളുന്ന കലയിലും സാഹിത്യത്തിലും ദൈവത്തിന്റെ കൈയ്യൊപ്പു പതിഞ്ഞിട്ടുണ്ടെന്നും കീഴാളരെന്ന് അവര്‍ പറയുന്ന മനുഷ്യരുടെ കഴിവുകളും എന്തിന് ആ മനുഷ്യര്‍പോലും അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്നുമുള്ള മേലാള മനോഭാവത്തെ ചെറുത്തു തോല്‍പ്പിക്കുക മാത്രമല്ല, സ്വന്തം കഴിവ് ലോകോത്തരമാണെന്ന് ഈ മനുഷ്യര്‍ മനസിലാക്കുക തന്നെ വേണം. അതിനെ മ്ലേച്ഛമെന്നപമാനിച്ച് അടിച്ചമര്‍ത്തുന്നത് ഇവരുടെ കഴിവിലുള്ള അസൂയയില്‍ നിന്നാണെന്ന് ഈ ജനസമൂഹം തിരിച്ചറിയണം. അതിനാല്‍ മുളയെ നൂതനമായ ഉല്‍പ്പന്നങ്ങളാക്കി ആധുനിക ജീവിതത്തിനിണങ്ങുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റുക മാത്രമല്ല ജനകലയും കൂട്ടരും ചെയ്യുന്നത്. ഒപ്പം, ഇവയുടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ മാനസിക നിലവാരം കൂടി നൂതനമാക്കിമാറ്റി അവരുടെ ആത്മാഭിമാനവും അന്തസും ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ പര്യാപ്തരാക്കുക എന്ന ദൗത്യം കൂടി ജനകല ഏറ്റെടുത്തിരിക്കുന്നു. അതിനാല്‍ ഇവിടെ നവീകരിക്കപ്പെടുന്നത് മുളകളും മുളയുല്‍പ്പന്നങ്ങളും മാത്രമല്ല, അതുകൈകാര്യം ചെയ്യുന്ന മനുഷ്യര്‍ കൂടിയാണ്.
ഇതേലക്ഷ്യത്തോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനതു വ്യക്തിത്വങ്ങളെ കണ്ടെത്തി അവാര്‍ഡുകളും നല്‍കുന്നു. അതിലൂടെ ഇവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്നു. അവര്‍ അര്‍ഹിക്കുന്ന സ്നേഹവും ബഹുമാനവും ആദരവും അവര്‍ക്കു ലഭിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ അധികാരഭാഗങ്ങളെയും സാംസ്‌കാരിക വിഭാഗങ്ങളെയും ചേര്‍ത്തിണക്കിക്കൊണ്ട് ഗ്രീന്‍ ഫൈബറും കരിമ്പൊളി മ്യൂസിക് ബാന്‍ഡും ചേര്‍ന്നാണ് ഈ അവാര്‍ഡുകള്‍ നല്‍കുന്നത്. കുറ്റമറ്റ രീതിയില്‍, എല്ലാ പഴുതുകളുമടച്ച ജഡ്ജിംഗ് പാനലുകളാണ് ഇത്തരം വ്യക്തിത്വങ്ങളെ കണ്ടെത്തുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി, ഓരോ മുളദിനത്തോടനുബന്ധിച്ച് ഇതു നടത്തപ്പെടുന്നു. പ്രളയം, മഹാമാരി, സാമ്പത്തിക പ്രതിസന്ധി തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ സഹായമേതുമില്ലാതെ ഇക്കാര്യങ്ങള്‍ യാതൊരു മുടക്കവും കൂടാതെ നടത്താന്‍ ഇവര്‍ക്കാകുന്നതിനുപിന്നിലെ പ്രേരകശക്തി ജനകലയുടെയും കൂട്ടരുടെയും ഇച്ഛാശക്തിയും ദൃഢനിശ്ചയവും മുളയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ്.

മുളകൊണ്ടു തീര്‍ത്ത 100 സംഗീതോപകരണങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ജനകല ആരംഭിച്ച കരിമ്പൊളി മ്യൂസിക് ബാന്‍ഡ് മുളയുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള സ്നേഹബന്ധത്തിന്റെ ഉത്തമോദാഹരണമാണ്.

തന്റെ 10-ാം വയസില്‍, മാതാപിതാക്കളുടെ ചുവടു പിടിച്ച്, മുളകളുടെയും ഈറ്റകളുടെയും ചൂരലിന്റെയും ലോകത്തിലേക്കിറങ്ങിവന്നതാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ശശി ജനകല. അന്നുതൊട്ടിന്നോളം അദ്ദേഹത്തിന്റെ ജീവിതമൊരു സമര്‍പ്പണമാണ്. ജീവന്റെ അവസാനത്തെ തുടിപ്പും ശരീരത്തില്‍ ശേഷിക്കുന്ന കാലത്തോളം തീവ്രമായൊരീ അനുരാഗവും കൂടെയുണ്ടാവുമെന്ന് അദ്ദേഹത്തിന്റെ കണ്ണുകളിലെ തീഷ്ണത പറയാതെ പറയുന്നുണ്ട്.മുളന്തണ്ടിലൂടെ സംഗീതോപകരണം മാത്രമല്ല, മനുഷ്യജീവിതത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും നിര്‍മ്മിക്കാമെന്നും അതിലൂടെ ജനങ്ങളുടെ സമ്പത്തും ആരോഗ്യവും മെച്ചപ്പെടുത്താമെന്നും കണ്ടെത്തിയ, ഓരോ നിമിഷവും അതില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ മാന്ത്രിക വിരലിലും പ്രണയാര്‍ദ്രമാര്‍ന്ന ആ ഹൃദയത്തിലും മനസുകൊണ്ടെങ്കിലും ഞാനൊന്നു സ്പര്‍ശിക്കട്ടെ…..മുളന്തണ്ടിനെ ഇത്രമേല്‍ പ്രണയിക്കുന്ന, മനസില്‍ തീനാളമായ് ജ്വലിക്കുന്ന, ആ പ്രൗഢമനോഹര കാലത്തിനായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയും അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന താങ്കളെ അവഗണിക്കാന്‍ അവയ്ക്കാവുന്നതെങ്ങനെ…..???

അതിനാല്‍, നമ്മുടെ ജീവനും ജീവശ്വാസവും ആരോഗ്യവും സമ്പത്തുമെല്ലാം കുടികൊള്ളുന്നത് ഈ മുളന്തണ്ടിലാണെന്ന തിരിച്ചറിവ് ഓരോ കേരളീയനും ഉള്‍ക്കൊള്ളും. അവയുടെ പ്രാധാന്യം നമ്മുടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും മനസിലാക്കും…..

വൈരക്കല്‍ ശോഭയോടെ അവ വീണ്ടും വിപണി പിടിച്ചടക്കും….. ജനകലയുടെയും അദ്ദേഹത്തോടൊപ്പമുള്ള കഴിവുറ്റ നിരവധി നെയ്ത്തുകാരുടെയും മാന്ത്രിക വിരലുകള്‍ വീണ്ടുമിവിടെയൊരു വസന്തം തീര്‍ക്കും.

മുളയുടെ ഈറ്റയുടെ സുവര്‍ണ്ണകാലഘട്ടത്തിലേക്കു നയിക്കുന്ന ആ വസന്തമര്‍മ്മരത്തിനായി ജനകലയ്ക്കൊപ്പം നമുക്കും കാതോര്‍ക്കാം…..

…………………………………………………….
ജെസ് വര്‍ക്കി
ചീഫ് എഡിറ്റര്‍
തമസോമ

Leave a Reply

Your email address will not be published. Required fields are marked *