മതം ജനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് വിളിച്ചു പറയുന്നു ഈ വൈദികര്‍!

Jess Varkey Thuruthel & D P Skariah

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍, 2022 ഡിസംബര്‍ 23 ന് വൈകിട്ട് ആറുമണിക്ക് ഒരസാധാരണ സംഭവം നടന്നു. ജനങ്ങളുടെ സമാധാനവും സന്തോഷകരവുമായ ജീവിതത്തിന് മതം ആവശ്യമില്ലെന്ന വൈദികരുടെ പ്രഖ്യാപനം നടന്നു….! സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയായി നല്‍കിയ യേശുക്രിസ്തുവിന്റെ അനുയായികള്‍ ജനങ്ങളോട് ഉറക്കെ പ്രഖ്യാപിച്ചു, തങ്ങള്‍ നിലകൊള്ളുന്നത് പണത്തിനു വേണ്ടിയാണെന്ന്…! അധികാരത്തിനു വേണ്ടിയാണെന്ന്…! വിശ്വാസികളുടെ കണ്ണീരു പോലും വിറ്റു കാശാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടിയാണെന്ന്….!! പൊതുജനങ്ങളുടെ രക്ഷയ്‌ക്കെത്തേണ്ട സര്‍ക്കാര്‍ സംവിധാനമായ പോലീസ് ഈ നെറികേടിനു കുടപിടിച്ചു. അങ്ങനെ സര്‍ക്കാരും പ്രഖ്യാപിച്ചു, നാല് വോട്ട് പെട്ടിയില്‍ വീഴുമെങ്കില്‍, മതങ്ങളുടെയും മതനേതാക്കളുടെയും വിശ്വാസികളുടെയും നെറികേടുകള്‍ക്കു തങ്ങള്‍ കുടപിടിക്കുമെന്ന്….!!

ഡിസംബര്‍ 23 ന് വൈകിട്ട് ആറുമണിക്ക്, സെന്റ് മേരീസ് ബസലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ ആന്റണി പൂതവേലിയുടെ നേതൃത്വത്തില്‍ സിനഡ് കുര്‍ബാന നടത്തി. ആ സമയത്ത് മറ്റൊരു കൂട്ടം വൈദികരായ ഫാ ജോസ് ചോലിക്കര, ഫാ ജോസഫ് കുരീക്കല്‍, ഫാ സണ്ണി കളപ്പുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന ജനാഭിമുഖ കുര്‍ബാനയും അര്‍പ്പിച്ചു…!!! സംഘര്‍ഷാന്തരീക്ഷം കണക്കിലെടുത്ത് പുറത്ത് പോലീസ് കാവല്‍ നിന്നു…!

ഈ സംഭവത്തെക്കുറിച്ച് ഷോബിന്‍ അലക്‌സ് മാളിയേക്കല്‍ എന്ന ഒരു വിശ്വാസി ഇങ്ങനെ കുറിച്ചിട്ടു…

‘2022 ഡിസംബര്‍ 23, 24.

ഒരു സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസി എന്ന നിലയില്‍ ജീവിതത്തില്‍ ഏറ്റവും അപമാനമുണ്ടായ ദിവസം….! ജീവിതത്തില്‍ മറന്നുപോകില്ല എന്ന് തീരുമാനിച്ച ദിവസം…..!! ഇനിയും വിശ്വാസ കാര്യങ്ങളില്‍ ഗുണദോഷിക്കാന്‍ വരുന്നവരുടെ മുഖത്തുനോക്കി രണ്ടു വര്‍ത്തമാനം പറയാന്‍ വേണ്ടി മാത്രം ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ദിവസം…!

നമ്മള്‍ സീറോ മലബാറുകാര്‍ എന്തോ കൂടിയ ഇനമാണെന്ന മിഥ്യാ ധാരണ പലപ്പോഴായി പറഞ്ഞു തന്ന പുരോഹിതര്‍ പക്ഷെ അഭിമാനിക്കേണ്ടവര്‍ ക്രിസ്തുവില്‍ മാത്രമായിരിക്കണമെന്ന് ഒരിക്കലും പറഞ്ഞുതന്നില്ല.. ”ഇന്നലെ പെയ്ത മഴയില്‍ കുരുത്ത പടുകുരുപ്പകളായ മാര്‍ഗ്ഗവാസികള്‍” എന്നൊക്കെ പറയാതെ പറഞ്ഞ് ചുറ്റുമുള്ളവരെ അവജ്ഞയോടെ നോക്കാന്‍ നിങ്ങള്‍ പഠിപ്പിച്ചു….! അത് വിശ്വസിച്ച് സീറോ മലബാര്‍ എന്നും പറഞ്ഞ് പൊടിക്ക് അഹങ്കരിച്ചിരുന്ന ഭൂരിഭാഗം വിശ്വാസികളും രാഷ്ട്രീയ തര്‍ക്കങ്ങളില്‍ പോലും കാണാത്തത്ര കയ്യാങ്കളിയും ചന്തയില്‍ പോലും കേള്‍ക്കാത്തത്ര വൃത്തികെട്ട തെറിയും ഉയരുന്ന എറണാകുളം കത്തീന്ധ്രലിന്റെ കാഴ്ചകള്‍ കണ്ട് വാ പൊളിച്ച് നില്‍ക്കുകയാണ്….!! വിശ്വസികളെ തമ്മിലടിപ്പിച്ച ഈ പുരോഹിതരുടെ കൊടുംപാതകത്തിന്റെ കറ കഴുകിക്കളയാന്‍ ക്രിസ്തു ഒരിക്കല്‍ കൂടി കാല്‍വരിയില്‍ ചോര ചിന്തേണ്ടി വരും….!

എറണാകുളത്തെ യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് അറിയാത്തവരാണ് വിശ്വസികളില്‍ ഭൂരിഭാഗവും എന്നതാണ് വസ്തുത.. അവര്‍ക്ക് കുര്‍ബാനയുടെ ദിക്കോ ദിശയോ വിഷയമല്ല.. മറ്റേതോ ഗൂഢലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വിശ്വാസികളെ തമ്മിലടിപ്പിക്കുന്ന അച്ചന്മാരുടെ വക്രത മനസ്സിലാക്കാനുള്ള ബുദ്ധിയും അവര്‍ക്കില്ല . പൊതു ഇടങ്ങളില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ ഇളിഞ്ഞ മുഖവുമായി അപമാനിതനായി ജീവിക്കുകയാണ് ഒരു ശരാശരി വിശ്വാസി..

കുര്‍ബാന ചൊല്ലുമ്പോള്‍ തിരിഞ്ഞു നില്‍ക്കേണ്ട ദിക്ക്.. ഇത്ര നിസ്സാരമായ ഒരു കാര്യത്തില്‍ ഇരു വിഭാഗത്തെയും വിശ്വാസത്തിലെടുത്തുകൊണ്ട് ഒരു തീരാനമെടുക്കാന്‍ സാധിക്കാത്ത മുന്തിയ ദൈവ ശാസ്ത്രജ്ഞരൊക്കെയാണ് പാവം വിശ്വസികള്‍ക്ക് മോക്ഷത്തിലേക്കുള്ള വഴി പറഞ്ഞു കൊടുക്കാനും അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാനും വരുന്നത്.. ഇത്രയും അപഹാസ്യമായ പ്രവൃത്തി ക്രിസ്ത്യാനിറ്റിയുടെ ചരിത്രത്തിലെ ഉണ്ടാവില്ല..
ഇത്തവണത്തെ ക്രിസ്തുമസിന് സന്തോഷമില്ല.. ഒരു ശരാശരി വിശ്വാസിയുടെ വിശ്വാസങ്ങളെ മുറിപ്പെടുത്തിയ നിങ്ങള്‍ മേലാല്‍ അവരെ സന്മാര്‍ഗ്ഗം പഠിപ്പിക്കാന്‍ കുറുകെ വന്ന് നില്‍ക്കരുത്.. നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയില്ല എന്നതുകൊണ്ട് തന്നെ.. ”

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്നത് വൈദികരുടെ അഴിഞ്ഞാട്ടമാണെന്നും വിശ്വാസികളോടു മാപ്പു ചോദിക്കുന്നതായും മാനന്തവാടി രൂപത അന്ത്യക്ഷന്‍ മാര്‍ ജോസ് പെരുന്നേടം.

നിന്റെ സഹോദരനോട് രമ്യതയിലല്ലെന്ന് നിന്റെ മനസ് ഓര്‍ത്തെടുത്താല്‍ ബലിവസ്തുക്കള്‍ അവിടെ വച്ച് അവനുമായി അനുരഞ്ജനപ്പെടാന്‍ പഠിപ്പിച്ച യേശു പാഠങ്ങളെ കാറ്റില്‍ പറത്തുകയായിരുന്നു വൈദികരെന്ന് ഫാ ബോബി ജോസ് കട്ടിക്കാട്ട് വെളിപ്പെടുത്തി. സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ ആരാധന നടത്താന്‍ അവകാശമുള്ളുവെന്നും പോലീസ് കാവലില്‍ നടത്തിയ ആരാധന അതിമ്ലേച്ഛമാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തില്‍ നിന്നും കാതങ്ങള്‍ അകന്നുപോയ, സ്‌നേഹമില്ലാത്ത മനുഷ്യര്‍ നടത്തിയ ആരാഘന ദൈവത്തിന് ആവശ്യമെല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനത്തിന് അഭിമുഖമായി കുര്‍ബാന നടത്തണോ പിന്നോട്ടു തിരിഞ്ഞു നിന്ന് വേണോ എന്നത് എത്രയോ നിസ്സാരമായൊരു കാര്യമാണ്….! ജനങ്ങളുടെ ദുരിതജീവിതത്തിന്റെയും കഷ്ടപ്പാടിന്റെയും യാതനയുടെയും ആഴത്തെക്കുറിച്ച് ലവലേശം പോലും ചിന്തയില്ലാത്ത വൈദികര്‍ക്കു മാത്രമേ ഇത്രത്തോളം നിസ്സാരമായൊരു കാര്യത്തിന്റെ പേരില്‍ ഇത്ര രൂക്ഷമായ വഴക്കുണ്ടാക്കാന്‍ സാധിക്കുകയുള്ളു. ഏറ്റവും നിസ്സാരമായൊരു പ്രശ്‌നം പോലും അടിച്ചു തീര്‍പ്പു കല്‍പ്പിക്കുന്ന ഈ മനുഷ്യരാണ് ഇവിടെ സ്‌നേഹത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നത്.

വിശക്കുന്നവര്‍ക്കു മുന്നില്‍ അപ്പമായും ദാഹിക്കുന്നവനു മുന്നില്‍ വെള്ളമായും മാറുന്നത്ര ശ്രേഷ്ഠമായ സ്‌നേഹം പഠിപ്പിച്ച, സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി സ്വന്തം ജീവന്‍ തന്നെ ബലിയായി നല്‍കിയ യേശുക്രിസ്തുവിന്റെ നാമത്തില്‍ ജനങ്ങളെ ഉമ്മറം കാണിക്കണോ അതോ പിന്നാമ്പുറം കാണിച്ചാല്‍ മതിയോ എന്നതിന്റെ പേരില്‍ വെട്ടും കുത്തും അക്രമവും….! വിശക്കുന്നവന് ഒരു നുള്ള് ആഹാരം കൊടുക്കില്ല, ദാഹിക്കുന്നവന് തുള്ളിവെള്ളവും നല്‍കില്ല, ഒരു മൈല്‍ നടക്കാന്‍ ആവശ്യപ്പെടുന്നവനോടു കൂടി ഒരു ചുവടു പോലും നടക്കുകയുമില്ല….. പകരം പറയും, പ്രാര്‍ത്ഥിച്ചേക്കാം, കര്‍ത്താവ് എല്ലാം മാറ്റിത്തരുമെന്ന്….! തങ്ങള്‍ പഠിപ്പിക്കുന്നത് സ്‌നേഹമല്ല, മറിച്ച്, വിശ്വാസത്തിന്റെ കച്ചവടമാണെന്നും ഈ മതം സ്‌നേഹത്തിനും സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുള്ളതല്ല, മറിച്ച്, മനുഷ്യരെത്തമ്മില്‍ വെറുക്കാനും തമ്മിലടിപ്പിക്കാനും വിശ്വാസത്തിന്റെ പേരില്‍ പണമുണ്ടാക്കാനും മാത്രമുള്ളതാണെന്നും വിളിച്ചു പറയുകയാണ് ഈ വൈദികരെന്ന് ആര്‍ക്കാണ് അറിയാത്തത്.


Leave a Reply

Your email address will not be published. Required fields are marked *