സ്‌കൂളുകളില്‍ ലഹരിക്കെതിരെ കവചം തീര്‍ത്ത് പോലീസ്, ഇനി വേണ്ടത് ജനജാഗ്രത

Jess Varkey Thuruthel & D P Skariah

ഓര്‍മ്മിക്കുക…! ജാഗ്രതക്കുറവിന് നമ്മള്‍ കൊടുക്കേണ്ട വില നമ്മുടെ മക്കളുടെ ജീവനും ജീവിതവുമാണ്…..!! നിങ്ങളുടെ മക്കള്‍ക്ക് നിങ്ങളെയൊരു സുഹൃത്തായി കാണാന്‍ കഴിയുന്നുണ്ടോ….?? ഇല്ലെങ്കില്‍ കരുതിയിരിക്കുക….. കൈവിട്ടുപോയേക്കാമവര്‍……!

സ്‌കൂളില്‍ പോകുന്ന കൊച്ചു കുട്ടികളുടെ കണ്ണുകളിലേക്കു നിങ്ങള്‍ നോക്കിയിട്ടുണ്ടോ…?? എന്തൊരു തിളക്കമാണെന്നോ ആ കണ്ണുകള്‍ക്ക്…..! അവരെ കുറച്ചുകൂടിയൊന്നറിയാന്‍ ശ്രമിച്ചാല്‍ അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും മനസിലാക്കാനാവും. പക്ഷേ, വളര്‍ച്ചയുടെ ഓരോ പടവുകള്‍ കയറുമ്പോഴും അവരുടെ കണ്ണുകളിലെ തിളക്കം മങ്ങുന്നു, സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴുന്നു…..

തല്ലിക്കൊഴിക്കുകയാണോ നമ്മള്‍ നമ്മുടെ കുട്ടികളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും….?? നിങ്ങള്‍ ജീവിക്കുന്നത് നിങ്ങളുടെ മക്കള്‍ക്കു വേണ്ടിയാണെന്നാണ് ഉത്തരമെങ്കില്‍, പറയൂ, നിങ്ങളിലെത്ര പേര്‍ നിങ്ങളുടെ മക്കള്‍ക്കു സുഹൃത്താണ്…?? സ്‌കൂളില്‍ നിന്നും തിരിച്ചെത്തുന്ന മക്കള്‍ പറയുന്ന വിശേഷങ്ങള്‍ കേള്‍ക്കാനും അതിനു മറുപടി പറയാനും അവരുടെ കളിചിരിയില്‍ പങ്കാളിയാവാനും എത്ര പേര്‍ക്കു കഴിയാറുണ്ട്…?? നിങ്ങളുടെ ഈ മറുപടിയില്‍ അടങ്ങിയിട്ടുണ്ടാവും, നിങ്ങളുടെ മക്കളുടെ ജീവിതവും ഭാവിയും……

ഓണം, വിഷു, ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്കു ശേഷം ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കണക്കു പുറത്തു വിടാറുണ്ട്. കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്ക്…. കോടികള്‍ മദ്യത്തിനു വേണ്ടി ചെലവഴിക്കുന്ന മലയാളികള്‍….. പണം കൊടുത്തു രോഗവും അസംതൃപ്തമായ ജീവിതവും വാങ്ങുന്നവര്‍….. ഒടുവില്‍ ആരോഗ്യം നശിച്ച് ഓടയിലും വഴിയരികിലും കടത്തിണ്ണയിലും വീണുകിടക്കുന്നവര്‍…..

മുന്‍പെങ്ങുമില്ലാത്ത വിധം ലഹരിക്കെതിരെ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. കാരണം ലഹരിയുടെ കൈകള്‍ മുതിര്‍ന്നവരിലേക്കു മാത്രമല്ല, തീരെച്ചെറിയ കുഞ്ഞുങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു…! മിഠായിയുടെയും ജ്യൂസിന്റെയും രൂപത്തിലൂടെ, കുട്ടികളെ വശത്താക്കാന്‍ സാധ്യമായ എല്ലാവഴികളും പരീക്ഷിക്കുകയാണ് ലഹരി മാഫിയ.

നീണ്ടപാറ സെന്റ് മേരീസ് എല്‍ പി സ്‌കൂളില്‍, ലഹരി വിരുദ്ധ സെമിനാറില്‍ സംസാരിക്കവെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ആന്റി നാര്‍ക്കോട്ടിക്‌സ് ക്ലബ് കോര്‍ഡിനേറ്ററുമായ എം എന്‍ ജോഷി പറഞ്ഞു, ‘മുന്‍പ്, നമുക്കു മുന്നിലൂടെ കടന്നുപോകുന്ന മനുഷ്യരോട് സംസാരിക്കാനും കുശലാന്വേഷണം നടത്താനും നമ്മള്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. എന്നാലിന്ന്, ‘അവരായി, അവരുടെ പാടായി, അതില്‍ നമുക്കെന്തു കാര്യം’ എന്ന നിലപാടിലേക്ക് ഓരോ മനുഷ്യരും മാറി. കൂടുതലായി എന്തെങ്കിലും ചോദിച്ചാല്‍ ‘ഇതു ഞങ്ങളുടെ സ്വകാര്യത, അതില്‍ നിങ്ങള്‍ക്കെന്തു കാര്യം’ എന്ന മറുചോദ്യവുമുണ്ടാകും. ഓരോ മനുഷ്യരും അവരവരുടെ ജീവിതങ്ങളിലേക്കു ചുരുങ്ങിയപ്പോള്‍ നമുക്കു നഷ്ടമാകുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനും ജീവിതവുമാണ്…. ടെക്‌നോളജി നമ്മുടെ ജീവിതം ലളിതമാക്കി എന്നതു ശരിതന്നെ…. പക്ഷേ, മനുഷ്യര്‍ തമ്മിലുള്ള ആ അടുപ്പമെവിടെ…??’

‘മുന്‍പ് മദ്യപിക്കുന്നതിനൊരു പ്രായപരിധിയുണ്ടായിരുന്നു. മദ്യപാനത്തില്‍ നിന്നും മക്കളെ മാതാപിതാക്കള്‍ കര്‍ശനമായി വിലക്കിയിരുന്നു. പക്ഷേ, സര്‍വ്വതും സ്റ്റാറ്റസ് സിംബലായി മാറിയ ഈ ആധുനിക യുഗത്തില്‍ മാതാപിതാക്കളും മക്കളും കൂടിയിരുന്നു മദ്യപിക്കുന്നത് സ്ഥിരം കാഴ്ചയായി മാറി.

അങ്ങോട്ടു പോകരുതെന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടെങ്കില്‍ അവിടേക്കുള്ള തള്ളിക്കയറ്റമായിരിക്കും പിന്നീട്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത് എന്നു പറയുമ്പോള്‍ ഉപയോഗിച്ചാല്‍ എന്താണു സംഭവിക്കുക എന്നറിയാനുള്ള കൗതുകം മലയാളികളില്‍ വളരെ കൂടുതലാണ്. അതുതന്നെയാണ് ലഹരിയുടെ സ്വന്തം നാടായി കേരളം മാറാനുള്ള കാരണം. ഇന്ത്യയിലെ ജില്ലകളുടെ മൊത്തം കണക്കെടുത്താല്‍ ലഹരി ഉപയോഗിക്കുന്നതില്‍ എറണാകുളം രണ്ടാം സ്ഥാനത്താണ്.

കേരളത്തിലുണ്ടാകുന്ന റോഡപകടങ്ങള്‍, കൊലപാതകങ്ങള്‍, അക്രമങ്ങള്‍, ഗുണ്ടായിസം, തുടങ്ങിയവയ്‌ക്കെല്ലാം പിന്നില്‍ ലഹരിക്ക് ഒന്നാം സ്ഥാനമാണുള്ളത്. കുടുംബമായി പോകുന്നവരെ അധികം സംശയിക്കില്ലെന്ന കാരണത്താല്‍ കുട്ടികള്‍ അടങ്ങുന്ന കുടുംബമായി ലഹരികടത്തുന്നവര്‍ ധാരാളമുണ്ട്. സംശയം തോന്നിയാല്‍ മാത്രമേ പോലീസിനവരെ പരിശോധിക്കാനാവൂ. അനാവശ്യമായി തങ്ങളെ സംശയിക്കുന്നുവെന്നും സമയം നഷ്ടപ്പെടുത്തുന്നുവെന്നും പരാതിപ്പെട്ടാല്‍ കുടുങ്ങുന്നതു പോലീസ് തന്നെയായിരിക്കും. അതിനാല്‍ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പോലീസ് പരിശോധനകള്‍ നടത്തുന്നത്…..

മലയാളികള്‍ ചിന്തിക്കുന്നതിനും അപ്പുറത്ത് ലഹരി ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ പിടിമുറുക്കിക്കഴിഞ്ഞു. കുട്ടിയോ മുതിര്‍ന്നവരോ പ്രായമായവരോ ആരുമാകട്ടെ, ഓരോ മനുഷ്യര്‍ക്കും ഈ സമൂഹത്തോട് ഒരു ഉത്തരവാദിത്വമുണ്ട്. മനുഷ്യവിഭവശേഷിയാണ് നമ്മുടെ നാടിന്റെ സമ്പത്ത്. ആ സമ്പത്താണിപ്പോള്‍ ലഹരിക്കടിപ്പെട്ട് നശിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍, ഓരോ മനുഷ്യനും തങ്ങളുടെ ചുറ്റുവട്ടങ്ങള്‍ നിരീക്ഷിക്കണം. തങ്ങളുടെ മക്കളെ, അവരുടെ സ്വഭാവ മാറ്റങ്ങളെ നിരീക്ഷിക്കണം. സംശയം തോന്നുന്ന കാര്യങ്ങള്‍ പോലീസിനെ അറിയിക്കുക തന്നെ വേണം. ഇത്തരത്തില്‍ ലഹരി വില്‍പ്പനയെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ അറിവു തരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് രഹസ്യമായിത്തന്നെ സൂക്ഷിക്കും. ലഹരിക്കെതിരെ സര്‍ക്കാരും പോലീസും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. നിങ്ങളുടെ കുടുംബത്തിന്റെ വരുമാനത്തെക്കുറിച്ചും ചെലവുകളെക്കുറിച്ചും അതുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ നടത്തുന്ന അധ്വാനവും അതിനു പിന്നിലുള്ള ത്യാഗങ്ങളും നിങ്ങളുടെ മക്കളറിയണം.

മാതാപിതാക്കളും മക്കളും തമ്മില്‍ നല്ലൊരു ബന്ധം നിലനിര്‍ത്തണം. അവര്‍ പറയുന്നതു തെറ്റോ ശരിയോ ആവട്ടെ, അതു കേള്‍ക്കാനും ഉചിതമായ രീതിയില്‍ അവരെ നയിക്കാനും മാതാപിതാക്കള്‍ക്കു കഴിയണം. മക്കളുടെ കൂട്ടുകാര്‍ ആരെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. അവരിലുണ്ടാകുന്ന ചെറിയ മാറ്റം പോലും നിരീക്ഷിക്കണം. ജാഗരൂഗരായിരിക്കണം ഓരോ മാതാപിതാക്കളും. എങ്കില്‍ മാത്രമേ ഈ വിപത്തില്‍ നിന്നും നമ്മുടെ മക്കളെ, ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങളെ നമുക്കു സംരക്ഷിക്കാന്‍ കഴിയുകയുള്ളു,’ ജോഷി പറഞ്ഞു.

അതിനര്‍ത്ഥം മക്കളുടെ എല്ലാകാര്യത്തിലും അനാവശ്യമായി ഇടപെടണമെന്നല്ല, മറിച്ച്, അവരുടെ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാവണമെന്നാണ്. അവര്‍ക്കായി മാറ്റിവയ്്ക്കാന്‍ മാതാപിതാക്കള്‍ക്ക് സമയമുണ്ടാവണമെന്നാണ്. പോലീസും അധ്യാപകരും സ്‌കൂള്‍ അധികൃതരും മാതാപിതാക്കളും ചേര്‍ന്നൊരുക്കുന്ന കവചം ഭേദിച്ച് കടന്നുവരുന്ന ലഹരിമാഫിയയെ കുരുക്കാനുള്ള ചങ്കൂറ്റം പോലീസിനുണ്ട്…..

വര്‍ജ്ജിക്കാം, പ്രതിരോധിക്കാം, ലഹരിയെന്ന മഹാമാരിയെ. പുകവലി, മദ്യപാനം എന്നിവയില്‍ നിന്നും മാത്രമല്ല, എല്ലാത്തരം ലഹരിയില്‍ നിന്നും ഓരോ കുട്ടിക്കും സംരക്ഷണമൊരുക്കാം……

കവചം എന്ന പേരില്‍ നടത്തപ്പെട്ട ഈ പരിപാടിയില്‍, സ്‌കൂള്‍ മാനേജര്‍ റവ ഫാ ജോണ്‍ ഓണേലില്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെംബര്‍ സന്ധ്യ ജെയ്‌സന്‍ പരിപാടി ഉത്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തികള്‍ക്കും സദസ്യര്‍ക്കും ഹെഡ്മിസ്ട്രസ് ഷാന്റി മാത്യു സ്വാഗതം പറഞ്ഞു.


 #stmary’sLPS #Neendapara #Fightagainstdrugs #drugmafiagripschildrenLeave a Reply

Your email address will not be published. Required fields are marked *