മെഡിക്കല്‍ രംഗത്ത് വ്യാജന്മാര്‍ പെരുകുന്നു: പോലീസിനു നിസംഗത

Jess Varkey Thuruthel

തെളിവുകള്‍ സഹിതം വ്യാജ ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതികള്‍ നല്‍കിയിട്ടും പോലീസിനു നിസംഗത. പരാതിക്കാരുടെ വായടപ്പിക്കാനെന്ന പോലെ അന്വേഷണ പ്രഹസനങ്ങള്‍ നടത്തി വ്യാജ മെഡിക്കല്‍ ലോബികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുകയാണിവിടെ കേരള പോലീസ്! ആരെക്കുറിച്ചാണോ പരാതി നല്‍കുന്നത്, അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നേരിട്ടെത്തി വ്യാജന്മാരെക്കുറിച്ച് ചോദിക്കുന്നതോടെ വ്യാജന്മാര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും ഉണ്ടാക്കിക്കൊടുക്കുകയാണ് പോലീസ്!

എം ബി ബി എസുകാരിയായ ഭാര്യയുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി വയനാട് അമ്പലവയലില്‍ വ്യാജ ചികിത്സ നടത്തുന്ന ജോബിന്‍ ബാബു എന്ന ആള്‍മാറാട്ടക്കാരനെക്കുറിച്ച് തെളിവുകള്‍ സഹിതം പരാതിപ്പെട്ടിട്ടും പോലീസ് നിഷ്‌ക്രിയം. ഇയാള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നേരിട്ടെത്തി അന്വേഷിച്ചതോടെ ജോബിന്‍ അവിടെ നിന്നും മുങ്ങി. തന്റെ ഭാര്യയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ഫോട്ടോ ഒട്ടിച്ചാണ് ജോബിന്‍ ഡോക്ടറായി ജോലി ചെയ്യുന്നത്. താന്‍ ഡോക്ടറാണ് എന്നായിരുന്നു ഇയാള്‍ ഭാര്യ വീട്ടുകാരോടു പറഞ്ഞിരുന്നത്. പറ്റിക്കപ്പെടുകയായിരുന്നുവെന്ന് പിന്നീടാണ് പെണ്‍കുട്ടിയും മാതാപിതാക്കളും അറിയുന്നത്. തെളിവുകള്‍ സഹിതം അമ്പലവയല്‍ പോലീസ് സ്‌റ്റേഷനിലും വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസിലും പരാതി നല്‍കിയിട്ടും ഇതുവരെയും യാതൊരു നടപടിയുമായിട്ടില്ല.

കോതമംഗലം കുത്തുകുഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്ലസ് ടു യോഗ്യത മാത്രമുള്ള മുരുകേശ്വരി എന്ന വ്യാജ ഡോക്ടറെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു ശേഷം മെഡിക്കല്‍ രംഗത്തെ വ്യാജന്മാരെ പിടികൂടുന്നതിനായി ജനറല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ (ജി പി എ) ഒരു ക്വാക്ക് സെല്‍ രൂപീകരിച്ചിരുന്നു. വെറും മൂന്നാഴ്ചത്തെ കാലയളവിനുള്ളില്‍ ക്വാക്ക് സെല്ലില്‍ ലഭിച്ചത് 70 നു മുകളില്‍ പരാതികളാണ്. ഇവരെക്കുറിച്ചു പ്രാഥമിക അന്വേഷണങ്ങള്‍ നടത്തി, വ്യാജന്മാരാണെന്ന് ഉറപ്പിച്ച ശേഷം തെളിവുകള്‍ സഹിതമാണ് അതാത് ഡി എം ഒയ്ക്കും പോലീസ് സ്റ്റേഷനിലും പരാതി നല്‍കുന്നത്. പക്ഷേ വ്യാജന്മാരെ രക്ഷിക്കുന്ന നിലപാടുകളാണ് പോലീസിന്റെയും ഡി എം ഒ മാരുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് ജി പി എ പ്രതിനിധികള്‍ അറിയിച്ചു.

അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ വ്യാജ എം ബി ബി എസ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കുന്ന വലിയൊരു ലോബി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജി പി എ യ്ക്ക് അറിവു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പോലീസിനും വ്യക്തമായിട്ടറിയാം. എന്നിട്ടും ജനങ്ങളുടെ ആരോഗ്യത്തെ പാടെ തകര്‍ത്തെറിയുന്ന വ്യാജ ചികിത്സകരെ യഥേഷ്ടം അഴിഞ്ഞാടാന്‍ അനുവദിച്ച് കൈയും കെട്ടി നോക്കിയിരിക്കുകയാണ് ജനങ്ങളുടെ ജീവനും ആരോഗ്യവും സ്വത്തും സംരക്ഷിക്കേണ്ട പോലീസ്.
വിദേശ രാജ്യങ്ങളില്‍ എം ബി സി എസ് പഠിച്ച് പാസായ ഒരാള്‍ക്ക് കേരളത്തില്‍ ഡോക്ടറായി ജോലി ചെയ്യണമെങ്കില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ് പരീക്ഷ പാസാകണം (എഫ് എം ജി ഇ). എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെറും 20 ശതമാനം മാത്രമാണ് ഈ പരീക്ഷ പാസാകുന്നത്. ടി സി എം സി രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഒരാള്‍ക്കു പോലും കേരളത്തില്‍ ഡോക്ടറായി ജോലി ചെയ്യാന്‍ സാധിക്കില്ല. ചൈന, ഉക്രൈന്‍, വിയറ്റ്‌നാം, തുടങ്ങി നിരവധി രാജ്യങ്ങളില്‍ എം ബി ബി എസ് പഠിച്ച് പാസാകാതെയും അല്ലാതെയും ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം പലരും ഇവിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു. ഇവര്‍ക്ക് വളരെ കുറച്ചു ശമ്പളം മാത്രം നല്‍കിയാല്‍ മതിയാകും എന്ന കാരണത്താല്‍, പല ആശുപത്രികളും ഇത്തരക്കാരെ ഡോക്ടറായി നിയമിക്കുകയും ചെയ്യുന്നു.

മാവേലിക്കരയിലെ ആശ്രയ മെഡിക്കല്‍ സെന്ററില്‍ അഖില്‍ദേവ് ജോലി നേടിയത് ചൈനയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ്. താന്‍ ഒബ്‌സേര്‍വര്‍ ആയിരുന്നു, ചികിത്സകനായിരുന്നില്ല എന്നാണ് അഖിലും അദ്ദേഹം ജോലി ചെയ്ത ആശുപത്രിയും പറയുന്നത്. തമസോമ ഈ വാര്‍ത്ത പുറത്തു വിട്ടതിനു ശേഷം, താന്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി എന്ന് അവകാശപ്പെട്ടുകൊണ്ട് അഖില്‍ രംഗത്തു വന്നു. തെളിവായി സര്‍ട്ടിഫിക്കറ്റുകളും കൈമാറി. ഈ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണോ അല്ലയോ എന്നു പരിശോധിക്കുന്നതിനായി അവ ഡാറ്റ ഫ്‌ളോയ്ക്ക് അയച്ചിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയിട്ടുണ്ട്.

മാഫിയയ്ക്കു മുന്നില്‍ ഭയന്നു വിറച്ച് ഡോക്ടര്‍മാര്‍

‘അവര്‍ ഉപയോഗിച്ചത് ഞങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറാണ്. പക്ഷേ, ഈ വാര്‍ത്തയ്ക്കൊപ്പം ഞങ്ങളുടെ പേരുപോലും വയ്ക്കരുതേ,’ ഡോക്ടര്‍മാരുടെ ശബ്ദത്തില്‍ ഭീതിയുടെ നിഴലുകള്‍. മരുന്നിന്റെ പേരു പോലും അറിയാത്ത ചില ചികിത്സകരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്നപ്പോള്‍, അവര്‍ ഉപയോഗിച്ച രജിസ്ട്രേഷന്‍ നമ്പറിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഞങ്ങളോടു പറഞ്ഞ വാക്കുകളാണിത്. പോലീസില്‍ പരാതിപ്പെടാന്‍ അവര്‍ക്കു പേടി. ഇനി പരാതിപ്പെട്ടാലും ശരിയായ അന്വേഷണം നടത്താന്‍ പോലീസിനും ഭയമാണെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ഈ മാഫിയകളുടെ കൈയില്‍ നിന്നും പണം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കുന്നു.

ഡോക്ടര്‍മാര്‍ക്കെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍പ്പോലും സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ജനങ്ങളുടെ ആരോഗ്യം അത്യന്തം അപകടത്തിലാകും വിധം കേരളത്തില്‍ വ്യാജന്മാര്‍ പെരുകിയെന്നറിഞ്ഞിട്ടും ചത്തതുപോലെ കിടക്കുകയാണ്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി വ്യാജ ഡോക്ടര്‍മാരെ പിടികൂടിയിട്ടും അവരതൊന്നും അറിഞ്ഞ മട്ടില്ല!

കൂണുപോലെ ആശുപത്രികള്‍ മുളച്ചു പൊന്തിയിട്ടും ചികിത്സാരീതികള്‍ മെച്ചപ്പെട്ടിട്ടും ആരോഗ്യം തകര്‍ന്നടിഞ്ഞ മനുഷ്യരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. എന്നുമുതലാണോ ചികിത്സാ രംഗം ബിസിനസായി മാറിയത്, അന്നുമുതല്‍ ലാഭത്തിനു വേണ്ടി ജനങ്ങളുടെ ആരോഗ്യം തകര്‍ത്തെറിയുന്ന പ്രവണതയും ആരംഭിച്ചു. പല ലാബുകളില്‍ നിന്നും ഒരേസമയം നടത്തുന്ന ടെസ്റ്റുകളുടെ റിസല്‍ട്ടുകള്‍ എന്തുകൊണ്ടാണ് അതിഭീകരമായ രീതിയില്‍ വ്യത്യാസപ്പെടുന്നത്? അത്തരത്തില്‍ ലഭിക്കുന്ന റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചികിത്സയും മരുന്നും കഴിക്കാന്‍ വിധിക്കപ്പെടുന്ന രോഗികള്‍ മാരകമായ മറ്റു രോഗങ്ങള്‍ക്ക് അടിമപ്പെടുകയാണ് ചെയ്യുന്നത്. ലാഭേച്ഛ മാത്രം മുന്‍നിറുത്തി കൂണുകള്‍ പോലെ മെഡിക്കല്‍ പഠന സ്ഥാപനങ്ങളും തഴച്ചു വളരുകയാണ്. കേരളത്തിലെയും കേരളത്തിനു വെളിയിലെയും നിരവധിയായ നഴ്സിംഗ് കോളജുകള്‍ വേണ്ടത്ര നിലവാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. കിട്ടുന്ന റിസള്‍ട്ടില്‍ നിന്നും രോഗം എന്താണെന്നു മനസിലാക്കാന്‍ പോലും കഴിയാത്ത ചികിത്സകരുമുണ്ട്. ഡോക്ടര്‍മാര്‍ എഴുതി നല്‍കുന്ന ചികിത്സകള്‍ മനസിലാക്കി മരുന്നു നല്‍കാന്‍ അറിയാത്ത നഴ്‌സുമാരും ഫാര്‍മസിസ്റ്റുകളുമുണ്ട്.

യാതൊരു തരത്തിലും ബിസിനസാക്കി മാറ്റാന്‍ പാടില്ലാത്ത ഒന്നാണ് വൈദ്യരംഗം. കാരണം കച്ചവടക്കണ്ണോടെ മെഡിക്കല്‍ രംഗത്തേക്ക് എത്തുന്നവര്‍ അമ്മാനമാടുന്നത് ജനങ്ങളുടെ ആരോഗ്യമാണ്. മരുന്നു കമ്പനികളില്‍ നിന്നും വന്‍തോതിലുള്ള കമ്മീഷന്‍ വാങ്ങാന്‍ വേണ്ടി ആവശ്യമില്ലാത്ത മരുന്നുകള്‍ രോഗികളെക്കൊണ്ടു കഴിപ്പിക്കുന്ന എത്രയോ ഡോക്ടര്‍മാരുണ്ട്! അനാവശ്യ ടെസ്റ്റുകള്‍ നടത്തി രോഗികളുടെ കുടുംബത്തിന്റെ നട്ടെല്ലൊടിക്കുന്നവരെക്കുറിച്ച് എത്രയോ വാര്‍ത്തകള്‍ വന്നിരിക്കുന്നു!! എന്നിട്ടും ആര്‍ത്തിക്കണ്ണുകളോടെ മെഡിക്കല്‍ രംഗം കൈയ്യടക്കി വച്ചിരിക്കുകയാണ് ചില നെറികെട്ട നരാധമര്‍.

ശുദ്ധീകരിക്കേണ്ടത് ആധുനിക വൈദ്യശാസ്ത്ര മേഖല മാത്രമല്ല, ആയുര്‍വ്വേദം, യുനാനി, ഹോമിയോ, അക്യുപങ്ചര്‍, നേച്ചറോപ്പതി, തുടങ്ങി നിരവധി മേഖലകളിലും ശുദ്ധികലശം നടത്തിയേ തീരൂ. ഡോക്ടര്‍ കുറിച്ചു നല്‍കുന്ന മരുന്നുകള്‍ എന്താണെന്നു മനസിലാക്കാനോ അതിന്റെ ഗുണദോഷവശങ്ങള്‍ അറിയാനോ ഭൂരിഭാഗം ആളുകളും ശ്രമിക്കാറില്ല. കഴിച്ചാലുടന്‍ രോഗം ശമിക്കണമെന്ന സിദ്ധാന്തം കൈമുതലായുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം അപ്പപ്പോഴുള്ള രോഗം മാറുക എന്നതാണ് പ്രധാനം. തങ്ങള്‍ കഴിച്ച മരുന്നുകള്‍ പിന്നീട് തങ്ങളുടെ ശരീരത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നു എന്നു പോലും അവര്‍ ചിന്തിക്കാറില്ല. മരുന്നോ ചികിത്സയോ ലഭിച്ച ഉടനുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചു മാത്രമേ അവര്‍ ബോധവാന്മാര്‍ ആകാറുള്ളു. ചികിത്സാ രംഗത്ത് ഇത്തരം വ്യാജന്മാര്‍ പെരുകാനുള്ള കാരണവും ഇതുതന്നെ.

വ്യാജനേത് ഒറിജിനല്‍ ഏത് എന്നറിയാന്‍ കഴിയാത്ത നിലയില്‍ കേരളത്തിലെ മെഡിക്കല്‍ രംഗം കൈയാളുകയാണ് വ്യാജ മെഡിക്കല്‍ മാഫിയ. ഇതിനു തടയിടേണ്ട പോലീസും ജില്ലാ മെഡിക്കല്‍ ഭാരവാഹികളും കാര്യമായി യാതൊന്നും ചെയ്യുന്നുമില്ല. കേരളത്തിലെ മെഡിക്കല്‍ മേഖലയില്‍ പിടിമുറുക്കിയിരിക്കുന്ന വ്യാജന്മാരെ പിടികൂടുന്നതില്‍ കാര്യത്തില്‍ പോലീസ് കാണിക്കുന്ന അലംഭാവത്തിനെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് ജി പി എ. കൂടാതെ, ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണമെന്ന്് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (IMA) കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനും (Kerala Private Hospitals Association-KPHA) ജി പി എ കത്തു നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ രംഗത്തെ വ്യാജന്മാര്‍ക്കെതിരെ തിരിയുന്ന എല്ലാവര്‍ക്കും ഇവരില്‍ നിന്നും ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നു. ഇവര്‍ എത്രത്തോളം ശക്തരാണ് എന്നതിനു തെളിവുകളുണ്ട്. കേരളം ചികിത്സാരംഗത്ത് മുന്‍പന്തിയിലാണ് എന്ന് പ്രചരിപ്പിച്ചാല്‍ മാത്രം പോര. പ്രവൃത്തിയിലും അതുണ്ടാവണം. അല്ലെങ്കില്‍, വൃക്ക, കരള്‍ തുടങ്ങി മാരക രോഗങ്ങള്‍ ബാധിച്ച് നരകിക്കുന്നവരുടെ നാടായി താമസിയാതെ കേരളം മാറും എന്ന കാര്യത്തില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *