പോക്‌സോ നിയമം അറിയില്ലെങ്കില്‍ പഠിക്കണം ജഡ്ജിമാരേ

Jess Varkey Thuruthel

ഇന്ത്യയിലെ നിയമങ്ങളില്‍ ഏറ്റവും സുശക്തമായ ഒന്നാണ് പോക്‌സോ നിയമം. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ലൈംഗികാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള നിയമമാണിത്. എന്നാല്‍, പോക്‌സോ കോടതിയില്‍ ഇരിക്കുന്ന പല ജഡ്ജിമാര്‍ക്കു പോലും ഈ കേസ് കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യമില്ലെന്നാണ് കരുതേണ്ടത്. അല്ലായിരുന്നുവെങ്കില്‍ ഒരു ഹൈക്കോടതി ജഡ്ജിക്ക് ഇത്തരത്തില്‍ ഉത്തരവിറക്കേണ്ടി വരില്ലായിരുന്നു.

ബാംഗ്ലൂരില്‍, ബാലികയെ ബലാത്സംഗം ചെയ്ത പ്രതിയെ ദൃക്സാക്ഷിയോ മറ്റുതെളിവുകളോ ഇല്ലെന്ന കാരണത്താല്‍ വിട്ടയച്ച പോക്സോ കോടതി ജഡ്ജിയോട് പോയി നിയമം പഠിച്ചിട്ടു വരാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. പോക്‌സോ കോടതി ജഡ്ജി ചെയ്തത് മനുഷ്യത്വമില്ലായ്മയും ഗുരുതരമായ തെറ്റുമാണെന്ന് ആഞ്ഞടിക്കുക മാത്രമല്ല, പ്രതിക്ക് 5 വര്‍ഷം തടവു വിധിക്കുകയും ചെയ്തു.

വീടിനു മുകളില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പോക്‌സോ കോടതി വിട്ടയച്ചത് തെളിവുകളില്ലെന്നും കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നുമുള്ള കാരണത്താലായിരുന്നു.

ഇടുക്കി വണ്ടിപ്പെരിയാറില്‍, ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതി അര്‍ജുനെയും കട്ടപ്പന പോക്‌സോ കോടതി വെറുതെ വിട്ടിരിക്കുന്നു! പ്രതി കുറ്റം ചെയ്തു എന്നു തെളിയിക്കത്തക്ക കാരണങ്ങളില്ല എന്നാണ് പോക്‌സോ കോടതി ഇതിനു കാരണമായി പറഞ്ഞത്. പോക്‌സോ കേസ് വിധികള്‍ അതിവേഗം തീര്‍പ്പാക്കണമെന്നാണ് നിയമം എന്നിരിക്കെ, 2021 ജൂണ്‍ 30 ന് നടന്ന ഈ സംഭവത്തില്‍ വിധി പറഞ്ഞത് 2023 ഡിസംബറിലാണ്. അതായത്, കുറ്റകൃത്യം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം!

ഇതുതന്നെയാണ് ഇടുക്കി കണ്ണമ്പടി ഇ എം വിനീതിന്റെ (24) കേസിലും സംഭവിച്ചത്. രണ്ടു വിധി പ്രഖ്യാപിച്ചതും ഒരേ ജഡ്ജി തന്നെയാണ്. കട്ടപ്പന പോക്‌സോ കോടതിയിലാണ് രണ്ടു കേസിന്റെയും വാദവും നടന്നത്. ആദിവാസിയായ തന്നെ പോലീസ് കേസില്‍ കുടുക്കിയതാണെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു വിനീതിന്റെ വാദം. അതോടെ, കേവലം 14 വയസ് മാത്രം പ്രായമുള്ളൊരു പെണ്‍കുട്ടിയെ പലര്‍ ചേര്‍ന്ന് പല സമയങ്ങളില്‍ പീഡിപ്പിച്ചിട്ടും തെളിവില്ലെന്ന കാരണത്താല്‍ എല്ലാവരും രക്ഷപ്പെട്ടു. ഡി എന്‍ എ ടെസ്റ്റില്‍ പെണ്‍കുട്ടിയുടെ കുട്ടിയുടെ പിതാവെന്നു തെളിഞ്ഞ ശ്രീധരന്‍ മാത്രം പ്രതിയുമായി. അവള്‍ ബാലവേശ്യയും!


വിനീത് കുറ്റക്കാരനല്ലെന്ന് കോടതി പറയുന്നു. കേസില്‍ ശ്രീധരന്‍ മാത്രമാണ് കുറ്റവാളിയെന്നും. അങ്ങനെയെങ്കില്‍, വിനീതിനു കിട്ടിയ ആ സ്വാഭാവിക നീതിയെന്തേ കേസില്‍ പ്രതിയായി ഇപ്പോഴും ജയിലില്‍ കഴിയുന്ന ഇരയുടെ സഹോദരനു കിട്ടാതെ പോയി? കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ ഇപ്പോഴും ജയിലിലാണ്.

ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ട് തനിക്കു മുന്നില്‍ നില്‍ക്കുന്ന ഇര കുട്ടിയാണെന്ന കാര്യം പോക്‌സോ കോടതിയിലെ ജഡ്ജിമാര്‍ മറന്നു പോകുന്നതാണോ? മൊഴികള്‍ മാറ്റിപ്പറയുകയോ പറയാതിരിക്കുകയോ ചില കാര്യങ്ങള്‍ മറച്ചു വയ്ക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് എന്തുകൊണ്ടാണ് എന്ന് അന്വേഷിച്ചു കണ്ടെത്താന്‍ പോലീസിനോട് ഉത്തരവിടാന്‍ അധികാരമുള്ളവരാണ് ജഡ്ജിമാര്‍. പീഡിപ്പിക്കപ്പെട്ട പല ബാലികമാരുടെയും കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത് നിലവിലുള്ള സാഹചര്യങ്ങളെ ചൂഷണം ചെയ്ത് ലൈംഗികാക്രമണം നടത്തുകയാണ്.

വണ്ടിപ്പെരിയാര്‍ കേസില്‍, കുട്ടിയുടെ അച്ഛനും അമ്മയും പണിക്കു പോയപ്പോള്‍, വീട്ടില്‍ ഒറ്റയ്ക്കായ കുട്ടിയെ, വീട്ടിലെ സ്ഥിരം സന്ദര്‍ശകനും കുട്ടിയ്ക്ക് ഏറെ അടുപ്പവുമുണ്ടായിരുന്ന അര്‍ജുന്‍ പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കപ്പെട്ടു എന്നത് വ്യക്തമാണ്. പക്ഷേ, കോടതിക്കു മുന്നില്‍ ഹാജരാക്കപ്പെട്ട പ്രതി കുറ്റം ചെയ്തിട്ടില്ലെന്നു പറഞ്ഞ് വെറുതെ വിടുമ്പോള്‍, പ്രതി ആരാണ് എന്നു കണ്ടെത്താന്‍ ഉത്തരവിടാനുള്ള ഉത്തരവാദിത്വം കൂടി കോടതിക്കുണ്ട്. അതല്ലെങ്കില്‍, കേസ് ഇത്തരത്തില്‍ വലിച്ചു നീട്ടിക്കൊണ്ടുപോയി പ്രതിക്കു രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും അവകാശമുള്ളവരാണ് ജഡ്ജിമാര്‍.

പീഡിപ്പിക്കപ്പെട്ട്, ഭയന്നു വിറങ്ങലിച്ചു തങ്ങള്‍ക്കു മുന്നിലെത്തുന്ന ഇരയുടെ സാഹചര്യങ്ങളും മാനസിക നിലയും അറിഞ്ഞതിനു ശേഷം മാത്രം വേണം കോടതി ഒരു തീരുമാനമെടുക്കാന്‍. വിനീത് മാത്രമേ തന്നെ പീഡിപ്പിച്ചിട്ടുള്ളു, ഈ കേസില്‍ മറ്റാരുമില്ല എന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിനീത് രക്ഷപ്പെട്ടതെന്ന് കണ്ണമ്പടി കേസില്‍ വിനീത് രക്ഷപ്പെട്ടതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറയുന്നു. കാരണം, ഡി എന്‍ എ ടെസ്റ്റില്‍ കുട്ടിയുടെ അച്ഛന്‍ വിനീത് അല്ലെന്നു തെളിഞ്ഞിരുന്നു. അമ്മയ്ക്കും സഹോദരനുമൊപ്പം താമസിക്കുന്ന പെണ്‍കുട്ടി, അമ്മയുടെ കാമുകനായ ശ്രീധരനും സഹോദരനും തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തുന്ന നിമിഷം മുതല്‍ അമ്മയുടെ ഉഗ്രകോപങ്ങള്‍ക്ക് ഇരയാകേണ്ടി വരും. ഇക്കാരണത്താല്‍ വിനീത് മാത്രമാണ് പ്രതിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി.

പീഡനക്കേസുകളില്‍ സാധാരണയായി ദൃക്‌സാക്ഷികള്‍ ഉണ്ടാവില്ല. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കൂടുതലായി പരിശോധിക്കപ്പെടുന്നത്. ഡിജിറ്റല്‍ തെളിവുകളുണ്ടെങ്കില്‍ അവയും പരിശോധിക്കപ്പെടും. വണ്ടിപ്പെരിയാര്‍ കേസിലും കണ്ണമ്പടി കേസിലും സാഹചര്യത്തെളിവുകളൊന്നും പോക്‌സോ കോടതി ജഡ്ജി പരിശോധനയ്‌ക്കെടുത്തില്ല.

ഈ രണ്ടു കേസുകളിലും ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. പോക്‌സോ കോടതി ജഡ്ജിയെ നിശിതമായി വിമര്‍ശിക്കാന്‍ കര്‍ണാടക ഹൈക്കോടതി കാണിച്ച ആര്‍ജ്ജവം കേരള ഹൈക്കോടതിയിലും സംഭവിക്കട്ടെ. കട്ടപ്പന പോക്‌സോ കോടതി ജഡ്ജി വി മഞ്ജുവിന്റെ ഇതുവരെയുള്ള വിധിന്യായങ്ങളും പരിശോധിക്കപ്പെടുക തന്നെ വേണം.


FEEDBACK: editor@thamasoma.com

PH: 8921990170


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Leave a Reply

Your email address will not be published. Required fields are marked *