Jess Varkey Thuruthel
നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ നിരവധിയുണ്ട്. പക്ഷേ, അപ്പോഴും അവര്‍ ആവശ്യപ്പെടുന്ന പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. നിവിന്‍ പോളി ഉള്‍പ്പടെയുള്ളവരുടെ പാസ്‌പോര്‍ട്ട് പരിശോധിക്കണം എന്നാണത്. യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റിലെയും പുറത്തെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കണം, ഫ്‌ളോറാ ക്രീക്ക് ഹോട്ടലിലെ സി സി ടി വി പരിശോധിക്കണം, ഈ ആറുപേരും യുവതിയും ഒരുമിച്ചുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ദിവസങ്ങളില്‍ മൊബൈല്‍ രേഖകള്‍ പരിശോധിച്ച് ഇവരെല്ലാം ഒരുമിച്ചുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യം പരിശോധിക്കണം എന്നീ കാര്യങ്ങളും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ പരിശോധനകളെല്ലാം നടത്താന്‍ ദുബായ് പോലീസിന്റെ സേവനം ആവശ്യപ്പെടണം. തങ്ങളുടെ നാട്ടില്‍ ഒരു യുവതി ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന പരാതി നല്‍കുമ്പോള്‍ അതു ശരിയാണോ എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം ദുബായ് പോലീസിനുണ്ട്. കാരണം ആ നാടിന് ഈ കേസ് ഒരു നാണക്കേടാണ്. അതിനാല്‍ അതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്താന്‍ അവര്‍ ശ്രമിക്കും. അതിനാല്‍ ആ വഴികള്‍ ഉപയോഗപ്പെടുത്തണം. ഇത്രയുമാണ് പരാതിക്കാരിയും കുടുംബവും ആവശ്യപ്പെടുന്നത്.
നടന്‍ വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) നിവിന്‍ പോളിയുടെ ഏറ്റവുമടുത്ത സുഹൃത്താണ്. ഡിസംബര്‍ 14ന് കൊച്ചിയില്‍ സിനിമയുടെ ഷൂട്ടിംഗില്‍ നിവിന്‍ പോളി പങ്കെടുത്തു എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. യുവതിയുടെ പരാതി അനുസരിച്ച് നവംബര്‍ 2 മുതല്‍ 6 വരെയും ഡിസംബര്‍ 6 മുതല്‍ 16 വരെയും യുവതിയെ മുറിയില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചു എന്നാണ് പറയുന്നത്. ഇതില്‍ ഡിസംബര്‍ 14 ലെ കാര്യം മാത്രമാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. പരിശോധനയ്ക്കായി നിവിന്‍ പോളി പാസ്‌പോര്‍ട്ട് നല്‍കിയതായി പറയുന്നുണ്ട്. പക്ഷേ, അതേ സമയം തന്നെ യുവതി പോലീസില്‍ കൊടുത്ത എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുന്നതായും പറയുന്നുണ്ട്.
താന്‍ നിരപരാധിയാണെന്ന് അതിശക്തമായി വാദിക്കുമ്പോഴും നിവിന്‍ പോളി ആവശ്യപ്പെടുന്നത് എഫ് ഐ ആര്‍ റദ്ദാക്കാനാണ്. തങ്ങള്‍ക്കെതിരെ പരാതി ഉയര്‍ത്തിയ യുവതി പറയുന്നതു കള്ളമാണെങ്കില്‍ അതു തെളിയിക്കാനും അന്വേഷണം നടത്തിയേ തീരൂ എന്നിരിക്കേ എന്തിനാണ് കേസ് തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത്?
ലൈംഗികാതിക്രമ പരാതി മാത്രമല്ല ഈ സംഘത്തിനെതിരെ യുവതി ആരോപിക്കുന്നത്. എം ഡി എം എ പോലുള്ള മാരകമായ മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരാണ് ഇവരെന്നും തനിക്കിവര്‍ തന്നത് ഈ മയക്കുമരുന്നു കലര്‍ത്തിയ വെള്ളമാണെന്നും യുവതി പറയുന്നു. അങ്ങനെയെങ്കില്‍, ഇവര്‍ പരാതി ഉന്നയിച്ച ആറുപേരുടെയും ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശമുണ്ടോയെന്ന് പരിശോധന നടത്താവുന്നതാണ്.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ആവോലിച്ചാലില്‍ യുവതിയുടെ വീ്ട്ടിലെത്തി മൊഴിയെടുത്തു. ഏകദേശം 5 മണിക്കൂര്‍ അന്വേഷണ സംഘം ഇവരോട് സംസാരിക്കുകയുണ്ടായി. മുറിയില്‍ ക്യാമറ വച്ചതും വൈഫൈയും മറ്റും ഹാക്ക് ചെയ്തതുമെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞതായി യുവതിയും ഭര്‍ത്താവും പറഞ്ഞു. കേരളത്തിലിരുന്നുകൊണ്ട് ദുബായ് പോലീസില്‍ പരാതി നല്‍കാനുള്ള വഴികളും ഇവര്‍ തേടുന്നുണ്ട്.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975