വര്‍ഗ്ഗീയതയ്ക്കു മീതെ മതേതരശബ്ദമുയരട്ടെ!


ജെസ് വര്‍ക്കി തുരുത്തേല്‍ & സഖറിയ

ബ്രാഹ്‌മണിക്കല്‍ വര്‍ഗ്ഗീയത അതിന്റെ സകല ശക്തികളോടും കൂടി അധികാരമുറപ്പിക്കുന്ന ഒരു ദിനമാണിന്ന്! മതേരത്വത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുന്ന ദിനം!! സ്വാതന്ത്ര്യവും സമത്വവും തുല്യതയും കുഴിച്ചുമൂടി അതിനു മുകളില്‍ ബ്രഹ്‌മണ്യാധികാരം അരക്കിട്ടുറപ്പിച്ചിരിക്കുന്നു. അതിനെതിരെ ശബ്ദിക്കേണ്ടവര്‍ നിശബ്ദരായി, ഈ നെറികേടിനെ സര്‍വ്വാത്മനാ പിന്തുണ നല്‍കിയിരിക്കുന്നു! വര്‍ഗ്ഗീയ ശക്തികള്‍ക്കു പിന്തുണയില്ലെന്നു പരസ്യമായി പറയുന്നവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും മതവര്‍ഗ്ഗീയതയെ വാരിപ്പുണരുന്നു. ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകളും വഴിപാടുകളും നേര്‍ച്ചകാഴ്ചകളുമായി തങ്ങളും വിശ്വാസികളാണെന്ന് ഉച്ചൈസ്ഥരം ഘോഷിക്കുന്നു!

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ്, നാം വേണ്ടത്ര അറിവു നേടുന്നതിനു മുന്‍പ്, ബ്രാഹ്‌മണ്യം മനുഷ്യരുടെമേല്‍ അടിച്ചേല്‍പ്പിച്ച നെറികേടായിരുന്നു അടിമത്വവും സവര്‍ണ്ണ മേല്‍ക്കോയ്മയും അനാചാരങ്ങളും അന്ത:വിശ്വാസങ്ങളും. അന്ന്, ബ്രാഹ്‌മണര്‍ സ്വയം ദൈവപ്രതിരൂപങ്ങളായി നിസ്സഹായ മനുഷ്യര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ചു. മനുഷ്യന്‍ വിദ്യാഭ്യാസവും അറിവും നേടുമ്പോള്‍, ഈ കെട്ട കാലത്തിന് അറുതിയുണ്ടാവുമെന്നു നാം ആശ്വസിച്ചു. ഓരോ മനുഷ്യരും വര്‍ദ്ധിത വീര്യത്തോടെ വിദ്യ അഭ്യസിക്കാന്‍ ആരംഭിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, വര്‍ഗ്ഗീയതയുണ്ടാവില്ലെന്നും മതങ്ങള്‍ക്കധീതമായി മനുഷ്യസ്‌നേഹം നമ്മുടെ നാടിനെ നയിക്കുമെന്നും നാം സ്വപ്‌നം കണ്ടു. എന്നാല്‍, ബ്രാഹ്‌മണ്യവും സവര്‍ണ്ണ മേല്‍ക്കോയ്മയും ഹിന്ദുത്വയും അതിശക്തമായി തിരിച്ചെത്തിയിരിക്കുന്നു! വിദ്യാഭ്യാസം സിദ്ധിച്ച്, സമൂഹത്തില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയവര്‍ വര്‍ഗ്ഗീയതയ്ക്കു ചുക്കാന്‍ പിടിക്കുന്ന അതിദയനീയമായ കാഴ്ച!

അന്ത:വിശ്വാസങ്ങളെയും അനാചാരങ്ങളെയും ഭാരതത്തിന്റെ മണ്ണില്‍ നിന്നും തകര്‍ത്തെറിയാന്‍ പരിശ്രമിച്ച അംബേദ്കര്‍, എല്ലാ മതനിയമങ്ങള്‍ക്കും മുകളില്‍ ഇന്ത്യയുടെ പരമാധികാരവും അന്തസും ഉയര്‍ന്നു നില്‍ക്കണമെന്ന ആഗ്രഹത്താല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു രൂപം നല്‍കി. എന്നാലിന്ന്, ആ ഭരണഘടനയ്ക്കും മുകളിലായി വര്‍ഗ്ഗീയത പടര്‍ന്നുപിടിച്ചിരിക്കുന്നു.

ജാതിയെ ചോദ്യം ചെയ്യാതെയും മറികടക്കാതെയും മനുഷ്യമനസുകളില്‍ ബ്രാഹ്‌മണാധികാരത്തെ അരക്കിട്ടുറപ്പിക്കുന്ന ഒരു സംവിധാനമാണ് വര്‍ഗ്ഗീയത. മനുഷ്യമുഖങ്ങളുണ്ടെന്നു നാം കരുതിയിരുന്ന മനുഷ്യരെല്ലാം വര്‍ഗ്ഗീയതയുടെ പിണിയാളുകളായത് അങ്ങനെയാണ്. കേരളത്തില്‍, ബി ജെ പിയും അവര്‍ മുന്നോട്ടു വയ്ക്കുന്ന വര്‍ഗ്ഗീയാശയങ്ങളെയും പിന്തുണയ്ക്കുന്നവരെല്ലാം അവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ജനമനസുകളില്‍ ഇടം നേടിയവരാണ്. സുരേഷ് ഗോപിയും അല്‍ഫോന്‍സ് കണ്ണന്താനവും മെട്രോമാനുമെല്ലാം ബ്രാഹ്‌മണ്യത്തിനും വര്‍ഗ്ഗീയതയ്ക്കും അധികാരത്തിനും പിന്നാലെ പായുന്ന കാഴ്ച എത്രയോ വേദനാജനകം!! നിഷ്‌കളങ്കതയുടെ മൂടുപടവുമായി എത്രയോ ചിത്രമാരാണ് മനുഷ്യമനസുകളിലേക്ക് വര്‍ഗ്ഗീയത പടര്‍ത്തുന്നത്!

രാമജന്മഭൂമിയില്‍ രാമക്ഷേത്രത്തിന് വിലക്കോ എന്ന ചോദ്യവുമായി 1992 ഡിസംബര്‍ ആറിന് ഒരുസംഘം ഹിന്ദുത്വവാദികള്‍ ഒരു പള്ളി തകര്‍ത്തെറിഞ്ഞത്. അതിനു ശേഷം ചെറിയ രീതിയില്‍ ഇന്ത്യയുടെ പലഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട വര്‍ഗ്ഗീയതയും ഇന്ത്യന്‍ ഭരണഘടനയെ തകര്‍ത്തെറിയാനുള്ള നീക്കങ്ങളും നടന്നു. മനുസ്മൃതിയില്‍ അധിഷ്ഠിതമായ നിയമ സംഹിത ഇവിടെ പ്രാബല്യത്തില്‍ വരുത്താനുള്ള അതിശക്തമായ പരിശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്. സ്ത്രീകളെ പിന്നോട്ടു തള്ളി, അയിത്തവും അനാചാരങ്ങളും വീണ്ടും ശക്തി പ്രാപിച്ചു. ഒടുവിലിതാ, രാമക്ഷേത്രം അയോധ്യയിലുയര്‍ന്നിരിക്കുന്നു!

ഇതിനെതിരെ അതിശക്തമായി പ്രതിഷേധിക്കേണ്ടവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പക്ഷേ, ബി ജെ പി-ആര്‍ എസ് എസ്-സംഘപരിവാര്‍ പരിപാടി ആയതു കൊണ്ടുമാത്രമാണ് തങ്ങളിതില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നും അല്ലാതെ രാമനോട് എതിര്‍പ്പുണ്ടായിട്ടല്ല എന്നും കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. വര്‍ഗ്ഗീയതയ്ക്കും ബ്രാഹ്‌മണിസത്തിനും അനാചാരങ്ങള്‍ക്കും എതിരാണെന്ന് സെക്കന്റുകള്‍ തോറും വിളിച്ചു പറയുന്ന ന്യൂസ് ചാനലുകളെല്ലാം രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് കേരളത്തിലെ സകല ക്ഷേത്രങ്ങളെക്കുറിച്ചും ആരാധനകളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും പ്രതിഷ്ഠയുടെ ശക്തിയെക്കുറിച്ചും ദിവസങ്ങളായി വാര്‍ത്തകള്‍ ചെയ്യുന്നു!

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഇന്നു നടക്കുന്നത് ജനാധിപത്യത്തിന്റെ കുഴിച്ചുമൂടലാണ്. അതോടൊപ്പം ബ്രാഹ്‌മണ്യ അധികാരത്തിന്റെയും വര്‍ഗ്ഗീയതയുടെയും പുതിയ കാല ശിലാസ്ഥാപനവും. എല്ലാ മതങ്ങള്‍ക്കും ജാതികള്‍ക്കും മുകളില്‍ ബ്രാഹ്‌മണ മേല്‍ക്കോയ്മയെത്തുന്നു. ബാക്കിയുള്ളവരെയെല്ലാം അവര്‍ കാല്‍ക്കീഴിലാക്കുന്നു. ഭരണഘടനയെ തോട്ടിലെറിഞ്ഞ് രാമായണവും മഹാഭാരതവും മനുസ്മൃതിയുമെല്ലാം തല്‍സ്ഥാനത്തു പ്രതിഷ്ഠിക്കുന്നു. അനുസരിക്കാന്‍ മനസുള്ളവര്‍ക്ക് ഇവിടെ നില്‍ക്കാം, അല്ലാത്തവവര്‍ക്കു പോകാം എന്നതാണ് നിലപാട്.

ഇതല്ല ഭാരത സംസ്‌കാരം. ഇതല്ല മഹത്തായ ഇന്ത്യന്‍ പാരമ്പര്യം. നമ്മള്‍ എല്ലാറ്റിനെയും സ്വീകരിച്ചവരാണ്. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ മുഖമുദ്ര. വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, വിവിധ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍, വിവിധ വസ്ത്രധാരണം, ഭക്ഷണം ജീവിത രീതികള്‍, ഇവയിലെല്ലാമാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത്. അതിനെയെല്ലാം നശിപ്പിച്ചും പൂര്‍ണ്ണമായും തകര്‍ത്തെറിഞ്ഞും കൊണ്ടുവരുന്ന ഈ രാമരാജ്യം ഇന്ത്യയിലെ ഓരോ മനുഷ്യന്റെയും ഹൃദയത്തെ തകര്‍ത്തെറിയുന്ന ബ്രഹ്‌മാസ്ത്രമാണ്. വര്‍ഗ്ഗീയതയ്ക്ക് വിശ്വാസികളെന്നു സ്വയം വിളിക്കുന്നവര്‍ എന്തു പേരിട്ടു വിശേഷിപ്പിച്ചാലും നമ്മുടെ സ്വാതന്ത്ര്യവും സമത്വവും മതേതരത്വവും തകര്‍ക്കപ്പെട്ടിരിക്കുന്നു. ഭരണഘടനയാണ് ഓരോ ഇന്ത്യക്കാരന്റെയും മതഗ്രന്ഥം. അതിനെ തകര്‍ക്കാനെത്തുന്ന ഏതു ശക്തിയെയും നമ്മള്‍ സര്‍വ്വ ശക്തിയും കഴിവുകളുമുപയോഗിച്ച് എതിര്‍ത്തേ തീരൂ. അധിനിവേശസസ്യങ്ങള്‍ കൃഷിഭൂമിയെ തകര്‍ത്തെറിയുന്ന പോലെ ഇന്ത്യയെയും ഈ വിഷവിത്തുക്കള്‍ തകര്‍ത്തെറിയും. പടര്‍ന്നുപന്തലിച്ച് നമ്മുടെ ജനാധിപത്യം മരിക്കും മുന്‍പേ ഓരോ മനുഷ്യനും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ തീരൂ.


………………………………………………………………………………………….


തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


…………………………………………………………………………………


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *