ചുരുളഴിയുന്നത് ആരോഗ്യമേഖലയിലെ വന്‍ചതിക്കുഴി!

Jess Varkey Thuruthel 

മെത്തയില്‍ തുന്നിപ്പഠിച്ച് ഡോക്ടര്‍! രോഗികളുടെ ജീവന്‍ പന്താടി ലൈഫ് കെയര്‍!!

കോതമംഗലം കുത്തുകുഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ ജനങ്ങളുടെ ജീവന്‍ പന്താടി ഒരു വ്യാജ ഡോക്ടര്‍ സേവനമനുഷ്ഠിച്ചത് ഏകദേശം മൂന്നു വര്‍ഷക്കാലം! കോതമംഗലം നിവാസിയായ ഡോക്ടര്‍ ജെന്നിഫര്‍ മാത്യുവിന്റെ 37920 എന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് മുരുകേശ്വരി എന്ന സ്ത്രീയാണ് ഇവിടെ ചികിത്സ നടത്തിയിരുന്നത്. ഇവരുടെ വിദ്യാഭ്യാസ യോഗ്യതയാകട്ടെ വെറും പ്ലസ് ടു മാത്രം! രോഗികളെ ചികിത്സിക്കാനും കുത്തിവയ്ക്കാനുമെല്ലാം ഇവര്‍ പഠിച്ചെടുത്തത് മെത്തയില്‍ തുന്നിപ്പഠിച്ചുകൊണ്ടായിരുന്നു! കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമായി നിരവധി ക്ലിനിക്കുകള്‍ നടത്തുന്ന സമദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലൈഫ് കെയര്‍ ആശുപത്രി. കൊച്ചിയിലും ഇയാള്‍ക്ക് ഇതുപോലുള്ള ക്ലിനിക്കുകള്‍ ഉണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.

ഡോ മുരുകേശ്വരി എം ഡി, ജനറല്‍ ഫിസിഷ്യന്‍, ലൈഫ് കെയര്‍ ഹോസ്പിറ്റല്‍, കുത്തുകുഴി എന്ന വിലാസത്തില്‍ രോഗികളെ ചികിത്സിച്ചിരുന്ന ഈ വ്യാജഡോക്ടര്‍ക്ക് വെറും പ്ലസ് ടു വിദ്യാഭ്യാസം മാത്രമാണ് ഉള്ളത്. ഇവര്‍ എഴുതി നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍പ്പോലും വലിയ പിഴവുകളാണ് ഉള്ളത്. സര്‍വ്വസാധാരണമായ പേരുകളുടെ സ്പെല്ലിംഗില്‍പ്പോലും പിഴവു സംഭവിച്ചിരിക്കുന്നു! ആലുവ മൂന്നാര്‍ റോഡില്‍, കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നാലോ അഞ്ചോകിലോമീറ്റര്‍ മാത്രം അകലെയാണ് ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്നത്.

ചികിത്സാ രംഗത്തെ വന്‍ചതിയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ!

ജോലിയോടു കൂറും ആത്മാര്‍ത്ഥതയുമുള്ള രണ്ടു യുവ ഡോക്ടര്‍മാരുടെ പ്രയത്ന ഫലം കൊണ്ടാണ് ലൈഫ് കെയര്‍ ആശുപത്രിയുടെ ഈ കപട മുഖം വെളിച്ചത്തു കൊണ്ടുവരാനായത്. മൂന്നാറിലേക്കുള്ള ഒരു യാത്രയിലാണ് ഈ ആശുപത്രി ഈ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉപരിപഠനത്തിനായി സമയം കണ്ടെത്തേണ്ടതിനാല്‍, വലിയൊരു ആശുപത്രി ചട്ടക്കൂടില്‍, എട്ടുമണിക്കൂര്‍ ജോലി ചെയ്യാന്‍ താല്‍പര്യപ്പെടാത്തതിനാലാണ് ചെറിയ ക്ലിനിക്കില്‍ വലിയ തിരക്കില്ലാത്ത ജോലി എന്ന തീരുമാനത്തിലേക്ക് ഇവര്‍ എത്തിയത്. ലൈഫ് കെയര്‍ ആശുപത്രിയുടെ കെട്ടും മട്ടും കണ്ടപ്പോള്‍ ആകര്‍ഷണം തോന്നി ഇവര്‍ ആശുപത്രി അധികാരിയായ സമദിനെ നേരിട്ടു ബന്ധപ്പെടുകയായിരുന്നു. എന്നാല്‍, ആ ആദ്യസംഭാഷണത്തില്‍, തങ്ങള്‍ക്ക് എം ഡി ഡിഗ്രിയുള്ള ഒരു ഡോക്ടര്‍ ഉണ്ടെന്നും ദിവസം 1500 രൂപ വേതനം അവര്‍ക്കു നല്‍കുന്നുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്കിപ്പോള്‍ വേറൊരു ഡോക്ടറെ ആവശ്യമില്ലെന്നും സമദ് അറിയിച്ചു. എം ബി ബി എസ് പാസായ ഡോക്ടര്‍ക്കു പോലും ദിവസം 6000 രൂപ ഏറ്റവും കുറഞ്ഞ വേതനമുള്ളപ്പോള്‍ (മണിക്കൂറിന് 250 രൂപ. ദിവസം 24 മണിക്കൂര്‍ എന്ന രീതിയില്‍ ആണ് പേമെന്റ്) ഡോക്ടര്‍ ഓഫ് മെഡിസിന്‍ എന്ന ഉയര്‍ന്ന ഡിഗ്രിയുള്ള ഒരാള്‍ക്ക് ഇത്ര കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച് അപ്പോള്‍ അവര്‍ ചിന്തിച്ചു.

ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സമദ് ഇവരെ വിളിച്ചു. ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ എത്തണമെന്നും സ്വഭാവം ശരിയല്ലാത്തതിനാല്‍ ക്ലിനിക്കില്‍ ഉണ്ടായിരുന്ന ഡോക്ടറെ പറഞ്ഞയച്ചുവെന്നും സമദ് പറഞ്ഞു. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ലൈഫ് കെയറില്‍ ജോലി ചെയ്യണമെന്നും ഇവരോടു പറഞ്ഞിരുന്നു. നല്‍കിയ താമസ സൗകര്യത്തിലും ഇവര്‍ സംതൃപ്തരായിരുന്നു. അതിനാല്‍, ആ ജോലി അവര്‍ ഏറ്റെടുത്തു. മുന്‍പ് സേവനമനുഷ്ഠിച്ച ഡോക്ടറുടെ രജിസ്ട്രേഷന്‍ നമ്പര്‍ കണ്ടപ്പോള്‍ അവര്‍ക്കൊരു നാല്‍പതു വയസിനു മുകളില്‍ പ്രായം കാണുമെന്ന് അവര്‍ ഊഹിച്ചു. ഇക്കാര്യം ലൈഫ് കെയറിലുള്ള റിസപ്ഷനിസ്റ്റുമായി പങ്കുവച്ചപ്പോള്‍, ഏകദേശം 28 വയസ് മാത്രം പ്രായമുള്ള ഒരു സ്ത്രീയായിരുന്നു ഈ ഡോക്ടര്‍ എന്നാണ് ഇവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഈ രജിസ്ട്രേഷന്‍ നമ്പറില്‍ 30 വയസിനു താഴെ ഒരു ഡോക്ടര്‍ കേരളത്തില്‍ ഉണ്ടാവില്ല എന്ന കാര്യം ഇവര്‍ക്ക് ഉറപ്പായിരുന്നു. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റേഷന്‍ നടത്തിയതാണോ എന്നറിയാന്‍ ഡോക്ടേഴ്സ് അസോസിയേഷന് ഈ നമ്പര്‍ നല്‍കി. അങ്ങനെ ഇന്ത്യയിലുള്ള എല്ലാ അസോസിയേഷനിലും ഈ നമ്പര്‍ അന്വേഷിച്ചു, പക്ഷേ, ഏതു സംസ്ഥാനത്തില്‍ ഈ നമ്പര്‍ അടിച്ചാലും മുരുകേശ്വരി എന്ന പേരില്‍, ഈ രജിസ്ട്രേഷന്‍ നമ്പറില്‍ ഒരു ഡോക്ടര്‍ ഇല്ല എന്നു കണ്ടെത്തി!

മുരുകേശ്വരി ജോലി ചെയ്യുന്നത് കേരളത്തില്‍ ആയതിനാല്‍ കേരളം മാത്രമേ നോക്കേണ്ടതുള്ളു. അങ്ങനെ കേരളത്തിലെ രജിസ്ട്രേഷന്‍ നമ്പര്‍ വീണ്ടും സൂക്ഷ്മമായി പരിശോധിച്ചു. അതോടെ ഈ രജിസ്ട്രേഷന്‍ നമ്പര്‍ ന്യൂറോളജിസ്റ്റായ ജെന്നിഫര്‍ മാത്യു കോവൂര്‍ എന്ന വ്യക്തിയുടേതാണെന്നു കണ്ടെത്തി. ജി പി അസോസിസിയേഷനിലെ ഡോക്ടര്‍മാരാണ് ഈ വിവരം കണ്ടെത്തിയത്.

പിന്നീട് മുരുകേശ്വരിയെക്കുറിച്ചായി അന്വേഷണം. യുക്രൈനില്‍ മെഡിസിനു പഠിക്കാന്‍ പോയ ഇവരെ യുക്രൈന്‍ സര്‍ക്കാര്‍ ഡിപോര്‍ട്ടു ചെയ്യുകയായിരുന്നുവെന്നും എം ബി ബി എസ് ആദ്യവര്‍ഷം പോലും ഇവര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഇവരോടൊപ്പം പഠിച്ചവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഇവര്‍ പഠിച്ച യൂണിവേഴ്സിറ്റിയിലും അന്വേഷണം നടത്തിയിരുന്നു. ലൈഫ് കെയറില്‍ ഇവര്‍ ജോലി ചെയ്തിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫയലുകളും മറ്റും പരിശോധിച്ചപ്പോള്‍ മറ്റൊരു കാര്യം കൂടി മനസിലായി. മെഡിക്കല്‍ ബുക്കില്‍പ്പോലും പരാമര്‍ശിക്കാത്ത കാര്യങ്ങളും മരുന്നുകളുടെ പേരുകളുമാണ് ഇവര്‍ ഫയലില്‍ കുറിച്ചിട്ടിരിക്കുന്നത്! ഓരോ രോഗികളുടെയും രോഗത്തിനു കൊടുക്കേണ്ട മരുന്നല്ല അവര്‍ കൊടുത്തിരിക്കുന്നത്. പനി ചികിത്സിച്ച രീതിയില്‍പ്പോലും മുഴുവന്‍ തെറ്റുകളാണ് ഇവര്‍ വരുത്തിയിരിക്കുന്നത്! മരുന്നിന്റെ പേരു പോലും എഴുതാന്‍ ഇവര്‍ക്ക് അറിയില്ല എന്നും മനസിലായി. അതോടെ ഡോക്ടര്‍മാര്‍ സമദിനെ വിളിച്ചു. തെളിവുകള്‍ നിരത്തി, സത്യം പറയണമെന്ന് ആവശ്യപ്പെട്ടു. യുവഡോക്ടര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സമദിന് ആയില്ല.

മുരുകേശ്വരി വെറും പ്ലസ് ടുക്കാരിയാണ്. സമദിന്റെ ഒരു സുഹൃത്ത് സാദിഖ് ലൈഫ് കെയര്‍ മിഷന്‍ ഹോസ്പിറ്റല്‍ മുളവൂര്‍, അടിവാട് എന്ന സ്ഥലത്ത് ഉണ്ട്. സമദിന്റെ പാര്‍ട്ടണറായ സാദിഖ് ഒരു നഴ്സാണ്. ഇയാളാണ് മുരുകേശ്വരിക്ക് പരിശീലനം നല്‍കിയത്. കുത്തിവയ്പ്പെടുക്കാനായി മെത്തയില്‍ തുന്നിപ്പഠിപ്പിച്ചു! സാധാരണയായി ചെറിയ അസുഖങ്ങളുള്ള രോഗികളാണ് ഇത്തരം ക്ലിനിക്കുകളില്‍ എത്തുന്നത്. പനി, ചുമ, തലവേദന, ബി പി, ഷുഗര്‍, തൈറോയ്ഡ്, തലക്കറക്കം, കൈകാല്‍ വേദനകള്‍ തുടങ്ങിയവ. ഇത്തരം രോഗലക്ഷണങ്ങളുമായി ആരെങ്കിലുമെത്തിയാല്‍ ഏതേതു മരുന്നാണ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച് ഒരു ഡയറിയില്‍ കുറിച്ചു നല്‍കി. ഇത്തരത്തില്‍ മുരുകേശ്വരിക്ക് മൂന്നു മാസത്തെ പരിശീലനം നല്‍കി കുത്തുകുഴി ലൈഫ് കെയറില്‍ ജോലി നല്‍കി.

ജനിച്ച് വെറും മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കു വരെ ഹൈ ഡോസിലുള്ള സ്റ്റീറോയ്ഡുകളാണ് നല്‍കിയിരിക്കുന്നത്. പിടിച്ചു കെട്ടിയതു പോലെ പനി നില്‍ക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. പെട്ടെന്നു പനി മാറുന്നതോടെ മാതാപിതാക്കള്‍ക്കും വലിയ സന്തോഷമാണ്. പനി വന്നാല്‍ പനിച്ചു മാറണമെന്ന സാമാന്യബോധം പോലും മലയാളികളില്‍ നിന്നും പൊയ്പ്പോയി. പനി 24 മണിക്കൂറെങ്കിലും നില്‍ക്കണമെന്ന സത്യം ഇവര്‍ മനസിലാക്കുന്നതു പോലുമില്ല. ഈ കുഞ്ഞുങ്ങള്‍ വളര്‍ന്ന് ഒരു മുപ്പതു വയസ് ആകുമ്പോഴേക്കും ഒരു മരുന്നും ഫലിക്കാത്ത നിലയിലേക്കു വരും. കാരണം അത്രയും ഹെവി ഡോസ് ആന്റി ബയോട്ടിക്കുകളാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനും അപ്പുറം ഡോസുള്ള ആന്റി ബയോട്ടിക് നിലവിലില്ല.

ശരീരത്തിലെ ഒരു ഭാഗത്തെക്കുറിച്ചും അറിവില്ലാത്ത ഒരാളാണ് ഫാര്‍മസിസ്റ്റുകള്‍. മെഡിസിന്‍ എടുത്തു കൊടുക്കുക എന്നതാണ് അവരുടെ ജോലി. ലൈഫ് കെയറില്‍ ഫാര്‍മസിസ്റ്റുകള്‍ വരെ രോഗികള്‍ക്ക് കുത്തിവയ്പ്പു നല്‍കുന്നു എന്നത് ഒന്നാലോചിച്ചു നോക്കൂ. നാഡീഞരമ്പുകള്‍ അറിയുന്ന നഴ്സിനു പോലും ശരിയായ രീതിയില്‍ കുത്തിവയ്പെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. അപ്പോഴാണ് മരുന്നെടുത്തു കൊടുക്കുന്നവര്‍ രോഗികളെ കുത്തിവയ്ക്കുന്നത്! ഒന്നോ രണ്ടോ വര്‍ഷത്തെ കോഴ്സ് കഴിഞ്ഞെത്തിയ ലാബ് ടെക്നീഷ്യന്‍സിനെ രാത്രി ഡ്യൂട്ടിക്കു നിയോഗിക്കും. സീരിയസ് കേസുകള്‍ മാത്രമേ രാത്രി കാലങ്ങളില്‍ എത്താറുള്ളു. പ്രാരാബ്ദമുള്ള, വളരെ പാവപ്പെട്ട വീടുകളിലെ കുട്ടികളെ ഇത്തരത്തില്‍ പണി ചെയ്യിപ്പിക്കും. യാതൊരു പരാതിയും പറയാതെ സമദ് പറയുന്ന ജോലികളെല്ലാം ഇവര്‍ ചെയ്തു തീര്‍ക്കുകയും ചെയ്യും. ആറായിരമോ ഏഴായിരമോ രൂപ ശമ്പളം കൊടുത്താല്‍ ഈ കൊള്ളരുതായ്മകള്‍ക്കെല്ലാം കൂട്ടുനില്‍ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകും.

ആശുപത്രിയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉറപ്പിച്ചതോടെ ഈ കുട്ടികളുടെ യോഗ്യതകളെക്കുറിച്ചു ഈ യുവഡോക്ടര്‍മാര്‍ അന്വേഷണം നടത്തി. എ എന്‍ എം, ജി എന്‍ എം, ബി എസ് സി എന്നീ യാതൊരു യോഗ്യതകളുമില്ലാത്തവരെയാണ് നഴ്സായി സമദ് നിയമിച്ചിരിക്കുന്നത്. രണ്ടു ലാബ് ടെക്നീഷ്യന്‍സിനു മാത്രമാണ് ലാബില്‍ നില്‍ക്കാന്‍ ആവശ്യമായ യോഗ്യതകള്‍ ഉണ്ടായിരുന്നത്. മുരുകേശ്വരി വ്യാജ ഡോക്ടര്‍ ആണെന്ന് ഈ ടെക്നീഷ്യന്‍സ് മനസിലാക്കിയതോടെ ഇവരെ രണ്ടുപേരെയും സമദ് പിരിച്ചു വിട്ടു.

മുരുകേശ്വരിയ്ക്ക് എതിരെയുള്ള തെളിവുകള്‍ കണ്ടെത്താനായി പിന്നത്തെ ശ്രമം. ഇവര്‍ കൊടുത്ത ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ മരണ സര്‍ട്ടിഫിക്കറ്റോ സംഘടിപ്പിച്ചാല്‍ ഇവര്‍ക്കെതിരെയുള്ള തെളിവാണത്. അങ്ങനെയിരിക്കെയാണ് ബന്ധുവിന്റെ ഡെത്ത് കണ്‍ഫര്‍മേഷന്‍ ആവശ്യപ്പെട്ട് ഒരാള്‍ എത്തുന്നത്. ഡെത്ത് ഡിക്ലറേഷന്‍ ഫോം കാണാപ്പാഠമായിരുന്നിട്ടും മുരുകേശ്വരി നല്‍കിയ മരണസര്‍ട്ടിഫിക്കറ്റിന്റെ സാമ്പിള്‍ ആവശ്യപ്പെട്ടു. മൊബൈലില്‍ കാണിച്ച സാമ്പിള്‍ ഫോം തന്ത്രപൂര്‍വ്വം തങ്ങളുടെ ഫോണിലേക്ക് അയപ്പിച്ചു. ആ ഫോം നിറയെ സീലുകളായിരുന്നു. ആശുപത്രിയുടെ ഒരേതരത്തിലുള്ള നാലു സീലുകളും ഡോ മുരുഗേശ്വരിയുടെ രണ്ടു സീലുകളും! ഒരു പേജ് മരണസര്‍ട്ടിഫിക്കറ്റില്‍ ആറു സീലുകള്‍ ഇത്തരത്തില്‍, പണം വാങ്ങി രണ്ടായിരത്തിലധികം സര്‍ട്ടിഫിക്കറ്റുകളാണ് ആശുപത്രി നല്‍കിയിരിക്കുന്നത്. ഒരു ഡോക്ടര്‍ക്കു മാത്രമാണ് മരണസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശമുള്ളത്. ആ നിയമം പോലും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല!

ഈ യുവ ഡോക്ടര്‍മാര്‍ ലൈഫ് കെയറില്‍ ജോലി ചെയ്തിരുന്ന ഹ്രസ്വകാലയളവില്‍ മുരുകേശ്വരിയെ കാണാന്‍ ഒരു പെണ്‍കുട്ടിയെത്തി. ഏകദേശം 22 വയസ് പ്രായം വരും. തങ്ങള്‍ക്കു മുന്നിലിരുന്നു കരഞ്ഞ പെണ്‍കുട്ടിയോടു കാര്യം തിരക്കിയപ്പോള്‍ ഒരു സ്‌കാന്‍ റിപ്പോര്‍ട്ട് എടുത്തു നീട്ടി. വയര്‍ വേദനയുമായി എത്തിയ ഈ പെണ്‍കുട്ടിക്ക് മുരുകേശ്വരി മരുന്നുകള്‍ കുറിച്ചു നല്‍കി. യാതൊരു വിധത്തിലും പേടിക്കേണ്ട എന്നും രോഗം കാര്യമാക്കാനില്ലെന്നും ആശ്വസിപ്പിച്ചു. ഏറെക്കാലം മരുന്നു കഴിച്ചിട്ടും രോഗം ശമിക്കാതെ വന്നപ്പോള്‍ ഈ പെണ്‍കുട്ടി സ്വന്തം തീരുമാനപ്രകാരം സ്‌കാന്‍ ചെയ്തു, റിപ്പോര്‍ട്ടുമായി മുരുകേശ്വരിയുടെ അടുത്തു വീണ്ടുമെത്തി. ഈ സ്‌കാനിംഗില്‍ ഒരു കുഴപ്പവുമില്ല, ആയുര്‍വ്വേദ ചികിത്സ കൊണ്ടു മാറ്റാവുന്നതേയുള്ളു എന്നായിരുന്നു മുരുകേശ്വരി പറഞ്ഞത്. വേദന കൂടി വന്നതോടെ പെണ്‍കുട്ടി ഈ റിപ്പോര്‍ട്ട് ഒരു ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. അപ്പോഴാണ് തനിക്ക് സ്റ്റേജ് 4 ക്യാന്‍സര്‍ ആണെന്നും ഇനി രക്ഷയില്ലെന്നും ആ പെണ്‍കുട്ടി അറിഞ്ഞത്. ഹൃദയഭേദകമായ ആ സത്യം അറിഞ്ഞ ശേഷമുള്ള വരവായിരുന്നു അത്. സ്‌കാന്‍ റിപ്പോര്‍ട്ടും കൈയില്‍ പിടിച്ച് വിതുമ്പിക്കരയുകയായിരുന്നു ആ പെണ്‍കുട്ടി. മാരക രോഗം പിടിപെട്ട, രക്ഷപ്പെടുത്താന്‍ സാധ്യതയുണ്ടായിരുന്ന, ഒരു പെണ്‍കുട്ടിയെ മരണത്തിലേക്കു തള്ളിവിടുകയായിരുന്നു മുരുകേശ്വരി ചെയ്തത്. എത്രയോ വലിയ ക്രിമിനല്‍കുറ്റമായിരുന്നു അത്!

സമദിന്റെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കുന്നവരുടെയെല്ലാം സ്വഭാവം മോശമാണെന്നാരോപിച്ച് ആശുപത്രിയില്‍ നിന്നും പിരിച്ചു വിടുകയാണ് ഇയാള്‍ ചെയ്തിരുന്നത്. സമദുമായി തെറ്റിപ്പിരിഞ്ഞ് മുരുകേശ്വരി ലൈഫ് കെയര്‍ വിട്ടു പോയതിനു ശേഷം മറ്റൊരു ഡോക്ടര്‍ ഇവിടെ സേവനത്തിന് എത്തിയിരുന്നു. എന്നാല്‍ ഈ ഡോക്ടറും അധിക കാലം ഇവിടെ നിന്നില്ല. ഡോക്ടര്‍ കുറിച്ചു നല്‍കുന്ന മരുന്നുകളല്ല ഫാര്‍മസിയില്‍ നിന്നും രോഗികള്‍ക്കു നല്‍കിയിരുന്നത്, മറിച്ച് സമദ് തീരുമാനിക്കുന്ന മരുന്നുകളായിരുന്നു. രോഗി ഏതു മരുന്നു കഴിക്കണമെന്നു തീരുമാനിക്കുന്നത് പത്താംക്ലാസ് വിദ്യാഭ്യാസമുള്ള സമദാണ്! മരുന്നു കഴിച്ചിട്ടും രോഗം മാറിയില്ലെന്ന പരാതിയുമായി ഡോക്ടറുടെ അടുത്തെത്തിയ രോഗികളോട് കഴിച്ച മരുന്ന് ഏതെന്നു കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തങ്ങള്‍ കുറിച്ചു നല്‍കിയ മരുന്നല്ല ഇവര്‍ വാങ്ങിക്കഴിച്ചതെന്നു മനസിലാക്കുന്നത്!

വളരെ കുറഞ്ഞ ശമ്പളത്തില്‍ ഡോക്ടേഴ്സിനെ നിയമിക്കുക എന്നതായിരുന്നു സമദിന്റെ രീതി. മെത്തയില്‍ തുന്നിയും ഹൈ ഡോസ് മരുന്നുകളുടെ ലിസ്റ്റുനല്‍കിയും പരിശീലിപ്പിച്ചെടുത്ത മറ്റൊരു ഡോക്ടര്‍ കസ്റ്റഡിയില്‍ ഇല്ലാത്തതിനാലാണ് യോഗ്യതകളുള്ള ഈ യുവ ഡോക്ടര്‍മാരെ നിയമിക്കാന്‍ കാരണം. മുരുകേശ്വരി കൈകാര്യം ചെയ്ത അതേ ഫയല്‍ ഇവരുടെ കൈകളിലൂടെ പോകുമ്പോള്‍ അതെഴുതിയ ആള്‍ യഥാര്‍ത്ഥ ഡോക്ടറാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന സത്യം മനസിലാക്കാന്‍ പത്താംക്ലാസ് വിദ്യാഭ്യാസമുള്ള സമദിനു കഴിയാതെ പോയി.

(ലൈഫ് കെയര്‍ ആശുപത്രിയുടേയും അതിന്റെ നടത്തിപ്പുകാരനായ സമദിന്റെയും കള്ളത്തരങ്ങള്‍ പൊളിച്ചടുക്കിയ യുവ ഡോക്ടര്‍മാരുടെ ജീവനു ഭീഷണിയുള്ളതിനാല്‍ അവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നു.)

ലേഖനത്തിന്റെ അടുത്ത ഭാഗം നാളെ.

Leave a Reply

Your email address will not be published. Required fields are marked *