ഇനിയിവിടെ നടക്കുന്നത് ആത്മഹത്യകളുടെ ഘോഷയാത്രകള്‍, എങ്കിലും നമുക്കു പാടാം പിണറായി സുധാകര വീരചരിതങ്ങള്‍…..!!

“കേമനാരെടാ, ഞാനോ അതോ നീയോ” എന്ന മത്സരം നടക്കുകയാണിങ്ങു കേരളത്തില്‍.


എല്ലായിപ്പോഴുമെന്നതു പോലെ കുടത്തില്‍ നിന്നും തുറന്നു വിട്ട ഭൂതഗണങ്ങളെപ്പോലെ, വീട്ടില്‍ ഉണ്ണാനും ഉടുക്കാനുമുള്ള വകയുള്ളവരും യാതൊരല്ലലുമില്ലാതെ ജീവിതം ആഘോഷമാക്കിയവരുമെല്ലാം രണ്ടു ചേരിയിലായി നിരന്നു കഴിഞ്ഞു. അങ്കത്തിനു കൊഴുപ്പു കൂട്ടാനും ഇടയില്‍ നിന്നു പ്രോത്സാഹിപ്പിക്കാനും മാധ്യമങ്ങളുമുണ്ട്. എല്ലാവരും നെട്ടോട്ടത്തിലാണ്, പിണറായി സുധാകര പൂര്‍വ്വകാല കഥകള്‍ ചികയാന്‍…. പറഞ്ഞതിലെ നേരും നെറിയും നെല്ലും പതിരും വേര്‍തിരിച്ചെടുക്കാന്‍…..

കുട്ടിയായിരുന്നപ്പോള്‍ നടത്തിയ ഗുണ്ടാശ്രമങ്ങള്‍ തട്ടിക്കൊണ്ടുപോകലുകള്‍ ജനനത്തീയതികള്‍ വരെ തപ്പിയെടുത്ത് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടത്തുകയാണ്…. ആഹാ… യുദ്ധം…! കൊടും യുദ്ധം….!! കണ്ടുനിന്നു കൈയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരുടെ നീണ്ടനിര……!

ഈ നേതാക്കളോടും പ്രോത്സാഹനക്കമ്മറ്റിക്കാരോടും തമ്മില്‍ത്തല്ലികളോടും ഒരു ചോദ്യം ചോദിക്കുകയാണ്……

ഈ കൊറോണക്കാലത്ത് ഏതെങ്കിലുമൊരു ദിവസമെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ നിങ്ങള്‍….?? മാധ്യമങ്ങള്‍ക്കു മുന്നില്‍ നിങ്ങള്‍ നടത്തുന്ന പട്ടിണിനാടകങ്ങളും കഷ്ടപ്പാടുകളുടെ വിഴുപ്പുഭാണ്ഡങ്ങളുടെ അഴിക്കലുമല്ല ഞാന്‍ ഉദ്ദേശിച്ചത്. മറിച്ച് പച്ചയായ ജീവിതത്തെ അടുത്തറിഞ്ഞു കണ്ടിട്ടുണ്ടോ നിങ്ങള്‍….?? ആ ദുരിതങ്ങളകറ്റാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്തു വിട്ടവര്‍ തെരുവു നായ്ക്കളെപ്പോലെ കടിപിടി കൂടുന്നു….! അതിനു ചൂട്ടും പിടിച്ച് എരിപിരി കയറ്റി വേറെ കുറെപ്പേര്‍…..!!

ബലേ ഭേഷ്….

ജീവിക്കാനുള്ള സകല ഉപാധികളും നഷ്ടമായി പ്രതീക്ഷകളും സ്വപ്‌നങ്ങളും കരിഞ്ഞുണങ്ങി ഇനിയെങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നാലോചിച്ച് ഓരോ ദിവസവും തള്ളിനീക്കുന്ന മനുഷ്യരുടെ നെഞ്ചത്തു കയറി നിന്നു തന്നെ വേണം നിങ്ങളീ പോര്‍വിളി നടത്താന്‍…..

ഉളുപ്പുണ്ടോ നേതാക്കളേ നിങ്ങള്‍ക്ക്…??

ഇന്നലെ വരെ നിങ്ങള്‍ എങ്ങനെ ആയിരുന്നു എന്നതോ നിങ്ങളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റുകളോ നിങ്ങള്‍ നടത്തിയ ദാനധര്‍മ്മങ്ങളുടെ കണക്കുകളോ പട്ടിണി കിടക്കുന്ന ഈ പാവങ്ങള്‍ക്കാവശ്യമില്ല.

കേരളത്തില്‍ നിങ്ങള്‍ നടത്താനുദ്ദേശിക്കുന്ന വികസനങ്ങളെക്കുറിച്ചും അവര്‍ക്കറിയേണ്ടതില്ല.

മറിച്ച്, ജീവിതം തന്നെ നിലച്ചു പോയ ഈ പാവങ്ങള്‍ക്കാവശ്യം മുന്നോട്ടുള്ള ജീവിതമാണ്. നിലച്ചു പോയിരിക്കുകയാണത്… മുന്നോട്ടവരെ നയിക്കാന്‍ വല്ല ഉപാധികളും നിങ്ങളുടെ പക്കലുണ്ടോ…??

ലോക്ഡൗണില്‍ അടങ്ങി പതുങ്ങി മിണ്ടാതിരിക്കുന്ന ബാങ്കുകള്‍ ചീറ്റപ്പുലികളെപ്പോലെ കുതിച്ചു ചാടുന്ന ഒരു ദിവസം വരും….. വിവിധ ആവശ്യങ്ങള്‍ക്കായി, ജീവിക്കാനൊരു മാര്‍ഗത്തിനായി, ഒരു കൂരയ്ക്കായി എടുത്ത ലോണുകളുടെ തിരിച്ചടവിനായി ബാങ്കുകള്‍ ഈ മനുഷ്യര്‍ക്കുമേല്‍ ചാടിവീഴുന്ന ഒരു ദിവസം…..

ഇനിയെങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ പകച്ചു നില്‍ക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് സുധാകര പിണറായി ചരിതം ആട്ടക്കഥകളുമായി നിങ്ങള്‍ നിറഞ്ഞാടുകയല്ലേ….!! നടക്കട്ടെ നാടകം…..

സുധാകരന്‍ ഗുണ്ടയും ക്രിമിനലുമായിരുന്നുവെങ്കില്‍ ഇത്രയും കാലം വായില്‍ കൊഴുക്കട്ടയും തള്ളി മിണ്ടാതിരുന്നത് എന്തിനായിരുന്നു എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണം. കഴിഞ്ഞ തവണയും ഭരണം നിങ്ങളുടെ കൈയിലായിരുന്നില്ലേ…?? സുധാകരനെന്ന ഗുണ്ടയ്‌ക്കെതിരെ സത്യസന്ധമായ രീതിയില്‍ അന്വേഷണം നടത്താനും കുറ്റക്കാരനെന്നു കണ്ടാല്‍ ശിക്ഷിക്കാനും നിങ്ങള്‍ക്കു കഴിയുമായിരുന്നില്ലേ…?? കുറ്റവാളിയെന്നുത്തമ ബോധ്യമുള്ള ഒരു വ്യക്തിയെ നിങ്ങളെന്തിനാണ് ഇത്രയും കാലം വെറുതെ വിട്ടത്…?? ആ മനുഷ്യന്‍ പ്രതിപക്ഷ നേതാവായി നിങ്ങളുടെ ചെയ്തികളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ നിങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയായപ്പോള്‍ അയാള്‍ തെമ്മാടിയും ഗുണ്ടയും ക്രിമിനലുമായതെങ്ങനെയാണ്…??

വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വന്തം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ ശ്രമിച്ചുവെങ്കില്‍, ഒരു പിതാവെന്ന നിലയ്‌ക്കെങ്കിലും പിണറായി വിജയന്‍ ഇയാള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കാന്‍ ഇക്കാലയളവിലെന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ….?? കേരളത്തിലെ ഒരു സാധാരണ പിതാവല്ല പിണറായി. മറിച്ച് രണ്ടാം തവണയും ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയ വ്യക്തിയാണ്. മുഖ്യമന്ത്രിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഒരുവന്‍ തന്നോടെതിര്‍ക്കുന്ന സാധാരണ മനുഷ്യരെയും അവരുടെ കുടുംബത്തെയും വെറുതെ വിടുമെന്ന നിഷ്‌കളങ്ക ചിന്തയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയിരിക്കുമോ…??

ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി എന്നിവരുടെ നിരയിലേക്ക് ഉയര്‍ന്നു വരാതെ മറ്റൊരു വശത്തു കൂടി മാറി നടന്ന സുധാകരനെതിരെ നിങ്ങള്‍ ആക്രമണം അഴിച്ചു വിട്ടിരുക്കുന്നു. അതിനു കാരണം ഇന്നാ മനുഷ്യന്‍ കെ പി സി സി പ്രസിഡന്റ് ആണെന്നതാണ്…. തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ ഒരു നാടിന്റെ മുഖ്യമന്ത്രി നേരിടുന്നത് ഇങ്ങനെയാണോ…??


സാധാരണക്കാരുടെ പാര്‍ട്ടി എന്തുകൊണ്ട് സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ നിന്നുമകന്നു നില്‍ക്കുന്നു…..??

രണ്ടാമതൊരിക്കല്‍ക്കൂടി പൂട്ടുതുറന്ന് ജനം തെരുവിലേക്കിറങ്ങിത്തുടങ്ങി…. നിശ്ചലമായിപ്പോയ ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടങ്ങള്‍ അവര്‍ ആരംഭിച്ചു കഴിഞ്ഞു. വീണുകിടന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ആരംഭിക്കുമ്പോഴേക്കും അടുത്ത പൂട്ടും വീണിരിക്കും. എഴുന്നേല്‍ക്കാനുള്ള ശ്രമങ്ങളെങ്കിലും നടത്താന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാകുമോ എന്നറിയില്ല…..

കേരളത്തിലെ കുടുംബങ്ങളിലേക്കു കണ്ണോടിക്കാന്‍ പറയുമ്പോള്‍ പോക്കറ്റില്‍ ചിക്കിലിയുള്ളവരുടെ വീട്ടിലേക്കെത്തി നോക്കുന്നതു നിങ്ങള്‍ അവസാനിപ്പിക്കണം. പകരം, ജീവിക്കാന്‍ നിവൃത്തിയില്ലാതെ പട്ടിണി കിടക്കുന്ന കുടുംബത്തിലേക്കു ദൃഷ്ടി പതിപ്പിക്കണം.

കേരളത്തില്‍ എത്ര അണുകുടുംബങ്ങള്‍ ഉണ്ടാകും…?? അമ്പതു ശതമാനം പോലും അണുകുടുംബങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. അച്ഛനും അമ്മയും ഒന്നോ രണ്ടോ കുഞ്ഞുങ്ങളും പിന്നെ അവരുടെ മുത്തച്ഛനും മുത്തശ്ശിയും ഉള്‍പ്പടെ കുറഞ്ഞത് അഞ്ചു പേരെങ്കിലും ഒരു കുടുംബത്തില്‍ ഉണ്ടാകും. ഓരോ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ആളൊന്നിന് ഏകദേശം രണ്ടുകിലോ പുഴുക്കലരിയും പച്ചരിയും ഗോതമ്പും മണ്ണെണ്ണയുമാണ് ലഭിക്കുക. അഞ്ചുകിലോ അംഗങ്ങളുള്ള ഒരു കുടുംബത്തിന് മാസത്തില്‍ പത്തുകിലോ അരി. കൊറോണക്കാലം പ്രമാണിച്ച് സൗജന്യകിറ്റും, കൂടാതെ മാവേലി സ്റ്റോറില്‍ നിന്നും സൗജന്യ നിരക്കില്‍ കിട്ടുന്ന ഭക്ഷ്യസാധനങ്ങളും. ഇതൊരു ശരാശരി കണക്കാണ്.

ലോക്ഡൗണില്‍ വിവിധതരം ഭക്ഷണസാധനങ്ങള്‍ പാകംചെയ്ത് തിന്നുകുടിച്ച് ജീവിതം ആഘോഷമാക്കിമാറ്റുന്ന സുഖലോലുപ മലയാളികളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. വീട്ടില്‍, ആവശ്യത്തിനു കൃഷിയിടങ്ങളും ആഹാരസാധനങ്ങളും ഉള്ളപ്പോഴും പാവപ്പെട്ടവന്റെ അരിയും സാധനങ്ങളും വന്‍തോതില്‍ വാങ്ങി വീട്ടിലെ പക്ഷിമൃഗാദികള്‍ക്ക് ആഹാരമായി കൊടുക്കുന്നവരെക്കുറിച്ചുമല്ല എന്റെയീ സംസാരം. മറിച്ച്, ഒന്നരവര്‍ഷമായി രാജ്യത്ത് താണ്ഡവനൃത്തം ചവിട്ടുന്ന കൊറോണ എന്ന മഹാമാരിയില്‍ ജീവിതവും ജീവനോപാധിയും നിശ്ചലമായി വിറങ്ങലിച്ചു നില്‍ക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ ശബ്ദമാണു ഞാന്‍ പറഞ്ഞത്.

രണ്ടാം പിണറായി സര്‍ക്കാര്‍…..

തലയ്്ക്കുമുകളിലൂടെ മഹാദുരന്തങ്ങളുടെ വര്‍ഷപ്പെരുമഴ പെയ്തിറങ്ങിയപ്പോഴും പതറാതെ പിടിച്ചു നിന്ന് അതിനെയെല്ലാം നേരിട്ട ചങ്കൂറ്റത്തിന്റെ പേരിലാണ് പിണറായി സര്‍ക്കാര്‍ രണ്ടാമതും തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ വിജയം കണ്ടത്. സൗജന്യറേഷനും കിറ്റും നല്‍കി ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുക എന്നതിനായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്. ആ കരുതലിന്റെ പേരിലും ജനം പിണറായി സര്‍ക്കാരിനൊപ്പം നിന്നു. അങ്ങനെ രണ്ടാം വട്ടം……

ജീവനോപാധികള്‍ നഷ്ടമാവട്ടെ, ആദ്യം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാമെന്നതായിരുന്നു ആഹ്വാനം. കൊറോണയ്‌ക്കൊപ്പം, അതിനെ നേരിട്ടു കൊണ്ടുതന്നെ ജീവിക്കാന്‍ ജനങ്ങള്‍ പഠിച്ചു കഴിഞ്ഞു. ഇനിവേണ്ടത് അവരുടെ ജീവിതം തിരിച്ചു പിടിക്കുക എന്നതാണ്. അതിനവര്‍ക്ക് ജീവിക്കാനുള്ള മാര്‍ഗ്ഗമുണ്ടാക്കി നല്‍കണം. താങ്ങേണ്ടവരെ താങ്ങി, ചുമലിലെടുക്കേണ്ടവരെ അത്തരത്തില്‍ സംരക്ഷിച്ച്, കൂടെ നില്‍ക്കേണ്ടവര്‍ക്കൊപ്പം നിന്ന് ഒരു സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരാണെന്നു തെളിയിക്കേണ്ട സമയമാണിത്….

അതിനിടയിലാണ് ഇത്തരം വിലകുറഞ്ഞ ആക്രമണ പ്രത്യാക്രമണങ്ങള്‍……

ഒന്നു പോലും പാഴായിപ്പോകാതെ ഓരോ നാണയങ്ങളും കൂട്ടിവച്ച്, ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ കാലിടറുകയാണ്. വിജയാഘോഷമെന്ന പേരില്‍, സത്യപ്രതിജ്ഞ എന്ന പേരില്‍, മരങ്ങള്‍ മുറിച്ചു കടത്തിയതിന്റെ പേരില്‍, ഇപ്പോഴിതാ പിണറായി-സുധാകര മാമാങ്കവും…..

ഈ ദുരിത കാലത്ത് ഒരു ജനകീയ സര്‍ക്കാര്‍ ലക്ഷ്യമിടേണ്ടത് വികസന പ്രവര്‍ത്തനങ്ങളില്ല, മറിച്ച്, ജനങ്ങളുടെ നഷ്ടപ്പെട്ടു പോയ ജീവമാര്‍ഗ്ഗങ്ങള്‍ എങ്ങനെ തിരിച്ചു പിടിക്കാമെന്നതിനെക്കുറിച്ചാണ്. മറ്റെല്ലാ വിഷയങ്ങളും നിറുത്തി വച്ച് ഈ സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കേണ്ടത് ഈയൊരു കാര്യത്തിലാണ്. അങ്ങനെയെങ്കില്‍ മൂന്നാമതും ഈ സര്‍ക്കാരിനു സ്വന്തം തുടര്‍ഭരണമുറപ്പിക്കാം. അല്ലാത്ത പക്ഷം തോളിലേറ്റിയ ജനങ്ങള്‍ തന്നെ പുറംകാലു കൊണ്ടു തൊഴിച്ചെറിയും…..

ഇനി വരാനിരിക്കുന്നത് ആത്മഹത്യകളുടെ പ്രളയകാലമാണ്….. ഭരിക്കുന്ന ഏതെങ്കിലുമൊരാള്‍ക്ക് ഈ ബോധമുണ്ടെങ്കില്‍ വൃത്തികെട്ട ചെളിവാരിയെറിയലുകളും അനാവശ്യ ഏറ്റുമുട്ടലുകളും അവസാനിപ്പിക്കുക… ജനങ്ങള്‍ക്കു ജീവിക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ടായേ തീരൂ… സര്‍വ്വനാശത്തില്‍ നിന്നും അവര്‍ക്കു കരകയറണം….. ഈ നാണംകെട്ട രാഷ്ട്രീയക്കാരുടെ കോണകം താങ്ങുന്ന പണിയവസാനിപ്പിച്ച് സ്വന്തം കടമകള്‍ ചെയ്യാന്‍ മാധ്യമങ്ങളും തയ്യാറായേ തീരൂ….

……………………………………………………………………………..
Jessy Thuruthel
Chief Editor
Thamasoma.com

Leave a Reply

Your email address will not be published. Required fields are marked *