നിരപരാധികളുടെ ചുടുചോരയില്‍ തീര്‍ത്ത രാമരാജ്യം

ജെസ് വര്‍ക്കി തുരുത്തേല്‍

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ദൈവമുണ്ടെന്നും ആകാശത്തിന്റെയും ഭൂമിയുടേയും മാത്രമല്ല, ഈ പ്രപഞ്ചത്തെയപ്പാടെ സൃഷ്ടിച്ച ജഗദീശ്വരനാണ് ഈ പ്രപഞ്ചത്തിന്റെ അധികാരി എന്നുമാണ് ഈശ്വരവിശ്വാസികളപ്പാടെ, അവര്‍ ഏതുമതത്തില്‍ പെട്ടവരുമാകട്ടെ, വിശ്വസിക്കുന്നത്. പക്ഷേ, സകലത്തിന്റെയും അധിപനായ ഈശ്വരന്‍ ഈ ഭൂമിയില്‍ ഇത്തിരി മണ്ണിനായി, വിശ്വാസികള്‍ സമര്‍പ്പിക്കുന്ന സ്വര്‍ണ്ണത്തിനും കാണിക്കയ്ക്കുമായി ആര്‍ത്തിപിടിച്ചു യുദ്ധം ചെയ്യുന്ന, കൊന്നൊടുക്കുന്ന കാഴ്ച! വിചിത്രമെന്നല്ലാതെ എന്തുപറയാന്‍!!

1528 ല്‍, മുഗള്‍ ചക്രവര്‍ത്തിയായ ബാബറുടെ ഗവര്‍ണര്‍ ജനറലായിരുന്ന മീര്‍ബാഖിയാണ് ബാബറി മസ്ജിജ് പണിതതെന്ന് ചരിത്രം പറയുന്നു. എന്നാല്‍, മുന്നൂറു നൂറ്റാണ്ടുകള്‍ക്കു ശേഷം, 1853 ല്‍ നിര്‍മോഹി (പേരു ശ്രദ്ധിച്ചേ തീരൂ. നിര്‍മോഹി എന്നാല്‍ യാതൊന്നിനോടും മോഹമില്ലാത്തവന്‍/വള്‍ എന്നാണ് അര്‍ത്ഥം. ലോകത്തുള്ള സകലതിനോടും മോഹവും ആര്‍ത്തിയും വച്ചു പുലര്‍ത്തുന്നവരാണ് അവരെന്ന് പിന്നീടുണ്ടായ രക്തച്ചൊരിച്ചിലില്‍ നിന്നും മനസിലാക്കാം) രാമക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പള്ളി പണിതതെന്നാരോപിച്ച് അവകാശവാദങ്ങള്‍ക്കു തുടക്കമിടുന്നു. അവിടുന്നിങ്ങോട്ട്, 1992 ഡിസംബര്‍ 6 ന് കര്‍സേവര്‍ ബാബറി മസ്ജിദ് തകര്‍ത്തതിനു ശേഷവും പിന്നീട് ഈ നിമിഷം വരെയും ഹിന്ദു-മുസ്ലീം വൈരവും വെറുപ്പും കൊലവിളികളും അതിക്രൂരമായ കൊലപാതകങ്ങളും ബലാത്സംഗങ്ങളും പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊന്നൊടുക്കിയും ബോംബിട്ടു തകര്‍ത്തും ദൈവത്തിനായി പണിയെടുക്കുകയാണ് ഇവിടെക്കുറെ മനുഷ്യപ്പിശാച്ചുക്കള്‍.

നീതിമാനായ ഭരണാധികാരിയായി ഹിന്ദുജനത വാഴ്ത്തുന്ന രാമന്റെ പേരില്‍ രക്തം പുഴപോലെയൊഴുകി! അതിക്രൂരമായ അക്രമസംഭവങ്ങള്‍ക്കു നേതൃത്വം നല്‍കി, ഭീകരത അഴിച്ചുവിട്ട് ജനജീവിതം ദുരിതപൂര്‍ണ്ണമാക്കിയ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്തു തകര്‍ത്തതല്ല ബാബറി മസ്ജിദ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍! അങ്ങനെ ആ കേസിലെ പ്രതികളെയെല്ലാം ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ചേര്‍ന്നു രക്ഷപ്പെടുത്തിയെടുത്തു!!

വിശ്വാസത്തിന്റെ പേരില്‍, ദൈവങ്ങളുടെ പേരില്‍, സ്വത്തിനും പണത്തിനും അധികാരത്തിനും ഭൂമിക്കും വേണ്ടി, ദൈവത്തിനു വേണ്ടിയെന്ന പേരില്‍, ഭൂമിയില്‍ മനുഷ്യര്‍ നടത്തുന്ന സമാനതകളില്ലാത്ത നരനായാട്ട്. ഹിന്ദുവിന്റെയോ മുസല്‍മാന്റെയോ ക്രിസ്ത്യാനിയുടേയോ ആരുടെ ദൈവവുമാകട്ടെ, ഈ ഭൂമിയില്‍ എവിടെയെങ്കിലും ആ ദൈവം ജീവനോടെ, എല്ലാം വീക്ഷിച്ചുകൊണ്ട് ഉണ്ടായിരുന്നുവെങ്കില്‍ ഇക്കണ്ട ചുടുചോരയൊന്നും ഈ ഭൂമിയില്‍ പതിക്കില്ലായിരുന്നു! ഇക്കാണായ അതിക്രമങ്ങള്‍ ഈ ഭൂമിയില്‍ നടമാടില്ലായിരുന്നു!! യാതൊരു തെറ്റും ചെയ്യാത്ത, തികച്ചും നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവനെയെങ്കിലും സംരക്ഷിക്കാന്‍ ആ ദൈവത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുമായിരുന്നു!

ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ജീവനെടുത്തുകൊണ്ടാണ് ദൈവം ഈ ഭൂമിയില്‍ പിറവി കൊണ്ടതെന്ന് വിശുദ്ധഗ്രന്ഥകര്‍ത്താക്കളെല്ലാം ഏകസ്വരത്തില്‍ പറയുന്നു. എന്തേ, ആ കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ ദൈവം കൂട്ടുനിന്നു? ആ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ട് ഈ ദൈവങ്ങള്‍ക്കു പിറവി കൊള്ളാമായിരുന്നില്ലേ?? എന്തേ അതു സാധിച്ചില്ല? എന്നിട്ടും വിശ്വാസികള്‍ പറയുന്നു, ദൈവം സ്‌നേഹമാണെന്ന്, സംരക്ഷകനാണ് എന്ന്, സങ്കടങ്ങളെയും ആപത്തുകളെയും അകറ്റുന്നവനാണ് എന്ന്! വിശ്വാസികളായ വിശ്വാസികളെല്ലാം അതു തൊണ്ടതൊടാതെ വിഴുങ്ങുന്നു, ആ ദൈവത്തിനു വേണ്ടി, പരസ്പരം കടിച്ചുകീറുന്നു, കൊന്നൊടുക്കുന്നു! ചോരപ്പുഴകളൊഴുക്കുന്നു!! ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീങ്ങളുമെല്ലാം പരസ്പരം കൊന്നൊടുക്കുന്നു. ഭരണാധികാരികളും നിയമവും അധികാരികളുമെല്ലാം അതിനു കൂട്ടുനില്‍ക്കുന്നു! മതേതരത്വത്തിന്റെ വക്താക്കളെന്നവകാശപ്പെട്ട് വര്‍ഗ്ഗീയത ആളിക്കത്തിക്കുന്നു!

ഇവിടെ ചില നിഷ്‌കളങ്കരുണ്ട്. പ്രായം അമ്പതിനുമേല്‍ ആയിട്ടും ചെറിയ കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയുമായി ജീവിക്കുന്നവര്‍. ചോദിച്ചാല്‍ അവര്‍ക്കു യാതൊന്നിനെക്കുറിച്ചും അറിവില്ല. പക്ഷേ, വിശ്വാസത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാനും പറയാനുമവര്‍ക്കറിയാം. രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങു നടത്തുമ്പോള്‍ രാമനാമം ജപിച്ചു കൊണ്ടേയിരിക്കണമെന്നും ദീപം തെളിക്കണമെന്നും പറയാന്‍ അവര്‍ക്കൊരു മടിയുമില്ല. നിരപരാധികളുടെ ചുടുചോര കുടിക്കാന്‍ ആര്‍ത്തിപിടിച്ചിരിക്കുന്നൊരു ദൈവത്തിനു മാത്രമേ അവിടെ കുടികൊള്ളാനാവൂ. അല്ലെങ്കിലും ആര്‍ത്തിമൂത്ത വിശ്വാസികളുടെ ദൈവമല്ലാതെ വേറെ ഏതു ദൈവമാണ് കല്‍പ്രതിമകളില്‍ വാണരുളിയിട്ടുള്ളത്??

പള്ളിതകര്‍ത്തിട്ടല്ല രലാമക്ഷേത്രമുയരേണ്ടത് എന്ന ശക്തമായ നിലപാടെടുക്കാന്‍ ശേഷിയില്ലാത്തവും മതേതരത്വത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത് എന്നുറക്കെ പറയുന്നുണ്ട്.

രക്തക്കറപുരണ്ട മനുഷ്യന്‍ കൊടുത്ത കിരീടം മാതാവ് സ്വീകരിച്ചില്ലെന്നു പറയുന്ന മതമില്ലാത്ത മനുഷ്യരെയും കാണേണ്ടേ ഇനി? തന്റെ തലയിലെ കിരീടം വീഴ്ത്തിക്കളയാനുള്ള ദേഷ്യമുള്ള മാതാവെന്തേ കുഞ്ഞുങ്ങളെ പച്ചക്കു കൊന്നുതള്ളിയവരെ വെറുതെ വിട്ടു? പണത്തിനു വേണ്ടി, അധികാരത്തിനുവേണ്ടി, മണ്ണിനും പെണ്ണിനും സുഖഭോഗങ്ങള്‍ക്കും വേണ്ടി മനുഷ്യന്‍ വിലയ്‌ക്കെടുത്ത ദൈവത്തിന് ഇതല്ലാതെ പിന്നെ എന്തു ചെയ്യാനാണ്, അല്ലേ?

…………………………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


…………………………………………………………………………………………………………………………..

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *