അടിയന്തരാവശ്യങ്ങള്‍ക്കു പോലും സ്ഥലമില്ലാതെ നട്ടംതിരിഞ്ഞ് കവളങ്ങാട് പഞ്ചായത്ത്

ജെസ് വര്‍ക്കി തുരുത്തേല്‍

‘തെരുവുനായ്ക്കള്‍ക്കു വാക്‌സിനേഷന്‍ നല്‍കിയ ശേഷം വീണ്ടും തെരുവിലേക്കു തന്നെ തുറന്നുവിടുകയാണ് എന്നൊരു ആക്ഷേപം പൊതുജനങ്ങള്‍ക്കുണ്ട്. നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കാന്‍ മാത്രമല്ല, പഞ്ചായത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കു പോലും സ്ഥലം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്,’ സിബി മാത്യു, പഞ്ചായത്ത് പ്രസിഡന്റ്, കവളങ്ങാട്.

മനുഷ്യര്‍ക്ക് ദ്രോഹങ്ങള്‍ മാത്രം ചെയ്യുന്നവരാണ് തെരുവുനായ്ക്കള്‍ എന്നാണ് പലരുടേയും ചിന്താഗതി. പക്ഷേ, തെരുവില്‍ അലഞ്ഞുതിരിയുന്ന ഈ മിണ്ടാപ്രാണികള്‍ പല മാരക പകര്‍ച്ച വ്യാധികളില്‍ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നവരാണ്. തെരുവില്‍ അവയുടെ എണ്ണം ഗണ്യമായി കുറയുന്നതും കൂടുന്നതും അപകടകരമാണ്. അതിനാല്‍, ആക്രമണകാരികളല്ലാത്ത, മനുഷ്യരെ ഉപദ്രവിക്കാത്ത, രോഗങ്ങളില്ലാത്ത, പേയില്ലാത്ത നായ്ക്കള്‍ തെരുവിലുണ്ടായേ തീരൂ. അതേസമയം, ആക്രണകാരികളും പ്രശ്നക്കാരും രോഗികളുമായ നായകള്‍ക്ക് കൂടൊരുക്കുകയും വേണം. ഇതാണ് തെരുവുനായ് പ്രശ്നത്തിനുള്ള പരിഹാര മാര്‍ഗ്ഗം.

കവളങ്ങാട് പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ പലയിടത്തും പേപ്പട്ടികളുടെ ആക്രണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ നിന്നും മനുഷ്യരെയും മറ്റു മൃഗങ്ങളെയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം കൂടി പഞ്ചായത്തിനുണ്ട്. പേവിഷ ബാധ നിയന്ത്രിക്കുന്നതിനായി സമയാസമയങ്ങളില്‍ നായ്ക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കുക എന്നതാണ് ഇപ്പോള്‍ പഞ്ചായത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം, തെരുവു നായ്ക്കളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനായി പ്രായപൂര്‍ത്തിയായവരുടെ വന്ധ്യംകരണവും നടത്തുന്നുണ്ട്.

മൃഗസ്നേഹികളും മൃഗങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നവരും അവയെ അരുമയെപ്പോലെ കൂടെ കൊണ്ടുനടക്കുന്നവരും ധാരാളമുള്ളവരുടെ നാടാണിത്. അവരെയെല്ലാം ബന്ധിപ്പിച്ചു കൊണ്ട്, നായ്ക്കള്‍ക്കായി പാര്‍പ്പിടമൊരുക്കണമെന്ന ആഗ്രഹം പഞ്ചായത്തിനുണ്ട്. പക്ഷേ, സ്ഥലപരിമിതി മൂലം സാധിക്കുന്നില്ല എന്നുമാത്രം. തെരുവുനായ് വിഷയത്തില്‍, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യുവുമായി തമസോമ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്തം:

‘കവളങ്ങാട് പഞ്ചായത്ത് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് മാലിന്യ സംസ്‌കരണമാണ്. വീടുകളില്‍ നിന്നും പണം വാങ്ങി ശേഖരിക്കുന്ന മാലിന്യങ്ങള്‍ പോലും ശരിയായ രീതിയില്‍ സുക്ഷിക്കുവാന്‍ സ്ഥലമില്ല. പലയിടങ്ങളിലും കളക്ഷന്‍ ബോക്സുകള്‍ വച്ചിട്ടുണ്ട്. പക്ഷേ, അവയൊന്നും പര്യാപ്തമല്ലാത്ത ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. വീടുകളില്‍ നിന്നും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ പ്രത്യേകം ബോക്സുകളിലാണ് ശേഖരിച്ചു വയ്ക്കുന്നത്. അവിടെ നിന്നും അവ കൊണ്ടുപോകുന്നതാകട്ടെ മറ്റൊരു ഏജന്‍സിയാണ്. ശേഖരിക്കുന്ന മാലിന്യങ്ങളത്രയും സമയബന്ധിതമായി റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍, മിക്കയിടങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്നു. സ്ഥല പരിമിതി മൂലം ഇവ സൂക്ഷിച്ചു വയ്ക്കുവാന്‍ കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. മാലിന്യസംസ്‌കരണത്തിനു വേണ്ട ചെറിയ സ്ഥലം പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന പഞ്ചായത്ത് എങ്ങനെയാണ് നായ്ക്കള്‍ക്കായി ഷെല്‍ട്ടറൊരുക്കുന്നത്?

തെരുവില്‍ വളരുന്ന നായ്ക്കള്‍ക്ക് കൃത്യമായ വാക്സിനേഷനുകള്‍ സമയാസമയങ്ങളില്‍ നല്‍കുന്നുണ്ട്. ഇവയുടെ എണ്ണം ക്രമീധീതമായി ഉയരാതിരിക്കാന്‍ പ്രായപൂര്‍ത്തിയായവരെ വന്ധ്യംകരിക്കുന്നുമുണ്ട്. രോഗം വന്നവരെ ചികിത്സിക്കുകയും പേപ്പട്ടികളെ പിടികൂടി മെഡിക്കല്‍ ടെര്‍മിനേഷനിലൂടെ നശിപ്പിക്കുകയും ചെയ്യുന്നു.

വളര്‍ത്തു നായ്ക്കള്‍ക്ക് വാക്സിനേഷനും രജിസ്ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് പഞ്ചായത്ത് ഉറപ്പു വരുത്തുന്നുമുണ്ട്. അതിനപ്പുറം, ഓരോ ഉടമയുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള നായകള്‍ അവരോടൊപ്പം തന്നെയുണ്ടോ അതോ തെരുവിലേക്കിറക്കിവിട്ടോ എന്നു പരിശോധിക്കാനുള്ള സംവിധാനങ്ങളിലേക്ക് ഇപ്പോള്‍ കടന്നിട്ടില്ല. അതെല്ലാം ഘട്ടം ഘട്ടമായി മാത്രമേ നടപ്പില്‍ വരുത്താന്‍ കഴിയുകയുള്ളു. മുന്‍പ്, വളര്‍ത്തു നായകള്‍ക്ക് വാക്സിനേഷനെടുക്കുന്ന പതിവു പോലും ആളുകള്‍ക്കില്ലായിരുന്നു. ഇപ്പോള്‍ അതിനു മാറ്റമുണ്ടായി. പഞ്ചായത്തില്‍ നിന്നും രജിസ്ട്രേഷനെടുക്കാനും ആളുകള്‍ തയ്യാറാവുന്നുണ്ട്. അതിനാല്‍, ഓരോ നിയമങ്ങളും ഒറ്റയടിക്കു നടപ്പാക്കാനാവില്ല. സമയമെടുത്തു മാത്രമേ നടപ്പാക്കാന്‍ കഴിയുകയുള്ളു.

ഓരോ വാര്‍ഡിലും ഏകദേശം 500 മീറ്റര്‍ ഇടവിട്ട് പഞ്ചായത്ത് വാക്സിനേഷന്‍ സൗകര്യമൊരുക്കുന്നു. ഇതെല്ലാമാണ് നമുക്കു ചെയ്യാന്‍ പറ്റുന്നത്. വാര്‍ഡ് വിട്ട് ഒരാള്‍ക്കു പോലും വാക്സിനെടുക്കാനായി പട്ടികളെയും കൊണ്ടു പോകേണ്ടതില്ല. ഉള്ള പരിമിതികള്‍ക്കുള്ളില്‍ നിന്ന് മെച്ചപ്പെട്ട സൗകര്യമൊരുക്കാന്‍ പഞ്ചായത്തിനു കഴിയുന്നുണ്ട്.

മനുഷ്യസ്നേഹം പോലെ തന്നെ പ്രധാനമാണ് മൃഗസ്നേഹവും. എന്റേത് ഒരു കര്‍ഷകകുടുംബമാണ്. വീട്ടില്‍ ഞങ്ങള്‍ക്കൊരു പശുഫാമുണ്ട്. ആ മൃഗങ്ങളെ സ്നേഹിക്കുന്നതു പോലെ തന്നെയാണ് മറ്റുള്ള മൃഗങ്ങളെയും പരിഗണിക്കുന്നത്. പക്ഷേ, തെരുവുനായ്ക്കളുടെ കാര്യത്തില്‍ പ്രത്യേക സമീപനം ആവശ്യമാണ്. തെരുവില്‍ ഒരു നായയ്ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗം വന്നാല്‍, അത് മറ്റുള്ളവയിലേക്കും വളരെ വേഗം വ്യാപിക്കും. പേവിഷ ബാധയും അങ്ങനെതന്നെ. അതുമൂലം സമൂഹത്തില്‍ നിന്നുണ്ടാകുന്ന പ്രതികരണവും വളരെ ഭയങ്കരമാണ്.

നായ്ക്കളെ കല്ലെറിയുന്ന ശീലം കുട്ടികളിലും മുതിര്‍ന്നവരിലുമുണ്ട്. മാനസിക രോഗമുള്ളവരെ പരിഹസിക്കുകയും കൂക്കിവിളിക്കുകയും കല്ലെറിയുകയും ചെയ്യുന്നു. ഇതെല്ലാം മനോവൈകല്യങ്ങളാണ്. അവയൊന്നും പാടില്ല എന്ന ബോധം കുഞ്ഞുപ്രായം മുതല്‍ മനുഷ്യരില്‍ രൂപപ്പെട്ടേ മതിയാകൂ.

വിദേശരാജ്യങ്ങളില്‍, കുട്ടിക്കാലം മുതല്‍ ആളുകള്‍ വളരുന്നത് അത്യുജ്ജലമായ പൗരബോധത്തോടെയാണ്. ഒരു മിഠായി കഴിച്ചാല്‍പ്പോലും അതിന്റെ കടലാസ് തോന്നുന്നിടത്ത് വലിച്ചെറിയാതെ, അവിടെയുള്ള ഓരോ മനുഷ്യരും അതു നിക്ഷേപിക്കേണ്ട ഇടങ്ങളില്‍ നിക്ഷേപിക്കും. ഭക്ഷ്യമാലിന്യങ്ങളും അങ്ങനെ തന്നെ. ഓരോന്നും നിക്ഷേപിക്കാന്‍ പ്രത്യേകം പ്രത്യേകം ബോക്സുകള്‍. ആ നിയമങ്ങള്‍ അനുസരിക്കുന്ന പൗരന്മാരുമാണ് അവിടെയുള്ളത്. അവിടെ ആരും തെരുവില്‍ കാര്‍ക്കിച്ചു തുപ്പില്ല, മൂത്രമൊഴിക്കില്ല, ചെറുപ്രായം മുതല്‍ അവിടെയുള്ള ഓരോ മനുഷ്യരും ഇതെല്ലാം ശീലിച്ചു വരുന്നു. അതെല്ലാം അവരുടെ സംസ്‌കാരത്തിന്റെഭാഗമാണ്. പക്ഷേ, നമ്മുടെ നാട്ടിലോ? നിയമം എങ്ങനെയെല്ലാം ലംഘിക്കാമെന്നും അതിന്റെ പേരില്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ മേനി നടിക്കാനും ഇഷ്ടപ്പെടുന്ന മനുഷ്യരാണ് ഇവിടെയുള്ളത്.

നമ്മുടെ മാലിന്യം സംസ്‌കരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് ആരും മനസിലാക്കുന്നില്ല. കുഞ്ഞുന്നാള്‍ മുതല്‍ നമ്മളതു ശീലിക്കുന്നില്ല. മാലിന്യമെല്ലാം കണ്ടിടത്തു വലിച്ചെറിഞ്ഞാണ് നമുക്കു ശീലം. സാധിക്കുന്ന അവസരങ്ങളിലെല്ലാം നിയമം ലംഘിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. കൈയില്‍ കിട്ടിയ മിഠായിക്കടലാസുപോലും തോന്നുന്നിടത്തു വലിച്ചെറിയുന്നവരാണ് നമ്മള്‍. മുതിര്‍ന്നവര്‍ പോലും അങ്ങനെയാണ്. ഈ അവസ്ഥ തന്നെയാണ് തെരുവു നായ്ക്കളുടെ കാര്യത്തിലും. അവയെ കാണുന്ന മാത്രയില്‍ കല്ലെറിഞ്ഞോടിക്കുകയാണ് ചില മനുഷ്യര്‍. ആ നായയും മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല.

സമൂഹത്തില്‍ നടക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ടത് സ്‌കൂള്‍ തലത്തിലാണ്. ഉയര്‍ന്ന തലത്തിലുള്ള പൗരബോധം ഓരോ കുട്ടിയിലും വളര്‍ത്തിയെടുത്തേ മതിയാകൂ. ഇവ പാഠ്യവിഷയമാക്കി കുട്ടികളെ പരിശീലിപ്പിക്കണം. ഈ നിയമങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ നടപ്പാക്കാമെന്നു കരുതിയാല്‍ നടക്കില്ല. നിയമത്തിന്റെ മറ നോക്കി രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളാണ് ആളുകള്‍ നോക്കുന്നത്. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും നിര്‍ബന്ധമാക്കി നിയമം കൊണ്ടുവന്നു. പക്ഷേ, എവിടെയാണ് ക്യാമറ, എവിടെയാണ് പോലീസ് എന്നെല്ലാം നോക്കി, നിയമം ലംഘിക്കാനല്ലേ ജനങ്ങള്‍ക്ക് താല്‍പര്യം? അതേസമയം, ഇത് തന്റെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണെന്ന സ്വയം ബോധം ജനങ്ങളിലുണ്ടായാല്‍ അവര്‍ ഒരിക്കലും നിയമം ലംഘിക്കില്ല.

അടുത്ത ഒരു തലമുറയെങ്കിലും രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്നവരായി വളരണം. അവരെ അത്തരത്തില്‍ പരിശീലിപ്പിച്ചെടുക്കണം. താങ്കള്‍ ചോദിച്ച ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പറഞ്ഞ മറുപടിയല്ല ഇത്. എന്റെ മനസിലുള്ള ആശയം പങ്കുവച്ചു എന്നുമാത്രം. സ്ഥലസൗകര്യത്തന്റെ പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ നമ്മുടെ പഞ്ചായത്തില്‍ തീര്‍ച്ചയായും നായ്ക്കള്‍ക്ക് ഷെല്‍ട്ടറൊരുങ്ങും,’ സിബി മാത്യൂ പറഞ്ഞു നിറുത്തി.

Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47


#KavalangaduPanchayath #Kothamangalam #SibiMathew #Straydogs #Rabies #Vaccination 

Leave a Reply

Your email address will not be published. Required fields are marked *