കളമശേരി സ്‌ഫോടനം: സത്യം പുറത്തു വരും, മൗനം പാലിക്കുക

Thamasoma News Desk

ഏതാനും ആഴ്ചകള്‍ക്കു മുമ്പ്, ഓരോ കേരളീയനെയും ഹരം കൊള്ളിക്കുന്ന ഒരു വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധുക്കളായ ലോട്ടറി വില്‍പ്പനക്കാരുടെ വേഷത്തില്‍ ആറന്മുളയില്‍ കറങ്ങി നടന്ന രണ്ടു കൊടുംക്രിമിനലുകളെ പോലീസ് പിടികൂടിയെന്ന്. തിരുനെല്‍വേലി പള്ളിക്കോട്ടൈ നോര്‍ത്ത് സ്ട്രീറ്റിലെ മാടസ്വാമി (27) സുഭാഷ് (25) എന്നിവരെ പോലീസ് പിടികൂടിയ രീതിയായിരുന്നു പ്രശംസനീയം. അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി പോയ ആറന്മുള സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ ഉമേഷ് ടി നായര്‍, നാസര്‍ ഇസ്മയില്‍ എന്നിവര്‍ക്കു തോന്നിയ സംശയമാണ് ഈ കൊടുംക്രിമിനലുകളെ പിടികൂടാന്‍ സഹായകരമായത്. ലോട്ടറിടിക്കറ്റുകളുമായി തെക്കേമല റോഡരികില്‍ നിന്ന ഇവരുടെ പെരുമാറ്റത്തില്‍ ലോട്ടറി വില്‍പ്പനക്കാരില്‍ നിന്നും വ്യത്യസ്ഥമായ പെരുമാറ്റരീതികളാണ് ഈ പോലീസുകാരില്‍ സംശയം ജനിപ്പിച്ചത്. പിന്നീടു നടത്തിയ അന്വേഷണത്തില്‍ ലോട്ടറി വില്‍പ്പനക്കാരുടെ വേഷത്തില്‍ നില്‍ക്കുന്നത് കൊടുംക്രിമിനലുകളാണെന്ന് അവര്‍ക്കു ബോധ്യമായി.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ പോലീസ് സംവിധാനമാണ് കേരളത്തിലേത് എന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. നമ്മുടെ പോലീസ് സേനയിലുള്ളവര്‍ മണ്ടന്മാരല്ല. ഏതു കൊടുംക്രിമിനലിന്റെ കള്ളത്തരത്തെയും പൊളിക്കാന്‍ തക്ക ശേഷിയുള്ള തലച്ചോറിന്റെ ഉടമകള്‍ തന്നെയാണവര്‍.

കളമശേരിയില്‍ സ്‌ഫോടനം നടത്തിയത് താനാണ് എന്നും താന്‍ ഒറ്റയ്ക്കാണ് ഇതു ചെയ്തതെന്നും വെളിപ്പെടുത്തി ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാള്‍ ഫേയ്‌സ് ബുക്ക് ലൈവില്‍ വന്നിരുന്നു. അടിസ്ഥാനപരമായ ഇലക്ട്രോണിക്‌സ് പരിജ്ഞാനം ഇല്ലാത്ത ഒരാള്‍ക്ക് റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന ഒരു ബോംബ് ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കില്ലെന്ന് പോലീസിനും അറിയാം. ബോംബിനു വേണ്ട അസംസ്‌കൃത വസ്തുക്കള്‍ ഇയാള്‍ എവിടെ നിന്നെല്ലാമാണ് വാങ്ങിയത് എന്നതിനെക്കുറിച്ചും വ്യക്തമായ വിവരം ലഭിക്കണം.

ഫേയ്‌സ് ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടയാളുടെ ശരീര ഭാഷ ഇത്രയും വലിയൊരു കുറ്റകൃത്യം ആദ്യമായി ചെയ്ത ഒരാളുടേതായിരുന്നില്ല. എന്തിനു താന്‍ ബോംബിട്ടു എന്നതിന് ഇയാള്‍ പറയുന്ന കാരണങ്ങളും പരിശോധിക്കപ്പെടുക തന്നെ ചെയ്യും. നാളിതുവരെ നാട്ടില്‍ നടക്കുന്ന ഒരു സാമൂഹ്യവിഷയത്തിലും യഹോവ സാക്ഷികളുടെ വിഷയങ്ങളില്‍ പ്രത്യേകിച്ചും ഇയാള്‍ പ്രതികരിച്ചിട്ടില്ല. എന്നിട്ടും, സാധാരണക്കാരായ മനുഷ്യരെ കൊല്ലാനായി എന്തിനിയാള്‍ പദ്ധതിയിട്ടു എന്നതും അവനവനെത്തന്നെ കുരുക്കുന്ന തെളിവുകള്‍ ഇയാള്‍ തന്നെ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ചത് എന്തിനെന്നും തീര്‍ച്ചയായും അന്വേഷിക്കപ്പെടുക തന്നെ ചെയ്യും.

കേരളത്തില്‍, കുറെ വര്‍ഷങ്ങളായി കേള്‍ക്കാതിരുന്ന ഒന്നായിരുന്നു ബോംബു സ്‌ഫോടനങ്ങള്‍. ഈ നാടിനെ കത്തിക്കാന്‍ എത്രയേറെ പരിശ്രമിച്ചാലും മലയാളിയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇവരൊഴുക്കിയ വിയര്‍പ്പ് മതിയാകാതെ വരും.

കേരളത്തില്‍ ഒരു സ്‌ഫോടനം നടന്നെന്ന് അറിഞ്ഞതോടെ മലയാളികളുടെ മനസിലുള്ള ആദ്യ ചിന്ത അതിനു പിന്നില്‍ ഒരു മുസ്ലീം ആവരുതേ എന്നതായിരുന്നു. കാരണം, ഈ സ്‌ഫോടനത്തില്‍ ഇപ്പോള്‍ മരിച്ചവര്‍ മൂന്നു പേര്‍ ആണെങ്കില്‍, ഇതിന്റെ പ്രതികാരമായി, വര്‍ഗ്ഗീയ ലഹളയിലൂടെയും കലാപത്തിലൂടെയും എത്രയോ മരണങ്ങള്‍ ഇവിടെ സംഭവിക്കുമായിരുന്നു. കേരളത്തെ ഒരു വര്‍ഗ്ഗീയ ലഹളയില്‍ നിന്നും സംരക്ഷിച്ചു പിടിക്കുക എന്നതിനു തന്നെയാവും പോലീസ് പ്രഥമ പരിഗണന നല്‍കുന്നത്. കേരളത്തെ കത്തിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരുടെ കൈയിലേക്ക് എണ്ണ പകരാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും പോലീസ് സ്വീകരിച്ചു കഴിഞ്ഞു. ഊഹാപോഹങ്ങളും തോന്നലുകളും എഴുതിപ്പിടിപ്പിച്ച് പ്രശ്‌നത്തെ വഷളാക്കാനുള്ള അവസരമല്ലിത്. കേരളത്തെ സംരക്ഷിച്ചു പിടിക്കാനും സൗഹാര്‍ദ്ദവും സാഹോദര്യവും തകരാതിരിക്കാനും ഓരോ കേരളീയനും ഉത്തരവാദിത്തമുണ്ട്. ബുദ്ധിഹീനരോ ബുദ്ധിയില്ലാത്തവരോ വിവരംകെട്ടവരോ അല്ല കേരളാപോലീസ്. അതീവ ബുദ്ധിമാന്മാര്‍ തന്നെയാണ് നമ്മുടെ പോലീസിലുള്ളത്. ചില ക്രിമിനലുകള്‍ ഫോഴ്‌സിനുള്ളിലുണ്ടാവാം. എങ്കിലും അതിന്റെ മികവ് അത്യന്തം പ്രശംസനീയമാണ്. അതിനാല്‍, പോലീസ് സമാധാനപരമായി ഈ കേസില്‍ അന്വേഷണം നടത്തട്ടെ.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#KalamaseryBlast #DominicMartin #YahovaSakshi #BombBlastinKerala

Leave a Reply

Your email address will not be published. Required fields are marked *