കുവൈറ്റ് രക്ഷാദൗത്യം: ടയോട്ട സണ്ണിയുടെ പൊന്‍തൂവല്‍ തട്ടിയെടുത്ത് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പറയണം, കുവൈറ്റ് രക്ഷാ ദൗത്യത്തിന്റെ യഥാര്‍ത്ഥ വിജയശില്‍പ്പി ആരായിരുന്നുവെന്ന്…! ആ രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയ ടയോട്ട സണ്ണിയെന്ന മാത്തുണ്ണി മാത്യൂസിനെ ഒരിടത്തും പരാമര്‍ശിക്കുക പോലും ചെയ്യാതെ എല്ലാ ക്രെഡിറ്റും കോണ്‍ഗ്രസിന്റെ തലയിലെ പൊന്‍തൂവലാക്കുന്നതിന്റെ നീതികേടുകള്‍ തുറന്നു പറയണം.


ഉക്രൈന്‍ രക്ഷാ ദൗത്യത്തെ പരിഹസിച്ചും കുവൈറ്റ് രക്ഷാ ദൗത്യത്തില്‍ ഊറ്റം കൊണ്ടും കോണ്‍ഗ്രസ് നടത്തുന്ന അവകാശവാദങ്ങളും അഭിമുഖങ്ങളും കൊണ്ടു നിറയുകയാണ് മാധ്യമ ലോകം. പക്ഷേ, അവയിലൊരിടത്തും കോണ്‍ഗ്രസ് നേതാക്കളോ കമ്മ്യൂണിസ്റ്റ് നേതാക്കളോ അതിന്റെ വിജയശില്‍പിയെക്കുറിച്ചു പരാമര്‍ശിക്കുന്നതു പോലുമില്ല. എന്തിനാണൊരു പാര്‍ട്ടിയിങ്ങനെ ഇത്തരത്തില്‍ അധ:പ്പതിക്കുന്നത്…??

സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും തങ്ങളുടെ ബിസിനസിന്റെ വളര്‍ച്ചയ്ക്കായി പരമാവധി ഉപയോഗപ്പെടുത്തുന്ന യൂസുഫലി, അംബാനി, അദാനി പോലുള്ള ബിസിനസ് സാമ്രാട്ടുകളെ കണ്ടുവളര്‍ന്നിട്ടുള്ള ജനതയ്ക്ക് ടയോട്ട സണ്ണിയെന്ന മനുഷ്യസ്‌നേഹിയെ മനസിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല. പക്ഷേ, 1990 ലെ കുവൈറ്റ് യുദ്ധകാലത്ത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിനും കേരളം ഭരിച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കും വ്യക്തമായി അറിയാം, ആ വിജയത്തിനു പിന്നില്‍ ടയോട്ട സണ്ണിയെന്ന മാത്തുണ്ണി മാത്യൂസ് ആയിരുന്നുവെന്ന്. എന്നിട്ടും, അദ്ദേഹത്തിന്റെ പേരുപോലും ഒരിടത്തും പരാമര്‍ശിക്കാതെ എല്ലാ ക്രെഡിറ്റും സ്വന്തം പേരിലാക്കുന്നത് നാണക്കേടിന്റെ അങ്ങേയറ്റമാണ്.1989 ല്‍ വി പി സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നത്. കേരളത്തിലാകട്ടെ, നായനാര്‍ മന്ത്രി സഭയും. അന്ന് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രിയായിരുന്ന കെ പി ഉണ്ണികൃഷ്ണനും കേരള പൊതുകാര്യ മന്ത്രിയായിരുന്ന ടി കെ ഹംസയും കുവൈറ്റ് രക്ഷാ ദൗത്യത്തിന്റെ വിജയകിരീടം തങ്ങളുടെ ശിരസില്‍ ഉറപ്പിച്ചിരിക്കുകയാണ്. മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ഒരിടത്തും ഈ രണ്ടു വ്യക്തികളും ടയോട്ട സണ്ണിയെക്കുറിച്ചോ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചോ ഒരക്ഷരം പോലും മിണ്ടുന്നില്ല. പകരം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര കേരള മന്ത്രിമാര്‍, എയര്‍ ഇന്ത്യ എന്നിവരാണ് ആ വിജയത്തിനുപിന്നിലെന്ന് അടിവരയിട്ടു പറയുന്നു.

സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖി പട കുവൈറ്റ് ആക്രമണം അഴിച്ചു വിട്ടത് 1990 ഓഗസ്റ്റ് രണ്ടിനായിരുന്നു. വെറും രണ്ടു ദിവസത്തിനിടയില്‍ കുവൈറ്റിന്റെ നിയന്ത്രണം ഇറാഖി പട്ടാളത്തിന്റെ കീഴിലായി. ഏതാനും ദിവസങ്ങള്‍ക്കകം കുവൈറ്റിനെ ഇറാഖിന്റെ 19-ാമത്തെ പ്രൊവിന്‍സായി സദ്ദാം ഹുസൈന്‍ പ്രഖ്യാപിച്ചു. 170,000 ലേറെ ഇന്ത്യക്കാര്‍ കുവൈറ്റില്‍ കുടുങ്ങിപ്പോയി. രക്ഷപ്പെടുത്താന്‍ മാര്‍ഗ്ഗമെന്തെന്നറിയാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വലഞ്ഞു. രക്ഷാ ദൗത്യം വൈകിയ ഓരോ ദിവസവും ഭരണനേതൃത്വം പരുങ്ങലിലായി. ഈ അവസരത്തിലാണ് രക്ഷകനായി ടയോട്ട സണ്ണിയെന്ന ബിസിനസുകാരനെത്തിയത്.

കുവൈറ്റ് രക്ഷാ ദൗത്യത്തിലെ പരമപ്രധാനമായ പങ്കു വഹിച്ചത് ടയോട്ട സണ്ണിയായിരുന്നു. അദ്ദേഹമില്ലായിരുന്നുവെങ്കില്‍ ആ രക്ഷാ ദൗത്യം സാധ്യമാകില്ലായിരുന്നു എന്നതാണ് സത്യം. വെറും 59 ദിവസം കൊണ്ട്, 488 ഫ്‌ളൈറ്റുകളിലായിട്ടാണ് അദ്ദേഹം രക്ഷാ ദൗത്യം നിര്‍വ്വഹിച്ചത്. ആര്‍ക്കിടെക്റ്റ് ഹര്‍ഭജന്‍ സിംഗും അദ്ദേഹത്തോടൊപ്പം നിന്നപ്പോള്‍ അസംഭവ്യമായതു സാധ്യമായി.

തന്റെ 20-ാമത്തെ വയസില്‍, 1956 ലാണ് സണ്ണി കുവൈറ്റിലെത്തിയത്. ദശാബ്ദങ്ങള്‍ നീണ്ട കുവൈറ്റ് ജീവിതത്തിനിടയില്‍ അദ്ദേഹം സൃഷ്ടിച്ചെടുത്ത വിപുലമായ സൗഹൃദവലയമാണ് കുവൈറ്റ് രക്ഷാ ദൗത്യം സാധ്യമാക്കിയത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ അഭ്യര്‍ത്ഥനയും സദ്ദാം സുഹൈന്‍ നിഷേധിച്ചിരുന്നു. അദ്ദേഹത്തില്‍ സ്വാധീനം ചെലുത്താന്‍ തക്ക ആരും ഇന്ത്യയിലുണ്ടായിരുന്നില്ല. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും അടച്ചുപൂട്ടിയിരുന്നു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, വന്‍തോതിലുള്ള രക്ഷാദൗത്യം അനിവാര്യമായി വന്നു. ആശ്രയിക്കാന്‍ ഇന്ത്യയ്ക്ക് ആരുമില്ലെന്നു മനസിലാക്കിയ സണ്ണി രോഗക്കിടക്കയില്‍ നിന്നുമെഴുന്നേറ്റു വന്നാണ് ആ ദൗത്യമേറ്റെടുത്തത്. അവസാനത്തെ ഇന്ത്യക്കാരനെയും കുവൈറ്റി മണ്ണില്‍ നിന്നും ഇന്ത്യയില്‍ സുരക്ഷിതമായി എത്തിച്ച ശേഷം മാത്രമേ ഒന്നു വിശ്രമിക്കാന്‍ പോലും സണ്ണി തയ്യാറായുള്ളു.


അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നതിന് താല്‍ക്കാലിക സുരക്ഷിത താവളമൊരുക്കുകയാണ് സണ്ണിയും കൂട്ടരും ആദ്യം ചെയ്തത്. അതിന് അദ്ദേഹം കണ്ടെത്തിയ ഇടം അദ്ദേഹത്തിന്റെ തന്നെ സ്ഥാപനമായ കുവൈറ്റ് ഇന്ത്യന്‍ സ്‌കൂളായിരുന്നു. ഇന്ത്യന്‍ അഭയാര്‍ത്ഥികള്‍ക്കായി ആവശ്യത്തിനു ഭക്ഷണവും മരുന്നും മറ്റ് അടിയന്തിര വസ്തുക്കളും അദ്ദേഹം നല്‍കി. അടിയന്ത്രിമായി രാജ്യം വിടുന്നവരുടെ പാസ്‌പോര്‍ട്ട് സ്റ്റാംബ് ചെയ്യുന്ന നടപടികള്‍ ത്വരിത ഗതിയിലാക്കുക, യാത്രാ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ താല്‍ക്കാലികമായി ഉണ്ടാക്കിനല്‍കുക എന്നതായിരുന്നു പിന്നീട് അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും ചെയ്തത്.

ഇന്ത്യക്കാരെ സ്വന്തം നാട്ടിലെത്തിക്കുന്നതിനായി കുവൈറ്റില്‍ നിന്നും ബാഗ്ദാദു വഴി ജോര്‍ദ്ദാനിലെത്തിക്കാനുള്ള മിനി ബസുകള്‍ അറേഞ്ചു ചെയ്യുകയായിരുന്നു അദ്ദേഹം പിന്നീട്. ഇതിനായി, ഇന്ത്യയിലെ ഉദ്യോഗസ്ഥരും ഐക്യരാഷ്ട്രസഭയിലെയും ഇറാഖിലെ ഉന്നത നേതാക്കളുമായും സണ്ണി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ, ഒരു ബസില്‍ 60 പേരെന്ന കണക്കില്‍ 200 ബസുകള്‍ പത്തു തവണ നടത്തിയ ട്രിപ്പില്‍ 1,200 കിലോമീറ്ററുകള്‍ താണ്ടി ഇന്ത്യക്കാരെയെല്ലാം സണ്ണി ജോര്‍ദ്ദാനിലെത്തിച്ചു. വളരെ ശ്രമകരമായൊരു ദൗത്യമായിരുന്നു ഇത്.

ഓപ്പറേഷന്‍ ഡിസേര്‍ട്ട് ഷീല്‍ഡ് എന്ന പേരില്‍, 488 എയര്‍ ഇന്ത്യ വിമാനങ്ങളിലായി രക്ഷാ ദൗത്യം പൂര്‍ത്തിയാക്കി.

കുവൈറ്റ് രക്ഷാ ദൗത്യത്തില്‍ സണ്ണിയെന്ന മനുഷ്യന്‍ വഹിച്ച പങ്കിന്റെ ബഹുമാന സൂചകമായി അദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കുകയും ചെയ്തു.

അക്ഷയ് കുമാറിന്റെ എയര്‍ ലിഫ്റ്റ് എന്ന സിനിമയ്ക്ക് ആധാരം ടയോട്ട സണ്ണിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമാണ്.

2017 മെയ് മാസത്തില്‍, തന്റെ 81-ാമത്തെ വയസിലാണ് അദ്ദേഹം ഈ ലോകം വിട്ടുപോയത്. സ്വദേശമായ പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരില്‍ പൊടിപ്പാറ എന്ന ഗ്രാമത്തിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. ഇക്കാര്യങ്ങളെല്ലാം വിശദമാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ മേരി മാത്യു, മക്കള്‍ ജെയിംസ്, ആനി, സൂസന്‍ എന്നിവര്‍ ഇപ്പോഴുമുണ്ട്. പക്ഷേ, ടയോട്ട സണ്ണി ആഗ്രഹിക്കാത്ത പരിഗണനകളൊന്നും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.


ടയോട്ട സണ്ണി ഇല്ലായിരുന്നുവെങ്കില്‍ കുവൈറ്റ് രക്ഷാ ദൗത്യം സാധ്യമാകില്ലായിരുന്നുവെന്ന് അക്കാലത്ത് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിനും കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും നന്നായി അറിയാം. ഇന്ത്യ കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യത്തിന്റെ വിജയശില്‍പ്പിയെ അവഗണിച്ചു മൂലയ്ക്കിരുത്തി അതിന്റെ ക്രെഡിറ്റ് മുഴുവന്‍ സ്വന്തം കീശയിലാക്കുകയാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ നേതാക്കളും ചെയ്തിരിക്കുന്നത്. മാധ്യമങ്ങള്‍ക്കു കൊടുക്കുന്ന അഭിമുഖങ്ങളില്‍ ഒരിടത്തും ടയോട്ട സണ്ണിയെന്ന പേരു വരാതിരിക്കാന്‍ അന്നത്തെ കേന്ദ്ര കേരള മന്ത്രിമാര്‍ ശ്രമിക്കുന്നുണ്ട്.

സ്വന്തം രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി, ഇത്തരത്തില്‍ നെറികേടുകള്‍ കാണിക്കാന്‍ ഉളുപ്പില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ക്കു മാത്രമേ കഴിയുകയുള്ളു.

മനുഷ്യനന്മയ്ക്കു വേണ്ടി ടയോട്ട സണ്ണിചെയ്ത അതിമഹത്തരമായ പുണ്യപ്രവര്‍ത്തി തന്റെ ബിസിനസ് നേട്ടത്തിനു വേണ്ടി അദ്ദേഹം ഉപയോഗപ്പെടുത്തിയില്ല. എന്നുമാത്രമല്ല, ആ നേട്ടങ്ങള്‍ പാടി നടക്കാനും അദ്ദേഹം ഒരുക്കമല്ലായിരുന്നു. പക്ഷേ, ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കറിയാം, ഇന്ത്യന്‍ ഭരണകൂടത്തിനറിയാം, കുവൈറ്റ് രക്ഷാ ദൗത്യത്തിന്റെ വിജയകിരീടത്തിനു കാരണക്കാരനായവന്‍ ടയോട്ട സണ്ണിയാണെന്ന്. എന്നിട്ടും, അതു മറന്നവര്‍ നേടുന്നതൊന്നും അവരുടെ വിജയത്തിന് ഉതകുകയില്ല.


…………………………………………………….
ജെസി തമസോമ

Leave a Reply

Your email address will not be published. Required fields are marked *