വിശ്വാസികളില്‍ ചാവേറുകളോ? പുരോഹിതന്മാര്‍ കൊലപാതകികളോ?

Jess Varkey Thuruthel

ഏതെങ്കിലും അപകടമോ അത്യാഹിതമോ സംഭവിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ വകുപ്പുകള്‍ക്കോ ആണ്. അങ്ങനെയെങ്കില്‍, കുരിശിന്റെ വഴി പോലെയുള്ള കപട വിശ്വാസ യാത്രകളില്‍ ഉണ്ടാകുന്ന അത്യാഹിതങ്ങളുടെ ഉത്തരവാദിത്തം സഭയ്ക്കും പുരോഹിതന്മാര്‍ക്കും മാത്രമാണ്. സ്വന്തം ശരീരത്തെ കഷ്ടപ്പെടുത്തിയും വിശപ്പും ദാഹവും ദുരിതങ്ങളും സഹിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്ന് വിശ്വാസികളെ പറഞ്ഞു പറ്റിച്ച് വിശ്വാസത്തിന്റെ പേരില്‍ ഇവര്‍ നടത്തുന്ന കോപ്രായങ്ങള്‍ അവസാനിപ്പിച്ചേ തീരൂ.

കത്തുന്ന വേനല്‍ച്ചൂടില്‍ ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങരുതെന്നു സര്‍ക്കാരിന്റെ പ്രത്യേക മുന്നറിയിപ്പുണ്ടായിട്ടും അവയെ തെല്ലും പരിഗണിക്കാതെ 25 കിലോമീറ്റര്‍ നടന്ന കണ്ണൂര്‍ ചെമ്പേരി പയറ്റുചാല്‍ ഡെന്‍സി സജി കാശാംകാട്ടില്‍ (48) ആണ് തളര്‍ന്നുവീണു മരിച്ചത്. ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന പള്ളിയില്‍ നിന്നും ആരംഭിക്കുന്ന നാല്‍പതാം വെള്ളി കുരിശ്ശിന്റെ വഴിയില്‍ നട്ടുച്ചയ്ക്ക് പൊരിവെയിലില്‍ 25 കിലോമീറ്റര്‍ ദൂരമായിരുന്നു യാത്ര. മൂവായിരത്തോളം പേരാണ് ഇതില്‍ പങ്കെടുത്തത്.

കാലാവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സര്‍ക്കാര്‍ അപ്പപ്പോള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വിദഗ്ധരായ ആളുകളുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇവ നല്‍കുന്നത്. എന്നാല്‍, വിശ്വാസത്തിന്റെ പേരിലാണെങ്കില്‍ ഏതു മുന്നറിയിപ്പുകളെയും അവഗണിക്കാമെന്നതാണ് ചിലര്‍ വിശ്വസിക്കുന്നത്. ആരാധനാലയങ്ങളില്‍ ആളുകളെ കൂട്ടുന്നതിനു വേണ്ടി കോടികള്‍ മുടക്കി പെരുന്നാളുകള്‍ നടത്തുന്നു. ദൈവം അനുഗ്രഹങ്ങള്‍ വാരി വിതറുന്നതിനു വേണ്ടി അമ്പുപെരുന്നാളുകള്‍ നടത്തുന്നു. കാല്‍നടയായി ആരാധനാലയങ്ങളിലേക്കു തീര്‍ത്ഥയാത്രകള്‍ നടത്തുന്നു.

പരിസ്ഥിതിയെ തകര്‍ത്തെറിഞ്ഞ് കാടിനു നടുവില്‍, മലമുകളില്‍ ഒരു കുരിശു നാട്ടുന്നു, പിന്നെ അവിടേക്ക് വിശ്വാസികളുടെ ഒഴുക്കായി. ആ വിശ്വാസികളുടെ സുഗമമായ യാത്രയ്ക്കു വേണ്ടി പരിസ്ഥിതിയെ തകര്‍ത്തെറിഞ്ഞ് അവിടെ നിര്‍മ്മാണങ്ങള്‍ നടത്തുന്നു. കൊടുംകാടുകള്‍ അങ്ങനെ വെളുപ്പിച്ചെടുക്കുന്നു. അങ്ങനെ അവിടെയുളള ആവാസവ്യവസ്ഥയെ തന്നെ തകര്‍ത്തെറിയുന്നു. ഫലമോ, വന്യജീവികള്‍ ജീവിക്കാനിടമില്ലാതെ കാടിറങ്ങുന്നു, പ്രകൃതിയുടെ ഘടനയെ തകര്‍ത്തെറിഞ്ഞതിനാല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങളും രൂക്ഷമാകുന്നു.

പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളുമേറുമ്പോള്‍ വിശ്വാസത്തിന്റെ ശക്തിയുമേറും. ദൈവകോപം ശമിപ്പിക്കുവാനായി കൂടുതല്‍ പ്രാര്‍ത്ഥനകളും ഹോമങ്ങളും നടത്തുന്നു, അങ്ങനെ പരിസ്ഥിതിയെ പിന്നെയും തകര്‍ക്കുന്നു, വായുവും വെള്ളവും പ്രകൃതിയെത്തന്നെയും മലിനമാക്കുന്നു. ഇവയെല്ലാം പ്രശ്‌നങ്ങളുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നു. അതോടെ വീണ്ടും പ്രാര്‍ത്ഥനകള്‍ക്കു ശക്തിയേറും.

ഏറ്റവും ദരിദ്രരായ, ജീവിക്കാന്‍ നിവൃത്തിയില്ലാത്ത, ദുര്‍ബലരായ മനുഷ്യര്‍ക്കു നിങ്ങള്‍ ചെയ്യുന്ന ഓരോ നന്മയും എനിക്കു തന്നെയാണ് ചെയ്തത് എന്നു പറഞ്ഞ ദൈവത്തിന്റെ നാമത്തിലാണ് ഇവിടെ ഈ തോന്ന്യാസങ്ങളത്രയും നടക്കുന്നത്. വേദനിക്കുന്ന ഒരു മനുഷ്യന്റെ ഒപ്പം നില്‍ക്കണമെങ്കില്‍ കുറച്ചൊന്നും സഹിച്ചാല്‍പ്പോരാ. അവിടെ ത്യാഗമുണ്ട്, കണ്ണീരുണ്ട്, വേദനയുണ്ട്, കഷ്ടപ്പാടുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍, അപ്പമില്ലാത്തവനു മുന്നില്‍ അപ്പമാകാന്‍ വിശ്വാസികള്‍ക്കു കഴിയില്ല. അതിനാല്‍, വിശ്വാസത്തിന്റെ പേരില്‍ ഇത്തരം പേക്കൂത്തുകള്‍ നിരവധിയായി നടക്കുന്നു.

കാല്‍കഴുകല്‍ ശുശ്രൂഷയുടെ പേരില്‍, പുരോഹിതര്‍ക്കു ചുംബിക്കാനായി സമൂഹത്തിലെ ഉന്നതരുടെ കാലുകള്‍ അവര്‍ മുമ്പേ തന്നെ കണ്ടുവയ്ക്കുന്നു. അഴുക്കേതുമില്ലാതെ, കഴുകി വെടിപ്പാക്കി കൊണ്ടുവന്ന ആ കാലുകള്‍ വീണ്ടും കഴുകി, അതില്‍ ചുംബിക്കുകയാണ് പുരോഹിതര്‍.

തന്നെ അനുഗമിക്കുന്നവരോട് യേശുക്രിസ്തു ചെയ്യാന്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യമേയുള്ളു. തനിക്കു മുന്നിലിരുന്ന അപ്പം മുറിച്ച് എല്ലാവര്‍ക്കുമായി നല്‍കിയ ശേഷം യേശു പറഞ്ഞു, നിങ്ങളും ഇതുപോലെ ചെയ്യുവിന്‍ എന്ന്. അവനവന്റെ വിശപ്പിനെ അവഗണിച്ച് വിശക്കുന്ന മറ്റൊരു വയറിനു ഭക്ഷണം നല്‍കണമെങ്കില്‍, അവിടെ ത്യാഗമുണ്ട്, മറ്റുള്ളവരോടുള്ള പരിഗണനയുണ്ട്, സ്‌നേഹമുണ്ട്.

ആര്‍ത്തിപിടിച്ച് കിട്ടാവുന്നിടത്തു നിന്നെല്ലാം വാരിക്കൂട്ടി, തങ്ങള്‍ക്ക് സംതൃപ്തിയും സമാധാനവും സമൃദ്ധിയും ലഭിക്കണമെന്നു പ്രാര്‍ത്ഥിക്കുകയാണിവിടെ ദൈവജനമെന്ന് അവകാശപ്പെടുന്നവര്‍.

ദരിദ്രരെ മറന്നുകൊണ്ട് വിശ്വാസത്തിന്റെ പേരില്‍ ഇത്തരം പേക്കൂത്തുകള്‍ നടത്തുന്നു, ഇതാണു വിശ്വാസമെന്നു മനുഷ്യരെ പറഞ്ഞു പറ്റിക്കുകയാണ് പുരോഹിത വര്‍ഗ്ഗം. കരയുന്നവന്റെ സങ്കടങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ യാതൊരു ശ്രമവും നടത്താതെ, നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം എന്നു പറയുന്നിടത്തോളം കാപട്യമുള്ള മറ്റെന്താണ് ഈ ലോകത്തുള്ളത്?

അയല്‍പക്കത്തെ വിശന്നു വലയുന്ന വയറുകളുടെ നേരെ കണ്ണടച്ചിട്ടാണ് വലിയ കുരിശും ചുമന്ന് സ്വര്‍ഗ്ഗത്തിലെ സുഖസൗകര്യത്തിനായി ക്രിസ്ത്യാനികളെല്ലാം പീഡകള്‍ സഹിക്കുന്നത്. അതിനായി അവര്‍ ഉപവാസം അനുഷ്ടിക്കുന്നു, പട്ടിണി കിടക്കുന്നു, മലമുകളിലേക്കു നടക്കുന്നു, തീര്‍ത്ഥയാത്രകള്‍ നടത്തുന്നു. അതിന്റെ പേരില്‍ മരിച്ചു വീഴാനും മടിയില്ലിവര്‍ക്ക്.

മനുഷ്യരെയും അവരുടെ സങ്കടങ്ങളെയും വേദനകളെയും തിരിച്ചറിയാന്‍ കഴിയാത്ത സ്വാര്‍ത്ഥരായ ഒരു സമൂഹത്തെ വളര്‍ത്തിയെടുത്ത് അതിന്റെ പ്രതിഫലം പറ്റി സുഖലോലുപരായി കഴിയുകയാണ് പുരോഹിതവര്‍ഗ്ഗം. രാവെളുക്കുവോളം നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ നടത്തിയതുകൊണ്ട് എന്തു പ്രശ്‌നങ്ങള്‍ക്കാണ് ഈ വിശ്വാസികള്‍ ഇവിടെ പരിഹാരം കാണുന്നത്? ആരാധനാലയങ്ങളില്‍ ചെലവഴിക്കുന്ന ഈ സമയം ആര്‍ക്കെങ്കിലും സൗജന്യസേവനം നടത്തിയാല്‍ അതാവും ഒരു വിശ്വാസിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രാര്‍ത്ഥന. ഇനി അഥവാ ദരിദ്രര്‍ക്കായി അങ്ങനെ ആരെങ്കിലും സേവനങ്ങള്‍ ചെയ്താല്‍ അതു നാടൊട്ടുക്കു പറഞ്ഞു പരത്തി, അതില്‍ നിന്നും സമ്പാദിക്കാനും പേരും പ്രശസ്തിയും നേടിയെടുക്കാനും ഇവര്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

ലോകം കൊറോണയുടെ കൈപ്പിടിയിലൊതുങ്ങിയപ്പോള്‍, ആരാധനാലയങ്ങള്‍ അടച്ചിട്ട് എല്ലാ മനുഷ്യരും വീട്ടിലിരുന്നപ്പോള്‍ ഈ ലോകത്തിന് യാതൊന്നും സംഭവിച്ചില്ല. പ്രാര്‍ത്ഥനയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് നല്ല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്തിന്റെ നിലനില്‍പ്പ്. ഏതു വിധേനയും പണം സമ്പാദിക്കണമെന്നും സുഖജീവിതം നയിക്കണമെന്നും ആഗ്രഹിക്കുന്ന വിശ്വാസികളും അവരെ നയിക്കുന്ന പുരോഹിതരും പക്ഷേ, സ്‌നേഹത്തിലും ത്യാഗത്തിലും അധിഷ്ഠിതമായ ക്രിസ്തുവിന്റെ വചനങ്ങളെ കാറ്റില്‍പ്പറത്തുന്നു. അങ്ങനെ ഇത്തരം കപടവിശ്വാസത്തിനു ചാവേറുകളെ സൃഷ്ടിക്കുന്നു.

കരയുന്നവര്‍ക്കൊപ്പം, വേദനിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ മനസില്ലാത്ത കാപാലികരാണ് പുരോഹിതര്‍. അതിനാല്‍, വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ഈ പേക്കൂത്തുകള്‍ക്ക് പുരോഹിത വര്‍ഗ്ഗം മറുപടി പറഞ്ഞേ തീരൂ.


Leave a Reply

Your email address will not be published. Required fields are marked *