ആ മരണങ്ങളില്‍ പങ്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Jess Varkey Thuruthel & D P Skariah

കോവിഡ് കാലത്ത് പുറത്തിറങ്ങിയ ജനങ്ങളെ സര്‍ക്കാര്‍ നേരിട്ടത് പോലീസിനെയിറക്കി അടിച്ചോടിച്ചു കൊണ്ടായിരുന്നു. ശാരീരികവും മാനസികവും സാമ്പത്തികവുമായ ദുരിതങ്ങളുടെ പെയ്ത്തായിരുന്നു അന്ന്. വീട്ടിലടച്ചിടപ്പെട്ടവര്‍ക്ക് പുറത്തിറങ്ങി നടക്കണമെങ്കില്‍ വാക്‌സിന്‍ എടുത്തു എന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ സാധിക്കുമായിരുന്നുള്ളു. വാക്‌സിനെടുക്കാതിരുന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശാവര്‍ക്കാര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ നിരന്തരം ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു കൊണ്ടിരുന്നു….. ഒടുവിലിപ്പോള്‍ സര്‍ക്കാര്‍ പറയുന്നു, തങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്ന്….! വാക്‌സിന്‍ മൂലമുള്ള മരണങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന്…!! അതെല്ലാം ജനങ്ങള്‍ സ്വമനസാലെ സ്വീകരിച്ചവയാണെന്ന്…!

കോവിഡ് വാക്‌സിന്‍ എടുക്കാന്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും വാക്‌സിനേഷന്‍ പൂര്‍ണ്ണമായും സ്വമേധയാ ആയിരുന്നുവെന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ വെബ്‌സൈറ്റിലും സര്‍ക്കുലറിലും പി.ടി.ഐ.യുടെ പത്രക്കുറിപ്പിലും കോവിഷീല്‍ഡ് വാക്സിനുകളുടെ മരണകാരണങ്ങളെക്കുറിച്ചും മറ്റ് പാര്‍ശ്വഫലങ്ങളെക്കുറിച്ചും ഓരോ വ്യക്തികളെയും അതാതു സമയങ്ങളില്‍ അറിയിച്ചിരുന്നുവെന്നും അതിനാല്‍, വാക്‌സിന്‍ എടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കു നല്‍കിയിരുന്നു എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

വാക്സിന്‍ വികസിപ്പിക്കുന്ന ഘട്ടത്തില്‍, ഏതെങ്കിലും വ്യക്തിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, ഈ പ്രക്രിയയില്‍ പങ്കെടുക്കുന്നയാള്‍ക്ക് NDCT നിയമങ്ങളിലെ ആറാം അധ്യായം പ്രകാരം വാക്‌സിന്‍ നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ് എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

കോവിഡ് വാക്‌സിനേഷന്‍ മൂലം തന്റെ 18 വയസുകാരിയായ മകള്‍ മരിച്ചെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട രചന ഗാംഗുവിന്റെ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയ്ക്കു നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഗാംഗുവിന്റെ മകള്‍ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് വാക്‌സിനെടുത്തത് 2021 മെയ് 29 നായിരുന്നു. എന്നാല്‍ വാക്‌സിനെടുത്ത് ഒരു മാസമാകും മുന്‍പേ, ജൂണ്‍ 19ന് മകള്‍ മരിച്ചു.

മറ്റൊരു പരാതിക്കാരനായ വേണുഗോപാല്‍ ഗോവിന്ദന്റെ, നാലാം വര്‍ഷ എം എസ് സി വിദ്യാര്‍ത്ഥിനിയായ മകള്‍ ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്‌സിനെടുത്തത് 2021 ജൂണ്‍ 18 നായിരുന്നു. എന്നാല്‍ ജൂലൈ 10 ന് മകള്‍ മരിച്ചു.

രചന ഗാംഗുവിന്റെ മകള്‍ മരിച്ചത് ത്രോംബോസിസ് ആന്റ് ത്രോംബോസിറ്റോപീനിയ സിന്‍ഡ്രോം (TTS) മൂലമാണ്. കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണിത്. കോവിഡ് വാക്‌സിനേഷനു ശേഷം 2022 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ TTS ബാധിച്ച26 പേരില്‍ 13 പേര്‍ മരിച്ചു. കാനഡയില്‍ ഈ സംഖ്യ 105 ഉം ആസ്‌ട്രേലിയയില്‍ 173 മാണ്.

2022 നവംബര്‍ 19 വരെയുള്ള കാലഘട്ടത്തില്‍, രാജ്യത്ത് 219.89 കോടി കോവിഡ് വാക്‌സിനാണ് നല്‍കിയത്. ഇവയില്‍, 92,114 പേര്‍ക്ക് വാക്‌സിനേഷന്‍ മൂലമുള്ള പാര്‍ശ്വഫലങ്ങളുണ്ടായി. ഇവയില്‍ 2,782 കേസുകള്‍ അതീവ മാരകമായിരുന്നു. മരണവും സംഭവിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളാണിവ.

ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും മാത്രമല്ല, ആരോഗ്യത്തിന്റെയും സമാധാനവും സന്തോഷകരവുമായ ജീവിതത്തിന്റെയും സംരക്ഷകരും കാവലാളുകളും ആകാന്‍ വേണ്ടിയാണ് ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് ഭരിക്കാനായി അയക്കുന്നത്. എന്നാലിപ്പോള്‍ സര്‍ക്കാര്‍ പറയുന്നു, വാക്‌സിനേഷന്‍ മൂലമുള്ള മരണങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന്…..! എത്ര സമര്‍ത്ഥമായിട്ടാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചതെന്നു നോക്കൂ. പിന്നെ എന്തിനായിരുന്നു ഓടിച്ചിട്ട് പിടിച്ച് ജനങ്ങള്‍ക്കു കുത്തിവയ്‌പ്പെടുത്തതെന്നു പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. കുട്ടികളെപ്പോലും വെറുതെ വിടാതെ, നിര്‍ബന്ധപൂര്‍വ്വം അവര്‍ക്കും വാക്‌സിന്‍ നല്‍കുകയായിരുന്നു. ഇന്നിപ്പോള്‍, നിരവധിയായ ആരോഗ്യപ്രശ്‌നങ്ങളാല്‍ വലയുകയാണ് ജനം. വാക്‌സിനേഷനു ശേഷം കുഴഞ്ഞുവീണു മരണം സ്ഥിര സംഭവമായിരിക്കുന്നു. നിര്‍ബന്ധിത വാക്‌സിനേഷനിലൂടെ ദുരിതങ്ങള്‍ ജനങ്ങള്‍ക്കു സമ്മാനിച്ചതിന് സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ തീരൂ.


കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും എടുത്ത സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവര്‍ക്ക് അന്തര്‍ഡ സംസ്ഥാനയാത്രകള്‍ വരെ വിലക്കിയിരുന്നു. ഇന്ത്യയ്ക്കു വെളിയില്‍ പോകാനോ ഇന്ത്യയിലേക്കു വരാനോ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. രണ്ട് ഡോസ് വാക്‌സിനും എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂളുകളിലും കോളജുകളിലും പ്രവേശനവും നിഷേധിച്ചിരുന്നു. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ജീവനക്കാരെ ഷോപ്പുകളിലും ഓഫീസുകളിലും ജോലി ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ല. യാത്രകള്‍ വിലക്കി, ജോലിയില്‍ നിന്നും വിലക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു പോലും വിലക്കി, വാക്‌സിനെടുക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുകയാണ് ചെയ്തത്. വാക്‌സിനല്ലാതെ കൊറോണയ്ക്കു വേറെ പ്രതിവിധികളില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍. എന്നിട്ടിപ്പോള്‍ പറയുന്നു, തങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്ന്…!

വാക്‌സിനെടുത്താല്‍ ഉണ്ടാകുന്ന ഗുണഗണങ്ങളെപ്പറ്റി വാതോരാതെ പ്രസംഗിക്കുയായിരുന്നു സര്‍ക്കാര്‍. അതിനു വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം അവര്‍ ഉപയോഗപ്പെടുത്തി. പരസ്യങ്ങളിലൂടെയും പോസ്റ്ററുകളിലൂടെയും പൊതു പരിപാടികളിലൂടെയും ഈ സന്ദേശം ജനങ്ങളിലേക്കെത്തിച്ചു. ഐ എം എ അതിനു ചുക്കാന്‍ പിടിച്ചു. സാധ്യമായ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച്, ജനങ്ങളിലേക്ക് വാക്‌സിന്റെ ഗുണങ്ങളെക്കുറിച്ചു പ്രസംഗിച്ച സര്‍ക്കാര്‍ ഒരിക്കല്‍പ്പോലും വാക്‌സിന്റെ ദോഷവശങ്ങളെക്കുറിച്ചു മിണ്ടിയതേയില്ല. വാക്‌സിന്‍ കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഒരക്ഷരം പോലുമവര്‍ ഉരിയാടിയില്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന നിര്‍ദ്ധനരും നിരാലംബരും വിദ്യാഭ്യാസവുമില്ലാത്ത ജനങ്ങളെ പരസ്യതന്ത്രങ്ങളിലൂടെ പറ്റിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. വെബ്‌സൈറ്റ് നോക്കിയല്ല, മറിച്ച് സര്‍ക്കാരിന്റെ പരസ്യ പ്രചരണങ്ങളും നിര്‍ബന്ധങ്ങലും മൂലമാണ് ജനങ്ങള്‍ വാക്‌സിനെടുത്തത്.

കോവിഡ് എന്ന കൂച്ചുവിലങ്ങിട്ട്, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ജോലിക്കു പോകാനുള്ള സ്വാതന്ത്ര്യവും അവരുടെ സൈ്വര്യ ജീവിതവും തകര്‍ത്ത ശേഷം ഈ പറയുന്ന ന്യായങ്ങളൊന്നും നിലനില്‍ക്കുന്നതല്ല. സാധാരണക്കാരായ മനുഷ്യരുടെ ജോലിയും ജീവിതവും മക്കളുടെ വിദ്യാഭ്യാസവുമെല്ലാം നിഷേധിക്കുമെന്നു ഭീഷണിപ്പെടുത്തി തന്നെയാണ് സര്‍ക്കാര്‍ ജനങ്ങളെക്കൊണ്ട് കോവിഡ് വാക്‌സിന്‍ എടുപ്പിച്ചത്. എന്നിട്ടിപ്പോള്‍ ആ മരണങ്ങളില്‍ പങ്കില്ലെന്നു പറഞ്ഞു കൈ കഴുകിയാല്‍ തീരുന്നതല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്വം. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ജനങ്ങളുടെ അറിവോ സോഷ്യല്‍ ഓഡിറ്റിംങോ ഇല്ലാതെ, കോവിഡ് വാക്‌സിനേഷന്‍ എടുപ്പിച്ച ശേഷം ഉത്തരവാദിത്വമില്ലെന്നു പറയുന്നത് ഭരണകൂട ഭീകരതയാണ്.
Leave a Reply

Your email address will not be published. Required fields are marked *