നട്ടെല്ലില്ലാതെ കോണ്‍ഗ്രസ്, മുട്ടിലിഴഞ്ഞ് മാധ്യമങ്ങളും

Jess Varkey Thuruthel & Zachariah

മതവര്‍ഗ്ഗീയതയ്ക്ക് സര്‍വ്വപിന്തുണയും നല്‍കി സ്വയം കീഴടങ്ങിയ കോണ്‍ഗ്രസില്‍ നിന്നും ഇനിയും പ്രതീക്ഷയ്ക്കു വകയില്ല. നട്ടെല്ലില്ലാത്ത, നിലപാടില്ലാത്ത ഒരു പാര്‍ട്ടിയില്‍ നിന്നും കൂടുതലായിട്ടൊന്നും പ്രതീക്ഷിക്കാനുമില്ല. എങ്കിലും, ഇതുപോലൊരു നാണംകെട്ട അടിമത്തം അവരില്‍ നിന്നും പ്രതീക്ഷിച്ചതേയില്ല. അയോധ്യയില്‍ വോട്ടുപ്രതിഷ്ഠ നടത്തിയ ജനുവരി 22 നു തന്നെ, രാമന് അഭിവാദ്യമര്‍പ്പിച്ച് ശശി തരൂര്‍ തന്റെ നട്ടെല്ലില്ലായ്മ തെളിയിച്ചു. ബി ജെ പിയുടെ ഈ വര്‍ഗ്ഗീയ അജണ്ടയ്‌ക്കെതിരെ ഒരു വാക്കു പോലും ശബ്ദിക്കാന്‍ കേരളത്തിലെ പ്രതിപക്ഷനേതാവായ വി ഡി സതീശനോ രമേശ് ചെന്നിത്തലയ്‌ക്കോ കെ സുധാകരനോ മറ്റു നേതാക്കള്‍ക്കോ സാധിച്ചിട്ടില്ല.

മനുഷ്യരെ ആദ്യം അടിമകളാക്കിയത് മതങ്ങളാണ്. അല്ല, ഇങ്ങനെയല്ല പറയേണ്ടത്. ഇവിടെയൊരു അടിമ വര്‍ഗ്ഗത്തെ സൃഷ്ടിക്കാനായി മനുഷ്യര്‍ കരുതിക്കൂട്ടി സൃഷ്ടിച്ചെടുത്തതാണ് മതങ്ങളെയും മതദൈവങ്ങളെയും. സര്‍വ്വശക്തനായ, സര്‍വ്വവ്യാപിയായ സര്‍വ്വത്തിന്റെയും അധികാരിയായ ദൈവത്തെ പാടിപ്പുകഴ്ത്തണമെന്നും കാണിക്ക സമര്‍പ്പിക്കണമെന്നും പറഞ്ഞുവയ്ക്കുന്നിടത്തു തന്നെ അഹങ്കാരോന്മാദം ബാധിച്ച മനുഷ്യരുടെ സൃഷ്ടിയാണ് ദൈവമെന്ന കാര്യം സ്പഷ്ടമാണ്. എന്നിട്ടും ആരും അതിനെ എതിര്‍ക്കാത്തതിനു കാരണം ഒന്നുമാത്രം. തങ്ങളുടെ ആജ്ഞകള്‍ അനുസരിക്കുന്ന വലിയൊരു അടിമക്കൂട്ടത്തെ ആഗ്രഹിക്കുന്നവരാണ് ഇവര്‍. പണിയെടുക്കാതെ സുഖിച്ചു ജീവിക്കണം, അനുസരിപ്പിക്കാന്‍ അധികാരം വേണം. തങ്ങള്‍ ചെയ്യുന്ന ഏതു കൊടിയ പാതകത്തിനും നീതീകരണവും വേണം. അതിനവര്‍ മതങ്ങളെയും ദൈവങ്ങളെയും കൂട്ടുപിടിക്കുന്നു.

1992 ഡിസംബര്‍ 6ന് ബി ജെ പിയുടെ നേതൃത്വത്തില്‍ കുറെ അക്രമി സംഘം (കര്‍ സേവര്‍ എന്ന് ആരൊക്കെ വിശേഷിപ്പിച്ചാലും അവര്‍ അതിക്രൂരരായ ക്രിമിനലുകള്‍ ആയിരുന്നു എന്നതാണ് സത്യം) പുരാതന പള്ളിയായ ബാബറി മസ്ജിദ് പൊളിച്ചുനീക്കിയപ്പോള്‍ വര്‍ഗ്ഗീയ കലാപങ്ങളാല്‍ ഇന്ത്യ വിറച്ചു. ഹിന്ദുക്കളും മുസ്ലങ്ങളും തെരുവില്‍ പരസ്പരം ഏറ്റുമുട്ടി. നിരവധി മനുഷ്യരെ അതിഹീനമായ രീതിയില്‍ കൊന്നൊടുക്കി. രാജ്യത്തെ എല്ലാ നഗരങ്ങളും വര്‍ഗ്ഗീയ കലാപത്തില്‍ മുങ്ങി. ഔദ്യോഗിക കണക്കനുസരിച്ച് 2000 പേര്‍ മരിച്ചുവെന്നു പറയപ്പെടുന്നു. പക്ഷേ, മരിച്ചവരുടെ യഥാര്‍ത്ഥ കണക്ക് അതിലുമെത്രയോ ഏറെയാണ്!

സ്ത്രീകളെ ബലാത്സംഗം ചെയ്യാനും മറ്റുള്ളവരുടെ മുതല്‍ കൊള്ളയടിക്കാനും കൊന്നൊടുക്കാനും കുഞ്ഞുങ്ങളെപ്പോലും അതിഭീകരമായ രീതിയില്‍ കൊന്നൊടുക്കാനും ഉള്ള മറ മാത്രമായിരുന്നു അത്. അന്ന്, ഈ അക്രമസംഭവവങ്ങളെല്ലാം അരങ്ങേറിയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായ പി വി നരസിംഗറാവു ചുണ്ടുകള്‍ കൂട്ടിയടച്ച് രാജ്യത്തെ ജനങ്ങളെ മനുഷ്യപ്പിശാച്ചുക്കള്‍ക്ക് ചുട്ടെരിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തു. ഇന്ന്, അയോധ്യയില്‍ രാമന്റെ പ്രതിഷ്ഠ ഉയരുമ്പോള്‍, കോണ്‍ഗ്രസ് തലപ്പത്ത് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിക്കോ സഹോദരി പ്രിയങ്ക ഗാന്ധിക്കോ ഈ നെറികേടിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കാന്‍ എന്തുകൊണ്ടു കഴിയുന്നില്ല. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഒരു നേതാവിനു പോലും അതിനെ ശക്തമായി എതിര്‍ക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ട്? അപ്പോള്‍, ഇവിടെ നടന്ന നരനായാട്ടിനെ ഇവര്‍ സര്‍വ്വാത്മനാ അംഗീകരിക്കുകയാണ് എന്നര്‍ത്ഥം. ജാതിയുടേയും മതത്തിന്റെയും സമ്പത്തിന്റെയും എല്ലാ സൗകര്യങ്ങളും കൈപ്പറ്റിയ, അതിന്റെ അധികാരങ്ങളും സ്ഥാനമാനങ്ങളും കൈയ്യടക്കിയ ഇവര്‍ എങ്ങനെയാണ് ഇതെല്ലാം വേണ്ടെന്നു വയ്ക്കുന്നത്?

നട്ടെല്ലുറപ്പുണ്ടെന്നും നിര്‍ഭയരെന്നും അഹങ്കരിക്കുന്ന പത്രങ്ങളെന്തേ ഈ വിധം തരംതാണു പോയി? എന്തേ ഇവര്‍ക്കും നിലപാടില്ലാതെ പോയി? ആരെ കൊന്നൊടുക്കിയാലും കുഴപ്പമില്ല, തങ്ങള്‍ക്കു കിട്ടാനുള്ളത് കിട്ടിയാല്‍ മതിയെന്ന് വിളിച്ചു പറയുകയാണ് ഈ മാധ്യമങ്ങള്‍. ജനങ്ങളില്‍ ദൈവവിശ്വാസം കുറയുന്നുവെന്നു കാണുന്ന നിമിഷം മാധ്യമങ്ങള്‍ തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടകള്‍ പുറത്തെടുക്കും. അമ്പലങ്ങളുടേയും പള്ളികളുടേയും അവയുടെ ശക്തിയുടെയും തൊങ്ങല്‍ പിടിപ്പിച്ച വാര്‍ത്തകളുമായി അവരെത്തും. കൂടാതെ ഭക്തിസാന്ദ്രമായ സീരിയലുകളുമായി രംഗം കുറെക്കൂടി കൊഴുപ്പിക്കും.

മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കാന്‍ അനുവദിച്ചിടത്താണ് എല്ലാ പ്രശ്‌നങ്ങളുടേയും ആണിക്കല്ല്. ഹിന്ദുവിനു വേണ്ടി, മുസ്ലീമിനു വേണ്ടി, ക്രിസ്ത്യാനികള്‍ക്കു വേണ്ടി മതങ്ങളായ മതങ്ങള്‍ക്കെല്ലാം വേണ്ടി ഇവിടെ പാര്‍ട്ടികളുണ്ടാക്കി. മതത്തിന്റെ പിന്‍ബലമില്ലെന്നു പറയുന്നവരും മതങ്ങള്‍ക്കു വേണ്ടി അതിശക്തമായി വാദിക്കുന്നു.

ഇന്ത്യയിലെ എല്ലാപ്രശ്‌നങ്ങള്‍ക്കും കാരണം മതമാണ്, മതദൈവങ്ങളാണ്. ഇവിടെ സന്തോഷിക്കാനും സുഖജീവിതം നയിക്കാനും യോഗ്യതയും അര്‍ഹതയുമുള്ളവര്‍ തങ്ങളാണെന്നും മറ്റുള്ളവര്‍ തങ്ങളുടെ ആജ്ഞകള്‍ അനുസരിച്ചുകൊള്ളണമെന്നും അവര്‍ പറയുന്നു. സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള ജീവിതം നയിക്കാന്‍ ഇവര്‍ ആരെയും അനുവദിക്കില്ല.

നാണംകെട്ട കോണ്‍ഗ്രസേ, മാധ്യമങ്ങളേ, ഇനിയും നിങ്ങള്‍ രാജ്യസ്‌നേഹത്തെക്കുറിച്ചു പറയരുത്. സ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്ത്യയുടെ അഖണ്ഡതയെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും പറയരുത്. നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. നിങ്ങള്‍ക്കും നിങ്ങളുടെ മതദൈവങ്ങള്‍ക്കും അടിമപ്പെടാത്ത, ചിന്താശേഷിയുള്ള മനുഷ്യര്‍ക്ക് കാര്യങ്ങള്‍ മനസിലായിക്കഴിഞ്ഞു. ഇനി നിങ്ങളില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷകളുമില്ല…

…………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


………………………………………………………………………


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *