ലഭിക്കുമോ എന്നെങ്കിലും പിതൃദര്‍ശന ഭാഗ്യം….? പ്രതീക്ഷയോടെ പാതി മലയാളിയായ ബ്രിട്ടീഷ് സാഹിത്യകാരന്‍….അച്ഛന്‍…. അതൊരു ഗോപുരമാണ്, സാന്ത്വനത്തിന്റെ, സംരക്ഷണത്തിന്റെ,
പ്രതീക്ഷയുടെ, സ്വപ്‌നങ്ങളുടെ…. അങ്ങനെ എന്തെല്ലാം…. സൂര്യകിരണങ്ങളുടെ
നനുത്ത സ്പര്‍ശം പോലെ ശരീരത്തില്‍ പതിക്കുന്ന സാന്ത്വന കിരണങ്ങളാണ്
അച്ഛന്‍…. പക്ഷേ, ജീവിതത്തില്‍ ഒരിക്കലും സ്വന്തം പിതാവിനെ കാണാന്‍ വിധി
അനുവദിക്കാത്തവര്‍ എത്രയോ…. അവരിലൊരാളാണ് ഡേവിഡ് മേനോന്‍ എന്ന ഈ
ബ്രിട്ടീഷ് സാഹിത്യകാരനും…..

അച്ഛന്റെ മുഖം പോലും കാണാന്‍ കഴിയാതെ വളരുന്ന കുട്ടികള്‍ക്കു പോലും സ്വന്തം
പിതാവിന്റെ പൂര്‍ണ്ണമായ പേരെങ്കിലും അറിവുണ്ടായിരിക്കും. പക്ഷേ, ഡേവിഡിന് ആ
ഭാഗ്യവുമില്ല. മലയാളിയായ എം കെ മേനോനാണ് തന്റെ പിതാവെന്നു മാത്രമേ
ഡേവിഡിന് അറിയൂ… കേരളത്തില്‍ എവിടെയാണ് ഇദ്ദേഹത്തിന്റെ വീടെന്നോ
പിതാവിന്റെ മുഴുവന്‍ പേര് എന്തെന്നോ ഡേവിഡിന് അറിയില്ല… എങ്കിലും ആ
കണ്ണുകള്‍ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു…. തന്നെ കാണാന്‍ തന്റെ
പിതാവു വരും…. വരാതിരിക്കില്ല….

ഇതും ഒരു ഇന്ത്യന്‍ പ്രണയ കഥ…..

എം കെ മേനോന്‍ എന്ന മലയാളി ബ്രിട്ടനിലെ ഡെര്‍ബിയില്‍ ഡെര്‍ബിഷൈര്‍ റോയല്‍
ഇന്‍ഫമറിയില്‍ ഓഫ്താല്‍മിക് രജിസ്ട്രാര്‍ ആയി ജോലി ചെയ്യുന്ന കാലം. അതേ
കമ്പനിയില്‍ തന്നെ അഡ്മിനിസ്‌ട്രേറ്ററായി മാര്‍ഗരറ്റ് എലിസബേത്ത് ജോണ്‍സന്‍
എന്ന ബ്രിട്ടീഷുകാരിയുമെത്തി. 1960ലായിരുന്നു ഇത്. ഇരുവരും തമ്മില്‍
പ്രണയത്തിലായി, 1961 ആയപ്പോഴേക്കും ഈ ദമ്പതികള്‍ക്ക് ഒരു കുഞ്ഞു ജനിച്ചു.
ഡേവിഡ് മേനോന്‍…


പക്ഷേ, കുഞ്ഞു ജനിച്ച് ഏറെ താമസിയാതെ മാര്‍ഗരറ്റും എം കെ മേനോനും പിരിഞ്ഞു.
പിന്നെ കൊച്ചു ഡേവിഡിന്റെ ജീവിതം അമ്മയെ ചുറ്റിപ്പറ്റിയായിരുന്നു.
ഇംഗ്ലണ്ടിലെ ഡെര്‍ബിയില്‍ ഡേവിഡ് കുട്ടിക്കാലം ചിലവഴിച്ചു. തന്നെ തിരക്കി
എന്നെങ്കിലും തന്റെ അച്ഛന്‍ വരുമെന്ന് ഡേവിഡ് പ്രതീക്ഷിച്ചു. പക്ഷേ,
അദ്ദേഹം വന്നില്ല. 1969 ല്‍ ഡേവിഡിനെ തനിച്ചാക്കി അമ്മയും പോയി, പുതിയൊരു
ജീവിതത്തിലേക്ക്. അമ്മയുടെ പുതിയ ഭര്‍ത്താവിന് ഡേവിഡിനെ വേണ്ടായിരുന്നു.
സങ്കര സന്തതിയെ വളര്‍ത്താന്‍ വയ്യത്രേ…! ഡേവിഡിന്റെ സംരക്ഷണ ചുമതല അങ്ങനെ
അമ്മൂമ്മയ്ക്കായി. ആ ജീവിതം അത്ര സുഖകരമായിരുന്നില്ല. രണ്ടുപേര്‍ക്കും
കഴിയാനുളള വരുമാനം ഡേവിഡിന്റെ അമ്മൂമ്മയ്ക്ക് ഉണ്ടായിരുന്നില്ല. അതുമല്ല,
അവര്‍ വളരെ പ്രായമുള്ള സ്ത്രീയുമായിരുന്നു. അങ്ങനെ അമ്മൂമ്മയെക്കൂടി
സംരക്ഷിക്കേണ്ട ബാധ്യത കൊച്ചു ഡേവിഡിനായി. ജീവിത ഭാരം തളര്‍ത്തുമ്പോള്‍
ഡേവിഡ് പ്രതീക്ഷിക്കും, തന്റെ അച്ഛന്‍ വരുമെന്നും തന്നെ കൂട്ടിക്കൊണ്ടു
പോകുമെന്നും. പക്ഷേ…!

അമ്മയുടെ കുടുംബവുമായും ഡേവിഡിന് ബന്ധമുണ്ടായിരുന്നില്ല. സങ്കര സന്തതിയായ
ഡേവിഡിനെ കൂടെ കൂട്ടാന്‍ അവരും താല്‍പര്യപ്പെട്ടിരുന്നില്ല.
കഷ്ടപ്പാടുകള്‍ക്കിടയിലും ഡേവിഡ് ബ്രിട്ടീഷ് ഒ ലെവല്‍ വിദ്യാഭ്യാസം
പൂര്‍ത്തിയാക്കി. ഇംഗ്ലീഷും ഫ്രെഞ്ചും അനായാസേന കൈകാര്യം ചെയ്യാന്‍
പഠിച്ചു.

വായന എന്ന കൂട്ടുകാരന്‍…..

കുട്ടിക്കാലം മുതലേ ഡേവിഡിന് ഒരു കൂട്ടുണ്ടായിരുന്നു, വായന. ഏകാന്തതയിലെ ഏക
കൂട്ടും അതു മാത്രമായിരുന്നു. കൈയില്‍ കിട്ടിയ പുസ്തകങ്ങളെല്ലാം
ആര്‍ത്തിയോടെ ഡേവിഡ് വായിച്ചു തീര്‍ത്തു. ഭാവനയുടെ ഒരു ലോകത്ത്
ചക്രവര്‍ത്തിയായി ഡേവിഡ് മാറി. ബ്രിട്ടീഷ് കുറ്റാന്വേഷക എഴുത്തുകാരന്‍
വാല്‍ മക് ഡെര്‍മിഡാണ് ഡേവിഡിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍.

ഡേവിഡും കുറ്റാന്വേഷക കഥകള്‍ തന്നെ എഴുതാന്‍ ആരംഭിച്ചു. കുറ്റകൃത്യങ്ങളും
അവയിലേക്കു നയിക്കുന്ന സംഭവങ്ങളും കാരണങ്ങളുമെല്ലാം ഡേവിഡിനെ വല്ലാതെ
ആകര്‍ഷിച്ചു. നല്ലൊരു ഡിറ്റക്ടീവ് കഥ വായിക്കാന്‍ എല്ലാവര്‍ക്കും
താല്‍പര്യമാണ്. അതുകൊണ്ട് അത്തരം സാഹിത്യരചനയില്‍ തന്നെ ഡേവിഡ് ഉറച്ചു
നിന്നു. സോര്‍സെറര്‍ എന്ന കുറ്റാന്വേഷണ നോവലാണ് ഡേവിഡ് ഏറ്റവും അവസാനം
എഴുതിയ നോവല്‍. ഇന്ത്യയില്‍ ഈ പുസ്തകത്തിന്റെ വില 188 രൂപയാണ്. ആമസോണ്‍
ഷോപ്പില്‍ ഈ പുസ്തകം ലഭ്യമാണ്. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഈ
കുറ്റാന്വേഷക നോവലിസ്റ്റ് ഇതിനോടകം 8 നോവലുകള്‍ എഴുതിക്കഴിഞ്ഞു.


അനാഥത്വവും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യം ഡേവിഡിന്റെ എഴുത്തിനെയും വളരെ
ആഴത്തില്‍ സ്വാധീനിച്ചു. ആളുകള്‍ എന്തുകൊണ്ടാണ് കുറ്റവാളികളായി
തീരുന്നതെന്ന് മനസിലാക്കാനും ഡേവിഡിന് എളുപ്പം കഴിഞ്ഞു. സങ്കര
സന്തതിയായുള്ള ജനനവും അമ്മൂമ്മയുടെ സംരക്ഷണയിലുള്ള കുട്ടിക്കാലവും ഡേവിഡിനു
സമ്മാനിച്ചത് ഒറ്റപ്പെടലും ഏകാന്തതയുമാണ്. താന്‍ ഈ നാടിന്റെതല്ല എന്ന
തോന്നല്‍ ഡേവിഡിന് എപ്പോഴുമുണ്ടായി.

കേരളം…. ഡേവിഡിന്റെ സ്വപ്‌നഭൂമി….

കേരളം സന്ദര്‍ശിക്കാന്‍ കൊതിയാണ് ഡേവിഡിന്. സ്വന്തം പിതാവിന്റെ
ജന്മസ്ഥലം…. അത് എവിടെയാണെന്നറിയില്ല… എങ്കിലും അച്ഛന്‍
അച്ഛനല്ലാതാവില്ലല്ലോ….


ജോലിയുടെ ഭാഗമായി മുംബൈയിലും ബാംഗ്ലൂരിലും ഡല്‍ഹിയിലും കോല്‍കത്തയിലും
ചെന്നൈയിലും ഡേവിഡ് വന്നിട്ടുണ്ട്. പക്ഷേ കേരളത്തില്‍ മാത്രം വന്നിട്ടില്ല.
ബ്രിട്ടീഷ് എയര്‍വേസിലായിരുന്നു ഡേവിഡിനു ജോലി. ജനിച്ചതും വളര്‍ന്നതും
എല്ലാം ബ്രിട്ടനിലായിരുന്നുവെങ്കിലും, അമ്മ ബ്രിട്ടീഷുകാരി ആയിരുന്നിട്ടും,
താന്‍ ബ്രിട്ടീഷുകാരനാണെന്ന് ഡേവിഡിന് ഇന്നേവരെ തോന്നിയിട്ടില്ല.

വിവാഹം… അങ്ങനെയൊന്ന് ഡേവിഡിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല…
ഇപ്പോവും തനിച്ച്…. ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയെ കൂടെ കൂട്ടാന്‍
ആഗ്രഹമുണ്ട് ഇദ്ദേഹത്തിന്… പക്ഷേ ധാരാളം യാത്ര ചെയ്യുന്നതു കൊണ്ട്
അത്തരമൊരു ആഗ്രഹവും മനസില്‍ കുഴിച്ചു മൂടി.

മുറിച്ചുമാറ്റാനാവാത്ത ഒരു ആത്മബന്ധമാണ് ഡേവിഡിന് കേരളവുമായി ഉള്ളത്.
അച്ഛന്‍ ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് ഇദ്ദേഹത്തിന് അറിയില്ല.
എങ്കിലും കേരളം ഇപ്പോഴും പ്രലോഭിപ്പിക്കുന്നു, വല്ലാതെ…. ‘എനിക്കു
വരണം… കേരളം കാണണം… എന്റെ പിതാവിന്റെ നാടാണത്…. കായലുകളും പുഴകളും
കുളങ്ങളും പച്ചപ്പും എല്ലാമുള്ള എന്റെ സ്വന്തം നാട്…. ഞാനിപ്പോഴും
പ്രതീക്ഷിക്കുന്നു. ഒരിക്കലെങ്കിലും എനിക്കെന്റെ അച്ഛനെ കാണാന്‍
കഴിയുമെന്ന്…. ഒന്നു കണ്ടാല്‍ മാത്രം മതി എനിക്ക്……’

Leave a Reply

Your email address will not be published. Required fields are marked *