തൊപ്പി സൃഷ്ടികള്‍ക്കു പിന്നില്‍

Jess Varkey Thuruthel

ഈ കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്ത് സ്വന്തം മക്കളെ അവരുടെ ആഗ്രഹം തീരുന്നതു വരെ കളിക്കാന്‍ അനുവദിച്ച എത്ര മാതാപിതാക്കളുണ്ട് ഈ കേരളത്തില്‍? കുട്ടികളുടെ അവകാശമായ ആ രണ്ടു മാസത്തിലും അവരെ ഓണ്‍ലൈന്‍ പഠനത്തിലേക്കു തള്ളിവിട്ട അധ്യാപകരും മാതാപിതാക്കളുമാണ് നമുക്കു ചുറ്റുമുള്ളത്. അതിനെ ചോദ്യം ചെയ്ത തികച്ചും ഒറ്റപ്പെട്ട ശബ്ദങ്ങളെ കൂട്ടത്തോടെ ആക്രമിച്ചു നിശബ്ദരാക്കി ഇക്കൂട്ടര്‍. അതിനവര്‍ പറഞ്ഞ മറുപടി മക്കള്‍ കുറച്ചു നേരം വായിക്കുകയും പഠിക്കുകയും ചെയ്തു എന്നു കരുതി നന്മയല്ലാതെ മറ്റെന്തു സംഭവിക്കാനാണ് എന്നാണ്.

കളിക്കാനും ഉല്ലസിക്കാനും ആഗ്രഹിക്കുന്ന കുട്ടികളെ അവര്‍ക്കു ലഭിച്ച അവധിക്കാലത്തു പോലും അതിനനുവദിക്കാതെ പഠന ഭാരം അവരുടെ തലയില്‍ അടിച്ചേല്‍പ്പിച്ച മാതാപിതാക്കളാണിപ്പോള്‍ തൊപ്പിക്കു നേരെ കൊലവിളിയുമായി ഇറങ്ങിയിരിക്കുന്നത്. തൊപ്പി ഒരു ശരികേടാണെങ്കില്‍, മക്കളുടെ എല്ലാ അവകാശങ്ങളെയും നിഷേധിക്കുന്ന മാതാപിതാക്കളെ, നിങ്ങള്‍ കരുതിയിരിക്കുക. കാരണം, അടുത്ത തൊപ്പിയുടെ ജനനം നിങ്ങളുടെ വീട്ടില്‍ നിന്നാണ്. അതിനു കാരണക്കാര്‍ നിങ്ങള്‍ തന്നെ.

കടുത്ത മതവിശ്വാസികളായ മാതാപിതാക്കള്‍ക്കും ഉറ്റവര്‍ക്കുമിടയില്‍ വളര്‍ന്ന ആ ബാലന് ജീവിതത്തിലെ എല്ലാവിധ ആസ്വാദ്യ നിമിഷങ്ങളും നിഷേധിക്കപ്പെട്ടു. പാട്ടുപാടുന്നതും കേള്‍ക്കുന്നതും തമാശകള്‍ പറഞ്ഞുചിരിക്കുന്നതുമെല്ലാം ഹറാമായിരുന്നു. അവന്റെ പ്രായത്തിലുള്ള കുട്ടികളെല്ലാം ഗെയിം കളിക്കുമ്പോള്‍ അവനും ആഗ്രഹമുണ്ടായി. പക്ഷേ, ആ വാക്കു പോലും പറയാന്‍ അവന് അനുവാദമുണ്ടായിരുന്നില്ല. അത്തരം സാഹചര്യത്തില്‍, സി ബി എസ് ഇ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവനൊരു തെറ്റു ചെയ്തു. ഒരു കടയില്‍ നിന്നും പണം വാരിയെടുത്തു കൊണ്ട് ഓടി. അതുവരെയും ആരുടെയും യാതൊന്നും അവന്‍ മോഷ്ടിച്ചിരുന്നില്ല. കളവു നടത്താന്‍ അവന് അറിയുകയുമില്ലായിരുന്നു. അതിനാല്‍, അവന്‍ ഓടിയ വഴിയിലെല്ലാം അവന്റെ കൈയില്‍ നിന്നും പണം തൂവിപ്പോയി. നാട്ടുകാര്‍ അവനെ പിടികൂടി ഒരു മരത്തില്‍ പിടിച്ചു കെട്ടി. അവന്റെ ഉമ്മ ആ കാഴ്ച കണ്ട് ബോധംകെട്ടു വീണു. ഉപ്പയാകട്ടെ, പിന്നീടിന്നേവരെ അവനോടു സംസാരിച്ചിട്ടില്ല. പിന്നീടങ്ങോട്ട് ഉറ്റവരും ഉടയവരും ബന്ധുക്കളും സമൂഹവും അവന്റെ സമപ്രായക്കാരും അവനെ ഒറ്റപ്പെടുത്തി, കുറ്റപ്പെടുത്തി. പോക്കു ശരിയല്ലെന്ന് ഉപദേശിക്കുന്നതിനായി അവന്റെ വീട്ടുകാരും ബന്ധുക്കളുമെല്ലാം കൃത്യമായി എത്തും. അവരോടുള്ള വഴക്കിനു ശേഷം മുറിയടച്ചിരുന്നാണ് അവന്‍ വീഡിയോകളും ലൈവുമെല്ലാം ചെയ്യുന്നത്. ഫലമോ, അവന്റെ പ്രതിഷേധം തെറികളായി പുറത്തു വരുന്നു. ആ അരാചകത്വം ആസ്വദിക്കാന്‍ വെളിയില്‍ കുട്ടികളുടെ വലിയൊരു ലോകവും!

കുട്ടികളുടെ എല്ലാ അവകാശങ്ങളെയും തടഞ്ഞുവച്ച്, പഠിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായി അവരെ മാറ്റുമ്പോള്‍ വരുന്ന പ്രശ്‌നങ്ങളാണിത്. ഇരുപതു വയസില്‍ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കളെല്ലാം സ്വന്തം ബാല്യം ആഘോഷമാക്കിയവര്‍ തന്നെയാണ്. നല്ല രീതിയില്‍ കളിച്ചു വളര്‍ന്നവരാണ്. പക്ഷേ, ആ മാതാപിതാക്കള്‍ പോലും അതികഠിനമായ നിയമങ്ങളാണ് കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. നേരം പുലരും മുന്‍പേ തുടങ്ങുന്ന ട്യൂഷനും പിന്നീട് സ്‌കൂളിലെ പഠനം വൈകിട്ടും ട്യൂഷന്‍. ശനിയാഴ്ചയോ ഞായറാഴ്ച പോലുമോ അവര്‍ക്ക് അവധി നല്‍കാറില്ല. അവധിക്കാലമെന്നത് ഇല്ലേയില്ല. ആ സമയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കി കുട്ടികളുടെ അവധിക്കാല സമയം കൂടി അപഹരിക്കുന്നു.

തന്റെ ഉറ്റവരും ഉടയവരും സമൂഹവും തന്നോടു ചെയ്ത കടുത്ത നീതികേടിനെതിരെ തൊപ്പി പ്രതികരിച്ചത് അരാചകവാദിയായിട്ടാണ്. ആ പ്രതിഷേധങ്ങള്‍ ആവേശത്തോടെ ഏറ്റെടുക്കാന്‍ കുട്ടികളുടെ ഒരു വലിയ സമൂഹം ഉണ്ടായിരിക്കുന്നു. അവരുടെ ജീവിതത്തിലും ഇത്തരത്തില്‍ അടിച്ചമര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ടാവണം. അവരുടെ പ്രതിഷേധങ്ങള്‍ പുറത്തു വരുന്നത് ഇത്തരത്തിലാവണം.

തൊപ്പിയുടെ പ്രസിദ്ധിയും സ്വീകാര്യതയും ആരാധകവൃന്ദത്തെയും കണ്ട് കണ്ണുതള്ളി പ്രതിഷേധവുമായി ചാടിയിറങ്ങും മുന്‍പ് ഓരോ മാതാവും പിതാവും ആത്മപരിശോധന നടത്തുന്നതു നന്നായിരിക്കും. കുട്ടികളെ കുട്ടികളായി വളരാനും, കളിക്കാനും ഉല്ലസിക്കാനും അവര്‍ക്ക് വേണ്ടത്ര സമയം നല്‍കിയ മാതാവും പിതാവുമാണോ തങ്ങളെന്ന്. അങ്ങനെയല്ല എങ്കില്‍, നാളെ അനേകമനേകം തൊപ്പികള്‍ ഇവിടെ സൃഷ്ടിക്കപ്പെട്ടും. അതുസ്വന്തം കുടുംബത്തില്‍ നിന്നുതന്നെ ആവുകയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.

തൊപ്പിയെ നേര്‍വഴിക്കു നടത്താന്‍ കഴിയാത്ത, കഴിവുകെട്ട ഒരു പിതാവാണ് തൊപ്പിയുടെത്. അതിനാല്‍ ശിക്ഷിക്കേണ്ടത് തൊപ്പിയെയല്ല, മറിച്ച് അദ്ദേഹത്തിന്റെ പിതാവിനെയാണ്. സ്വന്തം മകന്റെ ചെറിയ ചെറിയ ആഗ്രഹങ്ങളും സന്തോഷങ്ങളും നടത്തിക്കൊടുക്കാന്‍ സാധിക്കാത്ത വിധം മതവിശ്വാസിയായ ഒരുവന്‍ എന്തിനാണ് ഭൂമിയിലേക്ക് കുഞ്ഞുങ്ങളെ ജനിപ്പിച്ചത്? സ്വന്തം ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയല്ല, മക്കളുടെ ആഗ്രഹങ്ങളുടെയും ചിന്തകളുടെയും സഹസഞ്ചാരികളാകാന്‍ തയ്യാറല്ലാത്ത ഒരാളും കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കുകയാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *