പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടിയ അധ്യാപകന്റെ സ്വത്തുക്കള്‍ അടിച്ചുമാറ്റി മന്ത്രവാദി

Thamasoma News Desk

കുടുംബ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി മന്ത്രവാദിയെ സമീപിച്ച അധ്യാപകന് നഷ്ടമായത് കുടുംബ സ്വത്തുക്കള്‍. രാജസ്ഥാനിലെ ജോധ്പൂരിലെ സ്‌കൂള്‍ അധ്യാപകനായ ചേതന്‍ റാം ദേവ്ദയ്ക്കാണ് സ്വത്തുക്കള്‍ നഷ്ടമായത് (Tantrik). കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അധ്യാപകന്‍ തന്ത്രിയായ കാലു ഖാനെയും മകന്‍ അബ്ദുള്‍ ഖാദറെയും സമീപിച്ചത്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം മൂലകാരണം ചേതന്‍ റാമിന്റെ സ്വത്തുക്കളാണെന്നും അവ വിറ്റാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും തന്ത്രി അധ്യാപകനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

ചേതന്‍ റാമിന്റെ സ്വത്തുക്കളെല്ലാം തന്റെ പേരിലേക്കു മാറ്റാനും പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമ്പോള്‍ സ്വത്തുക്കള്‍ തിരിച്ചെഴുതി നല്‍കാമെന്നും തന്ത്രി പറഞ്ഞു. ഇതനുസരിച്ച് അധ്യാപകന്‍ 2023 ജൂലൈയില്‍ തന്റെ 4,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വസ്തു കാലു ഖാന്റെ പേരിലേക്ക് മാറ്റി.

എന്നാല്‍, സ്വത്തുക്കളെല്ലാം തന്ത്രിക്ക് എഴുതി നല്‍കിയിട്ടും പ്രശ്നങ്ങള്‍ അവസാനിക്കാതെ വന്നപ്പോള്‍ ചേതന്റാം ദേവ്ദ വീണ്ടും തന്ത്രിയെയും മകനെയും സമീപിച്ചു. വസ്തുവിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രേഖയായ സെയില്‍ ഡീഡ് തനിക്ക് തിരികെ നല്‍കാന്‍ അദ്ദേഹം കാലു ഖാനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇപ്രകാരം ചെയ്താല്‍ ചേതന്റാം ദേവ്ദയുടെ കുടുംബത്തില്‍ മരണം സംഭവിക്കുമെന്ന് തന്ത്രിയായ കാലു ഖാനും അദ്ദേഹത്തിന്റെ മകന്‍ അബ്ദുള്‍ ഖാദറും പറഞ്ഞു. ഏകദേശം 1,200 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള തന്റെ മറ്റ് വസ്തുക്കളും തങ്ങളുടെ പേരിലേക്ക് മാറ്റാന്‍ അവര്‍ സ്‌കൂള്‍ അധ്യാപകനെ പ്രേരിപ്പിച്ചു. 2023 നവംബറില്‍ ഈ വസ്തുവും തന്ത്രിക്ക് അധ്യാപകന്‍ എഴുതി നല്‍കി.

തങ്ങളുടെ പേരില്‍ കിട്ടിയ രണ്ടു വസ്തുവും ബീര്‍ബല്‍, രാം കിഷോര്‍ എന്നിവര്‍ക്ക് 24,91,000 രൂപയ്ക്ക് തന്ത്രിയും മകനും വറ്റു. പക്ഷേ, എന്നിട്ടും വസ്തുവിന്റെ ഉടമസ്ഥനായ ചേതന്‍ റാമിന് യാതൊന്നും നല്‍കിയില്ല.

2024 മെയ് 17 ന്, ബീര്‍ബലും രാം കിഷോറും വീടൊഴിപ്പിക്കാനായി ചേതന്റാം ദേവ്ദയുടെ വീട്ടിലെത്തിയപ്പോഴാണ് തങ്ങളുടെ വീട് തന്ത്രി വിറ്റതായി ഇവര്‍ അറിയുന്നത്. ഇതോടെ തന്ത്രിയും മകനുമടക്കം നാലുപേര്‍ക്കെതിരെ ചേതന്‍ റാമിന്റെ ഭാര്യ സുഷമ ദേവ്ദ പോലീസില്‍ പരാതി നല്‍കി. എങ്കിലും കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു