കടം വാങ്ങിയും സാധനങ്ങള്‍ വാങ്ങിക്കൂട്ടി മലയാളികള്‍

Thamasoma News Desk

ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നാണ് മലയാളികളുടെ കാഴ്ചപ്പാട്. പൈസയ്ക്ക് എത്ര ബുദ്ധിമുട്ടിയാലും കടം വാങ്ങിയും (Loan) ആഗ്രഹിച്ച സാധനങ്ങള്‍ വാങ്ങുക എന്നതാണ് ശരാശരി മലയാളിയുടെ പൊതു സ്വഭാവം.

പ്രതിമാസം 13,000 രൂപ വരുമാനമുള്ള ഒരു ജീവനക്കാരന്‍ ഐഫോണ്‍ വാങ്ങാന്‍ 50,000 രൂപ ‘പലിശരഹിത’ വായ്പ എടുത്തതിനെക്കുറിച്ച്, കൊച്ചി ആസ്ഥാനമായുള്ള നിക്ഷേപ ഉപദേശകനായ നിഖില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു, ”ഫോണിന്റെ വില 58,000 രൂപയായിരുന്നു. കൈയിലുണ്ടായിരുന്നത് 8,000 രൂപയും. ബാക്കി പൈസ വായ്പ വാങ്ങി, എന്നാല്‍, ഈ വായ്പ തന്റെ പ്രതിമാസ വരുമാനത്തിന്റെ നല്ലൊരു ശതമാനം കുറയുമെന്ന കാര്യം അദ്ദേഹം മനസിലാക്കിയില്ല,” നിഖില്‍ പറഞ്ഞു.

ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ചിട്ടി ഫണ്ടുകള്‍, കുറികള്‍ തുടങ്ങി വായ്പ വാങ്ങാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. മലയാളികളുടെ ആവശ്യം കണ്ടറിഞ്ഞ് വായ്പ നല്‍കാനായി അയല്‍ സംസ്ഥാനങ്ങളില്‍പ്പോലും സ്ഥാപനങ്ങളും ആളുകളുമുണ്ട്. മലയാളികളുടെ ഈ ഉപഭോഗ നിലവാരം ആശങ്കാകരമാം വിധത്തില്‍ ഉയര്‍ന്നതാണ്. ആഘോഷങ്ങള്‍ നടത്താനും ആഡംബര ചടങ്ങുകളില്‍ പങ്കെടുക്കാനുമുള്‍പ്പടെ വിദേശ യാത്രകള്‍, വിലകൂടിയ കാറുകള്‍, മോട്ടോര്‍ ബൈക്കുകള്‍, ഉയര്‍ന്ന വിലയുള്ള മൊബൈല്‍ ഫോണുകള്‍ വാങ്ങാനുമെല്ലാം മലയാളികള്‍ പണം കടമെടുക്കുന്നു.

മുംബൈ ആസ്ഥാനമായുള്ള സ്റ്റോക്ക് ബ്രോക്കര്‍ എലാറ ക്യാപിറ്റല്‍ കഴിഞ്ഞയാഴ്ച ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ കടം വാങ്ങുന്നവര്‍ക്കിടയില്‍ ‘ഓവര്‍ലെവറേജിംഗ്’ വളരെ ദൃശ്യമാണെന്ന് എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. ‘പരിവര്‍ത്തന്‍ – ക്യാപ്ചറിംഗ് ചേഞ്ച് 2024’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളെക്കുറിച്ചുള്ള അവലോകനമുണ്ട്. പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യയുടെ ജനങ്ങളുടെ സ്വഭാവവും രീതികളും മനസ്സിലാക്കാന്‍ 22 സംസ്ഥാനങ്ങളിലേക്കും 77 ജില്ലകളിലേക്കും 96 ഗ്രാമങ്ങളിലേക്കും എലാറ തങ്ങളുടെ 100-ലധികം വിശകലന വിദഗ്ധരെ അയച്ചിരുന്നു.

ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും അത് കേരളത്തിന്റെ ഒരു യഥാര്‍ത്ഥ ചിത്രം വരച്ചില്ല. കേരളത്തില്‍ ലിവറേജിന്റെ നുഴഞ്ഞുകയറ്റം കഠിനമാണ്. ഒരു ശരാശരി ഉപഭോക്താവിന് മൂന്നില്‍ കൂടുതല്‍ വായ്പകളാണ് ഉള്ളത്. CIBIL സ്‌കോര്‍ 300 വരെയുള്ള ഉപഭോക്താക്കള്‍ക്ക് നാലു ലോണ്‍ വരെയുണ്ട്. സിബില്‍ സ്‌കോര്‍ 700 നും 900 നും ഇടയിലുള്ളവര്‍ക്ക് വായ്പ ലഭിക്കാനുള്ള സാധ്യത വളരെ ഉയര്‍ന്നതാണ്. ഗാര്‍ഹിക സമ്പാദ്യം മുരടിച്ചതോടെ ലിവറേജ് വര്‍ദ്ധിച്ചു. മാനസിക സമ്മര്‍ദ്ധം മൂലം ആത്മഹത്യകളും പെരുകുന്നു.

അമിതലാഭം നോക്കി പലിശരഹിത വായ്പയ്ക്കു തലവയ്ക്കുക എന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയല്ല, ഇതൊരു അഖിലേന്ത്യാ പ്രവണതയാണെന്ന് കോഴിക്കോട് ഐഐഎമ്മിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ രുന്ദ്ര സെന്‍ശര്‍മ ചൂണ്ടിക്കാട്ടി. ‘ഫിന്‍ടെക്കുകളും പുതിയ മൊബൈല്‍ ആപ്പുകളും കാരണം എളുപ്പത്തില്‍ പണം കിട്ടാനുള്ള ശ്രമത്തിന്റെ ഫലമാണിത്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നവംബറില്‍, വ്യക്തിഗത വായ്പകളുടെ വളര്‍ച്ചയിലും ഓവര്‍ലെവറേജിംഗിലും ആര്‍ബിഐ ആശങ്ക പ്രകടിപ്പിച്ചു, തുടര്‍ന്ന് വായ്പാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു.

”കേരളത്തിന്റെ പ്രശ്നം വളരെ വലുതാണ്. ആദ്യം, NBFC കളുടെ ആധിപത്യം. ഈ വര്‍ഷം ഫെബ്രുവരിയില്‍ എന്‍ബിഎഫ്‌സി വായ്പാ വളര്‍ച്ച കേരളത്തില്‍ ഏറ്റവും ഉയര്‍ന്നതാണെന്ന് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു (16.2%). വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് എന്‍ബിഎഫ്‌സികളിലേക്കുള്ള എക്സ്പോഷര്‍ കൂടുതലാണെന്ന് ഇത് സൂചിപ്പിക്കുന്നു. എന്‍ബിഎഫ്‌സികള്‍ അവസാന വിടവ് നികത്തുകയും ധനസഹായത്തിനുള്ള ആദ്യ ഓപ്ഷനായി പ്രവര്‍ത്തിക്കാതിരിക്കുകയും വേണം. രണ്ടാമത്തേത്, കടം വാങ്ങുന്നവര്‍ ഭൂമിയെ ഒരു ആസ്തിയായി ആശ്രയിക്കുന്നതാണ്,” പ്രൊഫ സെന്‍ശര്‍മ പറഞ്ഞു.

നബാര്‍ഡിലെ പ്രൊഫസര്‍ സെന്‍ശര്‍മ, ഗവേഷക പണ്ഡിതന്‍ രമ്യ ട്രീസ ജേക്കബ്, ഗോപകുമാരന്‍ നായര്‍ എന്നിവര്‍ സംയുക്തമായി രചിച്ച് ഓക്‌സ്‌ഫോര്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ജേണലില്‍ 2022-ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം, കേരളത്തിലെ ഗ്രാമീണ കുടുംബങ്ങള്‍ (മൂന്ന് ജില്ലകളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍) കടക്കെണിയിലാണെന്ന് കണ്ടെത്തി.

നിഖില്‍ പറയുന്നതനുസരിച്ച്, കടം വാങ്ങുന്നതിലെ വര്‍ദ്ധനവ് കേരളീയരുടെ ജീവിതശൈലിയുടെ ഭാഗമാണ്, അവരില്‍ ഭൂരിഭാഗവും ചിട്ടി ഫണ്ട് ‘കുറി’കളുമായി മുന്നോട്ടു പോകുന്നു, ഇതിനെ അവര്‍ വായ്പയായി പരിഗണിക്കുന്നില്ല. ‘നിങ്ങള്‍ കുറി വിളിക്കുന്ന നിമിഷം അത് ഒരു വായ്പയായി മാറുന്നു,’ അദ്ദേഹം വിശദീകരിച്ചു. നിഖില്‍ ശ്രദ്ധിക്കുന്ന മറ്റൊരു പ്രവണത സ്വര്‍ണ്ണ വായ്പയാണ്. ”സ്വര്‍ണ്ണ വായ്പ എടുക്കുന്ന ഭൂരിഭാഗം ആളുകളും സ്വര്‍ണം തിരികെ എടുക്കാറില്ല. സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുകയാണെങ്കില്‍, അവര്‍ വായ്പ പുതുക്കുക മാത്രമാണ് ചെയ്യുന്നത്, ”അദ്ദേഹം പറഞ്ഞു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ 2019-ലെ ഓള്‍ ഇന്ത്യ ഡെബ്റ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വേയില്‍, കേരളത്തിലെ ഗ്രാമീണ മേഖലയിലെ കട-ആസ്തി അനുപാതം, (9.7%), മറ്റെല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും ഉയര്‍ന്നതാണെന്ന് കണ്ടെത്തി. ആന്ധ്രാപ്രദേശിന് ശേഷം (7.3%) കേരളം രണ്ടാം സ്ഥാനത്താണ്.’ 2012ല്‍ പോലും ഗ്രാമീണ വായ്പാ സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ കടം ഉള്ളത് മലയാളികളാണെന്ന് കണ്ടെത്തി,” സാമ്പത്തിക വിദഗ്ധയായ മേരി ജോര്‍ജ് പറയുന്നു.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *