Header Ads

ആത്മഹത്യ ഭീഷണിയും ആത്മഹത്യാശ്രമവും ക്രൂരത


Thamasoma News Desk

ആത്മഹത്യയ്ക്കു ശ്രമിച്ച് ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മേല്‍ കുറ്റം ചുമത്താന്‍ ശ്രമിക്കുന്നത് ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവിനെ കേസില്‍ കുടുക്കുന്നതിനു വേണ്ടി കള്ള ആത്മഹത്യാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിനെയും വീട്ടുകാരെയും കേസില്‍ കുടുക്കാനായി നടത്തുന്ന ആവര്‍ത്തിച്ചുള്ള ആത്മഹത്യാ ഭീഷണികളും ആത്മഹത്യാ ശ്രമവും ക്രൂരതയാണെന്നും ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഭാര്യയുടെ ക്രൂരതയുടെ പേരില്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ദാമ്പത്യത്തിന്റെ തുടക്കം മുതല്‍ തന്നെ ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ വഷളായപ്പോള്‍ ആത്മഹത്യ ചെയ്യാനായി ഭാര്യ കൊതുകു നാശിനി കഴിച്ചു. എന്നാല്‍, പോഷകഗുണമുള്ള ടോണിക്കാണെന്നു പറഞ്ഞ് ഭര്‍ത്താവ് ഇത് മനപ്പൂര്‍വ്വം തന്നെക്കൊണ്ടു കുടിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് യുവതി ആരോപിച്ചു. എന്നാല്‍, സംഭവ ദിവസം തന്റെ ഭര്‍ത്താവ് ജോലി സ്ഥലത്ത് ആയിരുന്നുവെന്ന് പിന്നീട്, വിചാരണ വേളയില്‍ യുവതിക്കു സമ്മതിക്കേണ്ടതായി വന്നു.

സ്വയം ആത്മഹത്യയ്ക്കു ശ്രമിക്കുകയും അതിന്റെ കുറ്റം കൂടി ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ചുമലില്‍ വയ്ക്കുകയും ചെയ്യുന്നത് ക്രൂരതയാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ആത്മഹത്യ ചെയ്യുമെന്നു നിരന്തരം ഭീഷണിപ്പെടുത്തുകയും ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്യുന്നത് ക്രൂരതയ്ക്കു തുല്യമായ നടപടിയാണ്. ആത്മഹത്യാശ്രമത്തിനിടയില്‍ മരിച്ചാല്‍, ഭര്‍ത്താവും കുടുംബവും ഏതുവിധമാണ് കേസില്‍ അകപ്പെടുന്നത് എന്ന് ഏവര്‍ക്കും അറിയുകയും ചെയ്യാം. ഭര്‍ത്താവിന്റെ ജീവിതത്തെയും ജോലിയെയും മാത്രമല്ല, പിന്നീടങ്ങോട്ടുള്ള മുഴുവന്‍ ജീവിതത്തെയും തകര്‍ത്തെറിയാന്‍ ഭാര്യയുടെ ഇത്തരം ശ്രമങ്ങള്‍ക്കു സാധിക്കും.

ഭര്‍തൃവീട്ടില്‍ സ്്ത്രീയ്ക്ക് അനുഭവിക്കേണ്ടി വരുന്ന ഏതുതരം ക്രൂരതയ്ക്കും നിയമപരമായ പരിഹാരം തേടാന്‍ സ്ത്രീയ്ക്ക് അവകാശമുണ്ട്. ഭര്‍തൃവീട്ടില്‍ ഏതെങ്കിലും തരത്തില്‍ ക്രൂരതയ്ക്കു വിധേയയായിട്ടുണ്ടെങ്കില്‍ അവര്‍ ക്രിമിനല്‍ വിചാരണ നേരിട്ടേ മതിയാകൂ. എന്നാല്‍, നിരന്തരമായ ആത്മഹത്യാഭീഷണികളും ആത്മഹത്യാ ശ്രമങ്ങളും അംഗീകരിക്കാനാവില്ല, ഡല്‍ഹി ഹൈക്കോടതി പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.