Header Ads

രാഹുല്‍ മാങ്കൂട്ടത്തില്‍: ഭരണകൂടഭീകരതയുടെ ഇര


Written by: Zachariah

സെക്രട്ടേറിയേറ്റിലേക്കു നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തിരിക്കുന്നു! നവകേരള സദസിനിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതിനെതിരെ ഡിസംബര്‍ 20 ന് സെക്രട്ടേറിയറ്റിനു മുന്നിലാണ് സമരം നടത്തിയത്. സമരത്തിനിടെ വ്യാപകമായ അക്രമം നടന്നതിന്റെ പേരിലും പോലീസുകാരെ ആക്രമിച്ചുവെന്നും ആരോപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഈ കേസിലെ നാലാം പ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി പറമ്പില്‍ എം എല്‍ എ, എം വിന്‍സന്റ് എം എല്‍ എ എന്നിവരാണ് ഈ കേസിലെ രണ്ടും മൂന്നും പ്രതികള്‍.

ചെയ്ത കുറ്റത്തിന്റെ കാഠിന്യമനുസരിച്ചാണ് പ്രതികളെ ഒന്നാം പ്രതി രണ്ടാം പ്രതി എന്നിങ്ങനെ നമ്പറിംഗ് നടത്തുന്നത്. ഈ കേസില്‍, പ്രതിപക്ഷനേതാവായ വി ഡി സതീശനാണ് ഒന്നാം പ്രതി. ഇദ്ദേഹത്തെയോ രണ്ടും മൂന്നും പ്രതികളായ ഷാഫി പറമ്പിലിനെയോ എം വിന്‍സെന്റിനെയോ പോലീസ് കണ്ടതായി പോലും ഭാവിച്ചിട്ടില്ല. പക്ഷേ, കേസിലെ നാലാം പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അതിഭീകരനായ കുറ്റവാളിയെ എന്ന പോലെ അറസ്റ്റു ചെയ്തിരിക്കുന്നു! അറസ്റ്റിന്റെ തലേന്നു വരെ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന രാഹുലിനെ പോലീസ് തിരിഞ്ഞു നോക്കിയതു പോലുമില്ല. അടൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നതുവരെ പോലീസ് കാത്തിരുന്നു. അതിരാവിലെ, തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ നിന്നും ഒരു സംഘം പോലീസെത്തി, അദ്ദേഹത്തിന്റെ വീടു വളഞ്ഞ് കൊടുംക്രിമിനലിനെയെന്ന പോലെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പോലെ, വിളിച്ചാല്‍ ഏതു നിമിഷവും പോലീസില്‍ സ്വമേധയാ ഹാജരാകുന്ന ഒരു നേതാവിനെ, അതും തലേന്നു വരെ തലസ്ഥാനത്തുണ്ടായിരുന്ന ഒരു നേതാവിനെ എന്തിനാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി, ഇത്രയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടിച്ചു കൊണ്ടുപോകുന്നത്? അധികാരം കൈയിലുണ്ടെങ്കില്‍ എന്തു തോന്ന്യാസവും ആകാമെന്ന അഹങ്കാരത്തിന്റെ ഭാഗമാണിത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍, അതിനെക്കാള്‍ തീവ്രമായ തെറ്റു ചെയ്തവരല്ലേ വി ഡി സതീശനും ഷാഫി പറമ്പിലും എം വിന്‍സെന്റും? എന്തേ പോലീസിന് അവരെ അറസ്റ്റു ചെയ്യേണ്ടേ? അവരെ കോടതിയില്‍ ഹാജരാക്കേണ്ടേ? എം എല്‍ എ മാര്‍ ആയതിനാല്‍, നിയമ സംരക്ഷണം അവര്‍ക്കുണ്ടെന്ന് പോലീസിനറിയാം. അതിനാല്‍, എം എല്‍ എ അല്ലാത്ത, നാലാം പ്രതിയായ രാഹുലിനെ പിടികൂടി എന്നുമാത്രം.

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും സമന്മാരാണെന്നും ഭരണപക്ഷവും പ്രതിപക്ഷവും വാതോരാതെ പ്രസംഗിക്കുന്നുണ്ട്. എന്നിട്ടും നിയമത്തിനു മുന്നിലെ തുല്യതയെന്തേ ഈ കേസില്‍ പോലും പാലിക്കാത്തത്?

കരിങ്കൊടി കണ്ടാല്‍ ഹാലിളകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ നടത്തുന്ന കരിങ്കൊടി സമരങ്ങളെ പിന്തുണയ്ക്കുന്നത്? എന്തിനാണ് കരിങ്കൊടിയുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കു നേരെ പാഞ്ഞടുക്കുന്നത്? മുഖ്യനെകാണിച്ചാലും ഗവര്‍ണറെ കാണിച്ചാലും പ്രതിപക്ഷനേതാവിനെ കാണിച്ചാലും കരിങ്കൊടി കരിങ്കൊടി തന്നെയാണ്. അല്ലാതെ അതിന്റെ നിറത്തിനോ ഘടനയ്‌ക്കോ സമരരീതിക്കോ ഒന്നും മാറ്റമില്ല. ഒരാളുടെ നിലപാടിനോടുള്ള എതിര്‍പ്പും വിയോജിപ്പും പ്രകടിപ്പിക്കാന്‍ കറുത്ത തുണി ആയുധമാക്കി എന്നു മാത്രം. ഇടതുപക്ഷത്തിനു മാത്രമേ ആ സമരരീതി പാടുള്ളുവെന്നും ബാക്കിയാര്‍ക്കും പാടില്ലെന്നുമുള്ളത് എന്തു നീതിയാണ്? ഇടതുപക്ഷത്തിന് ഈ സമരരീതി സ്വീകാര്യമെങ്കില്‍ ഇവിടെയുള്ള ഏതൊരു പൗരനും ഈ സമരരീതി ഉപയോഗിക്കാം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന്റെ കാര്യത്തിലും വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനര്‍ത്ഥം ഈ സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം മഹത്തരമെന്നല്ല. തന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്താനായി സ്തുതിപാഠകരെ വച്ചാല്‍ മായ്ച്ചു കളയാനാവില്ല ഇവിടെ സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ജീവിക്കാനാവാത്ത ലക്ഷക്കണക്കിനു മനുഷ്യരിവിടെയുണ്ട്. പെന്‍ഷനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന നിസ്സഹായരായ മനുഷ്യര്‍. വളരെ തുച്ഛമായ കൂലിയില്‍ പകലന്തിയോളം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായവര്‍. അനാവശ്യമായി ഓരോ രൂപ ചെലഴിക്കുമ്പോഴും സര്‍ക്കാര്‍ കാണേണ്ടത് ഇത്തരം നിസ്സഹായ ജന്മങ്ങളുടെ കണ്ണുനീരാണ്. അവയ്ക്കു പരിഹാരം കാണാതെ സ്തുതിപാഠകരെ കൂലിക്കു വച്ചു പാടിപ്പുകഴ്ത്തിയാല്‍ വിശക്കുന്ന വയറിന്റെ കത്തലടങ്ങില്ല. അവരുടെ കണ്ണുനീരിനും അറുതിയുണ്ടാവില്ല.

-----------------------------------------------

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


--തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.