Header Ads

നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമന്‍ സന്ദര്‍ശിക്കാന്‍ ഹൈക്കോടതി അനുമതി

Thamasoma News Desk 

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ സന്ദര്‍ശിക്കാന്‍ അമ്മയ്ക്ക് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. മകളെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു. മകളുടെ ജീവന്‍ രക്ഷിക്കുന്നതിന് യെമനില്‍ പോകാന്‍ അനുമതി തേടിയപ്പോള്‍ എന്തിനാണ് മന്ത്രാലയം തടഞ്ഞതെന്ന് ഉത്തരവ് പുറപ്പെടുവിക്കവേ ഹൈക്കോടതി ചോദിച്ചു. വാദം കേള്‍ക്കുന്നതിനിടെ വിദേശകാര്യ മന്ത്രാലയം അനുമതിയെ എതിര്‍ത്തു.

വധശിക്ഷയ്ക്കെതിരായ നിമിഷ പ്രിയയുടെ അപ്പീല്‍ നവംബര്‍ 16-ന് യെമന്‍ സുപ്രീം കോടതി നിരസിച്ചതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017-ല്‍ കൊലപാതകക്കുറ്റം ചുമത്തി നിമിഷ പ്രിയയെ യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയ്ക്കെതിരായ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്ന് ഏപ്രില്‍ 11 ന് യെമനിലെ സുപ്രീം കോടതി നടപടികള്‍ വേഗത്തിലാക്കി.

യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയുടെ കൈവശമുള്ള തന്റെ പാസ്‌പോര്‍ട്ട് വീണ്ടെടുക്കുന്നതിനായി, മയക്കുമരുന്നു കുത്തിവച്ചു കൊലപ്പെടുത്തി എന്നതാണ് നിമിഷപ്രിയയ്ക്ക് എതിരെയുള്ള കേസ്. 2017 ലായിരുന്നു ഈ സംഭവം. അതിനു ശേഷം അറസ്റ്റിലായ നിമിഷപ്രിയയ്ക്ക് 2020ല്‍ യെമനിലെ കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വര്‍ഷം നവംബര്‍ 13ന് യെമന്‍ സുപ്രീം കോടതി വധശിക്ഷ ശരിവച്ചിരുന്നു.

ഇസ്ലാമിക നിയമമനുസരിച്ച്, ഇരയുടെ കുടുംബം കുറ്റവാളിക്കു മാപ്പ് കൊടുത്താല്‍, വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാനാകും. ഇതിന് 'ബ്ലഡ് മണി' (ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം) നല്‍കേണ്ടി വന്നേക്കാം. തലാലിന്റെ കുടുംബം ക്ഷമിച്ചാല്‍ മാത്രമേ വധശിക്ഷയില്‍ നിന്നും മോചനം സാധ്യമാകുകയുള്ളു.



Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47


#Nimishapriya #Yemen #Externalaffiresministry #Delhihighcourt #Thalal

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.