Header Ads

എന്ന് തൂക്കും അസ്ഫാക്കിനെ?

 

Jess Varkey Thuruthel

ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി, ബീഹാര്‍ സ്വദേശി അസ്ഫാക് ആലത്തിന് (28) വധശിക്ഷയും 5 വര്‍ഷം ജീവപര്യന്തവും ലഭിച്ചു. പക്ഷേ, എന്നായിരിക്കും ഈ വിധി നടപ്പാക്കുക? തൂക്കിക്കൊലയ്‌ക്കെതിരെ വന്‍പ്രക്ഷോഭങ്ങള്‍ നടത്തി, അതിക്രൂരതയ്ക്കു മാത്രം വധശിക്ഷ നല്‍കുന്ന ഒരു നാടാണ് നമ്മുടേത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാല്‍ മാത്രമേ കൊന്നുകളയുകയുള്ളു. പക്ഷേ, അത്തരത്തില്‍ പെടുന്ന കേസുകളില്‍പ്പെട്ട 16 പേരാണ് കേരളത്തില്‍ ജയിലുകളില്‍ കഴിയുന്നത്. ഏറ്റവുമൊടുവില്‍ കേരളത്തില്‍ തൂക്കിക്കൊന്നത് റിപ്പര്‍ ചന്ദ്രനെയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1991 ജൂലൈ ആറിനായിരുന്നു അത്. അന്ന് ആരാച്ചാരായ തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിക്ക് 1500 രൂപയാണ് പ്രതിഫലം നല്‍കിയത്. 1958 മുതല്‍ 1991 വരെ കേരളത്തില്‍ തൂക്കിക്കൊന്നത് 26 പേരെയാണ്.

ആലംകോട് സ്വദേശി ഓമന ചെറുമകള്‍ സ്വാസ്തിക എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നിനോ മാത്യു, ഫോര്‍ട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസ് പ്രതി എഎസ്‌ഐ ജിതകുമാര്‍, കോളിയൂര്‍ സ്വദേശിയായ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി വട്ടപ്പാറ കല്ലുവാക്കുഴി തോട്ടരികത്തു വീട്ടില്‍ കൊലുസു ബിനു എന്ന അനില്‍ കുമാര്‍, കുപ്രസിദ്ധ ഗുണ്ട ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ആറ്റുകാല്‍ സ്വദേശികളായ ഒന്നാം പ്രതി ജാക്കി അനി എന്ന അനില്‍കുമാറിനും ഏഴാം പ്രതി അമ്മയ്‌ക്കൊരു മകന്‍ സോജു എന്നറിയപ്പെടുന്ന അജിത്കുമാര്‍, കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗിരീഷ്‌കുമാര്‍, അമ്മയുടെ കണ്‍മുന്നില്‍ 2 പിഞ്ചുകുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടികളുടെ പിതൃസഹോദരനുമായ റാന്നി കീക്കൊഴൂര്‍ മാടത്തേത്ത് വീട്ടില്‍ ഷിബു എന്ന തോമസ് ചാക്കോ, പാറമ്പുഴ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ ഭാര്യ പ്രസന്നകുമാരി മകന്‍ പ്രവീണ്‍ എന്നിവരെ കൊലപ്പെടുത്തി എട്ടര പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി നരേന്ദ്രകുമാര്‍, മാവേലിക്കര പല്ലാരിമംഗലത്തു ദമ്പതികളെ 6 വയസ്സുകാരനായ മകന്റെ മുന്നിലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി പല്ലാരിമംഗലം പൊണ്ണശേരി കിഴക്കതില്‍ തിരുവമ്പാടി വീട്ടില്‍ ആര്‍.സുധീഷ്. പീരുമേട്ടില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്തശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവലില്‍ വീട്ടില്‍ രാജേന്ദ്രന്‍. അടിമാലി മുക്കുടത്ത് അമ്മയെയും മാതൃപിതാവിനെയും രണ്ട് അയല്‍വാസികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജോമോന്‍ അങ്ങനെ പതിനാറു പേരാണ് നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കേരളത്തിലെ ജയിലുകളിലുള്ളത്.

ആലുവയില്‍ അതിഥി തൊഴിലാളിയുടെ അഞ്ചുവയസായ മകളെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ വിധി വരുമ്പോള്‍, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത മറ്റൊന്നു കൂടിയുണ്ട്. മറ്റൊരു പോക്‌സോ കേസിലെ പ്രതിയാണ് അഫ്‌സാക് ആലം എന്നതാണത്. ആ കേസില്‍ അയാള്‍ക്കു ജാമ്യം ലഭിച്ചു. ഉടന്‍ തന്നെ അയാള്‍ കേരളത്തിലേക്കു പലായനം ചെയ്യുകയായിരുന്നു. ഇവിടെയെത്തി അധികം കഴിയും മുമ്പേതന്നെ അത്തരത്തിലുള്ള, എന്നാല്‍ അതിലും ക്രൂരവും ഭീകരവുമായ മറ്റൊരു കുറ്റകൃത്യമയാള്‍ ചെയ്തു.

ഇയാള്‍ ഇതു ചെയ്തിട്ടുണ്ടാവുമോ എന്ന ചോദ്യമാണ് പലപ്പോഴും കുറ്റവാളികള്‍ക്കു തുണയാവുന്നത്. ഒറ്റക്കൈയ്യന്‍ ഗോവിന്ദച്ചാമിക്ക് ഇത് ഒറ്റയ്ക്കു ചെയ്യാന്‍ കഴിഞ്ഞോ എന്ന ചോദ്യം വിചാരണ സമയത്ത് ഏറെ ഉയര്‍ന്നതാണ്. പീഡനക്കേസില്‍, പ്രത്യേകിച്ചും കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ അതു വീണ്ടും ആവര്‍ത്തിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ അത്തരക്കാരെ കര്‍ശനമായി നിരീക്ഷിക്കാനും വീക്ഷണപരിധിയില്‍ത്തന്നെ നിര്‍ത്താനുള്ള സംവിധാനം ഉണ്ടാകണം.

ഇത്തരത്തില്‍ ക്രൂര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജീവിച്ചിരിക്കാന്‍ യാതൊരു അവകാശവുമില്ല. അതിനാല്‍ത്തന്നെ എത്രയും പെട്ടെന്ന് കൊന്നുകളയുക എന്നതാണ് ഇത്തരം നരാധനന്മാരില്‍ നിന്നും മറ്റുള്ളവരെ രക്ഷിക്കാനുള്ള ഏകമാര്‍ഗ്ഗം. കൊടുംക്രിമിനലുകളെ സംരക്ഷിക്കേണ്ട യാതൊരു കാര്യവും നമ്മുടെ സംസ്ഥാനത്തിന് ഇല്ല. ജയിലില്‍ അവരെ തീറ്റിപ്പോറ്റാന്‍ വേണ്ടി ഉപയോഗിക്കുന്നതും ജനങ്ങളുടെ നികുതിപ്പണം തന്നെ. പ്രതികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കുന്നവര്‍ നിരപരാധികളുടെ എല്ലാ അവകാശങ്ങളും ലംഘിക്കപ്പെട്ട കാഴ്ചകള്‍ കാണുന്നില്ല. ഏകദേശം 30 വര്‍ഷത്തിലേറെയായി കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. ഇനി ഇവരെയെല്ലാം എന്നു തൂക്കുമെന്നുമറിയില്ല. വധശിക്ഷ വിധിച്ചതുകൊണ്ടായില്ല. ആ വിധി എത്രയും പെട്ടെന്നു നടപ്പാക്കിയാല്‍ മാത്രമേ ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് അറുതിയുണ്ടാവുകയുള്ളു.


#AsfakhAlam #Aluvamudercase #POCSOCourtErnakulam #hangedtodeath

Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.