Header Ads

ഈ വിളി നിറുത്തിയാല്‍ എന്റെ ശമ്പളത്തിന്റെ പാതി നിങ്ങള്‍ക്ക്: സുപ്രീം കോടതി ജഡ്ജി

Thamasoma News Desk

ഈ വിളിയൊന്നു നിറുത്തിയാല്‍ തന്റെ ശമ്പളത്തിന്റെ പാതി തരാമെന്ന് അഭിഭാഷകനോട് സുപ്രീം കോടതി ജഡ്ജി. ജുഡീഷ്യല്‍ വാദത്തിനിടയില്‍, അഭിഭാഷകര്‍ 'മൈ ലോര്‍ഡ്' എന്നും 'യുവര്‍ ലോര്‍ഡ്ഷിപ്പ്‌സ്' എന്നും ആവര്‍ത്തിച്ച് അഭിസംബോധന ചെയ്തതില്‍ ജഡ്ജി അതിയായ അതൃപ്തി രേഖപ്പെടുത്തി.

'എത്ര പ്രാവശ്യം നിങ്ങളോടിതു പറയണം? എത്രതവണയാണ് നിങ്ങളിത് ആവര്‍ത്തിക്കുന്നത്? ഈ വിളി നിറുത്തിയാല്‍, എന്റെ ശമ്പളത്തിന്റെ പകുതി ഞാന്‍ നിങ്ങള്‍ക്ക് തരാം,' മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എ എസ് ബൊപ്പണ്ണയോടൊപ്പം ബെഞ്ചിലിരുന്ന ജസ്റ്റിസ് പി എസ് നരസിംഹയാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

കോടതിയില്‍ വാദം നടക്കുന്നതിനിടയില്‍, അഭിഭാഷകര്‍, ജഡ്ജിമാരെ സ്ഥിരമായി 'മൈ ലോര്‍ഡ്' അല്ലെങ്കില്‍ 'യുവര്‍ ലോര്‍ഡ്ഷിപ്പുകള്‍' എന്ന് വിളിക്കുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ അവശിഷ്ടമായിട്ടും അടിമത്തമായിട്ടുമാണ് ഇതിനെ പലരും കാണുന്നത്.

ഇങ്ങനെ വിളിക്കുന്നതിനു പകരം എന്തുകൊണ്ടു നിങ്ങള്‍ക്ക് 'സര്‍' എന്നു വിളിച്ചുകൂടാ എന്നും അഭിഭാഷകനോട് ജസ്റ്റിസ് നരസിംഹ ചോദിച്ചു.

ഒരു അഭിഭാഷകനും ജഡ്ജിമാരെ'മൈ ലോര്‍ഡ്' എന്നും 'യുവര്‍ ലോര്‍ഡ്ഷിപ്പ്' എന്നും അഭിസംബോധന ചെയ്യരുതെന്ന പ്രമേയം പാസാക്കിയത് 2006-ല്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്. പക്ഷേ, ഈ നിയമം ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. അടുത്ത കാലത്തായി കേരള ഹൈക്കോടതിയും ഇത്തരത്തില്‍ ജഡ്ജിമാരെ സംബോധന ചെയ്യുന്നതു വിലക്കിയിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.