ജയ് ഹിന്ദിന് അയോഗ്യത: ഉദ്യോഗാര്‍ത്ഥിക്ക് കോടതിയുടെ സമാശ്വാസം
Thamasoma News Desk
''ജയ് ഹിന്ദ്', നമുക്ക് പ്രകൃതിയുമായി ഐക്യത്തോടെ ജീവിക്കാം', ടി എന്‍ പി എസ് സി നടത്തിയ ഗ്രൂപ്പ് -2 പരീക്ഷയുടെ ഉത്തരപ്പേപ്പറില്‍, ലേഖനത്തിന്റെ ഉപസംഗ്രഹമായി എഴുതിയ ഈ വരി, ജോലിക്കുള്ള തന്റെ യോഗ്യതയെത്തന്നെ ഇല്ലാതാക്കുമെന്ന് തമിഴ്‌നാട് സ്വദേശിയായ കല്‍പ്പന ചിന്തിച്ചതേയില്ല. കല്‍പ്പനയുടെ ഈ ഉത്തരം മൂല്യനിര്‍ണ്ണയ സമിതിയെ വിറളി പിടിപ്പിച്ചു, അവരെ അയോഗ്യയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നിപ്പോള്‍, നീണ്ട ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം, മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച്, അവരുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം ചെയ്യാനും ആവശ്യമായ മാര്‍ക്ക് നേടിയാല്‍ അവളെ നിയമിക്കാനും ടിഎന്‍പിഎസ്സിയോട് നിര്‍ദ്ദേശിച്ചു.
ടിഎന്‍പിഎസ്സി 2014 ല്‍ ഗ്രൂപ്പ്-2 സര്‍വീസ് റിക്രൂട്ട്മെന്റിനായി നടത്തിയ പാര്‍ട്-ബി എഴുത്തുപരീക്ഷയുടെ കല്‍പനയുടെ ഉത്തരക്കടലാസ് ടിഎന്‍പിഎസ്സി അസാധുവായി പ്രഖ്യാപിച്ചത്. എന്തുകൊണ്ട് തന്നെ അയോഗ്യയായി പ്രഖ്യാപിച്ചുവെന്ന് വിവരാവകാശം വഴി കല്‍പ്പന അറിഞ്ഞത് 2016 ലാണ്. പാര്‍ട്ട്-എ പേപ്പറില്‍ 160 മാര്‍ക്കും അഭിമുഖത്തില്‍ 24 മാര്‍ക്കും നേടിയ കല്‍പ്പനയ്ക്ക് ജോലിയ്ക്കുള്ള യോഗ്യതയ്ക്ക് വെറും ആറു മാര്‍ക്ക് മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. അതിനിടയിലാണ് ടി എന്‍ പി എസ് സി കല്‍പ്പനയെ അയോഗ്യയാക്കിയത്. ഇതിനെതിരെ 2017 ല്‍ അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ചോദിച്ച ചോദ്യത്തിന് തന്റെ ഉത്തരം പ്രസക്തമാണെന്ന് കല്‍പ്പന വാദിച്ചപ്പോള്‍, ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ഐഡന്റിറ്റി സൂചിപ്പിക്കുന്ന ഒരു പരാമര്‍ശവും ഉത്തരക്കടലാസില്‍ ഉദ്യോഗാര്‍ത്ഥികള്‍ എവുതാന്‍ പാടില്ലെന്ന പി എസ് സി ഉത്തര പുസ്തകത്തിലെ ഖണ്ഡിക 8, 16 (iii) എന്നിവ പ്രകാരം പി എസ് സി വാദിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കല്‍പ്പന ലംഘിച്ചുവെന്നായിരുന്നു കമ്മീഷന്റെ വാദം.
ഒരു ഉദ്യോഗാര്‍ത്ഥിയെ അയോഗ്യയായി പ്രഖ്യാപിക്കും മുന്‍പ്, അവര്‍ എഴുതിയ ലേഖനം പൂര്‍ണ്ണമായും കമ്മീഷന്‍ പരിഗണിക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ദേവാനന്ദ് അഭിപ്രായപ്പെട്ടു. സ്‌കൂളില്‍, പ്രാര്‍ത്ഥനയുടെ അവസാനത്തിലായാലും പ്രമുഖ വ്യക്തികളുടെ പ്രസംഗത്തിന്റെ ഒടുവിലായാലും ഇന്ത്യയിലെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉച്ചരിക്കുന്ന മുദ്രാവാക്യം 'ജയ് ഹിന്ദ്' അല്ലെങ്കില്‍ 'ഇന്ത്യയ്ക്ക് വിജയം' ആണെന്ന് ജസ്റ്റിസ് ദേവാനന്ദ് ചൂണ്ടിക്കാട്ടി.
ഈ കേസില്‍ കല്‍പ്പനയ്ക്ക് അനുകൂലമായി കോടതി വിധി വന്നിരിക്കുകയാണ്. അവരുടെ ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണ്ണയം വീണ്ടും നടത്തണമെന്നും ആവശ്യമായ മാര്‍ക്കു നേടിയാല്‍ നിയമിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശങ്ങള്‍ ഒരു മാസത്തിനകം പാലിക്കണമെന്നും ടിഎന്‍പിഎസ്സിയോട് കോടതി ആവശ്യപ്പെട്ടു.
#TNPSC #Group-2ServiceRecruitment #PSCExam #JusticeDevanand #madrasHighcourt
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47
അഭിപ്രായങ്ങളൊന്നുമില്ല