Header Ads

പോക്‌സോ നിയമം കൗമാരക്കാരെ ചൂഷണം ചെയ്യാനുള്ളതല്ല; ഹൈക്കോടതി

Thamasoma News Desk

കൗമാരപ്രായക്കാര്‍ തമ്മിലുള്ള ഉഭയകക്ഷി സമ്മതത്തോടെയുള്ള പ്രണയങ്ങളും ലൈംഗികതയും തടയാന്‍ വേണ്ടിയല്ല, മറിച്ച്, കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാക്രമണങ്ങളില്‍ നിന്നും അവര്‍ക്കു സംരക്ഷണം നല്‍കാനാണ് പോക്‌സോ നിയമം ആവിഷ്‌കരിച്ചതെന്ന് അലഹാബാദ് ഹൈക്കോടതി. പതിനെട്ട് വയസിനു താഴെയുള്ള കുട്ടികള്‍ക്കിടയിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത ക്രിമിനല്‍കുറ്റമാക്കാന്‍ വേണ്ടിയുമില്ല ഈ നിയമം ആവിഷ്‌കരിച്ചതെന്നും കോടതി നിരീക്ഷിച്ചു.

കൗമാരക്കാരെ ലൈംഗികാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനു പകരം അവരെ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ് ഇന്നത്തെക്കാലത്ത് പല സന്ദര്‍ഭങ്ങളിലും പോക്‌സോ നിയമം ഉപയോഗിക്കുന്നത്. പലരും ഈ നിയമത്തെ കണ്ടിരിക്കുന്നത് കൗമാരക്കാരെ ചൂഷണം ചെയ്യാനുള്ള ഉപകരണമായിട്ടാണ്. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍, സ്‌നേഹത്തില്‍ നിന്നുണ്ടായ പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിന്റെ കാര്യം പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം കേസുകളിലെ ഇരയുടെ മൊഴി അവഗണിക്കുകയാണ് ചെയയ്ുന്നത്. അതിനാല്‍, പ്രതി ജയിലില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നു. ഇത് കടുത്ത നീതികേടാണ്, കോടതി പറഞ്ഞു. മൃഗരാജ് ഗൗതം എന്ന റിപ്പുവിന് ജാമ്യം നല്‍കുന്നതിനിടെയാണ് ജസ്റ്റിസ് കൃഷന്‍ പഹല്‍ നിരീക്ഷണം നടത്തിയത്.

''18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് പോക്സോ ആവിഷ്‌കരിച്ചത്. ഇക്കാലത്ത്, പലപ്പോഴും അത് അവരുടെ ചൂഷണത്തിനുള്ള ഒരു ഉപകരണമായി മാറിയിരിക്കുന്നു. ഈ നിയമം ഒരിക്കലും കൗമാരക്കാര്‍ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ കുറ്റകരമാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. എന്നിരുന്നാലും, ഓരോ കേസിന്റെയും വസ്തുതകളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും ഇത് കാണേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.

പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചതിന് 363 (തട്ടിക്കൊണ്ടുപോകല്‍), 366 (ഒരു സ്ത്രീയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഏതെങ്കിലും വ്യക്തിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുക) ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), പോക്‌സോ ആക്റ്റ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ 2023 മെയ് 13-ന് കേസെടുത്തിരിക്കുന്നത്. ജലൗണ്‍ ജില്ലയിലെ ആറ്റ പോലീസ് സ്റ്റേഷനില്‍ റിപ്പുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.



Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#POCSOAct #Children #Kids #POCSOCase #HighCourt 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.