മദ്യമൊഴുക്കി യോഗിയും
Thamasoma News Desk
ആരോഗ്യത്തെ തകര്‍ത്തെറിയുന്ന വിഷമെന്ന മുന്നറിയിപ്പു നല്‍കി വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്ന ഒരു വസ്തുവാണ് മദ്യം. ഒരുമണിക്കൂര്‍ നേരത്തേക്ക് ഞാന്‍ സ്വേച്ഛാധിപതി ആയാല്‍, ഇന്ത്യയിലെ എല്ലാ മദ്യഷാപ്പുകളും അടച്ചുപൂട്ടുമെന്നും കള്ളുചെത്ത് അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ച വ്യക്തിയാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി. നമ്മുടെ ഭരണഘടനാ ശില്പിയായ ബി ആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച ദിവസം എടുത്ത 22 പ്രതിജ്ഞകളില്‍ ഒന്നായിരുന്നു 'മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കള്‍ ഞാന്‍ കഴിക്കില്ല' എന്നത്.
കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിറുത്തുന്നത് മദ്യമാണ് എന്ന കാര്യത്തില്‍ ഒട്ടും അതിശയോക്തിയില്ല. അതിനാല്‍ത്തന്നെ, ഈ നാട്ടിലെ ജനങ്ങളെയത്രയും മദ്യപ്പുഴയില്‍ മുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ മദ്യനയം നടപ്പാക്കുന്ന ഒരു സര്‍ക്കാരാണ് നമുക്കിപ്പോഴുള്ളത്. ഒരു വശത്തുകൂടി ലഹരിക്കെതിരെ ഗംഭീര പ്രചാരണവും മറുവശത്തു കൂടി, സംസ്ഥാനത്തൊട്ടാകെ മദ്യശാലകള്‍ തുറക്കുകയും ചെയ്യുന്നു.
ബി ജെ പിയുടെ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍, പുതിയ മദ്യനയം നടപ്പാക്കിയ ശേഷം, 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ എക്‌സൈസ് വരുമാനത്തില്‍ അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടമാണ് നടത്തിയത്. യോഗി അധികാരത്തിലേറിയ 2017-18 കാലഘട്ടത്തില്‍, എക്‌സൈസ് വരുമാനം 14,000 കോടി രൂപയായിരുന്നു. എന്നാല്‍, 2022-23 ല്‍ അത് 42,250 കോടി രൂപയായി കുതിച്ചുയര്‍ന്നു. അതായത്, എക്‌സൈസ് വരുമാനത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവ്! മദ്യമേഖലയില്‍, പരമ്പരാഗത ശക്തിയായ കര്‍ണാടകയെപ്പോലും പിന്നിലാക്കിയാണ് യോഗിയുടെ യു പി ഈ നേട്ടം കൈവരിച്ചത്. എക്‌സൈസ് നയത്തില്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രപരമായ തീരുമാനങ്ങളാണ് ഈ സമൃദ്ധമായ വളര്‍ച്ചയ്ക്കു കാരണം.
മദ്യം വില്‍ക്കുന്നതും വാങ്ങുന്നതും കഴിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റകൃത്യമായ ഇന്ത്യയിലെ സംസ്ഥാനങ്ങളാണ് ഗുജറാത്തും ബിഹാറും. ഈ നിയമം എത്രത്തോളം വിജയകരമാണെന്ന് പറയാന്‍ വളരെ പ്രയാസമാണ്. എന്നിരുന്നാലും, എക്‌സൈസ് വരുമാനത്തിന്റെ കാര്യത്തില്‍ വലിയ നഷ്ടത്തിലാണ് ഈ സംസ്ഥാനങ്ങള്‍. കൂടാതെ, ഈ രണ്ടു സംസ്ഥാനങ്ങളും പൊതുജനാരോഗ്യത്തിലും വിദ്യാഭ്യാസത്തിലും പിന്നിലാണ്. ഈ മേഖലകളില്‍ കാര്യമായ നടപടികള്‍ യാതൊന്നും ഈ രണ്ടു സര്‍ക്കാരുകളും സ്വീകരിക്കുന്നുമില്ല.
മദ്യം നിരോധിക്കണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കിയ വിവിധ സംസ്ഥാനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും ചൂടേറിയ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നു. ഇന്ത്യന്‍ ചരിത്രത്തിലുടനീളം മദ്യനിരോധനം ഒരു തര്‍ക്കവിഷയമാണ്. ഗാന്ധിജിയും റാം മനോഹര്‍ ലോഹ്യയെപ്പോലുള്ള ഗാന്ധിയന്മാരും, പാശ്ചാത്യ രാജ്യങ്ങളിലെ നവ-പ്യൂരിറ്റന്‍മാരും, ലോകമെമ്പാടുമുള്ള വിവിധ മതവിഭാഗങ്ങളും സമ്പൂര്‍ണ്ണ മദ്യനിരോധനത്തിനു വേണ്ടി വാദിച്ചു, ഇപ്പോഴും വാദിച്ചുകൊണ്ടേയിരിക്കുന്നു. സമകാലിക സമൂഹിക ചുറ്റുപാടില്‍, സമ്പൂര്‍ണ്ണ മദ്യനിരോധനം വീണ്ടും പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ട്.
മദ്യനിരോധനത്തിന്റെ മത-നവോത്ഥാന കാലം
പാശ്ചാത്യ രാജ്യങ്ങളില്‍ മദ്യവിരുദ്ധ പ്രസ്ഥാനം ആരംഭിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെ മതപരമായ നവോത്ഥാനകാലത്താണ്. 1829-ഓടെ, യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് അയര്‍ലണ്ടിലേക്കും, പിന്നീട് ആഗോളതലത്തിലേക്കും മിതത്വ സംഘടനകള്‍ വ്യാപിച്ചു. പള്ളികളാല്‍ ഉത്തേജിപ്പിക്കപ്പെട്ട പ്രസ്ഥാനം വിദ്യാഭ്യാസത്തിലും മദ്യ വില്‍പ്പന, വിപണനം, ഉപഭോഗം എന്നിവ നിരോധിക്കുന്ന നിയമനിര്‍മ്മാണത്തിനായുള്ള ലോബിയിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചു. വനിതാ കൂട്ടായ്മകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, ഈ പ്രസ്ഥാനം പാശ്ചാത്യ രാജ്യങ്ങളില്‍ ഏതാണ്ട് നിര്‍ജീവമായിരിക്കുന്നു. മദ്യപിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പിന് അവര്‍ വിട്ടുകൊടുത്തു.
ആധുനിക മനുഷ്യജീവിതം സങ്കീര്‍ണ്ണമാണ്. വ്യക്തികളുടെ ആവശ്യങ്ങളും മുന്‍ഗണനകളും വൈവിധ്യമാര്‍ന്നതുമാണ്. ഇവയെയെല്ലാം ഫലപ്രദമായ രീതിയില്‍ പരിഗണിക്കുന്ന സമീപനം എന്താണ് എന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. നരേന്ദ്ര മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സംസ്ഥാനത്ത് മദ്യനിരോധന നയം പിന്തുടര്‍ന്നു. എന്നാല്‍ 2014 ല്‍, പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം ഒരിക്കലും ദേശീയ തലത്തില്‍ മദ്യനയം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടില്ല. ഗുജറാത്തില്‍, ഗാന്ധിജിയുടെ പൈതൃകം തുടരുകയും ചെയ്തു.
സമ്പൂര്‍ണ്ണ മദ്യനിരോധനം: പ്രശ്‌നങ്ങള്‍
സമ്പൂര്‍ണ്ണമദ്യനിരോധനം ഒരു നാടിനെ നയിക്കുന്നത് വ്യാജമദ്യത്തിന്റെയും കള്ളവാറ്റിന്റെയും ലോകത്തിലേക്കായിരിക്കുമെന്നത് കേരളത്തിന് പരിചിതമാണ്. മദ്യം നിരോധനിച്ച കാലഘട്ടത്തിലാണ് കേരളത്തില്‍ ഏറ്റവുമധികം വ്യാജമദ്യദുരന്തങ്ങളും മരണങ്ങളുമുണ്ടായത്. നിയമവിരുദ്ധവും അനിയന്ത്രിതവുമായ ഇത്തരം വദ്യവിപണികള്‍ ഉല്‍പ്പാദിപ്പിക്കുന്നവ പലപ്പോഴും സുരക്ഷിതമല്ലാത്തതോ, മായം കലര്‍ന്നതോ, വ്യാജമോ ആയ ഉല്‍പ്പന്നങ്ങള്‍ ആയിരിക്കും. ഉപഭോക്താക്കളുടെ ആരോഗ്യം നശിക്കുന്നതിനോ മരണത്തിനു പോലുമോ ഇതു കാരണമാകുന്നു. ബിഹാറിലും ഗുജറാത്തിലും വ്യാജമദ്യം കഴിച്ച് ആളുകള്‍ നശിച്ചുകൊണ്ടിരിക്കുന്നത് നിത്യകാഴ്ചയാണ്.
സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന ശ്രോതസാണ് മദ്യം. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പണം കണ്ടെത്തുന്നത് ഇങ്ങനെയാണ്. മദ്യവില്‍പ്പന നിരോധിക്കുന്നതിലൂടെ അതിഭീമമായ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുന്നത്.
ബാറുകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന മേഖലകളും നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനം മദ്യമാണ്. സമ്പൂര്‍ണ്ണ മദ്യനിരോധനം മൂുലം ഈ മേഖലയ്ക്കും ഗുരുതരമായ സാമ്പത്തിക നഷ്ടം സംഭവിക്കാം. ഇത് തൊഴില്‍ നഷ്ടത്തിനും സാമ്പത്തിക അസ്ഥിരതയ്ക്കും ഇടയാക്കിയേക്കാം. മദ്യം കുടിക്കാന്‍ അയര്‍ സംസ്ഥാനങ്ങളിലേക്കു പോകാന്‍ യാതൊരു മടിയുമില്ലാത്തവരാണ് ഇവിടുള്ള ആളുകള്‍. മയക്കുമരുന്ന്, കള്ളക്കടത്ത്, മറ്റ് ക്രിമിനല്‍ സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇത് ഇടയാക്കുന്നു.
മദ്യം തകര്‍ത്തെറിയുന്നത് നാട്ടിലെ ജനസമ്പത്തിന്റെ ആരോഗ്യത്തെയും സാമ്പത്തിക അടിത്തറയെയുമാണ്. അതിനെക്കാള്‍ കൂടുതല്‍ ആഘാതമാണ് മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും മൂലം ജനങ്ങള്‍ക്കുണ്ടാകുന്നത്. മദ്യപാന ആസക്തിയും അനന്തരഫലങ്ങളും പരിഹരിക്കാന്‍ സംസ്ഥാനത്തിന് കെല്‍പ്പുണ്ടാവണം. അതിനു ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയണം. ജനങ്ങളെ ബോധവത്കരിക്കുകയും മികച്ച ചികിത്സകള്‍ നല്‍കുകയും വേണം.
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47
#Liquorban #liquor #NarendraModi #CMYogi #LiquorPolicyInIndia
അഭിപ്രായങ്ങളൊന്നുമില്ല