Header Ads

പിതാവിനെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കാനാവില്ലെന്ന് കോടതി

Thamasoma News Desk

മാന്യമായ രീതിയില്‍ വിവാഹബന്ധം വേര്‍പിരിയാനും തുടര്‍ന്നുള്ള ജീവിതത്തില്‍ മാന്യത പുലര്‍ത്താനും നമ്മുടെ സമൂഹം ഇനിയും പരുവപ്പെട്ടിട്ടില്ല. വിവാഹ മോചനം നേടിയവര്‍ പരസ്പരം ബദ്ധശത്രുക്കളെപ്പോലെ പെരുമാറുമ്പോള്‍, ഇടയില്‍ കിടന്നുരുകുന്നത് അവര്‍ക്കു ജനിച്ച മക്കളായിരിക്കും. അതിനര്‍ത്ഥം, വഷളായ വിവാഹബന്ധം മക്കളെക്കരുതി തുടരണമെന്നല്ല, മറിച്ച്, മാന്യമായ രീതിയില്‍ ഒരു ബന്ധം അവസാനിപ്പിക്കാനുള്ള പക്വത വിവാബന്ധത്തിലേര്‍പ്പെട്ട എല്ലാവരും കാണിക്കണമെന്നാണ്.

വേര്‍പിരിഞ്ഞ ഭാര്യയെ പരമാവധി കഷ്ടപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ചില ഭര്‍ത്താക്കന്മാര്‍ നീക്കങ്ങള്‍ നടത്തുമ്പോള്‍, മറുവശത്ത് നടക്കുന്നതും സമാനമായ സംഭവങ്ങളാണ്. മക്കളെയുപയോഗിച്ച് പങ്കാളിയോടു പ്രതികാരം ചെയ്യുന്ന പ്രവണത സ്ത്രീകള്‍ക്കിടയില്‍ കൂടിവരികയാണ്. കൊച്ചുകുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല സാധാരണയായി കോടതി ഏല്‍പ്പിക്കുന്നത് അമ്മയെയാണ്. മുലയൂട്ടുന്ന പ്രായത്തിലുള്ള മക്കളാണെങ്കില്‍ അവരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഇത്. തീരുമാനമെടുക്കാന്‍ പ്രായമായ മക്കളാണെങ്കില്‍ ആരുടെ കൂടെ നില്‍ക്കണമെന്ന് അവര്‍ക്കു തീരുമാനിക്കാം.

ഈ അവസരത്തില്‍, മക്കളെ കാണാനും അവര്‍ക്കൊപ്പം ചെലവഴിക്കാനും കോടതി അനുവദിച്ച സമയത്ത് മാത്രമേ ബയോളജിക്കല്‍ പിതാവിനു സാധിക്കുകയുള്ളു. പക്ഷേ, പലപ്പോഴും, ഈ അവസരം പോലും ഉപയോഗപ്പെടുത്താന്‍ പിതാവിനു കഴിയാറില്ല. മക്കളെ കാണാനുള്ള പിതാവിന്റെ അവകാശങ്ങള്‍ പല തരത്തിലൂടെയും തടസ്സപ്പെടുത്തുന്ന സ്ത്രീകളുണ്ട്.

നിയമപരമായ വിലക്കില്ലെങ്കില്‍, കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ ജനിപ്പിച്ച പിതാവിന് അവകാശമുണ്ടെന്നും അതിനെ തട്ടിക്കൊണ്ടുപോകലായി കാണാനാവില്ലെന്നും അതിനാല്‍ കേസെടുക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്. മകനെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച്, 35 കാരനായ ഒരാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കോടതി റദ്ദാക്കി.

ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ് എ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. കുട്ടികളുടെ കാര്യത്തില്‍ അമ്മയ്‌ക്കൊപ്പം തന്നെ അവകാശം പിതാവിനുമുണ്ട്. കുട്ടിയുടെ നിയമപരമായ രക്ഷാധികാരികളാണ് അച്ഛനും അമ്മയും. കോടതി വിലക്കാത്തിടത്തോളം കാലം കുട്ടിയെ കൊണ്ടുപോകാന്‍ അച്ഛന് അവകാശമുണ്ട്, അതിനാല്‍ കേസെടുക്കാന്‍ കഴിയില്ല, കോടതി പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും ആ കുട്ടിയുടെ രക്ഷാധികാരിയാണ്. അതിനാല്‍, കോടതിയുടെ അഭിപ്രായത്തില്‍ അച്ഛന്‍ കുട്ടിയെ കൂട്ടിക്കൊണ്ടു പോയതിന് തട്ടിക്കൊണ്ടുപോകല്‍ എന്ന കുറ്റം നിലനില്‍ക്കില്ല. അതിന്റെ പേരില്‍ പിതാവിനെതിരെ കേസെടുക്കാനുമാവില്ല, കോടതി പറയുന്നു. ജീവശാസ്ത്രപരമായി, കുട്ടിയുടെമേല്‍ അച്ഛനും അമ്മയ്ക്കും തുല്യാവകാശമാണ് ഉള്ളത്. അതിനാല്‍, സംരക്ഷണാവകാശം ഒരാളില്‍ നിന്നും മറ്റൊളിലേക്കു മാറുന്നത് കുറ്റകൃത്യമല്ല, കോടതി പറയുന്നു.

തന്റെ മൂന്നു വയസുള്ള മകനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച്, അമരാവതി പോലീസില്‍ വേര്‍പിരിഞ്ഞ ഭര്‍ത്താവിനെതിരെ ഭാര്യ പരാതി നല്‍കിയത് 2023 മാര്‍ച്ച് 29 നാണ്. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍, താന്‍ കുട്ടിയുടെ പിതാവും സ്വാഭാവിക രക്ഷാധികാരിയുമാണെന്നും തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി കേസെടുക്കാന്‍ കഴിയില്ലെന്നും ഇയാള്‍ പറഞ്ഞു.

ഹിന്ദു മൈനോറിറ്റി ആന്റ് ഗാര്‍ഡിയന്‍ഷിപ്പ് ആക്ട് പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വാഭാവിക രക്ഷിതാവിന്റെ നിര്‍വചനം പരാമര്‍ശിച്ച കോടതി, പ്രായപൂര്‍ത്തിയാകാത്ത ഹിന്ദുവിന് പിതാവ് സ്വാഭാവിക രക്ഷാധികാരിയാണെന്നും അയാള്‍ക്ക് ശേഷം അമ്മയാണെന്നും പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.