Header Ads

ഭിന്നതകള്‍ പരിഹരിക്കാന്‍ കൂട്ടിക്കൊണ്ടുപോയി കൊന്നു

Thamasoma News Desk 

ഹാസനില്‍ നിന്നും അകലെയുള്ള കുന്തി ഹില്‍സിലേക്ക് സുചിത്രയെ തേജസ് കൂട്ടിക്കൊണ്ടുപോയത് പ്രശ്‌നങ്ങള്‍ സംസാരിച്ചു പരിഹരിക്കാം എന്ന വാക്കു നല്‍കിയായിരുന്നു. കുന്നിന്‍മുകളിലെത്തിയ തേജസ് കത്തിയെടുത്ത് സുചിത്രയുടെ കഴുത്തറുത്തു. പ്രണയമവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് സുചിത്രയെ കൊല്ലാന്‍ തേജസിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം. പ്രതി തേജസിനെ (23) പോലീസ് അറസ്റ്റ് ചെയ്തു, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഹാസന്‍ ജില്ലയിലെ മൊസാലെഹോസഹള്ളിയിലുള്ള ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് സുചിത്ര (21). അതേ കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി ബെംഗളൂരുവില്‍ ജോലി ചെയ്തു വരികയായിരുന്നു തേജസ്.

''ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു, ജോലിക്കായി തേജസ് ബെംഗളൂരുവിലേക്ക് പോയിരുന്നു. അയാള്‍ ഒരു ഐടി സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്നാണ് സുചിത്രയോടു പറഞ്ഞിരുന്നത്. എന്നാല്‍, അയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു ഡെലിവറി ബോയിയാണ് ജോലി ചെയ്യുന്നതെന്ന് അറിഞ്ഞതോടെ സുചിത്ര അയാളെ അവഗണിക്കാന്‍ തുടങ്ങി. സുചിത്രയുടെ മുന്‍കാല ബന്ധത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. ഇക്കാര്യം സുചിത്ര ഇയാളില്‍ നിന്നും മറച്ചു വച്ചിരുന്നു. ഈ ഭിന്നതകളെല്ലാം പരിഹരിക്കാന്‍ വ്യാഴാഴ്ച തേജസ് സുചിത്രയെ ഹാസനില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള കുന്തി ഹില്‍സിലേക്ക് കൊണ്ടുപോയി. എന്നാല്‍ കുന്നിന്‍ മുകളിലെത്തിയ ശേഷം സുചിത്രയെ തേജസ് കത്തികൊണ്ട് കഴുത്തറുത്തിട്ട് സ്ഥലത്ത് നിന്ന് ഓടിപ്പോയി,' ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.