Header Ads

യുപിയില്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന കള്ളപ്പരാതിയില്‍ സ്ത്രീയും ഭര്‍ത്താവും അറസ്റ്റില്‍

Thamasoma News Desk

അഞ്ചോ ആറോ പേര്‍ ചേര്‍ന്ന് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തുവെന്നും വീട്ടില്‍ അതിക്രമിച്ചു കയറി 10 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ കൊള്ളയടിച്ചുവെന്നും ആരോപിച്ച് ബിജ്‌നോറില്‍ വ്യവസായി നല്‍കിയ കേസ് ഉത്തര്‍പ്രദേശ് പോലീസ് പൊളിച്ചടുക്കി. കടബാധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വ്യവസായിയും ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ച കള്ളകൂട്ടബലാത്സംഗ പരാതി പൊളിച്ചടുക്കാന്‍ പോലീസിന് അധികമൊന്നും വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല. കള്ളപ്പരാതി നല്‍കിയ 32 കാരനായ പുഷ്‌പേന്ദ്ര ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ, ആറുപേര്‍ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നും വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ള ചെയ്തുവെന്നുമാണ് യുവതി പോലീസിനോടു പറഞ്ഞത്. എന്നാല്‍, എല്ലാ വൈകുന്നേരങ്ങളിലും ഈ പ്രദേശത്ത് ജനത്തിരക്കായതിനാല്‍ യുവതിയുടെ മൊഴിയില്‍ പോലീസിനു സംശയം തോന്നി. സാധാരണയായി കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടാകാറുണ്ട്. ഈ സംഭവം നടക്കുന്ന ദിവസം വീട്ടില്‍ ആരുമുണ്ടാകില്ലെന്ന് അതിക്രമികള്‍ എങ്ങനെ അറിഞ്ഞുവെന്ന് പോലീസിനു സംശയം തോന്നി.

അലമാരയുടെ പൂട്ടുതകര്‍ത്ത് സ്വര്‍ണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും ഒന്നര ലക്ഷം രൂപയും മുറിയില്‍ സ്ഥാപിച്ചിരുന്ന എല്‍ ഇ ഡി ടിവിയും കവര്‍ന്നതായും ഇവര്‍ പരാതിപ്പെട്ടിരുന്നു. സിഗററ്റ് കുറ്റി ഉപയോഗിച്ച് പ്രതികള്‍ യുവതിയെ പൊള്ളിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു.

സംഭവദിവസം യുവതിയും ഭര്‍ത്താവും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തി. യുവതിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നു. എന്നാല്‍, വൈദ്യപരിശോധനയില്‍, സ്വകാര്യഭാഗങ്ങളില്‍ പരിക്കുകളൊന്നും കണ്ടെത്തിയില്ല. ഇത്രയും തെളിവുകളോടെ യുവതിയെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ബിജ്നോര്‍ പോലീസ് സൂപ്രണ്ട് (എസ്പി) നീരജ് കുമാര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.