Header Ads

ദൈവങ്ങളല്ല, കൈകൂപ്പേണ്ടതില്ല: ജസ്റ്റിസ് പി വി ഉണ്ണികൃഷ്ണന്‍

Thamasoma News Desk 

തന്റെ ഏകമകളുടെ അസ്വോഭാവിക മരണത്തിന്റെ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കാനായി പോയതായിരുന്നു ആ അമ്മ. ഭര്‍ത്താവു മരിച്ചു പോയ, രോഗിയായ ആ ആദിവാസി സ്ത്രീയ്ക്കു തുണയായി ഉണ്ടായിരുന്നത് അവരുടെ അമ്മയുടെ സഹോദരിയായിരുന്നു. കളക്ടറെ കാണും മുമ്പ്, പഞ്ചായത്തു പ്രസിഡന്റ് അവര്‍ക്കു നിര്‍ദ്ദേശം നല്‍കി, 'തൊടാതെ ഒരരികിലേക്കു മാറിനിന്ന്, കൈകൂപ്പി തൊഴുതു വേണം ഈ പരാതി നല്‍കുവാന്‍!'

പഠിച്ചു ജോലി നേടിയാല്‍ പിന്നെ സാധാരണ ജനങ്ങളുടെ തലയ്ക്കു മുകളിലാണ് തങ്ങളുടെ സ്ഥാനമെന്നു കരുതുന്ന എല്ലാ ശുംഭന്മാര്‍ക്കുമുള്ള കനത്ത അടിയാണ് കേരള ഹൈക്കോടതി ജസ്റ്റിസ് പി വി ഉണ്ണികൃഷ്ണന്‍ നടത്തിയ നിരീക്ഷണം.

ഇന്ത്യന്‍ ഭരണഘടന ആവശ്യപ്പെടുന്ന കടമകള്‍ ചെയ്യുന്നവര്‍ മാത്രമാണ് ജഡ്ജിമാര്‍. അതിനാല്‍, വ്യവഹാരക്കാരോ അഭിഭാഷകരോ കോടതിക്ക് മുന്നില്‍ കൂപ്പുകൈയോടെ വാദിക്കേണ്ട ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി. കൂപ്പുകൈകളോടെയും കണ്ണീരോടെയും ഒരു വ്യവഹാരി തന്റെ കേസ് വാദിച്ചപ്പോള്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

'നീതിയുടെ ക്ഷേത്രമെന്നാണ് കോടതികള്‍ അറിയപ്പെടുന്നത്. പക്ഷേ, കൈകൂപ്പി വണങ്ങാനും കുമ്പിടാനും ചേംബറിലിരിക്കുന്നത് ദൈവമല്ല. അതിനാല്‍ ഒരഭിഭാഷകനും വ്യവഹാരിയും അവരുടെ കേസ് കോടതിക്കു മുമ്പില്‍ കൂപ്പുകൈകളോടെ വാദിക്കേണ്ടതില്ല. കോടതിക്കു മുമ്പാകെ കേസ് വാദിക്കുക എന്നത് അവരുടെ ഭരണഘടനാപരമായ അവകാശമാണ്. വാദികളും അഭിഭാഷകരുമെല്ലാം കേസ് വാദിക്കുമ്പോള്‍ മര്യാദ പാലിക്കണമെന്നു മാത്രം,' ജസ്റ്റിസ് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

തനിക്കെതിരെ, 294 (ബി) (പൊതു സ്ഥലത്ത് അശ്ലീലമായ പാട്ടു പാടുക, പാരായണം ചെയ്യുക, ഉച്ചരിക്കുക എന്നിവ) 506(i) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) ഇന്ത്യന്‍ പീനല്‍ കോഡ് (IPC), കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 120(o) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ട് (FIR) റദ്ദാക്കാന്‍ വ്യവഹാരക്കാരിയായ റംല കബീര്‍ കോടതിയില്‍ നേരിട്ട് ഹാജരായി. ഈ കേസില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഫോണില്‍ വിളിച്ച് മോശമായ വാക്കുകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്നായിരുന്നു റംലയ്ക്ക് എതിരെയുള്ള ആരോപണം. പ്രദേശത്ത് ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന രീതിയില്‍ പ്രാര്‍ത്ഥനാ ഹാള്‍ ഉപയോഗിക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിനാല്‍ കേസ് കെട്ടിച്ചമച്ചതാണ് എന്ന് അവര്‍ കോടതിയില്‍ വാദിച്ചു.

ഈ കേസിന്റെ പുരോഗതി അറിയാന്‍ സി ഐയെ വിളിച്ചപ്പോള്‍, റംലയെ സി ഐ അസഭ്യം പറയുകയായിരുന്നു. ഇതിനെതിരെ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും ഇന്‍സ്പെക്ടര്‍ ജനറലിനും മുമ്പാകെ റംല പരാതി നല്‍കി. ഇതില്‍ പ്രകോപിതനായ സി ഐ റംലയ്‌ക്കെതിരെ ഒരു കൗണ്ടര്‍ കേസ് ഫയല്‍ ചെയ്തു.

ഈ കേസില്‍ വാദം കേട്ട കോടതി റംലയ്‌ക്കെതിരായ കേസ് റദ്ദാക്കുകയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ചില ജോലികള്‍ ഉന്നതവും കൂലീനവുമാണെന്നും അവര്‍ക്കു മുന്നില്‍ താണു തൊഴുതു വണങ്ങണമെന്നും കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ പഠിപ്പിക്കുകയാണിവിടെ.  തെരഞ്ഞെടുപ്പു വേളയില്‍ വോട്ടു ചോദിച്ചെത്തുമ്പോള്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളുടെ സേവകരായിരിക്കുന്നത്. വിജയിച്ചു കഴിഞ്ഞാല്‍ അവര്‍ പിന്നെ ഭരണാധികാരികളായി മാറുന്നു. സാര്‍ എന്ന അഭിസംബോധനയോടു കൂടി ചോദിച്ചില്ലെങ്കില്‍ കെ എസ് ആര്‍ ടി സി യില്‍ ഒരു ബസിന്റെ സമയം പോലും പറഞ്ഞു തരില്ല!

അടിമത്തം അവസാനിപ്പിച്ച് ബ്രിട്ടീഷുകാര്‍ ഇവിടെ നിന്നും പോയിട്ട് വര്‍ഷങ്ങളായി. എന്നിട്ടും അടിമ ഉടമ മനോഭാവം ഇന്ത്യക്കാരില്‍ നിന്നും പൊയ്‌പ്പോയിട്ടില്ല. അതങ്ങനെ പോകാനും ആരും അനുവദിക്കുകയുമില്ല. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഇവിടെ ഉണ്ടാകണമെന്ന് ചിലര്‍ക്കു നിര്‍ബന്ധമാണ്. അല്ലെങ്കില്‍, ജനങ്ങളുടെ സേവകര്‍ ഒരിക്കലും അവരെ ഭരിക്കുന്നവര്‍ ആകുമായിരുന്നില്ല. തങ്ങള്‍ക്കു കിട്ടേണ്ടവ തങ്ങളുടെ അവകാശമാണെന്നും അവര്‍ തരേണ്ടുന്ന ഭിക്ഷയല്ലെന്നുമുള്ള ബോധം ജനങ്ങള്‍ക്കുമുണ്ടാകുമായിരുന്നു.

വിദ്യാഭ്യാസം ജനങ്ങളുടെ ഈ അടിമ മനോഭാവത്തിനു മാറ്റമുണ്ടാക്കുമെന്നു കരുതി. പക്ഷേ, അടിമ മനോഭാവം മാറി, പകരം അത്തരക്കാരില്‍ ഉടലെടുത്തത് ഉടമ മനോഭാവമായിപ്പോയി എന്നു മാത്രം. ജസ്റ്റിസ് ഉണ്ണികൃഷ്ണനെപ്പോലുള്ളവരുടെ ഇടപെടലുകളെങ്കിലും ജനങ്ങളില്‍ വെളിച്ചമായെങ്കില്‍!



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.