കര്‍ണാടകയില്‍ താമസിക്കണമെങ്കില്‍ കന്നഡ ഭാഷ സംസാരിക്കണം: മുഖ്യമന്ത്രി
Thamasoma News Desk
കര്‍ണാടകയില്‍ താമസിക്കുന്ന എല്ലാവരും കന്നഡ ഭാഷ പഠിക്കണമെന്നും സംസാരിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിന് കര്‍ണ്ണാടക എന്ന പേര് കൈവന്നിട്ട് 2023 നവംബര്‍ 1 ന് 50 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 2023 നവംബര്‍ 1 മുതല്‍ 2024 നവംമ്പര്‍ ഒന്നു വരെ കര്‍ണാടക ആഘോഷം - 50 എന്ന പേരില്‍ ആഘോഷിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
തമിഴ്‌നാട്, കേരളം, തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷ അറിയാതെ ജീവിക്കുക എന്നത് അസാധ്യമാണെന്നും എന്നാല്‍, കര്‍ണാടകയില്‍ പ്രാദേശിക ഭാഷ അറിയാതെ ജീവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണഭാഷ കന്നഡ ആണെഹ്കിലും അത് കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കന്നഡ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ കര്‍ണാടക ആഘോഷം-50ന്റെ ലോഗോ പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇംഗ്ലീഷിനോടുള്ള ഭ്രാന്താണ് കന്നഡയെ അവഗണിക്കാന്‍ കാരണം. സംസ്ഥാനത്തെ പല മന്ത്രിമാരും ഉദ്യോഗസ്ഥരും ഇംഗ്ലീഷിലാണ് കുറിപ്പുകള്‍ എഴുതുന്നത്. കേന്ദ്ര സര്‍ക്കാരിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും എഴുതുമ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കാം, എന്നാല്‍ കര്‍ണാടകയില്‍ ഭരണത്തില്‍ കന്നഡയ്ക്ക് പ്രാധാന്യം നല്‍കണം,' മുഖ്യമന്ത്രി പറഞ്ഞു.
'കര്‍ണാടകയെ സ്വന്തം വീടാക്കിയ കന്നഡക്കാരല്ലാത്തവര്‍ കന്നഡ സംസാരിക്കാന്‍ പഠിക്കണം. നിങ്ങള്‍ക്ക് കന്നഡ അറിയില്ലെങ്കിലും കര്‍ണാടകയില്‍ ജീവിക്കാം. അതാണ് നമ്മുടെ സംസ്ഥാനവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം,' സിദ്ധരാമയ്യ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല