Header Ads

വൃദ്ധന് വിവാഹമോചനം നിഷേധിച്ച് സുപ്രീം കോടതി

Thamasoma News Desk

ഒരിക്കലും യോജിച്ചു പോകാന്‍ സാധിക്കാത്ത ആ സ്ത്രീയില്‍ നിന്നുള്ള മോചനമാണ് ആ മനുഷ്യന്‍ ആഗ്രഹിച്ചത്. പക്ഷേ, കോടതി അതിനനുവദിച്ചില്ല. അതിനായി നീണ്ട 27 വര്‍ഷമാണ് ആ മനുഷ്യന്‍ കോടതി കയറിയിറങ്ങിയത്! എന്നിട്ടും കോടതി കനിഞ്ഞില്ല! ഇപ്പോള്‍, 89 വയസുള്ള ആ മനുഷ്യനോടു സുപ്രീം കോടതിയും പറയുന്നു, ഇല്ല, നിങ്ങള്‍ക്കു വിവാഹമോചനം അനുവദിക്കില്ല! 1955 ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ക്രൂരതയും ഒഴിവാക്കലും വിവാഹമോചനത്തിനുള്ള മതിയായ കാരണങ്ങള്‍ തന്നെയാണ്. പക്ഷേ...

വിവാഹം കഴിഞ്ഞതിന്റെ 12-ാം വര്‍ഷം, അതായത് 1996 ല്‍, ഇനിയൊരിക്കലും ഒരുമിച്ചു പോകാനാവില്ല എന്ന കാരണത്താല്‍, വിവാഹമോചനത്തിനായി ആ മനുഷ്യന്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, വിവാഹമോചിത എന്ന നാണക്കേടുംപേറി മരിക്കാനാവില്ല എന്നും തനിക്കു വിവാഹ മോചനം വേണ്ട എന്നും അദ്ദേഹത്തിന്റെ ഭാര്യ കോടതിയെ അറിയിച്ചു. വിവാഹത്തിന്റെ പവിത്രത കണക്കിലെടുത്തും ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയും സുപ്രീം കോടതി വിവാഹ മോചനം നിഷേധിച്ചു.

ഇന്ത്യയിലെ ഏറ്റവും പുണ്യമായ ഒരു സ്ഥാപനമാണ് വിവാഹമെന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളത് ആത്മീയവും വൈകാരികവും പവിത്രവുമായ ബന്ധമാണെന്നും കോടതി അതിന്റെ വിധിന്യായത്തില്‍ എടുത്തുകാണിച്ചു. 'അടുത്ത കാലത്തായി വിവാഹമോചന നടപടികളില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പക്ഷേ, നിയമവും സാമൂഹികവുമായ മാനദണ്ഡങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു അവശ്യ സ്ഥാപനമാണ് വിവാഹം. തിരിച്ചെടുക്കാനാവാത്ത ദാമ്പത്യ തകര്‍ച്ചയെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവാഹമോചനം അനുവദിക്കുന്നത് ഭാര്യയോടുള്ള അനീതിയാണ്,' കോടതി ഊന്നിപ്പറഞ്ഞു. ഭര്‍ത്താവിനെ പരിപാലിക്കാന്‍ ഇപ്പോവും സന്നദ്ധയാണെന്ന് ഭാര്യ വെളിപ്പെടുത്തിയ സ്ഥിതിക്കും വിവാഹമോചനം നേടിയതിന്റെ കളങ്കം താങ്ങാനാവില്ലെന്ന കാരണത്താലും വിവാഹ മോചനം അനുവദിക്കാന്‍ സാധിക്കുകയില്ലെന്ന് കോടതി പറഞ്ഞു.

രാജ്യത്തുടനീളമുള്ള കോടതികളില്‍ ദശലക്ഷക്കണക്കിനു വിവാഹ മോചന കേസുകളാണ് കെട്ടിക്കിടക്കുന്നത്. വളരെ സാവധാനത്തില്‍ മാത്രം തീര്‍പ്പാക്കുന്ന കേസുകളാണ് വിവാഹ മോചനക്കേസുകള്‍. കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടെങ്കിലും വിവാഹ മോചനം അനുവദിക്കുന്നവ തുലോം കുറവാണ്.

ഇഷ്ടമില്ലാത്ത, ഒരിക്കലും യോജിച്ചു പോകാന്‍ കഴിയാത്ത ഒരാളോടൊപ്പം ജീവിക്കുക എന്നത് അതിദുസ്സഹമാണ്. അടിയന്തിരമായി ജുഡീഷ്യല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കേസ് വിരല്‍ ചൂണ്ടുന്നത്.

വിവാഹമോചനക്കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ പ്രത്യേക സാഹചര്യങ്ങളും വികാരങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. നിലവിലുള്ള വിവാഹമോചന നിയമങ്ങളുടെ സമഗ്രമായ അവലോകനവും അത്യന്താപേക്ഷിതമാണ്. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക മാനദണ്ഡങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാവണം ഇത്തരം കേസുകള്‍ക്കു തീര്‍പ്പു കല്‍പ്പിക്കാന്‍. ഈ വിധി വിവാഹത്തിന്റെ പവിത്രതയെ മാനിക്കുമ്പോള്‍ തന്നെ, വ്യക്തിഗത അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.