ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയ ഭര്‍ത്താവിനെതിരെ കേസ്
Thamasoma News Desk
രഹസ്യ കാമുകനുണ്ടെന്നു തെളിയിക്കാനായി ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയ ഭര്‍ത്താവിനെതിരെ കേസ്. ഭാര്യ അറിയാതെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഭര്‍ത്താവിന്റെ പേരില്‍ സ്വകാര്യതയിലേക്കു കടന്നു കയറിയതിനെതിരെയാണ് കേസ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഓരോ വ്യക്തിയുടേയും അവകാശമാണ് റൈറ്റ് ടു പ്രൈവസി. ഭാര്യയ്ക്ക് ജാരനുണ്ടെന്ന് കോടതി മുമ്പാകെ തെളിയിക്കാന്‍ കാത്തിരുന്ന ഭര്‍ത്താവിനുള്ള കനത്ത തിരിച്ചടിയാണ് ഛത്തിസ്ഗഡ് ഹൈക്കോടതിയുടെ ഈ വിധി.
വിവാഹമോചനത്തിനു ശേഷം ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കുന്നതിനായി ഭാര്യ കൊടുത്ത കേസോടു കൂടിയാണ് സംഭവങ്ങളുടെ തുടക്കം. 38 കാരിയായ യുവതി മഹാസമുന്ദ് ജില്ലയിലെ കുടുംബ കോടതിയില്‍ 44 കാരനായ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം അനുവദിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍, തന്റെ ഭാര്യ വ്യഭിചാരിണിയാണെന്നും അങ്ങനെയുള്ള ഒരാള്‍ക്ക് ചെലവിനു നല്‍കേണ്ടതില്ലെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. തെളിവിനായി ഭാര്യയുടെ ഫോണ്‍ സംഭാഷണങ്ങളും സമര്‍പ്പിച്ചു. കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു.
2021 ഒക്ടോബര്‍ 21 ലെ ഉത്തരവില്‍ കുടുംബ കോടതി പുരുഷന്റെ അപേക്ഷ അനുവദിച്ചു. എന്നാല്‍, കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി 2022 ല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജിക്കാരിയുടെ സ്വകാര്യതയെ ഹനിക്കുന്നതിനാല്‍ അപേക്ഷ അനുവദിച്ചുകൊണ്ട് കുടുംബകോടതി നിയമപരമായ പിഴവ് വരുത്തിയെന്നും, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തന്റെ സംഭാഷണങ്ങള്‍ ഭര്‍ത്താവ് റെക്കോര്‍ഡുചെയ്തതെന്നും അതിനാല്‍ തനിക്കെതിരെ ഈ തെളിവുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഭാര്യ കോടതിയില്‍ വാദിച്ചു. ഇതിനെത്തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിന് ഹൈക്കോടതി ജസ്റ്റിസ് രാകേഷ് മോഹന്‍ പാണ്ഡെ കുടുംബകോടതിയുടെ വിധി റദ്ദാക്കി.
ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശം പോലെ പ്രധാനമാണ് ആ വ്യക്തിയുടെ സ്വകാര്യതയും. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറാന്‍ ആര്‍ക്കും അനുവാദമില്ല. സമാനമായ ഒരു കേസ് 2021-ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു, 'ഭാര്യയുടെ അറിവില്ലാതെ ടെലിഫോണ്‍ സംഭാഷണം റെക്കോര്‍ഡു ചെയ്യുന്നത് അവളുടെ സ്വകാര്യതയുടെ വ്യക്തമായ ലംഘനമാണ്,' കോടതി പറയുന്നു.
ഫോണ്‍ കോളുകള്‍ റെക്കോര്‍ഡു ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യയില്‍ ഒരു പ്രത്യേക നിയമം നിലവിലില്ല. റെക്കോര്‍ഡ് ചെയ്യുന്ന വ്യക്തി കൂടി ഉള്‍പ്പെടാതെ റെക്കോര്‍ഡ് ചെയ്യുന്നത് നിയമവിരുദ്ധവും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം നിരോധിക്കപ്പെട്ടതുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല