വിനായകന്‍ അറസ്റ്റില്‍
Thamasoma News Desk
മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ ബഹളം വച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ചയായിരുന്നു സംഭവം.
എറണാകുളം നോര്‍ത്ത് പോലീസ് ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കുകയും സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
ഭാര്യയുമായി വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് പോലീസിനെ വിനായകന്റെ കലൂരിലുള്ള തന്റെ ഫ്‌ളാറ്റിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനു മുന്‍പും പലതവണ വിനായകന്‍ പോലീസിനെ വിളിച്ചു വരുത്തിയിട്ടുണ്ട്. ഇത്തവണ പോലീസ് ഇരുവരുടേയും മൊഴിയെടുത്തിരുന്നു. ഇതില്‍ തൃപ്തനല്ലാതെ, പോലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തി.
പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരെന്ന് അറിയാനാണ് വിനായകന്‍ ബഹളമുണ്ടാക്കിയത് എന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്‌റ്റേഷനില്‍ പുക വലിച്ചതിന് പിഴയടപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹം എസ് ഐയോടു കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
ചിയാന്‍ വിക്രമിന്റെ ധ്രുവനച്ചത്തിരമാണ് വിനായകന്റെ അടുത്ത സിനിമ. നവംബര്‍ 24നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ഹോളിവുഡ് നടന്മാരുടെ അഭിനയ ശ്രേണിയിലേക്ക് വിനായകന്‍ വളര്‍ന്നതായി പല കോണില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ ആരെയും അതിശയിപ്പിക്കുന്ന കഴിവാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫിലങ്ങോളം ഈ മികവ് കാണാനാവും. കമ്മട്ടിപ്പാടവും ജയിലറുമെല്ലാം അദ്ദേഹത്തിന്റെ വിജയത്തിന്റെ നാഴികക്കല്ലുകളാണ്.
ജീവിതകാലമത്രയും പടവെട്ടി വിജയക്കൊടി പാറിച്ച കലാഭവന്‍ മണിയെ മദ്യം തകര്‍ത്തു കളഞ്ഞു. ജീവിതകാലമത്രയും ഈ വ്യവസ്ഥിതിയോടും ചുറ്റുമുള്ളവരോടുമെല്ലാം പോരാടിയാണ് വിനായകന്‍ ഇന്നുകാണുന്ന പ്രശസ്തിയിലേക്ക് എത്തിയത്. നാശത്തിലേക്കുള്ള 'മദ്യ' വഴിയിലൂടെ തന്നെയാണോ അതുല്യപ്രതിഭയായ വിനായകന്റെയും യാത്ര?
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47
അഭിപ്രായങ്ങളൊന്നുമില്ല