Header Ads

സാരിയുടുത്തു, പൊട്ടുതൊട്ടില്ല, 'നല്ലി' വിമര്‍ശനത്തിന്റെ തീച്ചൂളയില്‍

Thamasoma News

ഉത്സവ സീസണിന്റെ ഭാഗമായി സില്‍ക്ക് സാരി ബ്രാന്‍ഡ് ആയ നല്ലി സില്‍ക്‌സ് തങ്ങളുടെ പരസ്യം പുറത്തിറക്കാന്‍ തീരുമാനിച്ചു. പരസ്യത്തില്‍ വ്യത്യസ്തത വരുത്താനായി സാരിയുടുത്ത് പൊട്ടുതൊടാത്ത ഒരു മോഡലിനെ അവതരിപ്പിക്കാനാണ് അവര്‍ തീരുമാനിച്ചത്. എന്നാല്‍, പരസ്യം ഓണ്‍ലൈനില്‍ പ്രചരിച്ചപ്പോള്‍ മുതല്‍ നല്ലി വിമര്‍ശനങ്ങളുടെ തീച്ചൂളയിലാണ്. പരസ്യം തങ്ങളെ നിരാശപ്പെടുത്തിയതായി നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് അഭിപ്രായപ്പെട്ടത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ #NoBindiNoBusiness എന്ന ഹാഷ്ടാഗ് കൂടി പ്രത്യക്ഷപ്പെട്ടു.. സാരിക്കൊപ്പം പൊട്ടു വേണമോ വേണ്ടയോ എന്നത് ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പാണ് എന്നും ഫാഷന്‍ സ്‌റ്റൈലിസ്റ്റുകളും ദക്ഷിണേന്ത്യന്‍ വസ്ത്ര ബ്രാന്‍ഡായ നല്ലി സില്‍ക്സിനെ ചുറ്റിപ്പറ്റിയുള്ള വിവാദം അനാവശ്യമാണെന്ന് കരുതുന്നവരും ധാരാളമുണ്ട്.

എന്നാല്‍, ഇതിലൊന്നും തൃപ്തരാവാതെ, ബ്രാന്‍ഡ് ബഹിഷ്‌കരിക്കാനാണ് പല ഉപയോക്താക്കളുടേയും തീരുമാനം. ഇതിനായി അവര്‍ ശക്തമായ പ്രചാരണങ്ങളും നടത്തുന്നു.

പരസ്യത്തില്‍ പൊട്ടു തൊടാതെ സാരി ഉടുത്തത് ബ്രാന്‍ഡിനെ പരിഹസിക്കുന്നതിനു തുല്യമാണ് എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ''ഈ പരസ്യം നോക്കൂ. നല്ലി പോലെയുള്ള ഒരു പരമ്പരാഗത കമ്പനി പോലും പൊട്ടില്ലാതെ ഒരു മോഡലിനെ അവതരിപ്പിക്കുന്നു, അത് വളരെ മോശമാണ്. ആഘോഷത്തിന്റെ സാരാംശം നല്‍കുന്നതില്‍ ഈ പരസ്യം പരാജയപ്പെട്ടിരിക്കുകയാണ്. ആഘോഷമാണ് പരസ്യത്തിന്റെ സ്വഭാവമാണെങ്കിലും 'പൊട്ട് ഇല്ല' എന്നത് വിലാപത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്,' ചില ഉപയോക്താക്കള്‍ അവകാശപ്പെട്ടു.

പൊട്ടു തൊടണോ വേണ്ടയോ എന്നത് ഓരോ സ്ത്രീയുടെയും തീരുമാനമാണെന്ന് പ്രശസ്ത ഫാഷന്‍ ക്യൂറേറ്റര്‍ പ്രസാദ് ബിഡപ പറഞ്ഞു. 'എല്ലാ സ്ത്രീകളും പൊട്ടു തൊടാന്‍ ആഗ്രഹിക്കുന്നില്ല, അത് പൂര്‍ണ്ണമായും അവളുടെ ഇഷ്ടമാണ്, ഒരു പുരുഷനും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല. ഇതൊരു സ്വതന്ത്ര ലോകമാണ്, ഓരോരുത്തര്‍ക്കും അവര്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാന്‍ അവരുടേതായ തീരുമാനമുണ്ട്,'' ബിഡപ പറഞ്ഞു.

''സാരി ഒരു ഇന്ത്യന്‍ വസ്ത്രമാണ്, അത് ധരിക്കുന്നത് ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലീങ്ങളും ക്രിസ്ത്യാനികളും പോലും ഇത് ധരിക്കുന്നു. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ സാരിക്കൊപ്പം പൊട്ടു തൊടുന്നതു ഞാന്‍ കാണുന്നില്ല. ഈ വിവാദം അനാവശ്യമാണ്, പൊട്ടു വേണമോ വേണ്ടയോ എന്നത് ഒരു സ്ത്രീയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്,'' അഭിനേതാവും രാഷ്ട്രീയപ്രവര്‍ത്തകയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ കുശ്ബു സുന്ദറര്‍ അഭിപ്രായപ്പെട്ടു.

ഇത്തരം വിഷയങ്ങളിലെ സാമൂഹിക അസമത്വം സുന്ദര്‍ ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളില്‍, സ്ത്രീകള്‍ വിധവകളായിരിക്കുമ്പോള്‍, അവരോട് സാരി മാത്രമേ ഉടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ, എന്നാല്‍ പൊട്ടു തൊടാന്‍ അനുവദിച്ചിരുന്നില്ല.

''അവള്‍ വിധവയായതുകൊണ്ട് സാരിക്കൊപ്പം പൊട്ടു തൊടാന്‍ അനുവാദമില്ലേ? ഇന്നത്തെ കാലത്ത് എന്നെപ്പോലെ ഒരു മുസ്ലീം സ്ത്രീയും പൊട്ടു തൊടുമ്പോള്‍ എന്തിനാണ് എന്ന് അവളോട് ചോദിക്കുന്നത് എന്തിന്? ഇത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്, സാരിക്കൊപ്പം എന്തു ധരിക്കണം എന്നത് എന്റെ ഇഷ്ടമാണ്. ആളുകള്‍ അവരുടെ സ്വന്തം കാര്യം മനസിലാക്കാന്‍ പഠിക്കണം, അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കരുത്,'' അവര്‍ പറഞ്ഞു.

എതിര്‍പ്പുകള്‍ അതിരൂക്ഷമായതിനെത്തുടര്‍ന്ന്, പൊട്ടു തൊടുന്ന സ്ത്രീകളെ അവതരിപ്പിക്കുന്ന മറ്റൊരു പരസ്യ കാമ്പെയ്ന്‍ നല്ലി പുറത്തിറക്കി.

പുതിയ പരസ്യ റീലില്‍ നല്ലി സാരികള്‍ ധരിച്ച മോഡലുകള്‍ ഒരു ഉത്സവ പ്രതീതി നല്‍കുന്നതിനും വിമര്‍ശിക്കപ്പെട്ട 'വിലാപ' ഭാവത്തെ മറികടക്കുന്നതിനുമായി നെറ്റിയില്‍ പൊട്ടുവയ്ക്കുന്നതും കണ്ണെഴുതുന്നതും മൂക്കുത്തി ഇടുന്നതും കമ്മലുകള്‍ ധരിക്കുന്നതുമായ സ്ത്രീകളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുടിയില്‍ പൂക്കളും കൈയില്‍ വളകളും കഴുത്തില്‍ മാലയും അവര്‍ അണിഞ്ഞിട്ടുണ്ട്.

ഇത്തരം വിമര്‍ശനങ്ങള്‍ നേരിടുന്ന ആദ്യ ബ്രാന്‍ഡ് അല്ല നല്ലി. അടുത്തിടെ, സൈബര്‍ തട്ടിപ്പിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും സുരക്ഷിതമായ ബാങ്കിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു കണ്‍സെപ്റ്റ് പരസ്യത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക് 'വിജില്‍ ആന്റി' അവതരിപ്പിച്ചു. പരസ്യത്തിലെ സ്ത്രീ സ്റ്റോപ്പ് ചിഹ്നത്തോട് സാമ്യമുള്ള പൊട്ടാണ് തൊട്ടിരുന്നത്. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അതിനെ ടാര്‍ഗെറ്റുചെയ്ത് 'ഹിന്ദു വിരുദ്ധം' എന്ന് വിളിക്കുകയും ഹിന്ദു വികാരം വ്രണപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.