Header Ads

ആസാമിലെ മുസ്ലീം യുവാക്കള്‍ കുറ്റകൃത്യങ്ങളില്‍ മുന്നില്‍: ബദറുദ്ദീന്‍ അജ്മല്‍

Thamasoma News 

കുറ്റകൃത്യങ്ങളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ ആസാമിലെ മുസ്ലീം യുവാക്കള്‍ മുന്‍പന്തിയിലാണെണെന്ന് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) മേധാവി ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു. ഇവര്‍ക്ക് പഠനത്തില്‍ യാതൊരു താല്‍പ്പര്യവിമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആസാമിലെ ഗോള്‍പാറ ജില്ലയിലെ ഒരു സ്വകാര്യ കോളേജായ ഡല്‍ഗോമ അഞ്ചാലിക് കോളേജില്‍ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു 73-കാരനായ അജ്മല്‍. ആസാമിലെ തടവുകാരുടെ പട്ടികയില്‍ മുസ്ലീങ്ങളാണ് ഒന്നാം സ്ഥാനത്തെന്നും അദ്ദേഹം വ്യക്തമാക്കി.

'കവര്‍ച്ച, ബലാത്സംഗം, കൊള്ള തുടങ്ങിയ കുറ്റകൃത്യങ്ങള്‍ എല്ലാത്തിലും ഞങ്ങള്‍ ഒന്നാം സ്ഥാനത്താണ്. ജയിലില്‍ പോകുന്നതിലും നമ്മള്‍ നമ്പര്‍ 1 ആണ്. നമ്മുടെ കുട്ടികള്‍ സ്‌കൂളുകളിലും കോളേജുകളിലും പോകാന്‍ സമയം കണ്ടെത്തുന്നില്ല, എന്നാല്‍ ചൂതാട്ടത്തിനും മറ്റുള്ളവരെ വഞ്ചിക്കുന്നതിനും മതിയായ സമയം കണ്ടെത്തുന്നു. അത്തരം തെറ്റായ കാര്യങ്ങളിലെല്ലാം ഉള്‍പ്പെട്ടിരിക്കുന്നതെ് മുസ്ലീങ്ങളാണ് എന്നതാണ് സങ്കടകരം,' പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യോഗത്തില്‍ അജ്മല്‍ പറഞ്ഞു.

''ആളുകള്‍ ചന്ദ്രനിലേക്കും സൂര്യനിലേക്കും പോകുന്നു, ഞങ്ങള്‍ എങ്ങനെ ജയിലില്‍ പോകണം എന്നതിനെക്കുറിച്ച് പിഎച്ച്ഡി ചെയ്യുന്നു. ഒരു പോലീസ് സ്റ്റേഷനില്‍ കയറി നോക്കൂ, ആരാണ് കേവലഭൂരിപക്ഷം - അബ്ദുറഹ്‌മാന്‍, അബ്ദുര്‍ റഹീം, അബ്ദുള്‍ മജീദ്, ബദ്റുദ്ദീന്‍, സിറാജുദ്ദീന്‍, ഫക്രുദ്ദീന്‍... സങ്കടകരമായ കാര്യമല്ലേ?'' അദ്ദേഹം ചോദിച്ചു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2021ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ (60.5 ശതമാനം) മുസ്ലീങ്ങള്‍ ശിക്ഷിക്കപ്പെട്ട തടവുകാരാണ് ആസാമില്‍. ജയിലില്‍ കഴിയുന്നവരില്‍ 49.3 ശതമാനവും സംസ്ഥാനത്തെ മുസ്ലീങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊത്തത്തില്‍, കുറ്റവാളികള്‍, വിചാരണത്തടവുകാര്‍, തടവുകാര്‍ എന്നിവരടങ്ങുന്ന ഇന്ത്യയിലെ ജയില്‍ ജനസംഖ്യയില്‍ മുസ്ലീങ്ങളുടെ പങ്ക് 2021 ല്‍ 18.7 ശതമാനമാണെന്ന് എന്‍സിആര്‍ബി റിപ്പോര്‍ട്ട് പറയുന്നു. എന്നിരുന്നാലും, 2020 ലെ കണക്കു വച്ചു നോക്കുമ്പാള്‍ ഇതു കുറവാണ്. 2020 ല്‍ 20.2 ശതമാനമായിരുന്നു.

2011 ലെ സെന്‍സസ് പ്രകാരം ആസാമില്‍ 3.12 കോടി ജനങ്ങളാണ് ഉള്ളത്. ഇവരില്‍ 1.07 കോടി മുസ്ലീങ്ങളാണ് (34.22 ശതമാനം). ഇന്ത്യയില്‍ ആകമാനം മുസ്ലീം ജനസംഖ്യ ഏകദേശം 17.22 കോടി (14.2 ശതമാനം) ആണ്.

ആസാമിലെ മുസ്ലിങ്ങളുടെ സംരക്ഷകനെന്നാണ് അജ്മല്‍ അറിയപ്പെടുന്നത്. മുസ്ലിം യുവാക്കള്‍ വഴിതെറ്റിപ്പോയെന്നും യുക്തിസഹമായ ചിന്തയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും അവര്‍ പുരോഗതി കൈവരിക്കണമെന്നും തന്റെ പ്രസംഗത്തിലുടനീളം അദ്ദേഹം ആഹ്വാനം ചെയ്തു.

''നിങ്ങള്‍ എന്തിനാണ് പൊതുസ്ഥലത്ത് സ്ത്രീകളെ ശല്യപ്പെടുത്തുന്നത്? നിങ്ങളുടെ വീടുകളില്‍ 'മാ-ബോയിന്‍' (അമ്മ-സഹോദരി) ഇല്ലേ? നമ്മുടെ ആണ്‍കുട്ടികള്‍ കാരണം പെണ്‍കുട്ടികള്‍ തെരുവില്‍ സുരക്ഷിതരല്ല. ഇതല്ല ഇസ്ലാം പഠിപ്പിക്കുന്നത്. നമ്മുടെ വികസനത്തിന് ഒരൊറ്റ പാത മാത്രമാണുള്ളത്. അതു വിദ്യാഭ്യാസമാണ്, വിദ്യാഭ്യാസവും മാത്രമാണ്,' അദ്ദേഹം പറഞ്ഞു. 'വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരു കാലത്ത് ഞങ്ങള്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ആയിരുന്നു, അത് ഇപ്പോള്‍ അങ്ങനെയല്ല,' അദ്ദേഹം പറഞ്ഞു.

''വയറും പോക്കറ്റും ശൂന്യമാണെങ്കില്‍, സ്‌നേഹം പോലും കാപട്യമായിരിക്കും. വിശക്കുന്ന മനുഷ്യന്‍ എത്രത്തോളം സ്‌നേഹിക്കും?' വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടിയ എഐയുഡിഎഫ് മേധാവി പറഞ്ഞു.

2005ല്‍ അജ്മല്‍ സ്ഥാപിച്ച എഐയുഡിഎഫിന് നിലവില്‍ 9.3 ശതമാനം വോട്ട് വിഹിതമുണ്ട്, 126 അംഗ അസം നിയമസഭയില്‍ 16 എംഎല്‍എമാരുമുണ്ട്.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.