Header Ads

ക്രൂരത കുറ്റം നിലനില്‍ക്കണമെങ്കില്‍ സാധുതയുള്ള വിവാഹമായിരിക്കണമെന്നു കോടതി

Thamasoma News Desk

നിയമപരമായി വിവാഹം കഴിച്ച ഭാര്യയ്ക്കു മാത്രമേ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനം, ക്രൂരത തുടങ്ങിയ പരാതികള്‍ ഉന്നയിക്കാനാവുകയുള്ളു എന്ന് കേരള ഹൈക്കോടതി. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന സ്ത്രീയ്ക്ക് പങ്കാളിക്കെതിരെ ഇത്തരം കുറ്റങ്ങള്‍ ഉന്നയിക്കാനാവില്ല എന്നും കോടതി വിലയിരുത്തി. അവിവാഹിതരായ ദമ്പതികളില്‍, പങ്കാളിക്കോ ബന്ധുക്കള്‍ക്കോ എതിരെ ഐ പി സി സെക്ഷന്‍ 498എ പ്രകാരം കുറ്റം ചുമത്താനാവില്ല എന്നും കോടതി നിരീക്ഷിച്ചു.

1997 സെപ്റ്റംബര്‍ ഒന്നുമുതല്‍, പാലക്കാട് സ്വദേശി നാരായണന്‍ യുവതിയുമായി ഒരുമിച്ചു താമസിക്കാന്‍ ആരംഭിച്ചിരുന്നു. നിയമപ്രകാരം ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. മൂന്നു മാസത്തിനു ശേഷം, ഡിസംബര്‍ 24 ന്, ഗാര്‍ഹിക പീഢനത്തെത്തുടര്‍ന്ന് യുവതി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഡിസംബര്‍ 29 നു മരിച്ചു. ഇതേത്തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ നാരായണനും സഹോദരന്‍ രാധാകൃഷ്ണന്‍ ഇവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തു.

കേസില്‍ വാദം കേട്ട പാലക്കാട് സെഷന്‍സ് കോടതി പ്രതികള്‍ക്കു തടവു ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, നിയമപരമായി വിവാഹം കഴിക്കാത്ത, ലിവിങ് ടുഗതര്‍ ബന്ധത്തിലുള്ള സ്ത്രീക്ക് പങ്കാൡയുടേയോ പങ്കാളിയുടെ ബന്ധുക്കളുടെയോ ക്രൂരതയ്ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമനം സെക്ഷന്‍ 498എ വകുപ്പിന്റെ സംരക്ഷണം ലഭിക്കില്ല എന്ന് ഹൈക്കോടതി ജസ്റ്റിസ് സോഫി തോമസ് നിരീക്ഷിച്ചു. സെഷന്‍സ് കോടതി വിധി റദ്ദാക്കുകയും നാരയണനെയും ബന്ധുക്കളെയും കോടതി വെറുതെ വിടുകയും ചെയ്തു.

മരിക്കുന്നതിനു മുമ്പ് യുവതി നല്‍കിയ മൊഴിയില്‍, പങ്കാളിയായ നാരായണനോ അദ്ദേഹത്തിന്റെ സഹോദരനോ യുവതിയോട് ക്രൂരത കാണിച്ചതായി പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മകനെ പ്രലോഭിപ്പിച്ചെന്ന് പറഞ്ഞ് നാരായണന്റെ അച്ഛനും അമ്മും തന്നെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് മാത്രമാണ് മരിക്കും മുന്‍പ് യുവതി മൊഴി നല്‍കിയത്. തന്റെ ഭര്‍ത്താവ് സ്നേഹവാനാണെന്നും മാതാപിതാക്കളാണ് തന്നോട് മോശമായി പെരുമാറിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു.

മരിക്കും മുന്‍പേ നല്‍കിയ മൊഴി വിശ്വാസത്തിലെടുക്കാമെന്നും നാരായണന്റെയും രാധാകൃഷ്ണന്റെയും നിരപരാധിത്വം തെളിയിക്കാന്‍ മറ്റു തെളിവുകള്‍ തേടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

ആത്മഹത്യാ പ്രേരണാ കുറ്റത്തിന് നാരായണന്റെയും കുടുംബത്തിന്റെയും ശിക്ഷാവിധി സംബന്ധിച്ച്, ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ മരിച്ചതിനാല്‍ കേസ് ഒതുക്കി.



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.