വിവാഹജീവിതം പരാജയം: മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് അച്ഛന്‍
Thamasoma News Desk
ഭര്‍ത്താവിന്റെ വീട്ടില്‍ മകള്‍ അനുഭവിക്കേണ്ടി വരുന്ന കൊടിയ യാതനകളും തീരാവേദനകളും നാണക്കേടു ഭയന്ന് മൂടിവയ്ക്കുന്ന മാതാപിതാക്കള്‍ ഈ കാഴ്ച കണ്‍തുറന്നു കാണണം. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം സഹിക്കവയ്യാതെ വിവാഹ മോചനം നേടാന്‍ തീരുമാനിച്ച മകളെ ആ അച്ഛന്‍ സ്വീകരിച്ചത് ആഘോഷപൂര്‍വ്വമാണ്.
മകളെ ആരുടെയെങ്കിലും കൈയില്‍ പിടിച്ചു കൊടുത്തിട്ടുവേണം സമാധാനമായി കണ്ണടയ്ക്കാന്‍ എന്ന ചിന്തയുമായി കഴിയുന്നവരാണ് പല മാതാപിതാക്കളും. വിവാഹം കഴിച്ചയച്ച മകള്‍ എന്തെല്ലാം പീഡനങ്ങള്‍ നേരിടേണ്ടി വന്നാലും അതെല്ലാം സഹിക്കാനും ക്ഷമിക്കാനും ആവശ്യപ്പെടുന്ന മാതാപിതാക്കള്‍ക്കിടയില്‍ റാഞ്ചിയിലെ കൈലാഷ് നഗര്‍ കുംഹാരതോളി നിവാസിയായ പ്രേം ഗുപ്ത എന്ന അച്ഛന്‍ വ്യത്യസ്ഥനാകുന്നു. പുരുഷാധിപത്യം നിറഞ്ഞു നില്‍ക്കുന്ന ഈ സമൂഹത്തില്‍ ഉത്തമ മാതൃകയാണ് ഈ മനുഷ്യന്‍.
സാക്ഷി ഗുപ്ത എന്ന തന്റെ മകളുടെ വിവാഹം പ്രേം ഗുപ്ത നടത്തിയത് 2022 ഏപ്രില്‍ 28 നായിരുന്നു. ജാര്‍ഖണ്ഡ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറായ സച്ചിന്‍ കുമാറായിരുന്നു വരന്‍.
എന്നാല്‍ ആ വിവാഹ ജീവിതം ശുഭകരമായിരുന്നില്ല. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ സാക്ഷിക്ക് ഭര്‍ത്താവിന്റെ പീഡനങ്ങള്‍ നേരിടേണ്ടി വന്നു. ചില സമയങ്ങളില്‍ ഭര്‍ത്താവ് അവളെ വീട്ടില്‍ നിന്ന് പുറത്താക്കും. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് തന്റെ ഭര്‍ത്താവ് ഇതിനകം രണ്ടുതവണ വിവാഹം കഴിച്ചതായി അവള്‍ അറിഞ്ഞത്. എന്നിരുന്നാലും, അവളുടെ വിവാഹം 'രക്ഷിക്കാന്‍' അവള്‍ ശ്രമിച്ചു, പക്ഷേ വെറുതെയായി. ഇനിയും സഹിച്ചു മുന്നോട്ടു നീങ്ങാന്‍ സാധ്യമല്ലെന്നു മനസിലാക്കിയ സാക്ഷി ഇക്കാര്യം അച്ഛനെ അറിയിച്ചു.
ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം സഹിക്കവയ്യാതെ തിരിച്ചു വരുന്ന മകള്‍ക്കായി പ്രേം ഗുപ്ത വലിയൊരു ആഘോഷം തന്നെ നടത്തി. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ, പടക്കം പൊട്ടിച്ച് ആഘോഷപൂര്‍വ്വം മകളുടെ ഗൃഹപ്രവേശം നടത്തുകയായിരുന്നു ആ അച്ഛന്‍. പുരുഷാധിപത്യത്തിന്റെ മുഖത്തു തന്നെ കനത്ത അടിയേല്‍പ്പിച്ചാണ് അദ്ദേഹം തന്റെ മകളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നത്.
'വലിയ ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും സ്വന്തം പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കുകയാണ് ഓരോ മാതാപിതാക്കളും. എന്നാല്‍, അവര്‍ക്ക് ആ വീട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍, ഒന്നു കൂടെ നില്‍ക്കാന്‍ പോലും അവര്‍ തയ്യാറാവില്ല. ഇതിനൊരു അവസാനമുണ്ടാകണം. ഭര്‍ത്താവും കുടുംബവും മകളോടു തെറ്റായി പെരുമാറുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, നിങ്ങളുടെ മകളെ ബഹുമാനത്തോടെയും അന്തസ്സോടെയും നിങ്ങളുടെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണം, കാരണം പെണ്‍മക്കള്‍ വളരെ വിലപ്പെട്ടവരാണ്,' പ്രേം ഗുപ്ത പറയുന്നു.
സ്‌നേഹനിധിയായ, തന്റേടിയായ, അഭിമാനിയായ ഈ അച്ഛനിരിക്കട്ടെ വലിയൊരു സല്യൂട്ട്.
അഭിപ്രായങ്ങളൊന്നുമില്ല