തൊഴില്‍ സുരക്ഷ: പ്യൂണ്‍ ജോലിക്ക് എന്‍ജിനീയര്‍മാരുടെ നീണ്ട നിര
Thamasoma News Desk
സര്‍ക്കാര്‍ ഓഫീസുകളില്‍ പ്യൂണ്‍ ജോലിക്കു വേണ്ട യോഗ്യത ഏഴാം ക്ലാസ് പാസും സൈക്കിള്‍ ഓടിക്കാനുള്ള കഴിവുമാണ്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ബിരുദധാരികള്‍ ആകാനും പാടില്ല. എന്നാലിപ്പോള്‍, ഓരോ വര്‍ഷവും പി എസ് സി നടത്തുന്ന പ്യൂണ്‍ തസ്തികയിലേക്കായി സൈക്കിള്‍ ചവിട്ടാനുള്ള കഴിവു തെളിയിക്കാനായി എന്‍ജിനീയര്‍മാരും ബിരുദധാരികളും ക്യൂ നില്‍ക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്യൂണ്‍ നിയമനത്തിനായി ടെസ്റ്റുകള്‍ നടത്തുകയാണ്. സൈക്കിളുമായി ബിരുദധാരികള്‍ തങ്ങളുടെ ഊഴത്തിനായി കാത്തു നില്‍ക്കുന്നതു കാണാനാവും.
പിരിച്ചു വിടലുകളും ഓവര്‍ടൈമുകളുമാണ് സ്വകാര്യ മേഖലയിലെ പ്രധാന പ്രശ്‌നം. ഏതെങ്കിലുമൊരു സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ തൊഴില്‍ സുരക്ഷ ഉറപ്പാണ് എന്നതാണ് ബിരുദധാരികളെപ്പോലും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. സര്‍ക്കാര്‍ ജോലിയാണെങ്കില്‍ ഉയര്‍ന്ന ശമ്പളവും കനത്ത പെന്‍ഷനും ലഭിക്കും. ഇതേകാരണത്താല്‍, പതിറ്റാണ്ടുകളായി സര്‍ക്കാര്‍ ജോലിക്ക് വന്‍ ഡിമാന്റാണ്. വിവാഹ മാര്‍ക്കറ്റിലും പ്രധാന മാനദണ്ഡമാണ് സര്‍ക്കാര്‍ ജോലി.
പ്യൂണിന്റെ പ്രാരംഭ ശമ്പളം ഏകദേശം 23000 രൂപയാണ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ഒക്ടോബര്‍ 26, 27 തീയതികളിലാണ് സൈക്ലിംഗ് ടെസ്റ്റിന് വിളിച്ചത്.
സൈക്ലിംഗ് ടെസ്റ്റ് നടത്തിക്കഴിഞ്ഞാല്‍, ഒരു സഹിഷ്ണുത പരിശോധനയാണ് അടുത്ത ഘട്ടം. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലന്വേഷകരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
അഭിപ്രായങ്ങളൊന്നുമില്ല